കൃഷി ചെയ്യാനും ചെയ്യിപ്പിക്കാനും ഇമിഡ്‌സ്
കൃഷി ചെയ്യാനും ചെയ്യിപ്പിക്കാനും ഇമിഡ്‌സ്
Thursday, May 3, 2018 3:14 PM IST
അണക്കരയിലെ ഇടുക്കി മലങ്കരജ്യോതി ഇന്റഗ്രല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ (ഇമിഡ്‌സ്) 36 ഏക്കറിലെ കൃഷിഭൂമി കൃഷിക്കായി മാത്രമുള്ളതല്ല. ഇടുക്കി മലങ്കരജ്യോതി ഡവലപ്പ്‌മെന്റ് സൊസൈറ്റിയുടെ ഭാഗമായുള്ള ഫാം സ്‌കൂള്‍ വഴി അനേകരിലേക്ക് കൃഷിവിജ്ഞാനവ്യാപനവും ലക്ഷമിട്ടുള്ളതാണെന്ന് ഡയറക്ടര്‍ ഫാ. ജോണ്‍ പടിപ്പുരയ്ക്കല്‍ പറയുന്നു. മലങ്കര സഭയുടെ തിരുവല്ല അതിരൂപയ്ക്കു കീഴിലുള്ള പ്രസ്ഥാനമാണിത്. എങ്ങനെ കൃഷി നടത്തണമെന്നും വിപണി കണ്ടെത്തണമെന്നുമെല്ലാം ഇമിഡ്‌സ് കാണിച്ചുതരുന്നു. കൃഷിഭവന്റെ വിവിധ കാര്‍ഷിക വിഷയങ്ങളിലുള്ള ക്ലാസുകളും ഇവിടെ സംഘടിപ്പിക്കുന്നു.

വളര്‍ത്തുന്നത് ജൈവകൃഷി അവബോധം

കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ക്ക് പ്രധാനകാരണം ഭക്ഷണത്തിലൂടെ അകത്തു കടക്കുന്ന വിഷമാണെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് ജൈവകൃഷിയാണ് ഇമിഡ്‌സ് പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി നാടന്‍പശുക്കള്‍ ഉള്‍പ്പെടുന്ന ഫാം സജ്ജമാക്കിയിട്ടുണ്ട്. 13 വെച്ചൂര്‍പശുക്കളും 20 എച്ച്എഫ് പശുക്കളും ഉള്‍പ്പെടുന്നതാണ് പശുഫാം. 25 ആടുകളുള്ള ആടുഫാമും ഇതോടൊപ്പമുണ്ട്. രണ്ട് എരുമകളേയും വളര്‍ത്തുന്നു. ഇവയുടെ ചാണകവും മൂത്രവുമെല്ലാം ജൈവകൃഷിക്കായി ഉപയോഗിക്കുന്നു.

പുലര്‍ച്ചേ നാലിന് പശുഫാമിലെ ശുചിയാക്കല്‍ ജോലികള്‍ തുടങ്ങും. കറവയും, ഭക്ഷണം നല്‍കലും അതിനു ശേഷമാണ്. പ്രാദേശികമായാണ് പാല്‍ വില്‍പന. മൂന്നുപേര്‍ക്ക് ഇതുമൂലം ജോലിയും ലഭിക്കുന്നു. ജൈവരീതിയില്‍ വിളയിച്ച നെല്ലിന്റെ വൈക്കോല്‍, കപ്പക്കിഴങ്ങ് പൊടിച്ചത് എന്നിവയെല്ലാമാണ് ഭക്ഷണമായി നല്‍കുന്നത്. എട്ടുമണിക്കൂര്‍ ഇടവിട്ട് മൂന്നു നേരമാണ് ഭക്ഷണം നല്‍കുക. നല്ലകറവയിലുള്ള ഒരു എച്ച്എഫ് പശുവില്‍ നിന്ന് ദിവസം 20 ലിറ്റര്‍വരെ പാല്‍ ലഭിക്കുന്നു. ദിവസം ശരാശരി 200 ലിറ്റര്‍ പാല്‍ വില്‍ക്കാനുണ്ടാകും.

