ആണ്ടാശേരിയിലെ വിനോദപ്പക്ഷികള്‍
ആണ്ടാശേരിയിലെ വിനോദപ്പക്ഷികള്‍
Saturday, August 4, 2018 4:12 PM IST
ചെറുപ്പം മുതല്‍ തുടങ്ങിയതാണ് കുറവിലങ്ങാട് ആണ്ടാശേരിയില്‍ സതീഷ് ജോസഫിന് അലങ്കാരപ്രാവുകളോടുള്ള പ്രിയം. അത് ഇന്നു വളര്‍ന്ന് 80 ല്‍ അധികം ഇനങ്ങളുടെ വലിയശേഖരമായി മാറി. ഒപ്പം ഫാന്‍സികോഴികളും നാടന്‍കോഴികളും ഒക്കെയുണ്ട് സതീഷിന്റെ ശേഖരത്തില്‍. ഇന്ന് ഫണ്‍ ബേര്‍ഡ്‌സ് എന്ന സതീശിന്റെ വിനോദപ്പക്ഷികളുടെ ശേഖരം കേരളത്തിലെ അലങ്കാരപക്ഷി വിപണനമേഖലയിലെ അറിയപ്പെടുന്ന ഒന്നാണ്. 1000 രൂപമുതല്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അലങ്കാരപ്രാവുകളുടെ വന്‍ശേഖരമാണ് ഇദ്ദേഹത്തിനുള്ളത്. ജോലിക്കായി വീട്ടില്‍ നിന്നും മലപ്പുറം കരുവാരക്കുണ്ടിലേക്ക് മാറിനില്‍ക്കേണ്ടി വന്നപ്പോള്‍ പ്രാവുകളുടെ ശേഖരം അങ്ങോട്ടുമാറ്റി. പിന്നീട് വീണ്ടും സ്ഥലംമാറ്റം വയനാടിനു കിട്ടിയപ്പോള്‍ അവയെ സ്വന്തം നാടായ കുറവിലങ്ങാട്ടേക്കു തന്നെ മാറ്റുകയായിരുന്നു. അതിനാല്‍ ഇവയെ പ്രദര്‍ശിപ്പിക്കാന്‍ പറ്റിയ സംവിധാനങ്ങള്‍ ഇപ്പോള്‍ ഇവിടെ ഒരുക്കുന്ന തിരക്കിലാണിദ്ദേഹം. പ്രാവുകളുടെ വില്‍പ്പനയിലൂടെ വര്‍ഷം മൂന്നു ലക്ഷത്തില്‍ കുറയാത്ത സംഖ്യ ഇദ്ദേഹത്തിനു വരുമാനമായും ലഭിക്കുന്നുണ്ട്.

