മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
മധു നിറയ്ക്കാൻ മുന്നൊരുക്കങ്ങൾ
Wednesday, February 14, 2018 4:20 PM IST
കേരളത്തിൽ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്ന ഇന്ത്യൻ തേനീച്ച അഥവാ ഞൊടിയൽ തേനീച്ചയ്ക്ക് പൊതുവെ വളർച്ചക്കാലം (ഓഗസ്റ്റ്-ഡിസംബർ), തേൻ കാലം (ജനുവരി-മേയ്), ക്ഷാമകാലം (ജൂണ്‍-ഓഗസ്റ്റ്) എന്നീ ഘട്ടങ്ങളാണുള്ളത്. പ്രകൃതിദത്ത പ്രജനന കാലമായ വളർച്ചാകാലത്ത് റാണി ഈച്ചയ്ക്ക് പ്രതിദിനം 750-1000 മുട്ടയിടാനുള്ള മികവുണ്ട്. സുഗമമായ പുഴുവളർത്തലിന് ധാരാളം പൂന്പൊടി ആവശ്യമായതിനാൽ വളർച്ചാകാലത്ത് തെങ്ങിൻതോപ്പിൽ തേനീക്കൂടുകൾ മാറ്റി സ്ഥാപിക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. തെങ്ങിന്‍റെ ഒരു പൂങ്കുലയിൽ നിന്നുമാത്രം 272 ദശലക്ഷം പൂന്പൊടി ലഭിക്കുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആരോഗ്യമുള്ള ഒരു തെങ്ങിൽ പ്രതിവർഷം ഇത്തരത്തിലുള്ള 12 ൽഅധികം പൂങ്കുലകളുണ്ടാകും.

തേൻകാലം സമാഗതമായതോടെ വർധിച്ച തോതിൽ തേൻ സംഭരിക്കാൻ തനീച്ചകർഷകർ ഏറെ മുന്നൊരുക്കങ്ങൾ ചെയ്യേണ്ടതുണ്ട്. തേനെടുക്കാൻ തയാർ ചെയ്യുന്ന തേനീച്ചക്കൂടുകളിൽ ഏകീകരണം (യൂണിറ്റിംഗ്) ഉറപ്പാക്കുകയാണ് ആദ്യനടപടി. അതായത് ഒരു എപ്പിയറിലെ എല്ലാ കൂടുകളും ഏകദേശം ഒരേ ശക്തിയുള്ളതാക്കണം. ശോഷിച്ച കോളനികളിൽ ശക്തിയുള്ള കോളനികളിൽ നിന്നും സമാധിയായ അടകൾ മാറ്റി ഇട്ടുകൊടുത്താണ് ഏകീകരണം ഉറപ്പാക്കുന്നത്. ഈ സമയത്ത് കൂടുകൾക്ക് ആവശ്യാനുസരണം 1:1 അനുപാതത്തിലുള്ള പഞ്ചസാരലായനി നൽകേണ്ടതാണ്. അഞ്ചു ദിവസം ഇടവിട്ട് കൃത്യമായി കൂടു പരിശോധിച്ച് രോഗ- കീടബാധയില്ല എന്ന് ഉറപ്പു വരുത്തണം. കൂടുകളിൽ നിന്നും പുതിയ റാണി അറകൾ മാറ്റി എന്ന് ഉറപ്പു വരുത്തുകയും വേണം. ഇത് പെട്ടെന്നുണ്ടാകുന്ന കൂട്ടം പിരിയലിൽ നിന്നും കോളനികളെ സംരക്ഷിക്കും.

വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായും ആദായകരമായും തേനീച്ചവളർത്താൻ വളർച്ചക്കാലത്തിന്‍റെ തുടക്കത്തിൽ തന്നെ പുതിയ റാണിയെ വിരിയിച്ചെടുത്തു എന്ന് ഉറപ്പാക്കുന്നത് ഉത്തമമാണ്. തേനീച്ച കോളനികളെ റബർ തോട്ടങ്ങളിൽ മാറ്റി സ്ഥാപിക്കുകയാണ് അടുത്ത നടപടി. കേരളത്തിലെ തേനീച്ചയുടെ പ്രാധാന തേൻ സ്രോതസ് റബർ മരങ്ങളാണ്. 5.5 ലക്ഷം ഹെക്ടർ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന റബർ തോട്ടങ്ങളിൽ തേനീച്ച ക്കൂടുകൾ മാറ്റി സ്ഥാപിക്കുകയാണ് വേണ്ടത്. ഒരു ഹെക്ടർ റബർ തോട്ടത്തിൽ 10 ഇന്ത്യൻ തേനീച്ചക്കോളനികൾ സ്ഥാപിക്കാം.

