ഞാറ്റുവേലയില്‍ വിപണിയുള്ള വിത്തുകള്‍
ഞാറ്റുവേലയില്‍ വിപണിയുള്ള വിത്തുകള്‍
Thursday, June 21, 2018 3:13 PM IST
കേരളത്തില്‍ അടുക്കളത്തോട്ടങ്ങള്‍ വര്‍ധിച്ചുവരികയാണ്. വീടിന് ആവശ്യമായവ വീട്ടില്‍ത്തന്നെ വിളയിക്കാന്‍ ധാരാളം പേര്‍ മുന്നിട്ടിറിങ്ങുന്നു. ഒപ്പം തന്നെ ടെറസിലെ കൃഷിയും പച്ചപിടിക്കുന്നു. വ്യാവസായികാടിസ്ഥാനത്തില്‍ കൃഷിയും, കൃഷിയും വ്യവസായവും ചേര്‍ന്നുവരുന്ന അഗ്രിബിസിനസ് സംരംഭങ്ങളും തുടങ്ങുന്നവരുടെ സംഖ്യയും കുറവല്ല. പുതിയ സാങ്കേതിക വിദ്യകളും വിത്തിനങ്ങളുമുപയോഗിച്ച് വിപണി മുന്നില്‍ക്കണ്ടു ചെയ്യുന്ന അഗ്രിബിസിനസ് സംരംഭങ്ങളില്‍ ലാഭം ഒരുഘടകം തന്നെയാണ്.

കൃഷി ലാഭകരമാക്കുന്ന ഇത്തരം സംരംഭങ്ങളിലേക്ക് വിദേശത്തുനിന്നും ജോലി മതിയാക്കി കേരളത്തിലെത്തുന്ന പലരും തിരിയുന്നുമുണ്ട്. വിരമിക്കലിനു ശേഷം കൃഷിയെ പുല്‍കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. കാലമറിഞ്ഞ്, മണ്ണറിഞ്ഞ് ചെലവുചുരുക്കിയുള്ള കൃഷിരീതികളിലേക്ക് കേരളം മാറിയാലേ കൃഷി ഒരു ലാഭസംരംഭമാകൂ. ഒപ്പം ബഡ്ഡിംഗ്, ഗ്രാഫ്റ്റിംഗ് എന്നിവയും സങ്കരയിനം വിത്തുകളുടെ ഉപയോഗവും ഉത്പാദന വര്‍ധനവിനു സഹായകമാകും.

നാടന്‍ ഇനങ്ങളും ജൈവരീതിയിലെ ഉത്പാദനവും വിപണിയില്‍ വിലയും ഡിമാന്‍ഡും വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ജല ദൗര്‍ലഭ്യം നേരിടുന്ന നമ്മുടെ നാട്ടില്‍ ജല ഉപയോഗം കുറച്ചുള്ള കൃഷി രീതികളും കൃഷിയില്‍ നിന്നുള്ള ലാഭം വര്‍ധിപ്പിക്കും. കേരളത്തിനാവശ്യം ഒരു വര്‍ഷം 20 ലക്ഷം ടണ്‍ പച്ചക്കറിയാണ്. എന്നാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 8.50 ലക്ഷം ടണ്‍ മാത്രവും. ചെലവുകുറച്ച് മണ്ണിന്റെയും വെള്ളത്തിന്റെയും മറ്റ് ഉത്പാദന ഘടകങ്ങളുടെ യും ഉപയോഗം കൃത്യതാകൃഷി രീതികളിലൂടെ ക്രമീകരിച്ച് കൃഷി ചെയ്യുന്നതിനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളും ഇങ്ങനെ കൃഷി ചെയ്യുന്ന കര്‍ഷകരേക്കുറിച്ചും ഈ ലക്കം വായിക്കാം.

ഉത്പാദനത്തിനൊപ്പം വിപണിയും അന്വേഷിച്ചാലേ ലാഭമുണ്ടാകൂ. വിപണിയുള്ള വിത്തിനങ്ങള്‍ തെരഞ്ഞെടുക്കാനും കൃഷിചെയ്യാനും നാം ശ്രദ്ധിക്കണം. അലങ്കാരച്ചെടികളുടെ കൃഷിയില്‍ നിലവിലെ ട്രെന്‍ഡ് നോക്കി കൃഷിയിറക്കണം. കേരളത്തിനു പുറത്തും വിദേശത്തുമുള്ള വിപണന സാധ്യതകള്‍ മുതലാക്കണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന വിത്തുകള്‍ നമ്മുടെ മണ്ണില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമോ എന്നു പരീക്ഷിച്ച ശേഷമേ കൃഷി തുടങ്ങാവൂ.