ഹോമറുകള്‍ മുതല്‍ ബൊക്കാറോ ട്രംബറ്റര്‍ വരെ

പ്രാവുകളില്‍ താരതമ്യേന വിലകുറഞ്ഞ ഇനമായ ഹോമറുകള്‍ മുതല്‍ ബൊക്കാറോ-ട്രംബറ്റര്‍ പോലുള്ള വിലകൂടിയ ഇനങ്ങളും സതീഷിന്റെ ശേഖരത്തിലുണ്ട്. ചെറിയപ്രാവുകളായ ഡോവുകളും ധാരാളം. ഹോമറുകള്‍ക്ക് 1200 രൂപയാണ് ജോഡിക്കു വിലവരുന്നത്. ബൊക്കാറോ ട്രംബറ്ററിന് കളറിനനുസരിച്ച് 60,000 രൂപ വരെ മോഹവിലയുണ്ട്. മുതീനയ്ക്ക് 2500 രൂപയാണ് വില. ജര്‍മന്‍ നണ്‍ പ്രാവുകള്‍ക്ക് കളറിനനുസരിച്ചാണ് വില. കറപ്പു കളറുള്ളവയ്ക്ക് 3000 വും സ്വര്‍ണവര്‍ണമുള്ളവയ്ക്ക് 5000 രൂപയുമാണ് വില. തത്തച്ചുണ്ടുകളോടു കൂടിയ ഇനമാണ് ബ്യൂട്ടി ഹോമറുകള്‍. 15,000 രൂപവരെയാണ് ഇതിനുവില. കളറിനനുസരിച്ച് 8,000 മുതല്‍ 12,000 വരെ വിലവരുന്ന ഇനമാണ് അമേരിക്കന്‍ ഫാന്റൈല്‍. ജാക്കോബിന്‍ ഇനങ്ങള്‍ക്ക് 14,000-20,000 രൂപയ്ക്കിടയിലാണ് വില. സ്വര്‍ണവര്‍ണമുള്ള വോള്‍ഗ ടംബ്ലറിന് 12,000 രൂപയാണ് വില. ഭീമാകാരന്‍ പ്രാവുകളായ ജര്‍മന്‍ റെന്റിന് 6,000 രൂപമുതല്‍ 8,000 രൂപവരെ വിലവരും. 1500 നും 8,000 നും ഇടയില്‍ വിലവരുന്ന ഇനമാണ് മുഖി. കളറനുസരിച്ചാണ് ഇതിലും വിലവ്യത്യാസം വരിക. തൂവലുകള്‍ മനോഹാര്യത തീര്‍ക്കുന്ന പൊമേറിയന്‍ പൗട്ടറിന് 10,000-12,000 രൂപയാണ് വിലകഴിഞ്ഞ വര്‍ഷം വിപണിയിലെ താരമായിരുന്ന ഷോര്‍ട്ട് ഫേയ്‌സ് എന്നപ്രാവുകള്‍ക്ക് 6,000 രൂപയായിരുന്നു വില. മൂങ്ങയുടെ മുഖമുള്ള ചൈനീസ് ഔള്‍ ആണ് വിപണിയിലെ മറ്റൊരു താരം. ഫ്രില്‍ ബ്ലാക്ക് ഇനങ്ങള്‍ക്ക് 3,000 മുതല്‍ 5,000 വരെയാണ് വില.

നല്ല കളറുകള്‍ക്ക് നല്ല വില

ബാംഗളൂരിലെയും കേരളത്തിലെയും പ്രധാന ബ്രീഡേഴ്‌സിന്റെ കൈയില്‍ നിന്നും ഇവരുടെ വാട്‌സ്ആപ് കൂട്ടായ്മയില്‍ നിന്നുമൊക്കെയാണ് സതീഷ് പ്രാവുകളെ സ്വന്തമാക്കുന്നത്. നല്ലകളറുകള്‍ക്ക് വിലകൂടും. എന്നാല്‍ കളര്‍മിക്‌സുകള്‍ക്ക് വില താരതമ്യേന കുറവായിരിക്കും.

ഗോതമ്പ്, ചോളം, ബജറ, വെജിറ്റബിള്‍ ഫിനിഷര്‍, കൃത്രിമത്തീറ്റ എന്നിവയുടെയെല്ലാം മിശ്രതമാണ് തീറ്റയായി നല്‍കുക. രാവിലെ ഒരു നേരമാണ് തീറ്റ. ഒരു പക്ഷിക്ക് ദിവസം 20 ഗ്രാം തീറ്റ കിട്ടത്തക്കവിധത്തില്‍ ക്രമീകരിച്ചാണ് നല്‍കുക. ശുദ്ധജലത്തില്‍ മള്‍ട്ടിവിറ്റാമിനുകള്‍ ലയിപ്പിച്ച് ഒന്നിടവിട്ട് നല്‍കും. കാത്സ്യം ആഴ്ചയില്‍ ഒന്നെന്ന കണക്കിലാണ് നല്‍കുക. മൂന്നുമാസത്തിലൊരിക്കല്‍ വിരമരുന്നുകളും നല്‍കും. മഴക്കാലത്ത് തീറ്റ പൂപ്പലടിക്കാതെ നോക്കുകയാണ് പ്രധാനം. കൂട് നനയാതെയും സൂക്ഷിക്കണം.

