കനലായ് നിരഞ്ജൻ
കനലായ് നിരഞ്ജൻ
Saturday, July 23, 2016 3:48 AM IST
<യ> സൂപ്പർ ക്യാരക്ടർ

മരണത്തിന്റെ കാലൊച്ച കേട്ടുകൊണ്ടു തൂക്കു മരത്തിലേക്കുള്ള ദിനരാത്രങ്ങൾ എണ്ണപ്പെട്ടു കിടക്കുന്ന നിരഞ്ജൻ. അഭിരാമിയും ഡെന്നിസും സങ്കൽപത്തിൽ സൃഷ്ടിച്ചെടുത്ത ബെത്ലഹേമും സ്വപ്നം കണ്ടു ഇരുൾ പരക്കുന്ന തടവറയിൽ ജീവിക്കുന്ന നിരഞ്ജനായി നടന വിസ്മയം മോഹൻലാൽ തീർത്ത പ്രഭാവം ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ ഒരു വിങ്ങലായി നിൽക്കുന്നതാണ്. 1998–ൽ സിബി മലയിൽ സംവിധാനം ചെയ്തു സൂപ്പർഹിറ്റായി മാറിയ സമ്മർ ഇൻ ബെത്ലഹേമിലെ മോഹൻലാലിന്റെ അഥിതി വേഷമായിരുന്നു നിരഞ്ജൻ.

ഒൻപതു മിനിറ്റു മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു വേഷം ആ ചിത്രത്തിന്റെ തന്നെ മർമഭാഗമായി മാറുന്ന കാഴ്ചയാണ് സമ്മർ ഇൻ ബെത്ലഹേം കാണിച്ചു തരുന്നത്. ഡെന്നിസിനോടുള്ള അഭിരാമിയുടെ വാക്കുകളിലൂടെ ചിത്രത്തിന്റെ രണ്ടാം പകുതി മുതൽ നിരഞ്ജനെ പ്രേക്ഷകർ അറിഞ്ഞു തുടങ്ങുന്നുണ്ട്. എന്നാൽ അത്രമാത്രം ശക്‌തമായൊരു കഥാപാത്രമായിരിക്കുമതെന്നു പ്രേക്ഷകർ ചിന്തിച്ചിരുന്നില്ല. രണ്ടേകാൽ മണിക്കൂർ ജയറാമും സുരേഷ് ഗോപിയും മഞ്ജു വാര്യരും ചേർന്നുണ്ടാക്കിയ ദൃശ്യവിരുന്നിനെ നിമിഷനേരം കൊണ്ടു മോഹൻലാൽ തന്റെ ഉള്ളംകയ്യിലേക്കു കോരിയെടുക്കുകയാണുണ്ടായത്. മരണത്തിനു മുന്നിലും ശിരസ്സു കുനിക്കാത്ത ധീരനായ പോരാളിയായി നിരഞ്ജൻ അഴികൾക്കപ്പുറത്തുനിന്നും നടന്നു കയറിയത് പ്രേക്ഷക മനസിലേക്കായിരുന്നു.

അഭിരാമിയുടെ കോളജ്മേ റ്റായിരുന്നു നിരഞ്ജൻ. തനിക്കൊരു ജീവിതം ഉണ്ടെങ്കിൽ അതു പങ്കുവയ്ക്കാൻ അഭിരാമിയെ കൂടെവിളിക്കാമെന്നു പറഞ്ഞിരുന്നു. എന്നാൽ നിരഞ്ജന് ഇപ്പോൾ ഒരു ജീവിതമില്ല. അന്ധമായിത്തിർന്ന വിപ്ലവ ചിന്തകൾ തീർത്ത രക്‌ത ച്ചൊരിച്ചിലുകൾക്കൊടുവിൽ വധശിക്ഷ എണ്ണപ്പെട്ടു കിടക്കുയാണ് അയാൾ. അവിടേക്കാണ് അഭിരാമിയും ഡെന്നിസും എത്തുന്നത്. ശിക്ഷ നടപ്പാക്കുന്നതിനു മുമ്പായി നിരഞ്ജനെക്കൊണ്ടു അഭിരാമിയുടെ കഴുത്തിൽ താലികെട്ടിക്കുന്നതിനു വേണ്ടി. എന്നാൽ ഇനിയൊരു പാപത്തിനു കൂടി താൻകാരണമാകാതിരിക്കാൻ അയാൾ ഡെന്നിസിനെക്കൊണ്ടു അഭിരാമിയുടെ കഴുത്തിൽ താലി ചാർത്തിക്കുന്നു. ജീവിതത്തിൽ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരമായ കാഴ്ച മനസിൽ നിറച്ചു ഗുഡ് ബൈ പറഞ്ഞുകൊണ്ടയാൾ തൂക്കു കയർ കാത്തിരിക്കുന്ന ജയിലറയിലേക്കു പിൻവാങ്ങുന്നു.


