ലളിതമായ ബാങ്കിംഗ് ഇടപാടുകൾക്ക് യുപിഐ
ലളിതമായ ബാങ്കിംഗ് ഇടപാടുകൾക്ക് യുപിഐ
Thursday, December 1, 2016 6:50 AM IST
അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചപ്പോൾ ജനം നൂറിന്റെ നോട്ടിനായി നെട്ടോട്ടമോടുകയായിരുന്നു. കടലാസു പണത്തെ ആശ്രയിക്കുന്നതു കൊണ്ടല്ലേ ഈ പ്രശ്നങ്ങളൊക്കെ. കടലാസു പണമില്ലാതെ വെറുമൊരു ബാങ്ക് അക്കൗണ്ടിൽ കാര്യങ്ങളെ അങ്ങ് ഒതുക്കിയാൽ ഈ നെട്ടോട്ടത്തിന്റെ ആവശ്യമുണ്ടോ? ഇല്ല എന്നാണ് ഉത്തരം.

ഇപ്പോൾ തന്നെ കുറെയധികം ബാങ്കിംഗ് ഇടപാടുകൾ ഡിജിറ്റലായി കഴിഞ്ഞു. ഡിജിറ്റൽ ബാങ്കിംഗിന് വേഗം കൂടുകയുമാണ്. നെറ്റ് ബാങ്കിംഗും മറ്റും ഇതിനുള്ള വഴികളാണ്. എന്നാൽ ഒരൊറ്റ ആപ്പിലൂടെ ഏതു ബാങ്കുമായും ഇടപാടു നടത്തുന്നതുമായ സംവിധാനം വന്നാലോ? കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി അല്ലെ?

ആ സൗകര്യവും ഇതാ കൈവിരൽത്തുമ്പിൽ എത്തിച്ചുക്കഴിഞ്ഞു. യുപിഐ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്. റീട്ടെയിൽ പേമെന്റ് സംവിധാനത്തിന്റെ അംബ്രലാ സ്‌ഥാപനമായ നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) റിസർവ് ബാങ്കിന്റെയും ഇന്ത്യൻ ബാങ്ക് അസോസിയേഷന്റെയും മാർഗനിർദ്ദേശത്തിൽ ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്. റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജന്റെ പ്രത്യേക താൽപര്യ പ്രകാരമാണ് ഇത് നടപ്പിലാക്കിയിരിക്കുന്നത്.

യുപിഐയെ പ്രയോജനപ്പെടുത്താം

ഡിജിറ്റൽ പേമെന്റാണ് യുപിഐ ലക്ഷ്യംവയ്ക്കുന്നത്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ബാങ്കിംഗ് സേവനം ലഭ്യമാകുന്ന എവിടെയും യുപിഐ ആപ്പ് ഉപയോഗിച്ച് പണം കൈമാറ്റം നടത്താം. പണം നൽകുന്നയാൾക്കും പണം സ്വീകരിക്കുന്ന ആൾക്കും വർച്വൽ ഐഡി ഉണ്ടാകണമെന്നു മാത്രം. ഓൺലൈൻ ടാക്സി സർവീസുകൾ, റസ്റ്ററന്റ് ബില്ലുകൾ, സാധനങ്ങൾ വാങ്ങുന്നതിന്റെ ബില്ലുകൾ തുടങ്ങിയവ എല്ലാ സാമ്പത്തിക ഇടപാടുകളും യുപിഐ ഉപയോഗിച്ച് നടത്താം.

വൈകാതെ തന്നെ ഹൈപ്പർമാർക്കറ്റുകളിൽ ലഭിക്കുന്ന ബില്ലുകളിൽ ക്യുആർ കോഡ് ഉണ്ടാകും യുപിഐ ആപ്പ് ഉപയോഗിച്ച് മൊബൈൽ കാമറയിലൂടെ ഈ കോഡ് സ്കാൻ ചെയ്ത് വളരെ പെട്ടന്നു തന്നെ ഇടപാടുകൾ നടത്താൻ സാധിക്കും. ചല്ലറയുടെ പ്രശ്നവും വരികയില്ല. ബാംഗ്ലൂർ, ചെന്നൈ, മുംബൈ പോലുള്ള സിറ്റികളിൽ മൊബൈൽ വാലറ്റുകളുടെ ഉപയോഗം ഇപ്പോൾ സാധാരണയാണ്. ഈ വാലറ്റിന് പകരമെന്നോണം ഇനി യുപിഐ ഉപയോഗിക്കാം.

ഭാവിയിൽ എടിഎമ്മിന്റെ ഉപയോഗം കുറച്ച്, കുടുതൽ ഇടപാടുകൾ ഓൺലൈനായി നടത്തുകയാണ് യുപിഐയുടെ പ്രധാന ഉദ്ദേശ്യം. ഇ–കൊമേഴ്സ് സൈറ്റുകളിൽ നിന്ന് സാധനം വാങ്ങുമ്പോഴും ഇതു തന്നെ പ്രയോജനപ്പെടുത്താം. വൈകാതെ തന്നെ ഇ–കൊമേഴ്സ് സൈറ്റുകൾ ഇത് ആരംഭിക്കും. അവർ നൽകുന്ന വർച്വൽ ഐഡിയിലേക്ക് പണം നൽകാം. സാധാരണയായി ഇത്തരം സൈറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ നൽകേണ്ട വൺടൈം പാസ്വേർഡ് (ഒടിപി) സംവിധാനം ഇല്ലാതാകും. ആവശ്യമെങ്കിൽ ഒടിപി പാസ്േവേർഡ് ക്രിയേറ്റ് ചെയ്യാനുമുള്ള സൗകര്യം യുപിഐ ആപ്പുകളിലുണ്ട്.

