വർച്വലാകുന്ന ബാങ്കിംഗ്
വർച്വലാകുന്ന ബാങ്കിംഗ്
Saturday, October 22, 2016 4:33 AM IST
പേരോ ബാങ്ക് അക്കൗണ്ട് നമ്പറോ ഐഎഫ്എസ്സി കോഡോ ഒന്നും വേണ്ട. വാട്സാപ്പിൽ മെസേജ് അയയ്ക്കുന്ന ലാഘവത്തോടെ പണം അയയ്ക്കാം.

അക്കൗണ്ടുകളിൽ അധിഷ്ഠിതമായിരുന്ന ബാങ്കിംഗ് സംവിധാനം ഇനി വർച്വൽ ഐഡിയുടെ രൂപത്തിലേക്കു മാറുകയാണ്.

വർച്വൽ അഡ്രസിലൂടെ പണം കൈമാറ്റം ചെയ്യാനുള്ള എൻപിസിഐ (നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ)യുടെ പുതിയ സംവിധാനമാണ് യുപിഐ അഥവാ യുണിഫൈഡ് പേമെന്റ് ഇന്റർഫേസ് (യുപിഐ). സ്മാർട്ട്ഫോൺ ഉപയോഗിച്ചുള്ള മൊബൈൽ ബാങ്കിംഗ് എളുപ്പമാക്കുന്നതിനാണ് എൻപിസിഐ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ് രൂപികരിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജന്റെ പ്രത്യേക താല്പര്യപ്രകാരമാണ് എൻപിസിഐ ഈ പദ്ധതി നടപ്പിലാക്കിയത്. കഴിഞ്ഞ ഏപ്രിൽ മുതൽ പരീക്ഷണാടിസ്‌ഥാനത്തിൽ ഇത് ബാങ്കുകൾക്ക് നൽകിത്തുടങ്ങി. തുടർന്ന് വിജയകരമാണ് എന്നു മനസിലാക്കിയ ശേഷമായിരുന്നു യുപിഐ സേവനം പൊതുജനങ്ങൾക്കായി നൽകിയിരിക്കുന്നത്.

നിലവിൽ 21 ബാങ്കുകളാണ് യുപിഐ പേമെന്റ് സർവീസിന്റെ കീഴിൽ വരുന്നത്. ഇതിൽ 17 ബാങ്കുകൾ ഇപ്പോൾ തന്നെ യുപിഐയുടെ ആപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. ബാക്കിയുള്ള ബാങ്കുകളും ഉടൻ തന്നെ ഈ സൗകര്യം ലഭ്യമാക്കും.

വർച്വൽ പേമെന്റ് അഡ്രസ്

വിപിഐ അഥവാ വർച്വൽ പേമെന്റ് അഡ്രസിനെയാണ് വർച്വൽ ഐഡി എന്നുപറയുന്നത്. യുപിഐയിലെ ഇടപാടുകൾ നടക്കുന്നത് ഈ വർച്വൽ ഐഡിയെ അടിസ്‌ഥാനമാക്കിയാണ്. നമ്മൾ നൽകുന്ന പേരോ നമ്പറോ എന്തും നമ്മുടെ വർച്വൽ ഐഡിയാക്കാം. ഇതും ബാങ്കിന്റെ പേരും ചേരുന്നതായിരിക്കും നമ്മുടെ വർച്വൽ ഐഡി. നമ്മൾ നൽകുന്ന ഐഡി മറ്റൊരാൾക്ക് ഒരിക്കലും ഉണ്ടായിരിക്കില്ല എന്നു സാരം. നമ്മുടെ മെയിൽ അഡ്രസ് പോലെയായിരിക്കും ഇത്. ഒരാൾക്ക് ഒരു അക്കൗണ്ടിനു കീഴിൽ തന്നെ വിവിധ ഐഡികൾ നിർമിക്കാം. വിവിധ ആവശ്യങ്ങൾക്കായി ഈ ഐഡികൾ ഉപയോഗിക്കുകയും ചെയ്യാം. ആവശ്യം കഴിഞ്ഞാൽ വേണമെങ്കിൽ ഐഡികൾ ഡിലീറ്റ് ചെയ്യാനും കഴിയും. ഇടപാടുകൾക്കായി തെറ്റായ ഐഡിയാണ് നല്കുന്നതെങ്കിൽ ഇടപാട് പൂർത്തിയാകില്ല. ചുരുക്കി പറഞ്ഞാൽ പണം പോകില്ലെന്നു സാരം.