ആടിന് രാവിലെയും ഉച്ചയ്ക്കുമായി രണ്ടുനേരമാണ് തീറ്റ. ആടിനെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ സൗജന്യമായി നല്‍കുന്നു. ഇങ്ങനെ നല്‍കുന്ന ആട് പ്രസവിക്കുമ്പോള്‍ ഒരാള്‍ക്ക് ഒരു കുഞ്ഞാടിനെ സൗജന്യമായി നല്‍കണമെന്നതാണ് വ്യവസ്ഥ. ഇങ്ങനെ ആടുവളര്‍ത്തല്‍ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

നാടന്‍ പശുക്കളെ മുഴുവന്‍സമയവും നെല്‍പാടത്ത് അഴിച്ചുവിട്ടാണ് വളര്‍ത്തുന്നത്. ഇതിന്റെ ചാണകവും മൂത്രവും പാടത്തുവീഴ്ത്തുന്നു. ഇത് ഉഴുതുചേര്‍ത്ത് നെല്ലു നടുന്നതിനാല്‍ മണ്ണിന് വളക്കൂറ് ഏറെയാണ്. രോഗങ്ങളും ഇല്ലെന്നു തന്നെ പറയാം.

നെല്ലില്‍ ഒരുപ്പൂ കൃഷി

വര്‍ഷത്തില്‍ ഒരുപ്രാവശ്യം മാത്രമാണ് ഇവിടത്തെ നെല്‍പാടങ്ങളില്‍ കൃഷിയിറക്കുന്നത്. ഇടുക്കിയുടെ തനതു നെല്ലിനമായ 'അണക്കര പാല്‍ത്തോണി' എന്ന നാടന്‍ ഇനമാണ് കൃഷി ചെയ്യന്നത്. ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിതച്ച് ഡിസംബറില്‍ വിളവെടുക്കുന്നു.

നാടന്‍പശുവിന്റെ ചാണകവും മൂത്രവുമുപയോഗിച്ച് നിര്‍മിക്കുന്ന ജീവാമൃതവും, ബയോഗ്യാസ് ഉത്പാദനത്തിനു ശേഷം വരുന്ന ചാണകസ്‌ളറിയുമാണ് വളമായി ഉപയോഗിക്കുന്നത്. സ്‌ളറി, ടാങ്കില്‍ നിന്നും പമ്പുചെയ്ത് ചെടികളുടെ ചുവട്ടിലെത്തിക്കുകയാണ് ചെയ്യുക. പശുക്കാള്‍ക്കായി സിഒ-3 ഇനത്തില്‍പ്പെട്ട പുല്ലും കൃഷിചെയ്യുന്നുണ്ട്. ഇതിനും സ്‌ളറിയും ജീവാമൃതവും തന്നെ പ്രധാന വളം.

ഒരു കുടക്കീഴില്‍ തേയിലയും നെല്ലും മീനും

കൃഷികാഴ്ചകള്‍ ഒരു കുടക്കീഴിലൊരുക്കുന്ന, ഫാം ടൂറിസത്തിന്റെ എല്ലാസാധ്യതകളും നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് മലമടക്കുകള്‍ അതിരിടുന്ന അണക്കരയിലെ ഈ പ്രദേശം.

സമുദ്രനിരപ്പില്‍ നിന്നും ഏകദശം 3,000 അടി ഉയരത്തിലാണ് അണക്കര. പെരിയാര്‍ വന്യമൃഗസങ്കേതം ഉള്‍ക്കൊള്ളുന്ന വനപ്രദേശത്തോട് സാമീപ്യമുള്ള ഗ്രാമം. സഹ്യനിരകളാല്‍ ചുറ്റപ്പെട്ട് പ്രത്യേകമായ കാലാവസ്ഥയാല്‍ അനുഗ്രഹീതമായ ഗ്രാമം.

