ലക്ഷ്യം
ലക്ഷ്യം
Monday, February 20, 2017 7:04 AM IST
ജിത്തു ജോസഫ് എന്ന സംവിധായകൻ മികച്ച ഒരു തിരക്കഥാകൃത്തുകൂടിയാണ്. തന്റെ ചിത്രങ്ങളിൽ ഒരെണ്ണമൊഴിച്ചുള്ള മറ്റെല്ലാ ചിത്രങ്ങൾക്കും തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിത്തു ജോസഫ് തന്നെ. നവാഗതനായ അൻസാർ ഖാൻ സംവിധാനംചെയ്യുന്ന ലക്ഷ്യം എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നതു ജിത്തുവാണ്. ഈ ചിത്രത്തിന്റെ ചിത്രീകരണം ആതിരപ്പള്ളിയിൽ പുരോഗമിക്കുന്നു.

ജെ.ടി. ഫിലിംസ് ഇൻ അസോസിയേഷൻ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറിൽ ജോയ് തോമസ് ശക്‌തികുളങ്ങര, റ്റെജി മണലേൽ, ജിത്തു ജോസഫ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത്.
കൊച്ചിയിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയാക്കിക്കൊണ്ടാണ് ആതിരപ്പള്ളി വനമേഖലയിൽ ചിത്രീകരണത്തിനായി എത്തിയിരിക്കുന്നത്. ഏറെക്കാലം വിജി തമ്പിയുടെ പ്രധാന സഹായിയായി പ്രവർത്തിച്ചുവരുകയായിരുന്നു അൻസാർ ഖാൻ.

ബിജു മേനോനും ഇന്ദ്രജിത്തുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഇവർ രണ്ടുപേരിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ വികസനം. പരിമിതമായ അഭിനേതാക്കളേ ഈ ചിത്രത്തിലുള്ളു താനും. ശിവദയാണു നായിക.

ഒരു പ്രത്യേക സാഹചര്യത്തിൽ കാട്ടിനുള്ളിൽ അകപ്പെടുന്ന രണ്ടു കുറ്റവാളികൾ. അവർക്ക് ഒരേയൊരു ലക്ഷ്യം മാത്രമേയുള്ളു. ഇവിടെനിന്നും രക്ഷപ്പെടുക. അതിനുള്ള അവരുടെ ശ്രമങ്ങൾ. ഇവിടെ അവർക്കു നേരിടേണ്ടിവരുന്ന പ്രതിസന്ധികൾ. ഏറെ ഉദ്വേഗത്തോടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.


അതിസാഹസികമായ രംഗങ്ങളാണ് ഇതിൽ കോർത്തിണക്കിയിരിക്കുന്നത്. അതു ചിത്രീകരിക്കുക എന്നത് അതിലും വലിയ സാഹസികത. സാധാരണ മനുഷ്യർപോലും വനത്തിനുള്ളിൽ അകപ്പെട്ടുപോയാൽ രക്ഷപ്പെടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവിടെ ഇവർ കുറ്റവാളികൾകൂടിയാണ്. മുസ്തഫയും വിമലും. ഈ പ്രതികൂല സാഹചര്യങ്ങളിൽക്കൂടി വേണം ഇവർക്കു ലക്ഷ്യത്തിലെത്തേണ്ടത്. അതുകൊണ്ടുതന്നെ അവരുടെ മാർഗങ്ങളിൽ പ്രതിസന്ധികൾ ഏറെയാണ്. ബിജു മേനോൻ മുസ്തഫയെയും ഇന്ദ്രജിത് വിമലിനെയും അവതരിപ്പിക്കുന്നു.

ഷമ്മി തിലകൻ, കിഷോർ സത്യ, ബാലാജി, കൂട്ടിക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന വേഷമണിയുന്നു. സന്തോഷ് വർമയുടെ ഗാനങ്ങൾക്ക് എം. ജയചന്ദ്രൻ ഈണം പകരുന്നു. പശ്ചാത്തല സംഗീതം– അനിൽ ജോൺസ്. സിനു സിദ്ധാർഥനാണ് ഛായാഗ്രാഹകൻ. കലാസംവിധാനം– ബാവ, മേക്കപ്– ഹസൻ വണ്ടൂർ, കോസ്റ്റ്യൂം ഡിസൈൻ– ലിൻഡ ജിത്തു, ചീഫ് അസോസിയേറ്റ് ഡയറക്ടർ– സൈലക്സ് ഏബ്രഹാം, അസോസിയേറ്റഡ് ഡയറക്ടർ– കൃഷ്ണമൂർത്തി.

റോഷൻ ചിറ്റൂരാണ് പ്രൊഡക്ഷൻ കൺട്രോളർ, പ്രൊഡ. എക്സിക്യൂട്ടീവ്സ് ഷാജി ചെമ്മാട്, രഞ്ജിത് കരുണാകരൻ, ജിതേഷ് അഞ്ചുമന. കലാസംഘം കാസ്റൈറ്റ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

–വാഴൂർ ജോസ്