എങ്ങനെ ഉപയോഗിക്കാം

1. പ്ലേ സ്റ്റോറിൽ നിന്നും ഏതു ബാങ്കിന്റെ യുപിഐ ആപ്പാണോ വേണ്ടത് അത് ഡൗൺലോഡ് ചെയ്യുക.


2. ഡൗൺലോഡ് ചെയ്തെടുത്ത ആപ്പിനെ ഇൻസ്റ്റാൾ ചെയ്യുക.

3. വർച്വൽ അഡ്രസ് ഉണ്ടാക്കുക.വളരെ ലളിതമായി വർച്വൽ അഡ്രസ് ഉണ്ടാക്കാം. ഇമെയിൽ അഡ്രസ്് ഉണ്ടാക്കുന്നതുപോലെ വർച്വൽ അഡ്രസ് ഉണ്ടാക്കാം. ഉദാഹരണത്തിന് അഖിൽ എന്നാണ് പേരെങ്കിൽ അഖിൽ*എന്നതിനുശേഷം ബാങ്കിന്റെ പേര് കൊടുക്കാം

4. പാസ്വേർഡ് ഉണ്ടാക്കുക

രണ്ട് അക്കങ്ങളും ഒരു ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്ററും നമ്പർ സൈനും ചേരുന്നതായിരിക്കണം പാസ്വേഡ്.

5. ബാങ്ക് അക്കൗണ്ട് ചേർക്കുക

യുപിഐ സംവിധാനം ആക്ടീവ് ആയാൽ ബാങ്കുകളുടെ അക്കൗണ്ട് വിവരങ്ങൾ നൽകാം. ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ചേർക്കാൻ കഴിയുന്നതിലൂടെ ഇവ ഒരേ സമയം ഒരു ആപ്പ് വഴി ഉപയോഗിക്കാൻ കഴിയും. അക്കൗണ്ട് വിവരങ്ങൾ ഒരിക്കൽ മാത്രം നൽകിയാൽ മതിയാകും.

6. എംപിൻ

ആപ്പ് ലോഗിൻ ചെയ്യാനുള്ള പാസ്വേഡിനു പുറമേ ഇടപാടുകൾ നടത്തുമ്പോൾ സുരക്ഷയ്ക്കായിട്ടാണ് മറ്റൊരു പാസ്വേർഡിനെയാണ് എംപിൻ (മൊബൈൽ പിൻ) എന്നുപറയുന്നത്. ഇത്തരത്തിൽ ഒരു പാസ്വേർഡ് കൂടി നിർമിക്കുക. ഓരോ ട്രാൻസാക്ഷനും ഈ എംപിഎൻ നൽകിയാൽ മാത്രമേ പൂർത്തിയാവുകയുള്ളു. ഇത്രയും നടപടികൾ പൂർത്തിയാക്കിയാൽ ആരുടെയും ഐഡിയിലേക്കു പണമയയ്ക്കാനും വാങ്ങാനും കഴിയും.

യുപിഐയുടെ പ്രത്യേകതകൾ

1. ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾക്കും ഒരു ആപ്ലിക്കേഷൻ മതി.
2. വർച്വൽ പേമെന്റ് അഡ്രസ് വഴി ഏത് അക്കൗണ്ടിലേക്കും പണമയക്കാം.
3. ഐഎഫ്എസ്സി കോഡ്, മൊബൈൽ നമ്പർ എന്നിവ പണമയ്ക്കാൻ ആവശ്യമില്ല
4. ബാങ്ക് അവധി ദിവസങ്ങളിലും യുപിഐ ഉപയോഗിച്ച് ഇടപാടുകൾ നടത്താം
5. പ്രതിദിനം ഒരു ലക്ഷം രൂപയുടെ വരെ ഇടപാടുകൾ നടത്താം
6. നിലവിൽ പ്രത്യേക ചാർജുകളൊന്നും യുപിഐ ഈടാക്കുന്നില്ല.

യുപിഐ സേവനം തുടങ്ങിക്കഴിഞ്ഞ ബാങ്കുകളും ആപ്ലിക്കേഷനും

സൗത്ത് ഇന്ത്യൻ ബാങ്ക് – എസ്ഐബി എം പേ
ഫെഡറൽ ബാങ്ക് – ലോട്സ യുപിഐ
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ– യൂണിയൻ ബാങ്ക് യുപിഐ ആപ്പ്
കാത്തലിക് സിറിയൻ ബാങ്ക്– സിഎസ്ബി യുപിഐ
കാനറാ ബാങ്ക് – കാനറാ ബാങ്ക് യുപിഐ എംപവർ
പഞ്ചാബ് നാഷ്ണൽ ബാങ്ക് – പിഎൻബി യുപിഐ
ഐസിഐസിഐ ബാങ്ക് – പോക്കറ്റ്സ്
വിജയ ബാങ്ക് – വിജയ യുപിഐ
ആന്ധ്രാ ബാങ്ക് – ആന്ധ്ര ബാങ്ക് വൺ യുപിഐ
ആക്സിസ് ബാങ്ക് – ആക്സിസ് പേ
ബാങ്ക് ഓഫ് മഹാരാഷ്ര്‌ട – മഹാ യുപിഐ
ഡിസിബി ബാങ്ക് – ഡിസിബി ബാങ്ക് യുപിഐ ആപ്പ്
കർണാടക ബാങ്ക് – കെബിഎൽ സ്മാർട്ട്സ് (യുപിഐ)
യുക്കോ ബാങ്ക് – യൂക്കോ യുപിഐ
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ – യുണൈറ്റഡ് യുപിഐ
ടിജെഎസ്ബി സഹകാരി ബാങ്ക് ലിമിറ്റഡ് – ട്രാൻസാപ്പ് യുപിഐ
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
യെസ് ബാങ്ക്