ആപ്ലിക്കേഷൻ എവിടെ നിന്ന്

നിലവിൽ ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്കായാണ് യുപിഐ ആപ്ലിക്കേഷനുകൾ നൽകിയിരിക്കുന്നത്. ഓരോ ബാങ്കിന്റെയും സൈറ്റുകളിൽ നിന്നോ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നേരിട്ടോ യുപിഐയിൽ ചേർന്ന വിവിധ ബാങ്കുകളുടെ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാം.

തുടർന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയാൽ യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്താം. 17 ബാങ്കുകളുടെ യുപിഐ ആപ്ലിക്കേഷനുകൾ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്. ഈ ബാങ്കുകളിൽ ഏതിന്റെയെങ്കിലും യുപിഐ ആപ് ഡൗൺലോഡ് ചെയ്ത് യുപിഐ സേവനം നൽകുന്ന ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച് ഇതിനെ ഉപയോഗിക്കാം.

ആപ്പ് ഏതു ബാങ്കിന്റെയാണെങ്കിലും പ്രശ്നമില്ല

ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഏതു ബാങ്കിന്റെയും എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതുപോലെ തന്നെയാണ് യുപിഐ ഉപയോഗിച്ചുള്ള ഇടപാടുകളും. ഏതെങ്കിലും ബാങ്കിന്റെ യുപിഐ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങൾക്ക് ഇടപാടുകൾ നടത്താം.
യുപിഐ സേവനത്തിന്റെ പരിധിയിൽ വരുന്ന ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നു മാത്രം. ഉദാഹരണമായി നിങ്ങളുടെ അക്കൗണ്ട് ഓറിയന്റൽ ബാങ്കിലാണെന്നു കരുതുക. ഫെഡറൽ ബാങ്കിന്റെ യുപിഐ ആപ്പാണ് നിങ്ങൾ ഡൗൺലോഡ് ചെയതത്. ഈ ആപ്പിലൂടെ തന്നെ നിങ്ങൾക്ക് ഓറിയന്റൽ ബാങ്ക് അക്കൗണ്ടിനെ ബന്ധപ്പെടുത്തി വർച്വൽ ഐഡി ഉണ്ടാക്കി ഇടപാടുകൾ നടത്താം. ആപ്പ് ഫെഡറൽ ബാങ്കിന്റെയാണെങ്കിലും ഇടപാടുകൾ നടക്കുന്നത് നിങ്ങളുടെ ഓറിയന്റൽ ബാങ്ക് അക്കൗണ്ടിലായിരിക്കും.

യുപിഐയുടെ പ്രത്യേകത

വർച്വൽ ഐഡന്റിറ്റി കോഡ് അല്ലാതെ മറ്റൊന്നും ഇടപാടുകൾക്കായി വേണ്ട എന്നതാണ് യുപിഐയുടെ ഏറ്റവും വലിയ പ്രത്യേകത. അതായത് കാര്യമായ വള്ളിക്കെട്ടുകളൊന്നുമില്ലാതെ വാട്സാപ്പിൽ മെസേജ് അയക്കുന്നതുപോലെ പണമയയ്ക്കാം.

ബാങ്ക് അക്കൗണ്ടും മറ്റു വിവരങ്ങളും വർച്വൽ കോഡിന്റെ രൂപത്തിലേക്കു മാറുകയാണ് ഈ യുപിഐ പേമെന്റ് സിസ്റ്റത്തിലൂടെ. നിലവിൽ എൻഇഎഫ്ടി (നാഷനൽ ഇലകട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ) ഐഎംപിഎസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) രീതികളിലാണ് മൊബൈൽ ബാങ്കിംഗ് മേഖലയിൽ നടന്നുകൊണ്ടിരുന്നത്. യുപിഐയിൽ ഈ കാര്യങ്ങൾ ലഘൂകരിച്ച് കൂടുതൽ കാര്യക്ഷമതയോടെ നമുക്ക് ഇടപാടുകൾ നടത്താം.



പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാടുകൾ വരെ നടത്താനാണ് യുപിഐ സംവിധാനം അനുവദിക്കുന്നത്. ആഴ്ചയിൽ എല്ലാ ദിവസവും യുപിഐയുടെ സേവനം ലഭ്യമാണ്. പൊതു അവധി ദിവസമാണെങ്കിലും യുപിഐ പണിമുടക്കില്ല. ഇടപാടുകൾ സുഗമമായി നടത്താം.
ഉയർന്ന രീതിയിലുള്ള എൻക്രിപ്റ്റഡ് ഫോർമാറ്റിലാണ് യുപിഐ തയാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എറ്റവും മികച്ച സുരക്ഷയാണ് ഓരോ ഇടപാടുകൾക്കും ലഭിക്കുകയെന്ന് എൻപിസിഐ ഉറപ്പുനൽകുന്നു.

നിലവിൽ പ്രത്യേക ചാർജുകളൊന്നും തന്നെ യുപിഐ അടിസ്‌ഥാനമാക്കിയുള്ള ഇടപാടുകൾക്ക് ബാങ്കുകൾ ഈടാക്കുന്നില്ല.

യുപിഐ സേവനം തുടങ്ങിക്കഴിഞ്ഞ ബാങ്കുകളും ആപ്ലിക്കേഷനും

* സൗത്ത് ഇന്ത്യൻ ബാങ്ക്
എസ്ഐബി എം പേ (യുപിഐ പേ)
* ഫെഡറൽ ബാങ്ക്
ലോട്സ യുപിഐ
* യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ–
യൂണിയൻ ബാങ്ക് യുപിഐ ആപ്പ്
* കാത്തലിക് സിറിയൻ ബാങ്ക്
സിഎസ്ബി യുപിഐ
* കാനറാ ബാങ്ക്
കാനറാ ബാങ്ക് യുപിഐ എംപവർ
* പഞ്ചാബ് നാഷ്ണൽ ബാങ്ക്
പിഎൻബി യുപിഐ
* ഐസിഐസിഐ ബാങ്ക്–പോക്കറ്റ്സ്
* വിജയ ബാങ്ക്–വിജയ യുപിഐ
* ആന്ധ്രാ ബാങ്ക്
ആന്ധ്ര ബാങ്ക് വൺ യുപിഐ
* ആക്സിസ് ബാങ്ക് – ആക്സിസ് പേ
* ബാങ്ക് ഓഫ് മഹാരാഷ്ര്‌ട
മഹാ യുപിഐ
* ഡിസിബി ബാങ്ക്
ഡിസിബി ബാങ്ക് യുപിഐ ആപ്പ്
* കർണാടക ബാങ്ക്
കെബിഎൽ സ്മാർട്ട്സ് (യുപിഐ)
* യുക്കോ ബാങ്ക്– യൂക്കോ യുപിഐ
* യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
യുണൈറ്റഡ് യുപിഐ
* ടിജെഎസ്ബി സഹകാരി ബാങ്ക് ലിമിറ്റഡ്
ട്രാൻസാപ്പ് യുപിഐ
* ഭാരതീയ മഹിള ബാങ്ക്
* ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
* യെസ് ബാങ്ക്

എങ്ങനെ ഉപയോഗിക്കാം

1. ആപ്പ് ഇൻസ്റ്റാൾ ചെയ്യുക

നിലവിൽ യുപിഐ ആപ്പ് സേവനം നൽകുന്ന ഏതെങ്കിലും ബാങ്കിന്റെ ആപ്പ് സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്യുക. നിങ്ങൾക്ക് അക്കൗണ്ടുള്ള ബാങ്ക് യുപിഐ സേവനം നൽകുന്നുണ്ടോ എന്നു നോക്കുക. യുപിഐ സേവനം ലഭ്യമായ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഏതു ബാങ്കിന്റെയും യുപിഐ ആപ്പ് ഉപയോഗിക്കാവുന്നതാണ്. ഗൂഗിളിൽ പ്ലേസ്റ്റോറിൽ നിന്നോ ഓരോ ബാങ്കുകളുടെയും സൈറ്റിൽ നിന്ന് നേരിട്ടോ ആപ്പ് ഡൗൺലോഡ് ചെയ്യുക.