പ്രജനനം ഡിസംബര്‍ മുതല്‍

ഡിസംബര്‍ മുതല്‍ മേയ് വരെയുള്ള ചൂടുകാലമാണ് പ്രാവുകളുടെ പ്രജനന കാലം. ഒരു സമയം ഒന്നിടവിട്ട ദിവസങ്ങളില്‍ രണ്ടു മുട്ടകളാണ് പ്രാവുകള്‍ ഇടാറ്. ആദ്യമുട്ട എടുത്തുമാറ്റി ആവിടെ പകരം ഒരു കൃത്രിമ മുട്ട സ്ഥാപിക്കും. രണ്ടാമത്തെതും ഇട്ടുകഴിയുമ്പോള്‍ രണ്ടുമുട്ടകളും ഒന്നിച്ച് അടവയ്ക്കും. 17 ദിവസമാണ് മുട്ടവിരിയാന്‍ വേണ്ടത്. ഒന്നിച്ച് മുട്ടവിരിയുന്നതിനു വേണ്ടിയാണ് ആദ്യമുട്ട മാറ്റുന്നതും ഒന്നിച്ച് അടവയ്ക്കുന്നതും. ഇല്ലെങ്കില്‍ ആദ്യം വിരിഞ്ഞകുഞ്ഞിനെ പക്ഷി ശ്രദ്ധിക്കുന്നതിനാല്‍ രണ്ടാമത് വിരിയുന്ന കുഞ്ഞിന് ആരോഗ്യം കുറയാന്‍ സാധ്യതയുണ്ട്. ഒന്നിച്ചു വിരിഞ്ഞാല്‍ രണ്ടിനും ഒരേ ശ്രദ്ധ പക്ഷി നല്‍കുന്നതിനാല്‍ ഒന്നിച്ച് ആരോഗ്യത്തോടെ വളരും.




വിരിയിക്കാന്‍ വാടകപ്പക്ഷി

അലങ്കാരപ്രാവുകള്‍ ഇടുന്ന മുട്ട അതുതന്നെ വിരിയിക്കാന്‍ കാത്തിരുന്നാല്‍ ആദ്യത്തെ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങള്‍ വളര്‍ന്നാലേ അടുത്തമുട്ടയിടൂ. എന്നാല്‍ സതീഷ് ചെയ്യുന്ന ഒരുടെക്‌നിക്ക് ഉപയോഗിച്ച് കൂടുതല്‍ ജോടികളെ കുറഞ്ഞ സമയത്തിനുള്ളില്‍ വിരിയിക്കാം. അലങ്കാരപ്രാവ് മുട്ടയിട്ടയുടനെ ആ മുട്ട എടുത്തുമാറ്റും. ഇത് നാടനും അലങ്കാരപ്രാവും ക്രോസ് ചെയ്യിപ്പിച്ച പ്രാവിന് വിരിയിക്കാന്‍ വയ്ക്കും. ആദ്യമിട്ട മുട്ട എടുത്തുമാറ്റിയാല്‍ 10 ദിവസത്തിനകം അടുത്ത ജോഡി മുട്ട അലങ്കാരപ്രാവിടും. ഇതും ഈ രീതിയില്‍ മാറ്റും. ഇങ്ങനെ കൂടുതല്‍ ജോഡി കളെ ഉത്പാദിപ്പിച്ച് വരുമാനം നേടാം. ഒരു സീസണില്‍ ശരാശരി അഞ്ചുജോഡി മുട്ടകള്‍ വിരിഞ്ഞുകിട്ടുന്നുണ്ട് സതീശിന്. വിരിഞ്ഞ കുഞ്ഞിന് ആദ്യത്തെ ആറുദിവസം സ്വന്തം വായില്‍ നിന്നുവരുന്ന ക്രോപ്മില്‍ക്ക് പക്ഷി നല്‍കുന്നുണ്ട്. ഇതു കഴിച്ചാണ് പക്ഷിക്കുഞ്ഞ് വളരുന്നത്. ഇതിനാല്‍ ഇന്‍കുബേറ്റര്‍ പോലുള്ള സംവിധാനങ്ങളില്‍ ഈ മുട്ടകള്‍ വിരിയിക്കാന്‍ സാധ്യമല്ല. കുഞ്ഞുങ്ങളുള്ള പ്രാവുകള്‍ക്ക് ദിവസേന രണ്ടുതവണ ഭക്ഷണം നല്‍കും.

