പലിശ നിരക്ക് താഴുന്പോൾ
പലിശ നിരക്ക്  താഴുന്പോൾ
Friday, June 23, 2017 3:51 AM IST
സ്ഥിര നിക്ഷേപങ്ങൾ പലർക്കും സന്പാദ്യത്തോടൊപ്പം വരുമാന സ്രോതസുകൂടിയാണ്. നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടു വർഷമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ, അത് വായ്പ എടുക്കുന്നവർക്ക് നേട്ടമാകുമെങ്കിലും നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്നതാണ്. പ്രത്യേകിച്ചും പലിശ വരുമാനത്തെ ആശ്രയിച്ചു കഴിയുന്ന മുതിർന്ന പൗരൻമാരും റിട്ടയർ ചെയ്തവരെ സംബന്ധിച്ചിടത്തോളം. അവർ മുണ്ടു മുറുക്കി ഉടുക്കേണ്ട അവസ്ഥയിലാണ്.

എസ്ബിഐ ഇപ്പോൾ 1-10 വർഷക്കാലത്തെ നിക്ഷേപങ്ങൾക്കു നൽകുന്നത് 7 ശതമാനത്തിനു താഴെയുള്ള പലിശ യാണ്. പണപ്പെരുപ്പം കണക്കിൽ താഴ്ന്നു നിൽക്കുകയാണെങ്കിലും യാഥാർഥ്യം വ്യത്യസ്തമാണ്.

സ്ഥിര നിക്ഷേപങ്ങൾ മികച്ച സന്പാദ്യമാണ്. നിശ്ചിത ലക്ഷ്യത്തോടെ പണം നിക്ഷേപിക്കാം. അതിൽനിന്നു എത്ര പണം റിട്ടേണായി ലഭിക്കുമെന്നും മുൻകൂട്ടി മനസിലാക്കാം. അതിനനുസരിച്ചു ആവശ്യങ്ങൾ പ്ലാൻ ചെയ്യാം. പക്ഷേ പണപ്പെരുപ്പത്തെ അതിജീവിക്കാൻ പ്രത്യേകിച്ചും ദീർഘകാലത്തിൽ ഒട്ടു സഹായകമല്ല എന്നതാണു വസ്തുത.
പണത്തിന് അത്യാവശ്യം വന്നാൽ സ്ഥിരി നിക്ഷേപം അവസാനിപ്പിക്കാം. ഒന്നോ രണ്ടോ ശതമാനം പലിശ കുറയുമെന്നു മാത്രം. നമ്മുടെ പണത്തിന് സുരക്ഷിതത്വവും ലഭിക്കുന്നു. നികുതി ഇളവ് ലഭിക്കാനും അഞ്ചു വർഷത്തെ സ്ഥിരനിക്ഷേപങ്ങൾ മികച്ച നിക്ഷേപ ഉപകരണമാണ്.

പക്ഷേ, നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഇങ്ങനെ താഴ്ന്നുകൊണ്ടിരിക്കുന്പോൾ ബാങ്ക് നിക്ഷേപങ്ങൾ ഒരിക്കലും സന്പന്നനാക്കുകയില്ലെന്നു മാത്രമല്ല, സന്പത്തിന്‍റെ മൂല്യം നിലനിർത്തുകയുമില്ല. അതിനാൽ മെച്ചപ്പെട്ട റിട്ടേണിനായി ബാങ്ക് നിക്ഷേപത്തിന്‍റെ അപ്പുറത്തേക്കു സന്പാദ്യത്തിൽ ഒരു ഭാഗം നിക്ഷേപിക്കുന്നതിനെക്കുറിച്ച് നിക്ഷേപകർ ആലോചിക്കേണ്ടിയിരിക്കുന്നു.

നിക്ഷേപകർക്ക് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാൻ പാകത്തിലുള്ള നാല് നിക്ഷേപ ആശയങ്ങളെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

1. ഡെപ്പോസിറ്റുകളിൽ നിക്ഷേപം നടത്തുക:

ഡെപ്പോസിറ്റുകളിൽ നിക്ഷേപം നടത്തണം. പക്ഷേ അതിന് പരിധിയും വേണം. നിങ്ങളുടെ ആറുമാസം മുതൽ 12 മാസം വരെയുള്ള വരുമാനം മാത്രമേ ഇത്തരം ഡെപ്പോസിറ്റുകളിൽ നിക്ഷേപിക്കാവു. ഈ തുക മതിയാകും നിങ്ങളുടെ ഹൃസ്വകാല ആവശ്യങ്ങൾ നേടാനും അത്യാവശ്യ സമയങ്ങളിൽ എമർജൻസി ഫണ്ടായി ഉപയോഗിക്കാനും.