35,000-ത്തോളം ആളുകള്‍ പാര്‍ക്കുന്ന അണക്കര, പ്രകൃതിഭംഗിയാല്‍ വര്‍ണാഭമാണ്. ഇവിടത്തെ പാടശേഖരങ്ങളും, മൊട്ട ക്കുന്നുകളും, കൈത്തോടുകളും സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

മൂന്നാറിലെ ദൃശ്യഭംഗിയും തേക്കടിയുടെ വനസമ്പത്തും ആസ്വദിച്ചെത്തുന്ന എത്തുന്ന സഞ്ചാരസമൂഹത്തിന് കര്‍ഷകമനസിന്റെ വിശുദ്ധിയും നന്മയും ഉള്‍ക്കൊള്ളുന്ന ഇളംകാറ്റേറ്റ് ആനന്ദിക്കാന്‍ ഈ ഗ്രാമം ഒരു വിശ്രമ കേന്ദ്രമായി നിലകൊള്ളുന്നു.


അണക്കര ഇമിഡ്‌സ് ഫാമില്‍ നാടന്‍ പശുക്കളുടെ ചാണകവും മൂത്രവും ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്.



ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ അതിര്‍ത്തി പ്രദേശം. മണല്‍വാരല്‍ മൂലം കുഴിയായ സ്ഥലം മണ്ണിട്ടു നികര്‍ത്തിയാണ് പാടം സംവിധാനം ചെയ്തത്. പീരിമേടു നിയോജകമണ്ഡലത്തില്‍പ്പെടുന്ന ഈ പ്രദേശം കുന്നും മലകളും നിറഞ്ഞതാണ്. ഇതിനു സമീപം പാടം സംവിധാനം ചെയ്തപ്പോള്‍ കാണാന്‍ ബഹുരസമായി.

ഒമ്പത് ഏക്കറിലാണ് ഇവിടെ അണക്കരപാല്‍ത്തോണി ഇനം നെല്ല് കൃഷിചെയ്യുന്നത്. അത്യുത്പാദന ശേഷിയുള്ള നെല്‍വിത്തിനങ്ങള്‍ക്കൊപ്പമെത്തില്ലെങ്കിലും നശിച്ചുപോകുന്ന നാടന്‍ ഇനത്തെ സംരക്ഷിക്കാനും അതിന്റെ കൃഷി വ്യാപിപ്പിക്കാനും ഉദ്ദേശിച്ചാണ് ഇത് കൃഷിചെയ്യുന്നത്.

മലമടക്കുകളില്‍ കപ്പ, ചേമ്പ്, തേയില, ഏലം, കാപ്പി, കുരുമുളക് എന്നിവയെല്ലാം കൃഷിചെയ്യുന്നു.

13 ഏക്കറിലെ കപ്പക്കൃഷിയില്‍ നിന്നും വര്‍ഷം 8-10 ലക്ഷം രൂപയുടെ കപ്പ വില്‍ക്കുന്നു. ഇതിനും പ്രാദേശിക വിപണിയില്‍ വന്‍ ഡിമാന്‍ഡാണ്.

മൂന്നു കുളങ്ങളിലെ മത്സ്യം

അലങ്കാരമത്സ്യങ്ങളും വളര്‍ത്തു മത്സ്യങ്ങളും നിറയുന്ന മൂന്നു കുളങ്ങള്‍ പാടത്തിനടുത്തു തന്നെ ക്രമീകരിച്ചിരിക്കുന്നു. നട്ടര്‍, രോഹു, കട്‌ല, ഗ്രാസ്‌കാര്‍പ്പ് എന്നിവയാണ് വളര്‍ത്തു മത്സ്യങ്ങള്‍.