ഞാറ്റുവേലയില്‍ തുടങ്ങാം

കേരളത്തിലെ കാര്‍ഷിക ജോലികള്‍ ആരംഭിക്കുന്നത് മേടം ഒന്നിലെ അശ്വതി ഞാറ്റുവേലയോടെയാണ്. ഞായറിന്റെ(സൂര്യന്റെ) വേല (സഞ്ചാരം) എന്നാണ് ഞാറ്റുവേലയുടെ അര്‍ഥം. സൂര്യന്റെ സഞ്ചാരത്തിനനുസരിച്ച് മേടത്തില്‍ ആരംഭിച്ച് മീനത്തില്‍ അവസാനിക്കുന്നതാണ് നമ്മുടെ കാര്‍ഷിക വര്‍ഷം. പതിമൂന്നര ദിവസമുള്ള 27 ഞാറ്റുവേലകളാണ് ഒരു കാര്‍ഷികവര്‍ഷത്തിലുള്ളത്. മഴയുടെ അകമ്പടിയോടെയെത്തുന്ന ഞാറ്റുവേലക്കാലം കാര്‍ഷിക വിളകള്‍ നടുന്നതിനുള്ള സുവര്‍ണകാലം കൂടിയാണ്.

സാങ്കേതിക വിദ്യയിലൂടെ

നഴ്‌സറി രംഗത്തെ സാധ്യതകള്‍ അനന്തമാണ്. വിഷമില്ലാത്ത പച്ചക്കറി ഭക്ഷിക്കാന്‍ ജനം വീട്ടുവളപ്പില്‍ കൃഷി ഊര്‍ജിതമാക്കി. ഗ്രോബാഗു കൃഷിയും പോളിഹൗസുകളും കൃത്യതാ കൃഷിയുമൊക്കെ തൈ ഉത്പാദനത്തില്‍ വന്‍സാധ്യതകളാണ് തുറക്കുന്നത്. പരിശീലനവും ശാസ്ത്രീയ അറിവുമുണ്ടെങ്കില്‍ ഗ്രാഫ്റ്റിംഗും ബഡ്ഡിംഗുമൊക്കെ നടത്തി അത്യുത്പാദന, രോഗപ്രതിരോധ ശേഷിയുള്ള തൈകള്‍ നിര്‍മിക്കാം, വില്‍ക്കാം. ഗുണമേന്മയുള്ള തൈകള്‍ ചൂടപ്പം പോലെ വിറ്റുപോകുമെന്നുറപ്പ്.





രോഗപ്രതിരോധത്തിന് ഗ്രാഫ്റ്റിംഗ്

രോഗപ്രതിരോധശേഷിയുള്ള അത്യുത്പാദന നടീല്‍ വസ്തുക്കളാണ് പച്ചക്കറിക്കൃഷി വ്യാപിപ്പിക്കാന്‍ അടിസ്ഥാനമായി വേണ്ടത്. ഇന്നു നമുക്കു ലഭിക്കുന്ന ഇനങ്ങള്‍ ഹെക്ടറിന് 25-30 ടണ്‍ വിളവു തരുമ്പോള്‍ ഹൈബ്രിഡ് ഇനങ്ങള്‍ 50 ടണ്ണിനുമുളില്‍ ഫലം നല്‍കുന്നു. നമ്മുടെ കാലാവസ്ഥക്കിണങ്ങിയ ഹൈബ്രിഡ് ഇനങ്ങള്‍ കണ്ടെത്തി കൃഷിചെയ്യണമെന്നുമാത്രം.

