വിപണിയിലെ വിശ്വാസപ്രമാണങ്ങൾ
വിപണിയിലെ വിശ്വാസപ്രമാണങ്ങൾ
Tuesday, September 20, 2016 5:00 AM IST
ഓഹരി വിപണിയിൽ എപ്പോഴും കേൾക്കുന്ന രണ്ടു വാക്കുകളാണ് ബുൾ, ബെയർ (കാളകളും കരടികളും). മുന്നോട്ട് കുതിച്ചുപായുന്ന നീക്കങ്ങൾക്ക് കൊമ്പിൽ ഉയർത്തുന്ന കാളയുടെ രൂപവും, തകർന്ന് അടിയുന്ന മാർക്കറ്റിനെ എപ്പോഴും കുനിഞ്ഞ് നിൽക്കുന്ന കരടിയുടെ രൂപവുമാണ് സാങ്കല്പികമായി സൂചിപ്പിക്കുന്നത്. ശുഭാപ്തി വിശ്വാസവും അശുഭാപ്തിവിശ്വാസവും (Optimism and Pessimism) എന്നും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്.

തുടർച്ചയായി ഓഹരി വിലകൾ കയറിപ്പോകുകയും അതുവഴി ഇൻഡക്സ് സൂചിക മുന്നോട്ട് കുതിക്കുകയും ചെയ്യുന്നത് നിക്ഷേപകർക്ക് ആവേശവും ആത്മവിശ്വാസവും ഉയർത്തുന്ന പ്രവണതയാണ്. വാങ്ങലുകൾ കൂടുന്തോറും വിലകൾ ഉയർന്നുകൊണ്ടേയിരിക്കും. വിലകൾ താഴേക്ക് വരുന്നതോടെ വില്പന സമ്മർദ്ദം ഏറുകയും അത് വിപണിയെ കൂടുതൽ താഴേക്ക് വലിക്കുകയും ചെയ്യും. ഇതിൽ നിന്ന് ഒരു കാര്യം വ്യക്‌തമാണ്. വാങ്ങലുകാരുടെ എണ്ണം കൂടുന്തോറും ശുഭാപ്തിവിശ്വാസം വർദ്ധിക്കുകയും ബുള്ളുകൾ പിടിമുറുക്കുകയും ചെയ്യും. വില്പനക്കാർ വർദ്ധിക്കുമ്പോൾ അശുഭാപ്തിവിശ്വാസവും ബെയറുകളും വന്നുചേരുന്നു.

എന്നാൽ ഓഹരി വിപണിയിലൂടെ സമ്പാദ്യം ഉണ്ടാക്കിയവരെല്ലാം ഈ ശുഭാപ്തി/അശുഭാപ്തി വിശ്വാസങ്ങളെ ഈ ചിന്താഗതിക്ക് എതിരായിട്ടാണ് നോക്കിക്കണ്ടത് എന്ന് മനസ്സിലാക്കാം. പ്രശസ്ത നിക്ഷേപ ഗുരുവായ വാറൻബഫറ്റിന്റെ വാചകം ഇവിടെ ഓർക്കാം. "Be fearful when others are greedy and be greedy when others are fearful". മറ്റുള്ളവർ അത്യാഗ്രഹിയാകുമ്പോൾ നിങ്ങൾ ഭയചികതരാകുക, മറ്റുള്ളവർ ഭയചികതരാകുമ്പോൾ നിങ്ങൾ അത്യാഗ്രഹിയാകുക. ഇവിടെ ബുള്ളിനെയും ബെയറിനെയും ബഫറ്റ് മുൻപ് സൂചിപ്പിച്ച വിശ്വാസങ്ങൾക്ക് എതിരായിട്ടാണ് കാണുന്നത്.

ചെറുകിടമായാലും വൻകിടമായാലും നിക്ഷേപകർക്ക് ധൈര്യം മാത്രം പോരാ വിശ്വാസവും വേണം. നിക്ഷേപിക്കുന്ന ഓഹരിയെക്കുറിച്ച്, മാർക്കറ്റിന്റെ ഗതിയെക്കുറിച്ച്, രാജ്യത്തെ രാഷ്ട്രീയ സാമ്പത്തിക മേഖലയെക്കുറിച്ച്, അന്താരാഷ്ട്ര വിപണിയുടെ നീക്കങ്ങളെക്കുറിച്ച് ഒക്കെ ഒരു ചെറിയ അളവിലെങ്കിലും അവഗാഹമുണ്ടായാൽ മാത്രമേ മികച്ച നിക്ഷേപകനാകാൻ സാധിക്കുകയുള്ളു. അവയൊക്കെ അറിഞ്ഞാൽ തന്നെയും എപ്പോൾ നിക്ഷേപിക്കണം എന്ന തീരുമാനമെടുക്കാനുള്ള മനഃസാന്നിദ്ധ്യവും ആവശ്യമാണ്.

