അന്നും ഇന്നും സെറീന
അന്നും ഇന്നും സെറീന
Saturday, April 22, 2017 3:34 AM IST
എണ്‍പതുകളിലെ കാൽപനികതയായിരുന്നു സറീനവഹാബ്. മദനോൽസവവും ചാമരവും പാളങ്ങളുമെല്ലാം എന്നും നൊസ്റ്റാൾജിയായി പ്രേക്ഷക മനസിൽ മായാതെ നിൽക്കുന്പോൾ കാലം സറീനയിൽ ഏറെ മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. പക്ഷേ സിനിമയോടുള്ള അഭിനിവേശത്തിൽ മാത്രം ഇന്നും കുറവില്ല. മുംബൈക്കാരിയായ സറീനയെ ഏറെ പ്രോൽസാഹിപ്പിച്ചതും സ്നേഹിച്ചതും മലയാളമായിരുന്നു. അതുകൊണ്ടു തന്നെ മലയാളത്തിൽ അവസരം ലഭിച്ചാൽ അവർ ഓടിയെത്തും. വർഷങ്ങൾക്കുശേഷം കലണ്ടർ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് സറീന മലയാളത്തിൽ തിരിച്ചെത്തിയത്. തുടർന്ന് ആദാമിന്‍റെ മകൻ അബു, ആസ്ക്ക്, ആഗതൻ തുടങ്ങിയ സിനിമകളിലും സാന്നിധ്യമറിയിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന വിശ്വാസ പൂർവം മൻസൂർ എന്ന ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സറീന ഇപ്പോൾ. തലശേരിയിലെ ലൊക്കേഷനിൽ സറീനയെ കണ്ടുമുട്ടിയപ്പോൾ...

കലണ്ടറിലൂടെയാണല്ലോ വർഷങ്ങൾക്കുശേഷം മലയാളത്തിലെത്തിയത്. തുടർന്നും ഒരുപിടി നല്ല സിനിമകൾ. ഇപ്പോൾ പി.ടി.കുഞ്ഞുമുഹമ്മദിന്‍റെ ചിത്രം. മലയാളവുമായുള്ള ബന്ധം ഇപ്പോഴും തുടർന്നുകൊണ്ടുപോകുകയാണല്ലോ?

ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് മലയാളമാണ്. വീട്ടിൽ ഇരിക്കുന്ന ഒരു ഫീലിംഗാണ് ഇവിടെ വർക്കു ചെയ്യുന്പോൾ. അത്തരത്തിലുള്ള കഥാപാത്രങ്ങളും കഥകളുമാണ് ഞാനിവിടെ ചെയ്യുന്നത്. അതുകൊണ്ടു തന്നെ മലയാളത്തിൽ നിന്നും ഓഫർ വന്നാൽ സന്തോഷത്തോടെ സ്വീകരിക്കും.

രണ്ടാംവരവിൽ ആദാമിന്‍റെ മകൻ അബുവിൽ ശ്രദ്ധേയമായ കഥാപാത്രമായിരുന്നല്ലോ?

സംവിധായകൻ സലിം അഹമ്മദ് മുംബൈയിലെ എന്‍റെ വീട്ടിൽ വന്നാണ് ചിത്രത്തിന്‍റെ കഥ പറഞ്ഞത്. വണ്‍ലൈൻ കേട്ടപ്പോഴേ ഞാൻ അതു ചെയ്യാം എന്നു പറഞ്ഞു. നമുക്ക് പെട്ടെന്ന് റിലേറ്റ് ചെയ്യാവുന്ന ഒരു കഥയാണ്. ഞാനുമൊരു മുസ്ലീമാണ്. ഹജ്ജിനുപോകാൻ വളരെ നാളായി പരിശ്രമിക്കുന്നയാളാണ് ഞാൻ. പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല. അപ്പോൾ അത്തരമൊരു കഥ കേട്ടപ്പോൾ മനസിൽ തട്ടുന്നതായി തോന്നി. 25 ദിവസം കൊണ്ടാണ് ആ പടം തീർത്തത്.

80 മുതൽ 85വരെ മലയാളത്തിൽ നിറഞ്ഞു നിന്ന സറീന. വളരെ സന്പന്നമായ ഓർമകളാണ് എല്ലാവർക്കുമുള്ളത്. അന്നത്തെ ഓർമകൾ ഇന്ന് കേരളത്തിൽ ഷൂട്ടിംഗിനു വരുന്പോൾ ആൾക്കാർ പങ്കുവയ്ക്കാറുണ്ടോ?

86ൽ പുന്നാരം ചൊല്ലി ചൊല്ലിയിൽ അഭിനയിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ വിവാഹം കഴിഞ്ഞു. അതിനുശേഷം പത്തു വർഷത്തോളം വർക്കു ചെയ്തില്ല. തുടർന്ന് ടെലിവിഷൻ സീരിയലുകളും ഹിന്ദി സിനിമകളും ചെയ്യാൻ തുടങ്ങി. അപ്പോഴൊന്നും മലയാളസിനിമ ഇനി എന്നെ വിളിക്കില്ല എന്നാണോർത്തത്. പക്ഷേ വീണ്ടും ഇവിടെ വന്നപ്പോൾ മലയാളികൾ എന്നെ തിരിച്ചറിയുകയും പഴയ സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. യാത്രകൾ പോകുന്പോൾ മലയാളികൾ എവിടെയുണ്ടായാലും എന്നെ തിരിച്ചറിയാറുണ്ട്.


