അറിയുക, ചക്ക കാശാക്കുന്നവരെ
അറിയുക, ചക്ക കാശാക്കുന്നവരെ
Thursday, July 26, 2018 5:01 PM IST
തമിഴ്‌നാടിനു പിന്നാലെ കേരളവും ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതുകൊണ്ടു മാത്രം നമുക്കു നേട്ടമില്ല. ചക്കയുടെ വാണിജ്യ- വ്യാപാര സാധ്യത പ്രയോജനപ്പെടുത്തുന്നതിലാണ് സംസ്ഥാനത്തിന്റെ നേട്ടം. 38.4 കോടി ചക്ക ഉണ്ടാകുന്ന കേരളത്തില്‍ അഞ്ചു കോടി ചക്കയേ നാം പ്രയോജനപ്പെടുത്തുന്നുള്ളു. ശേഷിക്കു ന്നവ പഴുത്തും ചീഞ്ഞും തൊടിയില്‍ നഷ്ടമായിപ്പോവുകയാണ്. ശതകോടി പണം ഇത്തരത്തില്‍ മണ്ണിലും മരത്തിലുമായി നഷ്ടപ്പെടുത്തുമ്പോള്‍ നാം കണ്ടറിയണം വിയറ്റ്‌നാമും ഇന്തോനേഷ്യയും ശ്രീലങ്കയുമൊക്കെ ചക്ക സംസ്‌കരണത്തിലും കയറ്റുമതിയിലും എത്ര മുന്നിലെത്തിയെന്ന്.

വിയറ്റ്‌നാം ലോകത്തെ അറി യപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളായി നേട്ടമുണ്ടാക്കുന്നു. ആധുനിക യന്ത്രസാമഗ്രികളുടെ സഹായത്താല്‍ തയാറാക്കുന്ന ചിപ്‌സ് അമ്പതിലേറെ രാജ്യങ്ങളിലേക്കു കയറ്റുമതിചെയ്യു കയാ ണ്. വാക്വം ഫ്രൈഡ് ചിപ്സ് തയാറാക്കുന്ന ഇരുപതു കമ്പനി കളാണ് വിയറ്റ്നാമിലുള്ളത്. മുന്‍നിരയില്‍ 'വിനാമിറ്റ്' എന്ന കമ്പനിയാണ്. പന്ത്രണ്ടു മാസവും വിളവു കിട്ടുന്ന പ്ലാവുതോട്ടങ്ങള്‍ അവിടെ ഏറെയുണ്ട്. വേണ്ട വിധം വെള്ളവും വളവും നല്‍കി പരിപാലിക്കുന്ന വന്‍കിട പ്ലാവ് തോട്ടങ്ങള്‍. ഒരു വര്‍ഷം ഇരുന്നൂറുവരെ ചക്ക നല്‍കുന്ന പ്ലാവിനങ്ങളാണ് വളര്‍ത്തുന്നത്.

ഉയരം കുറഞ്ഞ പ്ലാവുകളില്‍ നിന്ന് യന്ത്രസഹായത്തില്‍ ചക്ക പറിച്ച് ചതയാതെ മുറിച്ചു സംസ്‌കരിക്കുന്നു. രുചിയേറിയ ഉപ്പേരിക്കു പറ്റിയ പ്ലാവിനങ്ങള്‍ക്കാണ് പ്രിയം.

വിയറ്റ്‌നാമില്‍ പ്ലാവുകൃഷി സജീവമായത് തൊട്ടടുത്ത കാലത്തു മാത്രമാണ്. ചക്കയുടെ സാ ധ്യത അറിഞ്ഞ വിയറ്റ്‌നാമികള്‍ ഇതോടകം 50,000 ഹെക്ടറില്‍ പ്ലാവ് കൃഷി ചെയ്തിരിക്കുന്നു. ഈ തോട്ടങ്ങള്‍ക്കു നടുവില്‍തന്നെയാണ് സംസ്‌കരണ ഫാക്ടറികളും സ്ഥാപിച്ചിരിക്കുന്നത്.

ശ്രീലങ്ക,ഇന്തോനേഷ്യ, ബംഗ്ലാ ദേശ്, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊ ക്കെ ചക്ക ഉത്പന്നങ്ങളുമായി വിദേശവിപ ണിയിലേക്കു പറന്നുകയറുകയാണ്. റബറും എണ്ണപ്പനയും തെങ്ങും ഉപേക്ഷിച്ചാണ് ഫിലിപ്പീന്‍സും മലേഷ്യയും തായ്‌ലാന്‍ഡും ഇപ്പോള്‍ പ്ലാവില്‍ കൈവച്ചിരിക്കുന്നത്.

ചക്ക സംസ്‌കരണത്തിലെന്നപോലെ ചക്കക്കുരുവില്‍ മൂല്യവര്‍ധന നടത്തി നേട്ടമുണ്ടാക്കുന്നു. യൂറോപ്പില്‍ ചക്ക ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്ന പ്രധാന രാജ്യമായിരിക്കുന്നു തായ്‌ലന്‍ഡ്.