വൈകുന്നേരങ്ങളിൽ കൂട്ടിലെ എല്ലാ വേലക്കാരി തേനീച്ചകളും തിരിച്ചെത്തി എന്ന് ഉറപ്പു വരുത്തിയശേഷം കൂട് അടച്ച് ലോറികളിൽ സുരക്ഷിതമായി കയറ്റിവേണം അനുയോജ്യമായ റബർ തോട്ടങ്ങളിൽ സ്ഥാപിക്കാൻ. 10 വർഷത്തിലധികം പ്രായമുള്ള റബർ തോട്ടങ്ങളാണ് മധു ധാരാളം ചൊരിയുന്നത്.

റബർ തോട്ടങ്ങളിലെ സ്വാഭാവിക ഇലപൊഴിച്ചിലിനെത്തു ടർന്ന് പുതിയ ഇലകൾ വളരുന്നതോടെയാണ് തേൻകാലം ആരംഭിക്കുക. വടക്കൻ ജില്ലകളിൽ ഡിസംബർ-ജനുവരിയിൽ ആരംഭിക്കുമെങ്കിലും മധ്യ-തെക്കൻ ജില്ലകളിൽ ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് തേൻ ചൊരിയൽ സജീവമാവുക.



പുതിയ തളിരിലകൾ വന്ന് പകുതി മൂപ്പെത്തുന്പോൾ അവയുടെ ഇലഞെട്ടിലുള്ള മൂന്ന് ഗ്രന്ഥികളിൽ നിന്ന് തേൻ ഉൗറി ചേർന്ന് ഒരു തുള്ളിയായി മാറും. ഇവയെ പുഷ്പേതര ഗ്രന്ഥിയെ ന്നാണ് അറിയപ്പെടുന്നത്. പ്രകൃതിയിൽ ഏറ്റവും കൂടുതൽ തേൻ ചൊരിയുന്ന ചെടികളിലൊന്നാണ് റബർ മരങ്ങൾ. രാവിലെ ആറു മുതൽ ഒന്പതു വരെയും വൈകുന്നേരം 4-6 വരെയുമാണ് തേൻ പ്രവാഹം. ചെറുതേനീച്ചകൾ ഉൾപ്പെടെയുള്ള എല്ലാ ജനുസുകളും ഈ തേൻ ശേഖരിക്കുമെന്നതാണ് സവിശേഷത. ഇലകൾ മൂപ്പെത്തുന്നതോടെ തേൻ ഉത്പാദനം കുറയുകയും മധു ഗ്രന്ഥികൾ ഉണങ്ങിപ്പോവുകയും ചെയ്യും.


മുന്തിയ തോതിൽ തേൻ സംഭരിക്കാൻ വർധിച്ചതോതിലുള്ള വേലക്കാരി ഈച്ചകളുടെ സാ ന്നിധ്യം ആവശ്യമാണ്. വേലക്കാരി തേനീച്ചയുടെ എണ്ണമനുസരിച്ചായിരിക്കും ലഭിക്കുന്ന തേനിന്‍റെ അളവും. ഇതിനായി വേലക്കാരി ഈച്ചകളെ വിരിയിപ്പിച്ച് അടിത്തട്ടിനുമുകളിൽ തേൻ തട്ടുസ്ഥാപിക്കുകയാണ് പ്രധാനം. ഇത്തരത്തിൽ ഒന്നു മുതൽ അഞ്ചുവരെ തേൻ തട്ടുകൾ തയാർ ചെയ്യുന്ന കർഷകരുണ്ട്.

ഒരു കൂട്ടിൽ നിന്നും 1-2 കിലോ ഗ്രാം തേൻ ലഭിച്ചിരുന്നിടത്ത് 15-20 കിലോഗ്രാം തേൻ ലഭ്യമാക്കാനുള്ള സാങ്കേതിക വിദ്യ കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം രൂപപ്പെടുത്തിയിട്ടുണ്ട്. അനുകൂല കാലാവസ്ഥയിൽ ഒരു വർഷം ഒരു ഇന്ത്യൻ തേനീച്ചക്കൂട്ടിൽ നിന്നും 25 കിലോഗ്രാം തേൻ ശേഖരിക്കുന്ന കർഷകരുണ്ട്. വേലക്കാരി തേനീച്ചയുടെ എണ്ണം കൂട്ടാൻ അടിത്തട്ടിൽ (പുറം അറ) നിന്നു മുട്ടയും പുഴുവുമില്ലാത്ത വലതുവശത്തുള്ള ഒരു അട തെരഞ്ഞെടുത്ത് ചട്ടത്തിൽനിന്നും വേർപെടുത്തി 1-1/4 ഇഞ്ചു വീതിയിൽ നീളത്തിൽ മുറിക്കുക. മുട്ടയുടെയും പുഴുവിന്‍റെയും സാന്നി ധ്യം ഭാഗികമായി ഉണ്ടെങ്കിൽ ജലം സ്പ്രേ ചെയ്ത് നീക്കം ചെയ്യേണ്ടതാണ്.

