ലാഭം മാത്രമല്ല ലക്ഷ്യം: ടോമിച്ചൻ മുളകുപാടം
ലാഭം മാത്രമല്ല ലക്ഷ്യം: ടോമിച്ചൻ മുളകുപാടം
Wednesday, December 7, 2016 6:01 AM IST
സിനിമയിൽ ഒരു റിസ്ക് ഫാക്ടർ എപ്പോഴുമുണ്ട്. അതുകൊണ്ടു തന്നെ സിനിമ നിർമിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ തന്നെ ഇത്ര ശതമാനം തുക റിസ്ക്കിനായി മാറ്റിവയ്ക്കും. അപ്പോൾ പിന്നെ പടം പരാജയപ്പെട്ടാലും അതിൽ ഒരു പരിധിയിൽ കൂടുതൽ വിഷമം തോന്നാറില്ല– പറയുന്നത് ടോമിച്ചൻ മുളകുപാടം. മലയാള സിനിമ കണ്ട എക്കാലത്തേയും വലിയ ഹിറ്റായ പുലിമുരുകന്റെ നിർമാതാവ്. ഇതിനുമുമ്പ് ഒരുപിടി സിനിമകൾ നിർമിച്ചെങ്കിലും പോക്കിരിരാജ മാത്രമാണ് തനിക്കു ലാഭം നേടിത്തന്നത് എന്നു തുറന്നു പറയുന്ന ടോമിച്ചൻ സിനിമ നിർമിക്കുന്നത് വെറും ലാഭം മാത്രം നോക്കിയല്ല. സിനിമയോടുള്ള താൽപര്യമാണ് അദ്ദേഹത്തെ ഈ രംഗത്ത് നിലനിറുത്തുന്നത്. 26 വർഷമായി അബുദാബിയിൽ ബിസിനസ് ചെയ്യുന്ന ഈ ചങ്ങനാശേരിക്കാരൻ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...

പുലിമുരുകൻ ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?

ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. പടം ഹിറ്റാവുമെന്ന തോന്നലുണ്ടായിരുന്നു. ഈ വിജയം പക്ഷേ എന്റെ പ്രതീക്ഷകൾക്കും അപ്പുറത്തായി.

ഷൂട്ടിംഗ് തുടങ്ങിയതിനുശേഷം ഉദ്ദേശിച്ചതിലും ബജറ്റ് വളരെ കൂടി വരികയായിരുന്നല്ലോ. അപ്പോൾ മനസിൽ ആശങ്കയുണ്ടായിരുന്നോ?

ബജറ്റ് ഞങ്ങൾ പ്രതീക്ഷിച്ചതിലും വളരെ കൂടി. അതിലൊന്നും മാനസികമായി ബുദ്ധിമുട്ടു തോന്നിയില്ല. ഫണ്ടിനു പ്രശ്നമുണ്ടായെങ്കിലും അതൊക്കെ മാനേജ് ചെയ്തു. പക്ഷേ റിലീസ് തിയതി നീണ്ടുപോയത് കുറച്ചു ബുദ്ധിമുട്ട് ഉണ്ടാക്കി. സാങ്കേതിക ജോലികൾ ഈ സിനിമയിൽ നിരവധിയുണ്ടായിരുന്നു. എന്തു വന്നാലും ക്വാളിറ്റിയിൽ വിട്ടുവീഴ്ച്ചയുണ്ടാകാൻ പാടില്ലെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് റിലീസ് താമസിച്ചത്. പിന്നെ ഈ പടത്തിന്റെ നിർമാണവേളയിലുടനീളം ഞാനൊപ്പമുണ്ടായിരുന്നു. എന്താണ് അവിടെ നടക്കുന്നത് എന്നതു സംബന്ധിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. ചെലവ് കൂടുമ്പോഴും അത് പടത്തിന് നല്ലതായേ വരൂ എന്ന് അറിയാമായിരുന്നു.



