റംബുട്ടാന്‍: അലങ്കാരവും ആഹാരവും
റംബുട്ടാന്‍: അലങ്കാരവും ആഹാരവും
Wednesday, August 8, 2018 4:34 PM IST
മറുനാടന്‍ പഴങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ റംബുട്ടാന്‍ തെക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്നു. കേരളത്തിലെ പഴവര്‍ഗകൃഷിയില്‍ ഒരു പുതുചലനം ഉണ്ടാക്കിയ റംബുട്ടാന്‍, ഇന്ന് വരുമാനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയില്‍ മുന്നിലാണ്. ആകര്‍ഷകമായ രൂപഭംഗിയും, പഴങ്ങളുടെ വര്‍ണവിന്യാസത്തില്‍ ശ്രദ്ധേയവുമായ റംബുട്ടാന്‍, തൊടികള്‍ക്ക് ചാരുത നല്‍കുന്നതോടൊപ്പം കര്‍ഷകര്‍ക്ക് മികച്ച വരുമാനവും നല്‍കുന്നു.

അന്തരീക്ഷത്തിലെ ഉയര്‍ന്ന ആര്‍ദ്രതയും 22 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് താപനിലയും, 60 മുതല്‍ 90 ശതമാനം വരെ അന്തരീക്ഷ ആര്‍ദ്രതയും, വര്‍ഷത്തില്‍ 200 സെന്റീമീറ്റര്‍ വരെ മഴയും റംബുട്ടാന്‍ കൃഷിക്ക് അനുകൂല ഘടകങ്ങളാണ്. നല്ല നീര്‍വാര്‍ച്ചയുള്ള, ധാരാളം ജൈവാംശമുള്ള ഏതുതരം മണ്ണിലും റംബുട്ടാന്‍ നന്നായി വളരും. തണല്‍ ഒട്ടും തന്നെ ഇഷ്ടപ്പെടാത്ത റംബുട്ടാന്‍, നല്ല സൂര്യപ്രകാശം ലഭ്യമാകുന്ന തുറസായ സ്ഥലങ്ങളില്‍ മികച്ച വിളവു തരും.

വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്ക് യോജിച്ച റംബുട്ടാന്‍ ഇനങ്ങള്‍

എന്‍-18

കാപ്‌സ്യൂള്‍ ആകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരവും തനതായ സ്വാദുമുണ്ട്. പാകമായതിനുശേഷവും മൂന്നാഴ്ച വരെ കേടുകൂടാതെ മരങ്ങളില്‍ നിലനില്‍ക്കാനുള്ള കഴിവ് എന്‍-18 നെ മറ്റ് ഇനങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.

റോങ്‌റിയന്‍

തായ്‌ലന്‍ഡില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനം ഗോളാകൃതിയില്‍ പച്ചനിറത്തില്‍ രോമങ്ങളുള്ള പഴങ്ങള്‍ നല്‍കുന്നു. സൂക്ഷിപ്പുകാലം നാലുമുതല്‍ അഞ്ചു ദിവസങ്ങള്‍ വരെ. പഴങ്ങള്‍ക്ക് നല്ല മധുരവും ദൃഢതയുമുണ്ട്.


സ്‌കൂള്‍ ബോയ്

മലേഷ്യയില്‍ ഏറ്റവും പ്രചാരമേറിയ ഈ ഇനം. അനാക് സെകോള എന്ന പേരിലും അറിയപ്പെടുന്നു. പെനാങ്ങിലെ ഒരു പുരാതന വിദ്യാലയ വളപ്പില്‍ നിന്നും കണ്ടെത്തിയ ഈ ഇനത്തെ പെട്ടെന്നുതന്നെ തിരിച്ചറിയാം. കായ്കള്‍ക്ക് ചുവപ്പും രോമങ്ങള്‍ക്ക് നല്ല പച്ചനിറവുമാണ്. ഗോളാകൃതിയിലുള്ള പഴങ്ങള്‍ക്ക് നല്ല മധുരവും നീരുമുണ്ട്. സൂക്ഷിപ്പു കാലം റോങ്ങ്‌റിയനോട് തുല്യം.

ബിന്‍ജായ്

ഇന്തോനേഷ്യന്‍ ഇനമായ ബിന്‍ജായ് ഉയര്‍ന്ന വിളവു നല്‍കുന്ന ഇനമാണ്. ഗോളാകൃതിയിലുള്ള നല്ല ചുവന്നു തുടുത്ത പഴങ്ങള്‍ക്ക് സൂക്ഷിപ്പുകാലം മറ്റ് ഇനങ്ങളേക്കാള്‍ അല്പം കുറവാണ്. ഉള്‍ക്കാമ്പിന് നല്ല ദൃഢതയും ചെറിയ തോതില്‍ നീരുമുണ്ട്.

മഹാര്‍ലിക

ഫിലിപ്പീന്‍സില്‍ വ്യാപകമായി കൃഷി ചെയ്തുവരുന്ന ഈ ഇനത്തിന് ഉയര്‍ന്ന വിളവു നല്‍കാനുള്ള കഴിവുണ്ട്. കായ്പിടുത്തം വളരെ കൂടുതലായതിനാല്‍ ഉയര്‍ന്ന തോതിലുള്ള വളപ്രയോഗം ആവശ്യമാണ്. ഉരുണ്ട കായ്കള്‍ക്ക് നല്ല ചുവപ്പുനിറം.

മല്‍വാന സ്‌പെഷ്യല്‍

ശ്രീലങ്കയില്‍ ഏറ്റവും പ്രചാരമേറിയ ഈ ഇനത്തിന് തനതായ സവിശേഷതകളുണ്ട്. കടുംചുവപ്പ് നിറത്തില്‍ ആകര്‍ഷകമായ പഴങ്ങള്‍ കുലകളായി മരത്തെ ആവരണം ചെയ്ത് കിടക്കുന്നത് മനോഹരമാണ്. മറ്റു ഇനങ്ങളേക്കാള്‍ അല്പം കൂടുതല്‍ നീര് പഴങ്ങളിലുള്ളതിനാല്‍ സൂക്ഷിപ്പുകാലം കുറയും.

ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍, റിസര്‍ച്ച് & ഡവലപ്‌മെന്റ്, ഹോം ഗ്രോണ്‍ ബയോടെക്
ഫോണ്‍: 81139 66 600, 04828 297001.