ഡിയർ ആലിയ ഭട്ട്
ഡിയർ ആലിയ ഭട്ട്
Wednesday, February 22, 2017 6:24 AM IST
നിഷ്കളങ്ക മുഖവും നാട്യമികവിന്റെ പാരമ്പര്യവുമായാണ് ആലിയ ഭട്ട് ബോളിവുഡിൽ തന്റെ മേൽവിലാസം കുറിക്കുന്നത്. അപ്പോഴും ഒരുപാടു സിനിമകൾ എന്നതിനുമപ്പുറം കഥാപാത്രങ്ങളുടെ മികവുകൊണ്ടാണ് ആലിയ പ്രക്ഷക മനസിൽ സ്‌ഥാനം നേടിയത്. സംവിധായകനും നിർമാതാവുമായ മഹേഷ് ഭട്ടിന്റെയും മുൻകാല നായിക സോണി റസ്ദാനിന്റെയും മകളാണ് ഈ പ്രതിഭ. ഏറെ വിവാദം സൃഷ്ടിച്ച ഉഡ്താ പഞ്ചാബ്, കപൂർ ആൻഡ് സൺസ്, ഡിയർ സിന്ദഗി എന്നിങ്ങനെ തുടർച്ചയായ ഹിറ്റുകൾ നേടി ബിടൗണിന്റെ പോയ വർഷത്തെ താരറാണി പട്ടവും ഈ നായിക സ്വന്തമാക്കി. വർഷാവസാനമെത്തിയ ഡിയർ സിന്ദഗിയിൽ ഷാരുഖാനൊപ്പമാണ് ഈ നായിക എത്തിയത്. പുതിയ ചിത്രത്തിന്റെ വിജയാഘോഷത്തിൽ പ്രിയ നായിക മനസ് തുറക്കുന്നു...

ഷാരുഖ് ഖാനും സംവിധായകൻ ഗൗരി ഷിൻഡേയ്ക്കുമൊപ്പം ഡിയർ സിന്ദഗിയുടെ വിജയാഘോഷത്തിൽ നിൽ ക്കുമ്പോഴുള്ള സന്തോഷം?

എനിക്കു വളരെയേറെ പുതുമയേറിയ അനുഭവമായിരുന്നു ഡിയർ സിന്ദഗി. ഞാൻ ആദ്യമായാണ് ഗൗരി ഷിൻഡേക്കും ഷാരുഖ് ഖാനുമൊപ്പം വർക്കു ചെയ്യുന്നത്. എനിക്ക് ഈ സിനിമ ഏറെ ഇഷ്ടപ്പെട്ടു എന്നതാണ് അതിനു കാരണം. ഡിയർ സിന്ദഗിയെ മറ്റൊരു സിനിമയുമായി താരതമ്യം ചെയ്യണ്ട കാര്യമേയില്ല. അതൊരു വ്യത്യസ്തമായ കഥയാണ് പറയുന്നത്. ഈ ചിത്രത്തിൽ വർക്കു ചെയ്യുമ്പോൾ തന്നെ ആ പുതുമ എനിക്കു കിട്ടിയിരുന്നു.

ഈ ചിത്രത്തിലെ കഥാപാത്രത്തെ ആലിയയുടെ യഥാർഥ ജീവിതത്തിൽ കാണാൻ സാധിക്കുമോ?

ഒരുപാടു കാണാം. ഞാൻ 50 ചിത്രങ്ങൾ പൂർത്തിയാക്കിയാലും എനിക്ക് ഏറെ ചേർത്തുവയ്ക്കാനാവുന്നതാണ് ഇതിലെ കഥാപാത്രം. കാരണം അതിലെ ഓരോ കഥാപാത്രവും വളരെ യഥാർത്ഥമാണ്. എങ്കിലും പൂർണമായും അതുപോലെയല്ല ഞാൻ. ആ കഥാപാത്രം വളരെ എടുത്തുചാടുന്ന സ്വഭാവമാണ്. പക്ഷേ, ഞാൻ ഒരു കാര്യം പറയുമ്പോഴും ചെയ്യുമ്പോഴും ആലോചിക്കാറുണ്ട്.

എപ്പോഴും എങ്ങനെയാണ് പോസിറ്റീവായി ഇരിക്കാൻ സാധിക്കുന്നതെങ്ങനെ?

പോസിറ്റീവായി എപ്പോഴും ജിവിക്കുക എന്നത് പ്രയാസമേറിയ കാര്യമാണ്. പക്ഷേ, ഒരു കാര്യവും നെഗറ്റീവാകാതിരിക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. എങ്കിലും നമ്മൾ നെഗറ്റീവിനും പോസിറ്റീവിനും ഇടിയിലൂടെയാണല്ലോ ജീവിക്കുന്നത്. നെഗറ്റീവായാൽ നമ്മുടെ സമയവും ജീവിതവുമാണ് നഷ്ടം.