2. ലിക്വിഡ് ഫണ്ടുകൾ വാങ്ങിക്കുക:
ഡെപ്പോസിറ്റുകളിലെ നിക്ഷേപത്തിനുശേഷം വേഗത്തിൽ നിക്ഷേപത്തെ പണമാക്കി മാറ്റാൻ സഹായിക്കുന്ന ലിക്വിഡ് ഫണ്ടുകൾ വാങ്ങിക്കാം. ഇവ റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളാണെന്നതിലുപരി ബാങ്ക് നിക്ഷേപങ്ങളെക്കാൾ താരതമ്യേന മികച്ച റിട്ടേണും നൽകും. പിഴ നൽകാതെ എപ്പോൾ വേണമെങ്കിലും പിൻവലിക്കുകയും ചെയ്യാം. നിക്ഷേപം പിൻവലിക്കുന്പോൾ മാത്രം നികുതി നൽകിയാൽ മതി.
മുൻനിര ലിക്വിഡ് ഫണ്ടുകൾ ഒരു വർഷക്കാലത്ത് 7.7.40 ശതമാനവും രണ്ടുവർഷക്കാലത്ത് 7.5-8 ശതമാനവും മൂന്നു വർഷക്കാലത്ത് 8.-8.5 ശതമാനവും അഞ്ചുവർഷക്കാലത്ത് 8.5-9 ശതമാനവും റിട്ടേണ്‍ നൽകിയിട്ടുണ്ട്.

മൂന്നു വർഷത്തിനുള്ളിൽ ഫണ്ട് വിൽക്കുന്പോൾ ലഭിക്കുന്ന മൂലധന വളർച്ചാ നേട്ടത്തിന് ഹൃസ്വകാല മൂലധന നികുതി നൽകണം. ഈ വരുമാനം നിക്ഷേപകന്‍റെ വരുമാനത്തിൽ കൂട്ടിച്ചേർത്ത് ഏതു സ്ലാബിൽ വരുന്നുവോ ആ നിരക്കിൽ നികുതി നൽകുകയാണ് വേണ്ടത്.
മൂന്നുവർഷത്തിനുശേഷം വിൽക്കുന്പോൾ ഉണ്ടാകുന്ന മൂലധന വളർച്ചയെ ദീർഘകാല മൂലധന വളർച്ചയായിട്ടാണ് കണക്കാക്കുക. വരുമാനത്തിന് ഇൻഡെക്സേഷനോടുകൂടി 20 ശതമാനം നികുതി നൽകിയാൽ മതി.

3. ഇൻഷുറൻസ് വാങ്ങിക്കാം:
ഇൻഷുറൻസ് ഒരു നിക്ഷേപമല്ല. അനിശ്ചിതത്വത്തിനെതിരേയുള്ള ഒരു മുൻകരുതൽ മാത്രമാണ്. പെട്ടന്ന് ഒരു അസുഖം വന്നു അല്ലെങ്കിൽ ഒരു അപകടം സംഭവിച്ചു എന്നിരിക്കട്ടെ, അതിനുപയോഗിക്കാനുള്ളതാണ് ഇൻഷുറൻസ്. ഇത്തരം സാഹചര്യങ്ങളിൽ നിക്ഷേപങ്ങളെ ആശ്രയിക്കാതെ ഇൻഷുറൻസിനെ ഉപയോഗപ്പെടുത്തുക.

കുടുംബത്തിലെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പോളിസി എടുക്കുന്നത് നിങ്ങളുടെ സന്പാദ്യം മുഴുവൻ ചികിത്സക്കായി ഉപയോഗിക്കുന്നതിലും മികച്ചതാണ്. വീട്ടിലെല്ലാവർക്കും ഇൻഷുറൻസ് പോളിസി എടുക്കുന്നതോടൊപ്പം തന്നെ നിങ്ങളുടെ വസ്തുക്കൾ, വാഹനം എന്നിവയും ഇൻഷുർ ചെയ്യാം. അതുവഴി അപകടങ്ങളും റിപ്പയറിംഗുമൊക്കെ വേണ്ടി വരുന്പോൾ പണം ലാഭിക്കാം.

