ലെസ് മിസറബിൾസ്
ലെസ് മിസറബിൾസ്
Friday, February 24, 2017 6:21 AM IST
മസ്റ്റ് വാച്ച് മൂവി

വ്യത്യസ്തമായ ആഖ്യാനത്തിനൊപ്പം സംസ്കാരവും ചരിത്രവും ഇടകലരുന്ന കഥാതന്തുവും പാത്രാവിഷ്കരണത്തിലെ വൈഭവവും ഒത്തുചേരുന്ന ഇംഗ്ലീഷ് ചിത്രമാണ് ലെസ് മിസറബിൾസ്. വിക്ടർ ഹ്യൂഗോയുടെ ഇതേ പേരിലുള്ള നോവലിന്റെ പശ്ചാത്തലത്തിൽ 2012–ലെത്തിയ മ്യൂസിക്കൽ ഡ്രാമയായിരുന്നു ഈ ചിത്രം. നോവലിനെ ആസ്പദമാക്കി എൺപതുകളിൽ അലൻ നൗബിലും ക്ലൗഡ് മിഷേൽ ഷോൺബോർഗും ചേർന്ന് രചന ഒരുക്കിയ മ്യൂസിക്കൽ സ്റ്റേജ് ഷോയിൽ നിന്നുമാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. ഇരുപതിലധികം ഭാഷകളിൽ മൊഴിമാറ്റം നടത്തി 43 രാജ്യങ്ങളിലധികം ലോകോത്തര പ്രദർശനം നടത്തിയ മ്യൂസിക്കൽ ഡ്രാമയുടെ ഇരുപത്തിയഞ്ചാം വാർഷികത്തിനാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നിർമാതാവ് കാമറൂൺ മാക്വിന്റോഷ് നടത്തുന്നത്. തുടർന്ന് വില്യം നിക്കോൾസണിന്റെ തിരക്കഥയിൽ ടോം ഹൂപ്പർ സംവിധാനം ചെയ്തെത്തിയ ഈ മ്യൂസിക്കൽ ചിത്രം മികച്ച വാണിജ്യ വിജയവും ജനശ്രദ്ധയും നേടി.

സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. സംഭാഷണങ്ങളും മുദ്രാവാക്യങ്ങളും ആക്രോശങ്ങളും തുടങ്ങി ആത്മഗതം വരെ സംഗീതമായി എത്തുമ്പോൾ പ്രേക്ഷകർക്കു പുത്തൻ കാഴ്ചാനുഭവമാണ് ലെസ് മിസറബിൾസ് നൽകുന്നത്. ഒപ്പം ഹ്യൂ ജാക്മാൻ, റസ്സൽ ക്രോവ്, ആൻ ഹാതവേ, അമൻഡാ സെയ്ഫ്രീഡ് തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ചിത്രം ക്ലാസ്സിക് സ്പർശം നേടിയിരിക്കുന്നു.

പാരിസ് വിപ്ലവത്തിനു മുമ്പുള്ള രണ്ടു പതിറ്റാണ്ടിലൂടെയാണ് കഥ വികസിക്കുന്നത്. സഹോദരിയുടെ മക്കളുടെ വിശപ്പടക്കാൻ ഭക്ഷണം മോഷ്ടിച്ചതിനു തടവിലാവുകയും ജയിൽ ചാടാനുള്ള പലശ്രമത്തിനു ശേഷം ഒടുവിൽ പതിനേഴ് വർഷത്തിനു ശേഷം പരോളിനു പുറത്തിറങ്ങുകയാണ് ജീൻ വാൽ ജീൻ. അഭയം നൽകുന്ന കോൺവെന്റിലെ പുരോഹിതനെ കബളിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ചെങ്കിലും പോലീസ് പിടിയിൽ നിന്നും പുരോഹിതൻ തന്നെ ജീനിനെ രക്ഷിക്കുന്നു. ഈ സംഭവം അവനെ മാറ്റിമറിച്ചു. പിന്നീട് വർഷങ്ങൾക്കു ശേഷം മറ്റൊരു മനുഷ്യനായാണ് ജീനിനെ കാണുന്നത്. ഇന്നയാൾ ഒരു ഫാക്ടറി മുതലാളിയും മേയറുമാണ്. എന്നാൽ അവിടെയെത്തുന്ന പോലീസുകാരൻ ജാവേർട്ടിനു ജീനിൽ സംശയം തോന്നുന്നു. ഫാക്ടറി ജോലിയിൽ നിന്നും ഫോർമാൻ പുറത്താക്കുന്ന ഫാൻടൈൻ എന്ന വനിതയെ ജീൻ അവിടെ കാണുന്നു. തന്റെ മകൾക്കായി അവൾ ശരീരം വിൽക്കാൻ ഇറങ്ങിയതായിരുന്നു. ക്രൂരപീഡനത്തിനിരയാകുന്ന ഫാൻടൈനിനെ ജീൻ ആശുപത്രിയിൽ എത്തിക്കുന്നുവെങ്കിലും മരണപ്പെടുന്നു. തന്റെ പിന്നാലെ ജാവേർട്ട് ഉണ്ടെന്നറിഞ്ഞിട്ടും ദൂരെ താമസിപ്പിച്ചിരുന്ന ഫാൻടൈനിന്റെ മകൾ കൊസറ്റോയുമായി ജീൻ രക്ഷപെട്ടു.


