അയാൾ ജീവിച്ചിരിപ്പുണ്ട്
അയാൾ ജീവിച്ചിരിപ്പുണ്ട്
Friday, January 20, 2017 5:47 AM IST
അതെ! ഇതുവരെ അറിയാത്ത സൗഹൃദത്തിന്റെ പുത്തൻ അനുഭവ മുഹൂർത്തങ്ങൾ തിരിച്ചറിയുകയാണ് അയാളിലൂടെ. ആരും പറയാതെ സംഭവിച്ച സൗഹൃദത്തിന്റെ കഥ.

ഇന്ദ്രിയം, മെട്രോ, അവതാരം എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ വ്യാസൻ കെ.പി ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലാണ് ഇതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത തീവ്രമായ സൗഹൃത്തിന്റെ കഥ പറയുന്നത്.

വിജയ് ബാബു, കമ്മട്ടിപ്പാടം ഫെയിം മണികണ്ഠൻ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വ്യാസൻ കെ.പി ഒരുക്കുന്ന ഈ ചിത്രം ഗോവയിൽ ചിത്രീകരണം പൂർത്തിയായി. ഫോർട്ടി ഫോർ ഫിലിംസിന്റെ ബാനറിൽ ഡി.ഡി നിർമിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത മറാത്തി താരം നമ്രത ഗേക്വാദ് നായികയാകുന്നു.
കിഷോർ സത്യ, സുധീർ കരമന, ഹരീഷ് പേരടി, ചാലി പാല, മജീദ്, ഗോകുൽ, പ്രസാദ് കണ്ണൻ, മഹേഷ്, വി.കെ. ബൈജു, വിവേക് മുഴുക്കുന്ന്, ശ്യാം എസ്, ശ്രീജിത് മനു, ഫട്ടാൻ, ഗോറി, അമിത്, ജിബി, ഡിവിഷ് മണി, തെസ്നി ഖാൻ, ഐഷാ റാണി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ജോൺ മാത്യു മാത്തൻ. ലോക പ്രശസ്തനായ, നിരവധി പുരസ്കാരങ്ങൾ നേടിയ എഴുത്തുകാരൻ. ദുരിതങ്ങൾ നിറഞ്ഞ തിക്‌താനുഭവങ്ങളിലൂടെയുള്ള ജീവിതത്തിൽനിന്നും സ്വന്തം പരിശ്രമത്തിൽ ഉയർന്നുവന്ന വ്യക്‌തിത്വം. ഒരു പ്രത്യേക സാഹചര്യത്തിൽ ഗോവയിലെ മലയാളി അസോസിയേഷന്റെ ക്ഷണപ്രകാരം സ്വീകരണ ചടങ്ങിൽ പങ്കെടുക്കാൻ ഗോവയിലെത്തുന്നു.


മുരുകൻ. കൊച്ചിയിലെ തീരപ്രദേശത്തുള്ള ഒരു ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി. നാട്ടുകാർക്കൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന മുരുകന്റെ ജീവിതത്തിൽ ഒരൊറ്റ മോഹമേയുള്ളു.

ഗോവയിൽ പോകണം. കുറച്ചു ദിവസം അവിടെ അടിച്ചുപൊളിച്ചു കഴിയണം. ഇതിൽക്കൂടുതൽ ഒരു മോഹവും ഇല്ലാത്ത മുരുകൻ ഒരിക്കൽ ഗോവയിലെത്തുന്നു. മലയാളമല്ലാതെ മറ്റൊരു ഭാഷയുമറിയാത്ത മുരുകൻ ഗോവയിലെത്തുമ്പോൾ വിചാരിച്ചതുപോലെയല്ല കാര്യങ്ങൾ.

ഇതിനിടയിലാണ് ഒരു പ്രത്യേക സാഹചര്യത്തിൽ ജോൺ മാത്യു മാത്തനും മുരുകനും കണ്ടുമുട്ടുന്നത്. ആ കണ്ടുമുട്ടൽ പുതിയൊരു സൗഹൃദത്തിനു തുടക്കംകുറിക്കുന്നു. എല്ലാ അർഥത്തിലും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിൽ ജീവിക്കുന്ന ഒരിക്കലും കണ്ടുമുട്ടാൻ ഇടയില്ലാത്ത രണ്ടുപേർ സൗഹൃദത്തിലാകുമ്പോൾ അതൊരു പുതിയ അനുഭവത്തിന് സാക്ഷ്യം വഹിക്കുന്നു. അവർ പിരിയുംമുമ്പുള്ള തീവ്രമായ സൗഹൃദത്തിന്റെ മഹനീയ മുഹൂർത്തങ്ങളാണ് അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിൽ വ്യാസൻ കെ.പി. ദൃശ്യവത്കരിക്കുന്നത്.

ഹരി നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ, ബാപ്പു വാവാട് എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. കല– ജോസഫ് നെല്ലിക്കൽ, പ്രൊഡ. കൺട്രോളർ– നോബിൾ ജേക്കബ്.

എ.എസ്. ദിനേശ്