ഷാരുഖ് ഖാൻ എന്ന സൂപ്പർസ്റ്റാറിനൊപ്പമുള്ള അനുഭവത്തെ എങ്ങനെ ഓർക്കുന്നു?

താര പദവിയുമായി നടക്കുന്ന ആളല്ല ഷാരുഖ് ഖാൻ. ലൊക്കേഷനിൽ ഒരു സൂപ്പർ താരമായിട്ടല്ല അദ്ദേഹം എത്തുന്നത്. നമ്മളെല്ലാം കാണാൻ ആഗ്രഹിക്കുന്നതങ്ങനെയാണെങ്കിലും, അദ്ദേഹം വളരെ സിംപിളായിട്ടാണ് വരുന്നത്. ഒരു സൂപ്പർ താരമായിരുന്നിട്ടും അദ്ദേഹത്തെ ആ കഴിവു വ്യത്യസ്തനാക്കുന്നു. ഷൂട്ടിംഗിനിടയിൽ ഞങ്ങൾ എല്ലാ കാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നു. ഞാനെന്തങ്കിലും മണ്ടത്തരം കാണിച്ചാലും അദ്ദേഹം പറയും, ‘ബേബി, അത് ഇപ്പോഴല്ല, പിന്നെ!’ എന്ന്... എല്ലാവരേയും തുല്യമായി കാണാൻ അദ്ദേഹത്തിനു കഴിയുന്നു.

തൊട്ടു മുമ്പെത്തിയ ഷാരുഖ് ചിത്രം പരാജയമായിരുന്നല്ലോ?

അതു ഷാരുഖ് ഖാനാണ്. ഓരോ സിനിമയും വളരെ ആവേശത്തോടെയാണ് അദ്ദേഹം ചെയ്യുന്നത്. എല്ലാവർക്കും വിജയങ്ങളും പരാജയങ്ങളും ഉണ്ട്. പക്ഷേ, അദ്ദേഹം നോക്കുന്നത് നല്ല സിനിമകൾക്കു വേണ്ടിയാണ്. എല്ലാത്തരം വേഷങ്ങളും അദ്ദേഹത്തിനു ചെയ്യാനാകുന്നത് അതുകൊണ്ടാണ്. തന്റെ പ്രവർത്തനമണ്ഡലം കൂടുതൽ വിശാലമാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഷാരുഖിനു ചെറുപ്പം മുതൽ തന്നെ ആലിയയെ പരിചയമുണ്ടെന്ന് എന്നു പറഞ്ഞിട്ടുണ്ടല്ലോ?

ചെറുപ്പത്തിൽ ഷാരുഖ് ഖാനെ കണ്ടത് എനിക്ക് ഓർമ്മയില്ല എന്നതാണ് സത്യം. എന്റെ അച്ഛനും ഷാരുഖും തമ്മിൽ നല്ല ഒരു സൗഹൃദം ഉണ്ട്. ഷാരുഖ് എപ്പോഴും പറയാറുണ്ട് ഫോൺ വിളിച്ചാൽ പോലും അദ്ദേഹത്തിനു നിരസിക്കാൻ പറ്റാത്തത് എന്റെ അച്ഛൻ മഹേഷ് ഭട്ട് വിളിക്കുമ്പോഴാണെന്ന്. എത് എന്താണെന്ന് എനിക്കറിയില്ല. ആദ്യമായി ഷാരുഖിന്റെ വീട്ടിൽ പോകുന്നത് എനിക്കു 11–12 വയസുള്ളപ്പോഴാണ്. മുടിയൊക്കെ ചുരുണ്ട് അത്ര ഭംഗിയൊന്നുമില്ലാത്ത ഒരു ഡ്രസ്സൊക്കെയാണ് അന്നു ഞാൻ ധരിച്ചിരുന്നത്. ഞാനും ഷാരുഖുമെല്ലാം ഒരു ടേബിളിലിരുന്നാണ് സാൻഡ്വിച്ചൊക്കെ കഴിച്ചത്. ഞാൻ വലിയ അമ്പരപ്പോടെ അത് നോക്കിയിരിക്കുകയായിരുന്നു. ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടയിൽ അച്ഛൻ അന്നത്തെ ചിത്രങ്ങളൊക്കെ എനിക്ക് അയച്ചു തന്നു. അതു ഞാൻ ഷാരുഖിനെ കാണിച്ചു.

ഈ ചെറിയ പ്രായത്തിൽ സിനിമയിൽ നായികയാകുമ്പോഴുള്ള ഉത്തരവാദിത്തങ്ങളെ എങ്ങനെ മാനേജ് ചെയ്യുന്നു.