ഹൈടെക്ക് തൈകള്‍

വിലകൂടിയ സങ്കരവിത്തുകളുടെ തൈകള്‍ ഹൈടെക്കായി തന്നെ നമുക്ക് ഉത്പാദിപ്പിക്കാം. ഇതിനായി 21 ഇഞ്ച് നീളവും 11 ഇഞ്ച് വീതിയിലുമുള്ള പ്രോട്രേ ഉപയോഗിക്കാം. 98, 144, 104 കുഴികളുള്ള പ്രോട്രേകളും പച്ചക്കറി തൈ ഉത്പാദനത്തിന് ഉപയോഗിക്കുന്നു. ഒരിഞ്ച് നീളവും വീതിയും ഒന്നര ഇഞ്ച് താഴ്ചയുമുള്ള കുഴികളോടുകൂടിയ ട്രേകളാണ് ഉത്തമം. ട്രേയുടെ ഓരോകുഴിയിലും നീര്‍വാര്‍ച്ചയ്ക്കുള്ള സുഷിരങ്ങളുണ്ടാകണം.

പോട്ടിംഗ് മിശ്രിതം നിറച്ച ട്രേകളില്‍ ഒരു കുഴിയില്‍ ഒന്നെന്ന അനുപാദത്തില്‍ വേണം വിത്തു പാകാന്‍. വിത്തുകള്‍ നല്ല മുളശേഷിയുള്ളവയായിരിക്കണം. അനുയോജ്യ കാലാവസ്ഥ, ആവശ്യത്തിനു ജലസേചനം, വളപ്രയോഗം, സസ്യസംരക്ഷണം എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. രോഗവിമുക്തമായ തൈകള്‍ ഉത്പാദിപ്പിക്കാന്‍ മിശ്രിതം തയാറാക്കല്‍, ട്രേ നിറയ്ക്കല്‍, വിത്തുപാകല്‍ എന്നിവയെല്ലാം പോളിഹൗസിനുള്ളില്‍ ചെയ്യുന്നതാ കും ഉത്തമം.

വളപ്രയോഗം

തൈകള്‍ മുളച്ച് രണ്ടില പ്രായമാകുമ്പോള്‍ വളപ്രയോഗം തുടങ്ങണം. ജലത്തില്‍ ലയിക്കുന്ന വളങ്ങളാണ് ആദ്യം നല്‍കേണ്ടത്. എന്‍പികെ 20:20:20, 19:19:19, എന്നീ രാസവളക്കൂട്ടുകള്‍ ഏതെങ്കിലും ഒന്ന് അഞ്ചു ഗ്രാം 10 ലിറ്റര്‍ വെള്ളത്തില്‍ എന്നതോതിലും അഞ്ചു ദിവസം കൂടുമ്പോള്‍ പച്ചക്കറിത്തൈകളുടെ വളര്‍ച്ചയനുസരിച്ച് 15-20 ഗ്രാം വരെയും നല്‍കാം. തക്കാളി, കാബേജ്, കോളിഫ്‌ളവര്‍, മുളക്, കാപ്‌സിക്കം, വഴുതിന തുടങ്ങിയവയുടെ തൈകള്‍ 20-25 ദിവസം കൊണ്ടും പാവയ്ക്ക, പടവലം, വെള്ളരി, കുമ്പളം, തണ്ണിമത്തന്‍, ചുരയ്ക്ക, പയര്‍ തുടങ്ങിയവയുടെ തൈകള്‍ 15-20 ദിവസങ്ങള്‍ കൊണ്ടും തയാറാക്കാം. തൈകള്‍ പറിച്ചുനടാന്‍ പ്രായമായാല്‍ ജലസേചനവും വളപ്രയോഗവും കുറച്ച് പുറത്തെ കാലാവസ്ഥയില്‍ പിടിച്ചു നില്‍ക്കാന്‍ പര്യാപ്തമാക്കണം.

നഴ്‌സറി സംരംഭമാകുമ്പോള്‍

നഴ്‌സറി ഒരു സംരംഭമായും തുടങ്ങാവുന്നതാണ്. തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ബിഎംഎഫ്ആര്‍സി(ഫോണ്‍- 0471-2413739)വിഎഫ്പിസികെ കാക്കനാട്, കൊച്ചി (ഫോണ്‍- 0484-2427455), ആര്‍എആര്‍എസ് മണ്ണൂത്തി (ഫോണ്‍-0487-2370726) തുടങ്ങിയ അനേകം കേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുള്ള തൈ നിര്‍മാണത്തിന് പരിശീലനം നല്‍കുന്നുണ്ട്.

ടോം ജോര്‍ജ്