റോസ് കൃഷി ചെയ്യാം, പനിനീര്‍ നിര്‍മിക്കാം
റോസ് കൃഷി ചെയ്യാം, പനിനീര്‍ നിര്‍മിക്കാം
Thursday, March 15, 2018 4:43 PM IST
മലയാള മനസിന്റെ ഭാവനയുടെ സുഗന്ധമാണ് പനിനീരെന്നു പറയാം. പൂവിതളില്‍ നിന്നും അതിസുഗന്ധിയായ പനിനീര്‍ലഭിക്കുന്നതു കൊണ്ടാണ് റോസാപുഷ്പത്തെ പനിനീര്‍ റോസ് എന്നു വിശേഷിപ്പിക്കുന്നത്. പൂക്കളുടെ റാണിയാണ് റോസ്. സൗന്ദര്യവര്‍ധകങ്ങളുണ്ടാക്കാന്‍ മാത്രമല്ല വാണിജ്യപരമായും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഈ ചെടി കൃഷിചെയ്യപ്പെടുന്നു. റോസാ സെന്റിഫോളിയ എന്നതാണ് ഇതിന്റെ ശാസ്ത്ര നാമം. പനിനീര്‍ റോസാച്ചെടി മറ്റു റോസകളെപ്പോലെ വേഗത്തില്‍ നട്ടുപിടിപ്പിക്കാന്‍ കഴിയില്ല എന്നു ചിലര്‍ പറയാറുണ്ട്. എന്നാല്‍ ഈ അഭിപ്രായം സത്യമല്ലെന്നാണ് റോസാപ്രേമികള്‍ പറയുന്നത്.

നല്ലവണ്ണം പാകമായ കമ്പുമുറിച്ച് നടാം. ചെടികള്‍ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. സാധാരണ റോസാച്ചെടി പോലെ ഇതും വളരും. നല്ല സൂര്യപ്രകാശവും നീര്‍വാര്‍ചയുമുള്ള സ്ഥലമാണ് അഭികാമ്യം. ചെടിച്ചട്ടികളിലും നടാം. ദിവസവും കൃത്യമായി നനയ്ക്കുകയും വളം നല്കുകയും ചെയ്താല്‍ റോസ് നന്നായി പുഷ്പിക്കും. ജൈവവളങ്ങളായ കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് എന്നിവ ഉത്തമം. നിലക്കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും വെള്ളത്തിലിട്ട് നാലു മുതല്‍ ഏഴു ദിവസം വരെ പുളിപ്പിച്ചത് ഏഴിരട്ടിയോളം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ചെടികള്‍ക്കു നല്‍കാം.



രണ്ടോ മൂന്നോ കിലോ നിലക്കടപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും അഞ്ച് ലിറ്റര്‍ വെള്ളത്തിലിട്ട് പുളിപ്പിക്കാവുന്നതാണ്. രാസവളം നിര്‍ബന്ധമാണെങ്കില്‍ അധികം കാഠിന്യമില്ലാത്ത റോസ്മിക്‌സ്ചര്‍ രണ്ടാഴ്ചയില്‍ ഒരിക്കല്‍ ചെടി ഒന്നിന് ഒരു ടീസ്പൂണ്‍ അളവില്‍ പ്രയോഗിക്കാവുന്നതാണ്. ജൈവവളങ്ങള്‍ മാത്രം നല്കി തികച്ചും ജൈവ പനിനീര്‍ പുഷ്പം വിടര്‍ത്തിയെടുക്കുന്നവര്‍ ഇന്നുമുണ്ട്. ഇന്നു വിപണിയില്‍ പലതരം പനിനീര്‍ ലഭിക്കാറുണ്ട് എന്നാല്‍ പലതും കൃത്രിമമാണ്. ശുദ്ധമായ പനിനീര്‍ റോസാപ്പുവില്‍ നിന്നു തന്നെ എടുക്കുന്നവരുണ്ട്.

പനിനീര്‍ നിര്‍മാണം

രാത്രിയില്‍ വിടരാറായ പൂമൊട്ടിനു മേല്‍ നനഞ്ഞ മസ്‌ലിന്‍ തുണി വിടര്‍ത്തിയിടണം. പൂവ് വിടരുന്ന സമയത്ത് പനിനീരിലെ മുഴുവന്‍ സുഗന്ധവും ഈ നനഞ്ഞ തുണിയില്‍ പകര്‍ന്നിരിക്കും. ഈ തുണി പഴിഞ്ഞെടുത്ത് ഏറ്റവും പ്രകൃതിദത്തമായ പനിനീര്‍ സ്വന്തമാക്കാവുന്നതാണ്. ശുദ്ധമായ പനിനീരിനു താരതമ്യേന വലിയ വിലയില്‍ ലഭിക്കുന്ന വിപണിയുമുണ്ട്.

ആയുര്‍വേദ ഔഷധങ്ങളിലും പനിനീര്‍ പൂക്കള്‍ ഉപയോഗിക്കുന്നു. ചെടി നന്നായി പൂത്തുതളിര്‍ക്കുവാനായി ഒക്‌ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൊമ്പ് കോതല്‍ നടത്താം. ഉണങ്ങിയ കമ്പുകളും, രോഗം ബാധിച്ചവയും മുറിച്ചു മാറ്റണം. ആരോഗ്യമുള്ള മുകുളങ്ങളുടെ മുകളിലായി 1-1.5 സെന്റീമീറ്റര്‍ മുകളില്‍ ചരിച്ചാണ് മുറിക്കേണ്ടത്.

എസ്. മഞ്ജുളാദേവി
9633671974