ബോളിവുഡിൽ ഇപ്പോൾ സജീവമാണോ?

അവിടെ മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്. ഇപ്പോൾ ചെയ്യാൻ പോകുന്നത് സണ്ണി ലിയോണിന്‍റെ ചിത്രമാണ്. അവരുടെ അമ്മയായാണ് അഭിനയിക്കുന്നത്. പോലീസ് ഓഫീസറായാണ് സണ്ണി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ബാങ്കോക്കിലാണ്. ടെലിവിഷനിലും നല്ല അവസരങ്ങൾ ലഭിക്കുന്നുണ്ട്.

ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചതിനുശേഷമാണല്ലോ സിനിമയിൽ എത്തിയത്. വീട്ടിൽ നിന്നു പ്രോൽസാഹനമുണ്ടായിരുന്നോ?

അഭിനയമായിരുന്നു എന്‍റെ ലക്ഷ്യം. അതിനായാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ ചേർന്നത്. എന്‍റെ അച്ഛൻ സെൻട്രൽ എക്സൈസിൽ ഡപ്യൂട്ടി സൂപ്രണ്ടായിരുന്നു. അച്ഛനും അമ്മയും വളരെ ബ്രോഡ് മൈൻഡഡായിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് അവർക്ക് വിരോധമില്ലായിരുന്നു. പ്രോൽസാഹിപ്പിച്ചിട്ടേയുള്ളൂ.

ദക്ഷിണേന്ത്യൻ ഭാഷകളിൽ മലയാളത്തിലാണല്ലോ ഏറെ തിളങ്ങാൻ കഴിഞ്ഞത്?

എന്‍റെ ആദ്യത്തെ മലയാളസിനിമ മദനോൽസവം വലിയ ഹിറ്റായിരുന്നു. അപ്പോൾ ഞാൻ ഹിന്ദിയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. പക്ഷേ മലയാളത്തിൽ നിന്ന് ഒന്നിനു പിറകേ ഒന്നായി അവസരങ്ങൾ ലഭിക്കാൻ തുടങ്ങി. എല്ലാം നല്ല വേഷങ്ങൾ. അങ്ങനെയാണ് മലയാളത്തിൽ കൂടുതൽ ശ്രദ്ധിച്ചത്.

മലയാളത്തിലെ അന്നത്തെ നായക·ാരെ ഓർക്കാറുണ്ടോ? പിന്നീടവരെ കണ്ടിട്ടുണ്ടോ?

നെടുമുടിവേണു, പ്രതാപ് പോത്തൻ, ഭരത്ഗോപി, മമ്മൂട്ടി, മോഹൻലാൽ, രതീഷ് തുടങ്ങിയവരൊടൊപ്പം അഭിനയിച്ചിട്ടുണ്ട്. മമ്മൂക്കയെ ഒരിക്കൽ ദുബായിലെ ഒരു ഷോപ്പിംഗ് മാളിൽ യാദൃശ്ചികമായി കണ്ടു. കുറേ നേരം സംസാരിച്ചു. മോഹൻലാലിനെ മുബൈയിൽ സ്റ്റുഡിയോയിൽ വച്ച് കണ്ടിട്ടുണ്ട്. ഞാനൊരു ഹിന്ദി പടത്തിന്‍റെ ഷൂട്ടിംഗിലായിരുന്നു. ലാൽ ഒരു മലയാളസിനിമയുടേയും. രണ്ടു പേർക്കും വലിയ സന്തോഷമായി.

വിശ്വാസപൂർവം മൻസൂറിലെ അനുഭവങ്ങൾ?

ഈ സിനിമയിൽ അഭിനയിക്കുന്നവരെല്ലാം എന്നെ സംബന്ധിച്ച് പുതിയ മുഖങ്ങളാണ്. ഞാനാദ്യമാണ് എല്ലാവരേയും കാണുന്നത് മുംബൈയിൽ നിന്നും മകളോടൊപ്പം നാട്ടിൽ വരുന്ന ഒരമ്മയുടെ കഥാപാത്രമാണ് ചിത്രത്തിൽ.

ഒരു അഭിനേത്രി എന്ന നിലയിൽ സംതൃപ്തയാണോ?

ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ എല്ലാവരും ആഗഹിക്കുന്നത് കുറച്ച് അംഗീകാരം, സ്നേഹം ഇതൊക്കെയാണ്. ഇത് എനിക്ക് ആവോളം ലഭിച്ചു. കേരളത്തിൽ എപ്പോൾ വന്നാലും ആൾക്കാർ മദനോൽസവത്തേക്കുറിച്ചും അതിലെ മാടപ്രാവേ വാ.... എന്ന പാട്ടിനെക്കുറിച്ചമൊക്കെ ആവേശത്തോടെ സംസാരിക്കും. ഇതിൽ പരം ഒരു അഭിനേതാവിന് എന്തു സന്തോഷം ലഭിക്കാനാണ്.

കുടുംബ വിശേഷം?

ഭർത്താവ് ആജിത്യ പഞ്ചോളി, രണ്ടു മക്കൾ. ഒരു മകനും മകളും.

ബിജോ ജോ തോമസ്