ബഫറ്റിന്റെ തിയറി അവലോകനം ചെയ്യുകയാണെങ്കിൽ ശുഭാപ്തി വിശ്വാസം വർദ്ധിച്ച് ബുള്ളുകൾ നടത്തിക്കൊണ്ടുപോകുന്ന ഒരു മാർക്കറ്റിൽ പുറത്ത് കാഴ്ചക്കാരനായി നിൽക്കുന്നതാവും ഉചിതം.

എന്നുകരുതി ഒരു ബുൾമാർക്കറ്റിൽ നിക്ഷേപിക്കരുത് എന്ന ചിന്ത ഒരിക്കലും ശരിയല്ല. 2003 ൽ 3000 പോയിന്റ് ഉണ്ടായിരുന്ന സെൻസെക്സ് 5 വർഷം കൊണ്ട് 21000 എത്തിയത് നിക്ഷേപകരുടെ ആത്മവിശ്വാസം കൊണ്ടും മുൻപ് പറഞ്ഞ സാഹചര്യങ്ങൾ അനുകൂലമായി വന്നതുകൊണ്ടുമണ്. ഇതിനിടയിൽ 2004 ലും 2006 ലും നല്ല രീതിയിൽ ഉണ്ടായ തിരുത്തലുകൾ നിക്ഷേപകർക്ക് മികച്ച അവസരങ്ങളാണ് ഉണ്ടാക്കിക്കൊടുത്തത്.

2008 ജനുവരിയിൽ തുടർച്ചയായി ദിവസങ്ങളോളം അഞ്ഞൂറും അറന്നൂറും പോയിന്റുകൾ കയറിക്കയറി പോകുന്നത് ആത്മവിശ്വാസ ക്കൂടുതലുകൊണ്ട് ആയിരിക്കും എന്നതിൽ തർക്കമില്ല.

ഇവിടെയാണ് ബഫറ്റിന്റെ തിയറി പ്രാവർത്തികമായി വരുന്നത്. പക്ഷേ സാധാരണ നിക്ഷേപകർ ഈയൊരു ഘട്ടത്തിൽ ബഫറ്റിനെക്കാളും ബുള്ളുകളെയായിരിക്കും വിശ്വാസത്തിലെടുക്കുക.

അഞ്ചു വർഷം കൊണ്ട് 7 മടങ്ങായി ഉയർന്ന മാർക്കറ്റ് ഒന്നര വർഷം കൊണ്ട് മൂന്നിലൊന്നായി ചുരുങ്ങിയത് ചരിത്രം. 2008 ജനുവരിയിൽ ഈ ീുശോശൊ ത്തിൽപ്പെട്ട് നിക്ഷേപത്തിന് മുതിർന്നവരൊക്കെ 8 വർഷത്തിന് ശേഷം ഇപ്പോഴും ആ സ്റ്റോക്കുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ വാങ്ങിയവില എത്തിയെങ്കിൽ ആശ്വാസം.

തകർച്ച ആരംഭിച്ചത് മുതൽ കൂടുതൽ ശക്‌തമായ വില്പനയ്ക്ക് സഹായകമായി നിരവധി അശുഭ വാർത്തകൾ ഈ കാലയളവിൽ തുടർച്ചയായി വന്നുകൊണ്ടിരുന്നു. ലേമെൻ ബ്രദേഴ്സ് പാപ്പരായതിൽ തുടങ്ങി ഇന്ത്യയിൽ സത്യം കംപ്യൂട്ടർ വരെ ഈ ഗണത്തിൽ വാർത്ത സൃഷ്‌ടിച്ചവരിൽപ്പെടുന്നു.

2009 ഓടെ 7000–8000 നിലവാരത്തിലെത്തിയെ മാർക്കറ്റിൽ നിക്ഷേപം നടത്താൻ ഒരു സാധാരണ നിക്ഷേപകനും തയ്യാറായില്ല എന്നതാണ് വാസ്തവം. മികച്ച കമ്പനികളുടെ ഓഹരികൾ തുച്ഛമായ വിലയിൽ കിടന്നപ്പോഴും ആരും അതിനെ തിരിഞ്ഞുപോലും നോക്കിയില്ല. എന്നാൽ ഈ അശുഭാപ്തിയെ മുതലെടുത്തവരാണ് ഇന്ന് വിജയിച്ചത് എന്ന് മനസ്സിലാക്കാം.