വില്‍പന ഓണ്‍ലൈനില്‍

അലങ്കാരപ്രാവുകള്‍ വില്‍പനയ്ക്കു തയാറായിക്കഴിയുമ്പോള്‍ അവയുടെ ഫോട്ടോയും വിലയും സഹിതം പക്ഷിപ്രേമികളുടെ വാട്‌സ്ആപ് ഗ്രൂപ്പിലിട്ടാണ് വില്‍പന. പക്ഷിപ്രേമികള്‍ തമ്മില്‍ നേരിട്ടും വില്‍പന നടക്കും. വിരിഞ്ഞകുഞ്ഞ് രണ്ടുമൂന്നു മാസത്തിനുള്ളില്‍ വില്‍പന പ്രായമെത്തും. തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അന്താരാഷ് ട്ര പീജിയന്‍ക്ലബുകള്‍ നടത്തുന്ന പ്രദര്‍ശനങ്ങളും വിപണിയൊരുക്കുന്നു. പക്ഷിപരിപാലനത്തിലെ അന്താരാഷ്ട്ര സ്റ്റാന്‍ഡാര്‍ഡുകള്‍ ഇവിടെ നിന്ന് മനസിലാക്കാന്‍ സാധിക്കും. പ്രത്യേകം ക്ലാസുകളും ഇതോടനുബന്ധിച്ച് നടത്തപ്പെടും. വളര്‍ത്തുന്നവര്‍ക്ക് ഇവിടെ തങ്ങളുടെ പക്ഷികളെ പ്രദര്‍ശിപ്പിക്കാം. വില്‍ക്കുകയുമാകാം.

അലങ്കാര, നാടന്‍ കോഴികള്‍

അലങ്കാരപ്രാവിനൊപ്പം നാടന്‍ കോഴികളെയും ഫാന്‍സി കോഴികളെയും വളര്‍ത്തുന്നുണ്ടിദ്ദേഹം. നിലമ്പൂരില്‍ നിന്നാണ് നാടന്‍ കോഴികളുടെ തനതു ജനുസുകളെ എത്തിക്കുന്നത്. വളര്‍ച്ചയനുസരിച്ച് 100 മുതല്‍ 300 രൂപവരെയാണ് നാടന്‍ കോഴിക്കുഞ്ഞുങ്ങളുടെ വില. വലുത് ഒന്നിന് 600 രൂപവരെയാകും. ഗോള്‍ഡ് സെബ്രേറ്റ്, സില്‍വര്‍ സെബ്രേറ്റ് ഇനം ഫാന്‍സിക്കോഴികളാണിവിടെയുള്ളത്. പോളിഷ് ക്യാപ്പ്, കൊച്ചിന്‍ ബാന്റം, അമേരിക്കന്‍ ബാന്‍ഡം, ഫ്രില്‍ എന്നിവയും വളര്‍ത്തുന്നു. ഇവയ്ക്ക് തീറ്റയും പുല്ലും കൂട്ടില്‍ത്തന്നെ നല്‍കും. 12 പോരുകോഴികളെയും സതീഷ് വളര്‍ത്തുന്നു. ഫോണ്‍ സതീഷ്- 94472 31601.

ടോം ജോര്‍ജ്
ഫോണ്‍- 93495 99023.