മുറിച്ച അടയുടെ കഷണം ചട്ടത്തിന്‍റെ അടിഭാഗത്തു റബർബാ ൻഡോ വാഴനാരോ ഉപയോഗിച്ചു കെട്ടി ഉറപ്പിച്ചശേഷം മുകൾ തട്ടിൽ വെച്ചുകൊടുക്കുക. അടിത്തട്ടിലെ വേലക്കാരി തേനീച്ചകൾ മുകളിൽ സ്ഥാപിച്ചിരിക്കുന്ന തേൻ തട്ടിൽ പ്രവേശിച്ച് അതിവേഗം അടകെട്ടി നിറയ്ക്കും.

ഒരു തേൻ തട്ട് പൂർത്തിയായാൽ ഉടനെ തന്നെ രണ്ടാമത്തെ തേൻ തട്ടും ഇതേരീതിയിൽ സ്ഥാപിക്കുക. രണ്ടാമത്തെ തേൻ തട്ട് സ്ഥാപിക്കുന്പോൾ പുഴു അറയുടെ തൊട്ടു മുകളിലായി വേണം വയ്ക്കാൻ. രണ്ടാമത്തെ തട്ടിലും പുഴു അറയുടെ നിർമാണം പൂർത്തിയായാൽ മൂന്നാമത്തെ തട്ടും പുഴു അറയുടെ തൊട്ടുമുകളിലായി സ്ഥാപിക്കാവുന്നതാണ്. റബർ തേട്ടത്തിലെ വിവിധ ഭാഗത്തായി കൂടുകൾ സ്ഥാപിക്കുന്നത് വേലക്കാരി ഈച്ചകൾക്ക് അതിവേഗം തേൻതട്ടിൽ തേൻ നിറയ്ക്കാൻ സഹായിക്കും.

തേനീച്ചകർഷകർ തേൻ ശേഖരിക്കുന്പോൾ തേൻ തട്ടുകളിൽ നിന്നും മാത്രം തേൻനെടുക്കാൻ പ്രത്യേകം ശ്രമിക്കണം. തേൻ നിറഞ്ഞ് അറകൾ 75 ശതമാനവും മെഴുകുകൊണ്ട് അടച്ചതായിരുന്നാൽ തേനിന്‍റെ ഗുണമേ· ഏറെ വർധിക്കും; തേനിന് നല്ല വിലയും കിട്ടും.

മെഴുകു കൊണ്ടു തേനീച്ചകൾ മൂടിയ തേനറകൾ തേനട കത്തികൊണ്ട് ചെത്തി മാറ്റിയശേഷം തേനെടുക്കൽ യന്ത്രം ഉപയോഗിച്ചുവേണം തേൻ ശേഖരിക്കാൻ. തേൻ മാറ്റിശേഷം ഒഴിഞ്ഞ അടകൾ തിരിച്ച് അതേ കൂടുകളിൽ തന്നെ സ്ഥാപിച്ചാൽ വേലക്കാരി ഈച്ചകൾ വേഗത്തിൽ വീണ്ടും അതേ അറകളിൽ തേൻ നിറയ്ക്കും 5-7 ദിവസം ഇടവിട്ട് 6-8 പ്രാവശ്യം ഇത്തരത്തിൽ തേൻ ശേഖരിക്കാനാവും.

ശേഖരിച്ച തേൻ ഇഴയടുപ്പമുള്ള അരിപ്പയിൽ അരിച്ചശേഷം ഐഎസ്ഐ ട്രേഡിലുള്ള സ്റ്റീൽ സംഭരണികളിൽ സൂക്ഷിക്കണം. തേൻകാലം കഴിയുന്ന മുറയ്ക്ക് തേൻ സംസ്കരിച്ച് സൂക്ഷിച്ചാൽ വർഷങ്ങളോളം തേൻ കേടുകൂടാതെയിരിക്കും. റബർ ചെടികളിൽ നിന്നും ചൊരിയുന്ന പ്രകൃതിദത്തമായ തേൻ സംഭരിക്കാൻ നമക്കു കഴിയട്ടെ.

ഡോ. സ്റ്റീഫൻ ദേവനേശൻ

മുൻ ഡീൻ & തേനീച്ചപരാഗണ ഗവേഷണ കേന്ദ്രം മേധാവി
കേരള കാർഷിക സർവകലാശാല
ഫോണ്‍ : 9847063300

ഡോ. കെ.എസ്. പ്രമീള

തേനീച്ച പരാഗണ ഗവേഷണ കേന്ദ്രം മുൻ മേധാവി
കേരള കാർഷിക സർവകലാശാല
ഫോണ്‍: 8547190984