ആത്മരോഷത്തിന്റെ ഭാവതലത്തിൽ നിന്നുകൊണ്ടാണ് നിരഞ്ജൻ സംസാരിക്കുന്നത്. നാലു വയസുകാരിയായ അയാളുടെ മകളുടെ അറ്റുപോയ കുഞ്ഞിക്കൈ എന്റെ ദേഹത്താണു വന്നു വീണത്. ആ കൈവിരലുകൾ അപ്പോഴും ചലിക്കുന്നുണ്ടായിരുന്നു, എന്തോ തിരയുന്നപോലെ... എന്തു നേടി? ഏതു ലക്ഷ്യത്തിലെത്തി? വ്യവസ്‌ഥിതി മാറിയില്ല, വ്യക്‌തികൾ മാത്രം മാറി. ഒറ്റപ്പെട്ട കൊലപാതകങ്ങൾ മഹത്തായ മാറ്റം മാത്രം കൊതിക്കുന്ന വികാര ജീവികളായ വിപ്ലവകാരികളുടെ മനോരോഗത്തിന്റെ സൃഷ്ടികൾ മാത്രമാണെന്നു ഞാനിപ്പോൾ തിരിച്ചറിയുന്നു... ഇവിടെ രഞ്ജിത്തെന്ന തിരകാവ്യ രചയിതാവിന്റെയും മോഹൻലാൽ എന്ന പ്രതിഭയുടെയും സംയോജനത്തിൽ അഭിനയ സാധ്യതയുടെ അപാര തലമാണു പ്രേക്ഷകർക്കു ലഭിച്ചത്. നൈമിഷികമായ തലത്തിൽ മോഹൻലാലിൽ നിന്നും ഭാവവികാരങ്ങളുടെ പരിവർത്തനത്തിനു സാക്ഷിയായി. രഞ്ജിത്തിന്റെ ശക്‌തമായ സംഭാഷണത്തിലൂടെ ആത്മരോഷവും, പ്രണയവും പശ്ചാത്താപവും വിരഹവും നിസഹായതയുമെല്ലാം മോഹൻലാലിൽ മിന്നി മറഞ്ഞു. ശബ്ദത്തിന്റെ താളം കൊണ്ടും ഭാവപ്രകടനം കൊണ്ടും ഒരു നോട്ടം കൊണ്ടുപോലും ജീവിതത്തെയാണ് അവിടെ വരച്ചിട്ടത്.

തന്നെ സ്നേഹിച്ചിരുന്നതിന്റെ പേരിൽ അഭിരാമി ജീവിതം നശിപ്പിക്കുമൊ എന്നതു മാത്രമായിരുന്നു നിരഞ്ജന്റെ ആശങ്ക. ഡെന്നിസിനോട് അയാൾ യാചിക്കുകയാണ് അഭിരാമിയുടെ കഴുത്തിൽ മിന്നു ചാർത്താൻ. തുക്കു മരത്തിലേക്കു പോകുന്നതിനു മുമ്പായി തന്റെ അന്ത്യാഭിലാഷം നിവർത്തിയാകുമ്പോൾ അയാളുടെ മനസ്സു നിറഞ്ഞു. ഗദ്ഗദത്തെ വാക്കുകളിലൊളിപ്പിച്ചു നിയമം തീർത്ത വേലിക്കെട്ടിനപ്പുറത്തു നിന്നും നവദമ്പതിമാരുടെ ശിരസിൽ തൊടാതെതൊട്ട് അനുഗ്രഹിച്ചുകൊണ്ടു പിന്തിരിഞ്ഞു നോക്കാതെതന്നെ അയാൾ നടന്നകന്നു. പോകുന്നതിനു മുമ്പായി നിരഞ്ജൻ കണ്ണുകളടച്ചു കൊണ്ടു ഇങ്ങനെ പറഞ്ഞു തീർത്തു...

ഞാൻ പോവുകയാണ്... സമയം കഴിഞ്ഞു. തിരിഞ്ഞു നോക്കില്ല ഞാൻ.. തിരിഞ്ഞു നോക്കില്ല... തിരിഞ്ഞു നോക്കിയാൽ എനിക്കു നിങ്ങളെ കാണാൻ കഴിയില്ല... എന്റെ കണ്ണു നിറഞ്ഞ് എല്ലാം മറഞ്ഞുപോകും. എനിക്ക് ഈ ചിത്രം മതി... ഈ ചിത്രം... ഗുഡ് ലക്ക് മൈ ഫ്രണ്ട്സ്.. ഗുഡ് ലക്ക്...
തയാറാക്കിയത്: അനൂപ് ശങ്കർ