dIvknäpw {_Ivknäpw


റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ കാലാവധി പൂർത്തിയാക്കി വിരമിക്കുന്ന വാർത്ത ഇല്ലാത്ത കോലാഹലമാണ് ഉണ്ടാക്കിയത്. രാജൻ തുടരണമെന്ന് ഒരു കൂട്ടർ, തുടരണ്ടാ എന്ന് പറയാനും ചിലർ, അദ്ദേഹത്തോളം മികച്ചയാൾ വേറെയില്ലെന്ന് മറ്റൊരു കൂട്ടർ. എല്ലാ ഊഹാപോഹങ്ങൾക്കും വിരാമമിട്ട് രാജൻ തന്നെ തന്റെ റിട്ടയർമെന്റ് പ്രഖ്യാപച്ചതോടെ അതിനൊരു സമാധാനമായി. ഈ വിവാദങ്ങൾ എന്തിനുവേണ്ടിയായിരുന്നു എന്ന് ചിന്തിച്ചാൽ ആർക്കും തന്നെ മറുപടിയില്ല.


അതോടൊപ്പം തന്നെ വന്ന വാർത്തയാണ് യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമോ വേണ്ടയോ എന്ന് നടത്തിയ ഹിതപരിശോധന. ഇംഗ്ലീഷുകാരിൽ ഭൂരിപക്ഷവും യൂണിയനിൽ നിന്ന് പുറത്തുപോകണമെന്ന് വിധിയെഴുതിയതോടെ ആഗോള ഓഹരിവിപണികൾ കൂപ്പുകുത്തി. ഒപ്പം നമ്മുടെ മാർക്കറ്റും. 1000 പോയിന്റിന് മുകളിലാണ് മൈനസ് ആയിട്ടാണ് അന്നേദിവസം ബി.എസ്.ഇ. സെൻസെക്സ് രാവിലെ ട്രേഡ് ചെയ്തത്. ഒടുവിൽ 700 ഓളം പോയിന്റിൽ ക്ലോസ് ചെയ്തെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ നഷ്ടമെല്ലാം തിരിച്ചുപിടിച്ച് വിപണി ഈവർഷത്തെ ഉയരത്തിലുമെത്തി.

വാർത്തകൾക്ക് പിന്നാലെ പോയി വിറ്റവരും വാർത്തയല്ലാത്ത വാർത്തകളുടെ പേരിൽ വിപണി തകർന്നപ്പോൾ വാങ്ങിയവരും ഇന്ന് എവിടെ നിൽക്കുന്നു?

അടുത്തിടെ ജാപ്പനീസ് ഓഹരിവിപണിയിൽ വാറൻ ബഫറ്റ് നിക്ഷേപം നടത്തിയത് എപ്പോഴാണെന്ന് നോക്കിയാൽ ക്രൂരമാണെന്ന് തോന്നാം. 2011 ലെ ലോകം കണ്ട ഏറ്റവും വലിയ ഭൂകമ്പവും അതോടനുബന്ധിച്ചുണ്ടായ സുനാമിയും പതിനായിരങ്ങളെ കൊന്നൊടുക്കിയപ്പോൾ നിക്കി വിപണി ദിവസങ്ങളോളം തകർന്നടിഞ്ഞു. സുനാമിയെത്തുടർന്ന് ആണവനിലയങ്ങൾ വരെ അപകടസ്‌ഥിതിയിലായെന്ന ഭീകരമായ വാർത്തയിൽ കുലുങ്ങാതെ ബഫറ്റിന്റെ ബാർക്ഷെയർ ഹതവിക് ജാപ്പനീസ് വിപണിയിൽ നിന്നും ഓഹരികൾ കുറഞ്ഞ വിലയിൽ വാരിക്കൂട്ടി. സുനാമിയും കൊടുങ്കാറ്റും പേമാരിയും എല്ലാം ഒഴിഞ്ഞപ്പോഴേക്കും മികച്ച ഓഹരികളും മാർക്കറ്റും ശക്‌തമായിതിരിച്ചുകയറി, ബഫറ്റിന്റെ സമ്പത്തും കൂടി.

മുട്ടനാടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് അതിന്റെ ചോര കുടിക്കുന്ന ചെന്നായുടെ കഥ ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ചിട്ടുണ്ട്. ഇവിടെയും അതുതന്നെയാണ് കുറച്ചൊക്കെ പ്രാബല്യത്തിൽ വരുത്തേണ്ട നിയമം. അശുഭാപ്തിവിശ്വാസത്തിൽ ഓഹരി വിപണികൾ രക്‌തംപൂണ്ട് നിൽക്കുമ്പോൾ ചുളുവിലയ്ക്ക് ലഭിക്കുന്ന മികച്ച കമ്പനികൾ വാരിക്കൂട്ടിയാൽ പിന്നീട് കയ്യുംകെട്ടി നോക്കിയിരുന്നാൽ മതി എന്നാണ് ബഫറ്റിന്റെ പ്രമാണം സൂചിപ്പിക്കുന്നത്.

