മരുഭൂമികൾ
മരുഭൂമികൾ
Wednesday, October 19, 2016 4:15 AM IST
ഒടുവിൽ സ്വന്തം ഗ്രാമത്തിൽനിന്നും ജോലിതേടി പുതിയ ജീവിതം സ്വപ്നംകണ്ട് ഗോപൻ ഗൾഫിലേക്കു പറന്നു. ഒറ്റയ്ക്കായിരുന്നില്ല, കൂടെ അനിലും ബിജുവുമുണ്ടായിരുന്നു. ഇവർ ചെറുപ്പം മുതൽക്കേ ഒരുമിച്ചു കളിച്ചു പഠിച്ചുവളർന്ന ആത്മാർഥ സുഹൃത്തുക്കളാണ്.

സങ്കല്പവും യാഥാർഥ്യവും രണ്ടാണെന്നു ഗൾഫിലെത്തി ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ മൂവർക്കും മനസിലായി. പക്ഷേ, തിരിച്ചുപോരാനാവാതെ ദുരിതങ്ങൾക്കിടയിൽ കഴിയുമ്പോഴാണ് മറ്റൊരു സത്യം അറിയുന്നത്. ഗോപന്റെ അച്ഛൻ ഗൾഫുകാർക്കിടയിൽ വലിയൊരു കലാകാരനും ഹീറോയുമാണെന്ന്. പ്രശസ്തനായ കഥകളി ആചാര്യനാണ് ഗോപന്റെ അച്ഛൻ. കഥകളി അവതരിപ്പിക്കാൻ അച്ഛൻ മിക്കവാറും എല്ലാ വിദേശരാജ്യങ്ങളിലും പോയിട്ടുണ്ട്. പക്ഷേ, കഥകളി എന്നു പറഞ്ഞാൽ കനായ ഗോപന് ഒട്ടും താൽപര്യമില്ലതാനും. ഏതായാലും എങ്ങനെയെങ്കിലും തിരിച്ചു നാട്ടിൽ പോകാൻ അവർ തീരുമാനിച്ചു. പക്ഷേ, അത് അത്ര എളുപ്പമായിരുന്നില്ല.



ഇതിനിടയിലാണ് ലക്ഷ്മി എന്ന തമിഴ് പെൺകുട്ടി അവരുടെ ജീവിതത്തിലേക്കു കടന്നുവന്നത്. അനാഥയായ അവർക്കു പോകാൻ ഒരു ഇടമുണ്ടായിരുന്നില്ല. എന്തായാലും അവളെയും കൂടെക്കൂട്ടി. തുടർന്ന് അവിടെനിന്നും രക്ഷപ്പെടാൻ അവർ നടത്തുന്ന ശ്രമങ്ങളാണ് മരുഭൂമികൾ എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. നവാഗതനായ പി. സുനിൽകുമാർ തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ഈ ചിത്രത്തിൽ ചേതൻ, ആദിത്യ, അനൽ കല്യാൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ലക്ഷ്മിയായി പുതുമുഖം ഡിംപിൾ പ്രത്യക്ഷപ്പെടുന്നു. ജാഫർ ഇടുക്കി, കൊച്ചുപ്രേമൻ, തീർഥ, പൂജാ പുഷ്പം, ഗോപികാ നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

കഥകളി ഫിലിംസ്, ത്രിബെൻ ഇന്റർനാഷണൽ എന്നിവയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.
എ.എസ്. ദിനേശ്.