ആവശ്യക്കാര്‍ വരുന്നതിനനുസരിച്ച് ഇവയെ പിടിച്ചു വില്‍ക്കുകയാണ് ചെയ്യുന്നത്. കപ്പയുടെയും ചേമ്പിന്റെയും ഇലകളാണ് ഇവയുടെ പ്രധാനഭക്ഷണം. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കൃത്രിമ തീറ്റയും ഇടയ്ക്കു നല്‍കുന്നു.

പൂര്‍ണമായും ജൈവരീതിയില്‍ വിളയിക്കുന്ന തേയില പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിക്കാണ് നല്‍കുന്നത്.

പോളിഹൗസിലെ പച്ചക്കറി

ഫാമിലെ പോളിഹൗസില്‍ കുക്കുംബര്‍, ചീര, കാരറ്റ്, പച്ചമുളക്, തക്കാളി, വെണ്ട, വഴുതന എന്നിവയെല്ലാം കൃഷിചെയ്യുന്നു. ഇതും ആവശ്യാനുസരണം നാട്ടുകാര്‍ക്ക് തന്നെയാണ് വില്‍പന നടത്തുന്നത്.

സാധനങ്ങള്‍ വിറ്റഴിക്കാന്‍ പ്രൊഡ്യൂസര്‍ കമ്പനി

ഫാമിലെ സാധനങ്ങള്‍ വിറ്റഴിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും മലങ്കര അഗ്രി മിഷന്‍സ് എന്നപേരില്‍ (മാംമ്‌സ്) ഒരു പ്രൊഡ്യൂസര്‍ കമ്പനിയും പ്രവര്‍ത്തിക്കുന്നുണ്ടിവിടെ.

അച്ചാറുകള്‍, കറിപൗഡറുകള്‍ എന്നിവയാണ് ഇവിടെ ഇപ്പോള്‍ പ്രധാനമായും നിര്‍മിക്കുന്നത്. സാധനങ്ങള്‍ വിറ്റഴിക്കുന്ന ഔട്ട്‌ലറ്റും ഇവിടെ പ്രവര്‍ത്തിക്കുന്നു.

ഫാം ടൂറിസം ലക്ഷ്യം

ഫാമിനെ കൃഷിക്കാഴ്ചകള്‍ കാണത്തക്കതരത്തില്‍ മാറ്റിയെടുക്കുകയാണ് അടുത്ത ലക്ഷ്യം. ഫാമിലെത്തുന്നവര്‍ക്ക് ബോട്ടിംഗിനായി ഇന്ത്യയുടെ ഭൂപട മാതൃകയില്‍ തടാകം ക്രമീകരിച്ചിരിക്കുന്നു.

മത്സ്യക്കുളത്തില്‍ നിന്ന് മത്സ്യം പിടിച്ച് അവ പാകംചെയ്തു നല്‍കുന്നതിനും ട്രെക്കിംഗിനും തോട്ടം, വാഹനത്തില്‍ നടന്നു കാണുന്നതിനുമൊക്കെയുള്ള സൗകര്യങ്ങള്‍ ഉടന്‍ സജ്ജമാക്കുമെന്ന് ഫാ. ജോണ്‍ പറഞ്ഞു.

ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികളെ പ്രാദേശികകാഴ്ചകള്‍ കാണിക്കുന്നതിന് ഗൈഡിനെ ഉള്‍പ്പെടെ വിട്ടുകൊടുക്കുന്ന ക്രമീകരണം ഇപ്പോഴുണ്ട്. ഇത് വിപുലപ്പെടുത്തി ഫാം ടൂറിസം എന്ന ആശയത്തിലേക്കെത്താനാണ് ശ്രമിക്കുന്നത്.

ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ മാതൃകാ നെല്‍ക്കൃഷി യൂണിറ്റാണിത്. പീരുമേട് നിയോജകമണ്ഡലത്തിലെ മികച്ച ജൈവകൃഷിത്തോട്ടത്തിനുള്ള അ വാര്‍ഡും ഇമിഡ്‌സിനായിരുന്നു.

ടോം ജോര്‍ജ്