ഒരു സിനിമയിൽ നമ്മൾ അഭിനയിക്കാനാണെത്തുന്നത്. അതു ചെയ്യുന്നു, കഴിയുമ്പോൾ പോകുന്നു. അതുകൊണ്ടു തന്നെ കൂടുതൽ ഭാരങ്ങൾ എന്നെ അലട്ടുന്നില്ല എന്നതാണു സത്യം. സംവിധായകന്റെ ഉത്തരവാദിത്വമാണ് ഓരോ സിനിമയെയും മികച്ചതാക്കുക എന്നത്. അപ്പോൾ ഓരോ സിനിമയും സംവിധായകന്റെ ചുമലിലാണ്. പിന്നെ പ്രായം ഞാൻ ഓർക്കാറില്ല. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനെ ഏറ്റവും മികച്ചതാ്കാനാണ് നോക്കുന്നത്.


ആലിയയുടെ ഈ വർഷത്തെ മികച്ച കഥാപാത്രമായിരുന്നു ഉഡ്താ പഞ്ചാബിലേത്. അതിനു അവാർഡ് കിട്ടാഞ്ഞതിൽ വിഷമം തോന്നിയിരുന്നോ?

ആരാണോ മികച്ചാതായി പെർഫോം ചെയ്യുന്നത്, അവർ വിജയിക്കും. അതിന് ഞാൻ അപ്സെറ്റായിട്ടു കാര്യമില്ലല്ലോ. കിട്ടിയില്ലലോ എന്നു ചിന്തിക്കാം, പക്ഷേ, നമ്മൾ മുന്നോട്ട് സഞ്ചരിക്കുകയാണ്. നീർജയിൽ മികച്ച പ്രകടനമാണ് സോനം കപൂർ കാഴ്ച വെച്ചത്. അതുകൊണ്ടാണ് അവർക്ക് അവാർഡ് കിട്ടിയത്. കഴിഞ്ഞ വർഷത്തെ സിനിമകൾ നോക്കുമ്പോൾ സോനം കപൂറിന്റെ വേഷമാണു മികച്ചതെന്നു പ്രേക്ഷകർക്കു തോന്നി. അതാണ് അവരെ അവാർഡിന് അർഹയാക്കിയതും.

ഉഡ്താ പഞ്ചാബിൽനിന്നു ഡിയർ സിന്ദ്ഗിയിലേക്കു എത്തുമ്പോൾ വളരെ വ്യത്യസ്തങ്ങളായ വേഷങ്ങളാണ് ചെയ്തിരിക്കുന്നത്. എങ്ങനെ ബാലൻസ് ചെയ്യുന്നു

അത് മനപ്പൂർവമായുള്ള തെരഞ്ഞെടുപ്പായിരുന്നില്ല. സംഭവിക്കുന്നതാണ്. വ്യത്യസ്തങ്ങളായ വേഷങ്ങളെയാണ് നമ്മൾ ഏപ്പോഴും ആഗ്രഹിക്കാറുള്ളത്. ഒരേപോലുള്ള വേഷങ്ങൾ ചെയ്യുമ്പോൾ നമുക്ക് ബോറടിക്കാൻ തുടങ്ങും. ഡിയർ സിന്ദഗി സന്തോഷം പകരുന്ന ഒരു ചെറിയ ചിത്രമാണത്. എന്നാൽ അത്ര എളുപ്പമുള്ള വേഷമല്ല അതിൽ ചെയ്തത്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ്. അതിനെയാണ് പ്രേക്ഷകരിലേക്ക് സംശയമില്ലാതെ പറഞ്ഞുകൊടുക്കുന്നത്. സത്യത്തിൽ വളരെ പ്രയാസമേറിയ വേഷമായിരുന്നു അത്.

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആഷിഖി 3 ക്കു വേണ്ടി. ചിത്രം ഉടനുണ്ടാകുമോ?

തീവ്രമായ പ്രണയ കഥകൾ എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് ആഷിഖി 3 ചെയ്യണമെന്ന് കരുതുന്നത്. അതിന്റെ തിരക്കഥാ ജോലികൾ നടക്കുകയാണ് ഇപ്പോൾ. അച്ഛനൊപ്പം ഒരു ചിത്രം എന്നത് ആ സിനിമയിലൂടെ സാധ്യമാകും.

മലയാള ചിത്രം വീരത്തിലെ നായകനാണ് കുനാൽ കപൂർ. ഡിയർ സിന്ദഗിയിൽ കുനാലുമായുള്ള അഭിനയ പരിചയം എങ്ങനെയുണ്ടായിരുന്നു?

വിസ്മയകരമായൊരു അനുഭവമായിരുന്നു അത്. സൂപ്പർ ഹിറോയാണ് കുനാൽ. കൂടാതെ ഒരുപാട് പെൺകുട്ടികൾ അദ്ദേഹത്തിന്റെ ആരാധികമാരാണ്. അപ്പോൾ കുനാലിനൊപ്പം എനിക്കു വർക്കു ചെയ്യാൻ സാധിച്ചത് തന്നെ വലിയാ കാര്യമായാണ് ഞാൻ കാണുന്നത്.