2. ആപ്പ് ലോഗിൻ

യുപിഐ ആപ്പ് തുറക്കുമ്പോൾ തന്നെ ഓട്ടോമാറ്റിക്കായി നിങ്ങളുടെ മൊബൈലിൽ നിന്നും വെരിഫിക്കേഷൻ എസ്എംസ് പോകും. അതുവഴി നിങ്ങളുടെ മൊബൈൽ നമ്പർ തിരിച്ചറിയും. ഇങ്ങനെ ആപ്ലിക്കേഷൻ തുറക്കും.

3. വർച്വൽ ഐഡി ഉണ്ടാക്കാം

അടുത്തതായി വരുന്ന സ്ക്രീനിൽ നിങ്ങൾ ചെയ്യേണ്ടത് ഒരു വർച്വൽ ഐഡി ഉണ്ടാക്കുക എന്നതാണ്. നിങ്ങളുടെ പേരോ മറ്റെന്തെങ്കിലുമോ ഇതിനു ഐഡിയായി നൽകാം. ഇ–മെയിൽ വിലാസത്തിനു സമാനമായ ഒരു ഐഡിയാണിത്.

അതായത് നിങ്ങൾ ക്രിയേറ്റ് ചെയ്യുന്ന ഐഡി മറ്റൊരാൾക്കും ഉണ്ടായിരിക്കില്ല. ഉദാഹരണമായി കസ്റ്റമറുടെ പേര് ലിൻഡ എന്നും സേവനം നൽകുന്ന ബാങ്കിന്റെ പേര് ഫെഡറൽ ബാങ്കും ആണെന്നു കരുതുക. നിങ്ങൾ വർച്വൽ ഐഡിക്കായി നൽകിയ പേരും ലിൻഡ എന്നാണെങ്കിൽ ലിൻഡ*ഫെഡറൽ എന്നായിരിക്കും വർച്വൽ ഐഡി (ഐഡി ഇഷ്‌ടമുള്ള രീതിയിലേക്കു മാറ്റാം). ഒരാൾക്ക് ഒരു അക്കൗണ്ടിനു കീഴിൽ തന്നെ വിവിധ ഐഡികൾ നിർമിക്കാം. വിവിധ ആവശ്യങ്ങൾക്കായി ഈ ഐഡികൾ ഉപയോഗിക്കുകയും ചെയ്യാം. ആവശ്യം കഴിഞ്ഞാൽ വേണമെങ്കിൽ ഐഡികൾ ഡിലീറ്റ് ചെയ്യാനും കഴിയും.

4. പാസ്വേർഡ് നിർമിക്കുക

യുപിഐ ആപ്ലിക്കേഷന് ഒരു പാസ്വേർഡ് നിർമിക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. രണ്ട് അക്കങ്ങളും ഒരു ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററും നമ്പർ സൈനും ചേരുന്നതായിരിക്കണം പാസ്വേർഡ്.

5. ബാങ്ക് അക്കൗണ്ട് ചേർക്കുക

യുപിഐ സംവിധാനം ആക്ടീവ് ആയാൽ ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങൾ നൽകാം. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ചേർക്കാൻ കഴിയുന്നതിലൂടെ ഇവ ഒരേ സമയം ഒരു ആപ്പ് വഴി ഉപയോഗിക്കാൻ കഴിയും. അക്കൗണ്ട് വിവരങ്ങൾ ഒരിക്കൽ മാത്രം നൽകിയാൽ മതിയാകും.

6. എംപിൻ

ആപ്പ് ലോഗിൻ ചെയ്യാനുള്ള പാസ്വേഡിനു പുറമേ ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷയ്ക്കായി നൽകുന്ന മറ്റൊരു പാസ്വേർ

ഡിനെയാണ് എംപിൻ (മൊബൈൽ പിൻ) എന്നുപറയുന്നത്. ഇത്തരത്തിൽ ഒരു പാസ്വേർഡ് കൂടി നിർമിക്കുക. ഓരോ ട്രാൻസാക്ഷനും ഈ എംപിഎൻ നൽകിയാൽ മാത്രമേ പൂർത്തിയാവുകയുള്ളു. ഇത്രയും നടപടികൾ പൂർത്തിയാക്കിയാൽ ആരുടെയും ഐഡിയിലേക്കു പണമയയ്ക്കാനും വാങ്ങാനും കഴിയും.

–മനീഷ് മാത്യു