ചക്കച്ചുളപ്പൊടി, ചക്കക്കു രുപ്പൊടി, പള്‍പ്പ്, തേനിലിട്ട ചക്ക പ്പഴം, പച്ചച്ചക്കച്ചുള ഉണക്കി പായ്ക്ക് ചെയ്തത്, ചക്കവരട്ടി, ജാം, ജ്യൂസ്, ഹല്‍വ, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയവയൊക്കെ ഇവര്‍ കയറ്റുമതി ചെയ്യുന്നു.

ശ്രീലങ്കന്‍ സദ്യകളില്‍ ചക്ക വിഭവങ്ങള്‍ക്ക് പ്രഥമസ്ഥാനമാണ്. കേരളത്തിലേതുപോലെ തേങ്ങ ചേര്‍ത്തു ചക്ക വേവിച്ചെടുക്കുന്നത് കല്യാണസദ്യകളിലെ പ്രധാന ഇനമാണിപ്പോള്. ചക്കയും ചമ്മന്തിയും ഹോട്ടലുകളിലെയും വിഭവമായിരിക്കുന്നു. ആവിയില്‍ പുഴുങ്ങിയ ചക്കപ്പഴം തേങ്ങയിട്ടു സ്റ്റാര്‍ ഹോട്ടലുകളില്‍ വില്‍ക്കുന്നു. ഭക്ഷിക്കുന്നതാവട്ടെ വിദേശികളും.


അരിയുണ്ടാകുന്ന മരം എന്നാണ് ശ്രീലങ്കയില്‍ പ്ലാവിന്റെ വിശേഷണം. നമ്മുടെ കുടുംബശ്രീക്കു സമാനമായി അവിടെ സ്ത്രീകളുടെ കൂട്ടായ്മ മൂല്യവര്‍ധിത ഉത്പ ന്ന ങ്ങളുണ്ടാക്കുന്നതില്‍ മുന്നിലാണ്. റൂറല്‍ എന്റര്‍പ്രൈസസ് നെറ്റ് വര്‍ക്ക് എന്ന സ്ഥാ പനം അവിടെ പ്രതിവര്‍ഷം 10 ടണ്‍ ചക്കപ്പൊരി യുണ്ടാക്കി കയറ്റുമതി നടത്തുന്നു. ചക്കയൊരുക്കി ചുളകള്‍ പാ യ്ക്കുചെയ്യുന്ന മേഖലയില്‍ 5000 സ്ത്രീകളാണ് ജോലിചെയ്യുന്നത്.

ഇന്തോനേഷ്യയില്‍ ചക്കയുടെ 60 ശതമാനവും പച്ചക്കറിയായി ഉപയോഗിക്കുന്നു. പാചകംചെയ്യാന്‍ പരുവത്തിലാണ് നാട്ടിലും മറുനാട്ടിലും വില്പന. കയറ്റു മതിയുമുണ്ട്. മലേഷ്യയില്‍ സം സ്‌കരിച്ച ചക്ക ശീതീകരിണികളില്‍ സൂക്ഷിച്ച് പന്ത്രണ്ടു മാസവും വില്‍ക്കുന്നു. ഒപ്പം കയറ്റുമതിയും നടത്തുന്നു.

ഗള്‍ഫിനു പുറമെ യൂറോപ്പിലേക്കും അമേരിക്കയിലേക്കും കേരളത്തിലെ വിമാനത്താവള ങ്ങളില്‍ നിന്ന് ഈ മാസങ്ങളില്‍ ദിവസം അഞ്ചര ടണ്‍ ചക്ക വീതം കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കയോടൊപ്പം ചക്കക്കുരുവിനും വിദേശത്ത് ആവശ്യക്കാരേറിയിരിക്കുന്നു. ദുബായ്, ഷാര്‍ജ, അബുദാബി, ബഹ്റൈന്‍, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതല്‍ കയറ്റുമതി.

കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍നിന്ന് ഏജന്റുമാര്‍ എത്തി ക്കുന്ന ചക്ക കയറ്റുമതി കേന്ദ്രത്തി ലെത്തിച്ച് പ്രത്യേകം പാക്ക് ചെയ്താണ് വിമാനം വഴി കയറ്റി അയയ്ക്കുക.

ചക്ക, കണിച്ചക്ക, ഇടിച്ചക്ക, ചക്കക്കുരു തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. അടുത്തയിടെയായി ഗള്‍ഫില്‍ അറബികള്‍ക്കും ചക്ക പ്രിയമായിരിക്കുന്നു.

ഇന്ത്യയുടെ പശ്ചിമഘട്ട മേഖലകളാണ് ചക്കയുടെ ഉറ വിടം. ഇവിടെനിന്നാണ് ഇന്ത്യ യുടെ മറ്റു ഭാഗങ്ങളിലേക്കും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും കടലും കരയും കടന്നു പ്ലാവ് പടര്‍ന്നുകയറിയത്.തെക്കനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ ചക്ക ജനകീയ പഴമാണ്. ബംഗ്ലാദേശിന് ചക്ക ദേശീയ ഫലമാണുതാനും. ~ഒരേതരത്തിലുള്ള പ്ലാവ് കൃഷിചെയ്യാനും മൂല്യവര്‍ധന വരുത്താനും കയറ്റുമതി ചെയ്യാനും പദ്ധതിയിടാതെ ചക്കയെ സംസ്ഥാന ഫലമാക്കിയതുകൊണ്ടുമാത്രം കാര്യമില്ല.

റെജി ജോസഫ്
ഫോണ്‍: 93495 99 102.