റൊമാന്റിക് ഹീറോയായ ഷാരുഖിനൊപ്പം അഭിനയിച്ചെങ്കിലും പ്രണയ നായികയാവാൻ കഴിഞ്ഞില്ലെന്നു തോന്നുന്നുണ്ടോ?

ഒരിക്കലുമില്ല. ഈ ചിത്രത്തിൽ അങ്ങനെയൊരു കഥയ്ക്കുള്ള സ്കോപ്പില്ല. ഞങ്ങളുടെ കഥാപാത്രങ്ങളുടെ പ്രായം തന്നെ വളരെ വ്യത്യസ്തമാണതിൽ. അവിടെ അങ്ങനെയൊരു കഥയായാൽ അതു പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല. പക്ഷേ, പുതിയൊരു സിനിമയിൽ അത്തരമൊരു കഥ വന്നാൽ ഞങ്ങൾക്ക് അഭിനയിക്കാനാവുന്നതാണ്. ഞാനെപ്പോഴും പറയാറുള്ളതാണ് സ്നേ ഹത്താൽ മാത്രമാണ് ഓരോ ബന്ധങ്ങളും നിലകൊള്ളുന്നത്.

വരുൺ ധവാനും ആലിയയും ഒന്നിച്ചാണ് സിനിമ ജീവിതം ആരംഭിച്ചത്. വരുണിന്റെ വളർച്ച ശ്രദ്ധിക്കാറുണ്ടോ?

ഓരോ സിനിമയോടും 100 ശതമാനം കമ്മിറ്റ്മെന്റുള്ള വ്യക്‌തിയാണ് വരുൺ. അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും സൂപ്പർഹിറ്റാണ്. കൂടാതെ കോമഡിയുടെ ഒരു ട്രാക്ക് തന്നെ ബോളിവുഡിൽ വരുൺ നേടിയെടുത്തു. എന്നാൽ ബദ്ലാപൂർ എന്ന ചിത്രത്തിലൂടെ നമ്മളെ ഞെട്ടിച്ചതുമാണ് വരുൺ. ഞങ്ങൾ രണ്ടുപേരും പരസ്പരം ചിത്രങ്ങളെ ശ്രദ്ധിക്കാറുണ്ട്.

ഓരോ സ്ത്രീയും ധീരയായിരിക്കണം എന്നത് ആലിയയുടെ അഭിപ്രായത്തിൽ എന്താണ്?

സ്വന്ത അഭിപ്രായം ഏതു കാര്യത്തിലും വ്യക്‌തമായി പറയാനും അതിൽ ഉറച്ചു നിൽക്കാനും സാധിക്കണം. താൻ പറയുന്ന കാര്യത്തിൽ മുന്നോട്ടു പോകുമ്പോഴും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും വേണം. അപ്പോൾ അതിലുണ്ടാകുന്ന പ്രതികൂലങ്ങളേയും പ്രതികരണങ്ങളേയും നേരിടാനും ധൈര്യമുണ്ടാകണം.

പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

ഇനി ചെയ്യുന്നത് സോയ അക്‌തറിന്റെ ഗല്ലി ബോയ് എന്ന ചിത്രമാണ്. രൺവീർ സിംഗാണ് ചിത്രത്തിൽ നായകനാകുന്നത്. അതിനു ശേഷം രാജു ഹിരാനിയുടെ പുതിയ ചിത്രമാണ് കമ്മിറ്റ് ചെയ്തിരിക്കുന്നത്.

അഭിനയത്തിനൊപ്പം ഗായികയായും കഴിവു തെളിയിച്ചല്ലോ?

അങ്ങനെയൊരു അവസരം കിട്ടിയപ്പോഴാണ് സിനിമയിൽ പാടിയത്. ഒരു പ്രൊഫഷണൽ ഗായികയൊന്നുമല്ല ഞാൻ. അതുകൊണ്ടു തന്നെ ഇനിയായാലും അത്തരമൊരു സിനിമയ്ക്കും പാട്ടിനും വേണ്ടി കാത്തിരിക്കുകയാണ് ഞാൻ.

അഭിനയവും പാട്ടും കഴിഞ്ഞാൽ സിനിമയുടെ മറ്റു മേഖലയിലേക്ക്?

ഇവയ്ക്കൊക്കെ പുറമെ ഒരു നിർമാതാവായും പിന്നീട് എത്തുമായിരിക്കും. എങ്കിലും ഒരു സംവിധായികയാകുമെന്നു കരുതുന്നില്ല.

–സ്റ്റാഫ് പ്രതിനിധി