ഇന്നു കോസറ്റോ മുതിർന്ന പെൺകുട്ടിയാണ്. പാരിസ് വിപ്ലവം നടക്കുന്ന സമയം പ്രക്ഷോഭവിദ്യാർത്ഥികളിലൊരാളായ മാരിയസുമായി കൊസറ്റോ ഇഷ്ടത്തിലാകുന്നു. വിപ്ലവം അക്രമാസക്‌തമായ സമയത്ത് പ്രക്ഷോഭകരുടെ കൈയിലകപ്പെടുന്ന ജാവേർട്ടിനെ മരണത്തിനു മുന്നിൽ നിന്നും ജീൻ രക്ഷിക്കുന്നു. പ്രക്ഷോഭകരെല്ലാം പോലീസിന്റെ തോക്കിനിരയായപ്പോൾ അപകടം പറ്റിയ മാരിയസിനെ ഭൂഗർഭ വഴിയിലൂടെ ജീൻ രക്ഷപെടുത്തി. എന്നാൽ ചെന്നെത്തുന്നത് ജാവേർട്ടിന്റെ മുന്നിലായിരുന്നു. താൻ തിരിച്ചു വരും എന്ന വാക്കു നൽകി മാരിയസിനെ ആശുപത്രിയിലാക്കുന്നു. നിയമത്തിന്റെ കണ്ണിനുമപ്പുറത്തുള്ള ജീനിലെ മനുഷ്യനെ തിരിച്ചറിയുന്ന ജാവേർട്ട് സ്വയം ജീവനൊടുക്കുന്നു.

തന്റെ സാന്നിധ്യം കോസറ്റോയുടെ ജീവനും ഇനി ഭീഷണിയാകുമെന്ന് മനസിലാക്കുന്ന ജീൻ തന്റെ ജീവിതം മാരിയസിനോട് തുറന്നു പറഞ്ഞ് കോൺവെന്റിലേക്ക് പോകുന്നു. ഇരുവരുടേയും കല്യാണത്തിനു ശേഷം കോസറ്റോയും മാരിയസും ജീനിന്റെ അടുക്കലേക്ക് ഓടി എത്തുന്നു. അവരുടെ മുമ്പാകെ കുമ്പസാരക്കുറിപ്പ് കൈമാറി ജീൻ തന്റെ ജീവനെ വിട്ടു. ജീനിനെ സ്വീകരിക്കാൻ ഫാൻടൈനിന്റെയും പുരോഹിതന്റെയും ആത്മാക്കൾ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. പുറത്ത് സ്വാതന്ത്യം സ്വപ്നം കണ്ടു ജീവൻ പൊലിഞ്ഞുപോയവരുടെ പുത്തൻ ആഘോഷവും. അപ്പോഴും തന്നെ താനാക്കി മാറ്റിയ ജീനിന്റെ ജീവനറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് കോസറ്റോ കരയുകയായിരുന്നു.

–ലിജൻ കെ. ഈപ്പൻ