അപ്പോൾ ബെയറുകളാണോ ബുള്ളുകളാണോ ആത്യന്തികമായി ശുഭഫലം കൊണ്ടുവരുന്നത് എന്ന് നിക്ഷേപകർ മനസ്സിരുത്തി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളു.

Rule No. 1 Never lose money

Rule No. 2 Never forget Rule No. 1


കേട്ടാൽ വളരെ സിംപിൾ ആണെങ്കിലും പ്രാവർത്തികമാക്കാൻ വളരെ ബുദ്ധിമുട്ടുള്ള ബഫറ്റിന്റെ പ്രശസ്തമായ വരികളാണ് ഇത്. ഒരിക്കലും പണം നഷ്ടപ്പെടുത്തരുത് എന്നത് സാധാരണ ചെറുകിട നിക്ഷേപകരെല്ലാം മനസ്സിൽ കൊണ്ടുനടക്കുന്ന വിചാരമാണ്.

ഏതെങ്കിലും ഒരു ഓഹരി വാങ്ങി അതിന്റെ വില ക്രമമായി താഴോട്ടു പോയാലും വിൽക്കാൻ മനസ്സ് വരാത്തത് ഈയൊരു ചിന്തയുള്ളതുകൊണ്ടാണ്. എന്നാൽ ബഫറ്റിന്റെ വരികൾക്കിടയിലൂടെ വായിച്ചാലെ ഇതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാകുകയുള്ളു. എത്ര താഴോട്ടുപോയാലും തിരിച്ചുവരുന്നതുവരെ കൈവശം വയ്ക്കുക എന്നതല്ല അദ്ദേഹം ഉദ്ദേശിക്കുന്നത്.

വിപണിയിൽ നിക്ഷേപിക്കുന്നത് എപ്പോഴും റിസ്കുള്ള പണിയാണ്. അതിൽ ഓരോരുത്തർക്കും സഹിക്കാവുന്ന നഷ്‌ടത്തിന് പരിധിയുണ്ടാകണം. ആ പരിധിക്കും അപ്പുറത്തേക്ക് വില താഴ്ന്ന് പോകുന്ന സാഹചര്യമുണ്ടായാൽ അവിടെ വച്ച് നിക്ഷേപം അവസാനിപ്പിച്ച് കൂടുതൽ നഷ്ടം ഒഴിവാക്കുക എന്നതാണ് ഈ ചിന്തയുടെ നല്ല വശം.

ഉയർന്നു നിൽക്കുന്ന മികച്ച ഓഹരികൾ ലാഭത്തിൽ വിറ്റ് കൂടുതൽ ലാഭത്തിനായി തെരഞ്ഞെടുക്കുന്നവയാണ് ഇത്തരത്തിൽ പലപ്പോഴും ചെറുകിട നിക്ഷേപകർക്ക് നഷ്ടങ്ങൾ ഉണ്ടാക്കുന്നത്. മനസ്സിൽ കരുതുന്ന സഹിക്കാവുന്ന നഷ്ടം (സ്റ്റോപ്പ് ലോസ് പരിധി) എത്തിയാൽ വിറ്റ് മാറിനിൽക്കുകയോ കൂടുതൽ മെച്ചപ്പെട്ട ഓഹരി വാങ്ങുകയോ ചെയ്യുകയാണ് വേണ്ടത്.

ഇവിടെ നഷ്ടത്തിൽ വിറ്റതിനെ ഓർത്ത് പരിതപിക്കേണ്ട കാര്യമില്ല. സ്റ്റോപ്പ് ലോസ് പരിധിക്കും താഴെയുള്ള നീക്കത്തിനെയാണ് ബഫറ്റ് സൂചിപ്പിക്കുന്ന നഷ്ടം. ഒന്നാമത്തെ റൂൾ കൃത്യമായി കൈകാര്യം ചെയ്യുക എന്നത് തന്നെ രണ്ടാമത്തെ റൂൾ ആയതിനാൽ ഒന്നാമത്തേത് മനസ്സിലാക്കാത്തവർക്ക് രണ്ടാമത്തേതിന്റെ ആവശ്യമേയില്ല.

ചുരുക്കത്തിൽ ബഫറ്റിന്റെ തിയറികൾക്കെല്ലാം തന്നെ അതിന്റെ പുറം വായനയിൽ കാണുന്നതിലും വിശാലായ അർത്ഥതലങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാവുന്നതാണ്. അതുതന്നെയാവാം അദ്ദേഹത്തെ എന്നും വ്യത്യസ്തനാക്കി നിലനിർത്തുന്നതും.


þlcn Nnä¡mS³