ഈ സിനിമ യാഥാർത്ഥ്യമാക്കാൻ ഒട്ടേറെപ്പേരുടെ കഠിനാധ്വാനമുണ്ടായിരുന്നു. നിർമാതാവ് എന്ന നിലയിൽ ആ ബുദ്ധിമുട്ടുകളും വെല്ലുവിളികളും എങ്ങനെ നോക്കിക്കണ്ടു?

ഏറ്റവും വലിയ ബുദ്ധിമുട്ട് പുലിയുടെ കാര്യത്തിലായിരുന്നു. പുലിയെ വച്ച് എങ്ങനെ ഷൂട്ട് ചെയ്യും? പുലി വരുന്നു. പുലിയുമായി സംഘട്ടനം, കീഴ്പെടുത്തൽ ഇതെല്ലാം കഥയിൽ എഴുതി വച്ചിരിക്കുന്നു. പക്ഷേ ഇതെങ്ങനെ പ്രാവർത്തികമാക്കും. പുലിയെ എങ്ങനെ കൊണ്ടുവരും എന്നൊന്നും ആർക്കും ഐഡിയ ഇല്ലായിരുന്നു. സംവിധായകനും ക്രൂ അംഗങ്ങളുമൊക്കെ ചർച്ച ചെയ്ത് അതൊക്കെ സമർത്ഥമായി തന്നെ ചെയ്തു. വനത്തിലെ ഷൂട്ടിംഗിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ഷൂട്ടിംഗ് നടക്കുമ്പോൾ തന്നെ ചിത്രത്തെക്കുറിച്ച് ഒട്ടേറെ അപഖ്യാതികൾ പറഞ്ഞു പരത്തി. അതെനിക്കു വളരെ വിഷമം ഉണ്ടാക്കി. എന്താണ് അവിടെ നടക്കുന്നതെന്ന് ഞങ്ങൾക്കല്ലേ അറിയാമായിരുന്നുള്ളൂ. ഷൂട്ടിംഗ് പ്രശ്നത്തിലാണ്, പടം നിന്നുപോകും, ഗ്രാഫിക്സ് വർക്കുകൾ പ്രതിസന്ധിയിലാണ് എന്നൊക്കെ തരത്തിലുള്ള ഗോസിപ്പുകൾ പല ഭാഗത്തു നിന്നും ഉണ്ടായി. മുന്നൂറോളം പേരുടെ രണ്ടു വർഷത്തെ അധ്വാനം പക്ഷേ ഫലം കണ്ടു.


സിനിമ എന്ന മാധ്യമത്തോടുള്ള താൽപര്യമാണോ ഇത്രയും വലിയ ബജറ്റിൽ ഒരു റിസ്ക്ക് എടുക്കാൻ പ്രേരിപ്പിച്ചത്?

തീർച്ചയായും. ഈ മാധ്യമത്തിനോട് എനിക്ക് വളരെ സ്നേഹമുണ്ട്. ലാഭം മാത്രം നോക്കിയല്ല സിനിമയിൽ വന്നത്. ആർട്ടിസ്റ്റുകളോട് എനിക്കു ബഹുമാനമുണ്ട്. പൊതുവേ മാസ് സിനിമകൾ കാണാനും ആസ്വദിക്കാനും താൽപര്യമുള്ളയാളാണ്. മമ്മൂട്ടിയെ വച്ച് പോക്കിരിരാജ എന്ന പടം ചെയ്തപ്പോൾ മോഹൻലാലിനെ വച്ചും അങ്ങനെയൊരു മാസ് സിനിമ ചെയ്യണമെന്ന് മനസിലുണ്ടായിരുന്നു.

തെലുങ്ക് തമിഴ് സിനിമകൾ പോലെ ബിഗ്ബജറ്റ് സിനിമകൾ മലയാളത്തിനും സാധ്യമാണെന്നും അതിനുള്ള വിപണി ഇവിടെയുണ്ടെന്നും പുലിമുരുകൻ തെളിയിച്ചിരിക്കുകയാണല്ലോ?

അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. തമിഴും ഹിന്ദിയുമെല്ലാം ഇവിടെ വന്ന് നന്നായി കളക്ട് ചെയ്തു പോകുന്നുണ്ട്. എന്തുകൊണ്ട് മലയാളത്തിനും ആയിക്കൂടാ എന്ന ചിന്തയിൽ നിന്നാണ് പുലിമുരുകൻ ഉണ്ടാകുന്നത്. മാർക്കറ്റിംഗും മറ്റെല്ലാ ഘടകങ്ങളും ഒത്തു വന്നപ്പോൾ അതു ക്ലിക്കായി. മലയാളസിനിമയ്ക്ക് ലോകമെങ്ങും മാർക്കറ്റ് കണ്ടുപിടിക്കാൻ ഈ സിനിമയിലൂടെ സാധിച്ചു.

പുലിമുരുകന് രണ്ടാം ഭാഗം ആലോചനയിലുണ്ടോ?

ഇതുവരെ ഞങ്ങൾ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല.

ഇതുവരെയുള്ള സിനിമ ജീവിതത്തെക്കുറിച്ച് എന്തു തോന്നുന്നു. നിർമാതാവ് എന്ന നിലയിലുള്ള അനുഭവങ്ങൾ, സംതൃപ്തി, റിസ്ക്ക് ?

സിനിമയിൽ റിസ്ക്കും നഷ്ടങ്ങളുമുണ്ടാകും. അതിനെക്കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. ഞാനിത്രയും സിനിമ നിർമിച്ചിട്ടും പോക്കിരിരാജ ഒഴികെ എല്ലാം നഷ്ടമായിരുന്നു. അഞ്ചു വർഷം കൂടിയാണ് പുലിമുരുകൻ ചെയ്തത്. ഏതു ബിസിനസ് ചെയ്യുമ്പോഴും നമുക്ക് ഒരു റിസ്ക്ക് ഫാക്ടർ ഉണ്ട്. ആ റിസ്ക്ക് നമ്മൾ മുൻ കൂട്ടി കാണണം. അതു മാറ്റിവച്ചേക്കണം. അതല്ലാതെ എന്തു ചെയ്താലും ലാഭം കിട്ടണമെന്ന രീതിയിൽ പോയാൽ നമുക്ക് പിന്നീട് വിഷമമുണ്ടാകും. പുലിമുരുകൻ ചെയ്തപ്പോളും ഇതേ രീതിയാണ് പിന്തുടർന്നത്. അതുകൊണ്ടു തന്നെ ചിത്രം പരാജയപ്പെട്ടാലും എനിക്കു വലിയ വിഷമം തോന്നില്ലായിരുന്നു.

ചിത്രത്തിൽ ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് മകൻ റോമിനും ശ്രദ്ധിക്കപ്പെട്ടല്ലോ?

അവൻ നല്ല രീതിയിൽ ചെയ്തിട്ടുണ്ട്. പഠനം കഴിഞ്ഞതേയുള്ളൂ. എൻജിനിയറിംഗ് പരീക്ഷ കഴിഞ്ഞ സമത്താണ് ഇതിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ലാലിന്റെ ചെറുപ്പകാലം അഭിനയിക്കാൻ പറ്റിയ ഒരാളെ തേടുന്നതിനിടയിലാണ് അവനെ തന്നെ നോക്കിയാലെന്താണെന്ന അഭിപ്രായം വന്നത്. ഷൂട്ടിനു മുമ്പ് ട്രെയിനിംഗിനൊക്കെ വിട്ടു. എന്തായാലും എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു.

പുതിയ പ്രോജക്ട് പ്ലാൻ ചെയ്തിട്ടുണ്ടോ?

ദീലിപിന്റെ സിനിമയാണ് അടുത്തത്. സച്ചി തിരക്കഥയെഴുതുന്ന ചിത്രം. അരുൺഗോപി എന്ന പുതിയ ആളാണ് സംവിധായകൻ. സാധാരണ ദിലീപ് സിനിമകളേക്കാൾ കുറച്ചു കൂടി ബജറ്റ് ആകുന്ന സിനിമയായിരിക്കുമിത്.

ബിജോ ജോ തോമസ്