4. കന്പനി ഡിപ്പോസിറ്റ്:
ഉയർന്ന റിട്ടേണ്‍ വാഗ്ദാനം ചെയ്യുന്നതാണ് കന്പനി ഡിപ്പോസിറ്റുകൾ. ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ 1.5-2.5 ശതമാനം വരെ കൂടുതൽ പലിശ ലഭിക്കാറുണ്ട്. ഒന്നു മുതൽ അഞ്ചുവർഷം വരെയുള്ള കാലാവധിയിൽ ഡിപ്പോസിറ്റ് നടത്താം.
ഉയർന്ന റിട്ടേണ്‍ കിട്ടുന്പോൾ തന്നെ ഉയർന്ന റിസ്കുമുണ്ട്. ബാങ്ക് ഡിപ്പോസിറ്റിന് ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസ് കവറേജുണ്ട്. ഇതിന് അതില്ല.
കന്പനി ഡിപ്പോസിറ്റിൽ നിക്ഷേപം നടത്തുന്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഉയർന്ന റേറ്റിംഗുള്ള കന്പനികളുടെ ഡിപ്പോസിറ്റുകൾ തെരഞ്ഞെടുക്കുക. നല്ല മാനേജ്മെന്‍റ്, ഓരോ ബിസിനസ് മേഖലയിലേയും മുൻനിര കന്പനികൾ തുടങ്ങിയവയിൽ മാത്രം നിക്ഷേപം നടത്തുക.

പലിശനിരക്കിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് കന്പനി ഫിക്സഡ് ഡിപ്പോസിറ്റ് ഓപ്ഷൻ പരിഗണിക്കാവുന്നതാണ്.

ബജാജ് ഫിനാൻസ് ( പലിശ നിരക്ക് 7.8-8.05 %), എച്ച്ഡിഎഫ്സി ( 7.4 %), എൽഐസി ഹൗസിംഗ് ( 7.30-7.50 %), ദിവാൻ ഹൗസിംഗ് ( 7.75-8.00 %), പിഎൻബി ഹൗസിംഗ് ( 7.25 %), എംഎം ഫിനാൻഷ്യൽ ( 7.50-7.55 %), ശ്രീറാം ട്രാൻസ്പോർട്ട്( 7.75-8.25 %) തുടങ്ങിയവ ചില പോപ്പുലർ ഡിപ്പോസിറ്റുകളാണ്.

5. കന്പനികളുടെ ഓഹരിയാക്കി മാറ്റാത്ത കടപ്പത്രങ്ങൾ:
കന്പനികൾ ഓഹരിയാക്കി മാറ്റാത്ത കടപ്പത്രങ്ങൾ ( എൻസിഡി) നൽകി ദീർഘകാലാവശ്യത്തിലേക്ക് മൂലധനം സ്വരൂപിക്കാറുണ്ട്. വിപണി നിരക്കിനേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ ഇവ വാഗ്ദാനം ചെയ്യുന്നു. കണ്‍വേർട്ടിബിൾ ഡിബഞ്ചറിനേക്കാൾ ഉയർന്നതാണ് ഇതിന്‍റെ നിരക്ക്.രണ്ടുതരം എൻസിഡികളുണ്ട്. സെക്യുവേഡും നോണ്‍ സെക്യുവേഡും.
എൻസിഡിക്ക് ബാങ്ക്, പോസ്റ്റോഫീസ് ഡിപ്പോസിറ്റ് തുടങ്ങിയവയേക്കാൾ റിസ്ക് കൂടുതലാണ്. കന്പനിക്ക് പ്രശ്നങ്ങളുണ്ടായാൽ പണം തിരികെ കിട്ടാതിരിക്കും. ഉയർന്ന റേറ്റിംഗുള്ള ( ട്രിപ്പിൾ എ ), നല്ല മാനേജ്മെന്‍റ് ഉള്ള കന്പനികളുടെ കടപ്പത്രങ്ങൾ മാത്രം വാങ്ങുക.

6. ടാക്സ് ഫ്രീ ബോണ്ടുകൾ:
ഹഡ്കോ, ഐആർഎഫ്സി, എൻഎച്ച് എഐ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളാണ് ടാക്സ് ഫ്രീ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. ഇത്തരം ബോണ്ടുകൾ ഇപ്പോൾ വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതു വളരെ ദീർഘകാല നിക്ഷേപമാണ്.

7. ഇക്വറ്റി മ്യൂച്ചൽഫണ്ടുകളും പിപിഎഫും:
മുകളിൽ പറഞ്ഞ മാർഗങ്ങളിലെല്ലാം നിക്ഷേപം നടത്തിയിട്ടും പണം മിച്ചമാണെങ്കിൽ അത് മധ്യകാലത്തിലും ദീർഘകാലത്തിലുമുള്ള ലക്ഷ്യങ്ങൾ നേടിയെടുക്കാനായി നിക്ഷേപിക്കാം. അതിനായി ഉചിതമായ ഓഹരിയധിഷ്ടിത മ്യൂച്ചൽ ഫണ്ടുകളും പബ്ലിക് പ്രോവിഡന്‍റ് ഫണ്ടുമൊക്കെയാണ് തെരഞ്ഞെടുക്കേണ്ടത്.

പ്രായമായവർക്കു ശുദ്ധമായ ഓഹരിയധിഷ്ഠിത ഫണ്ടുകൾ ഒട്ടും യോജിച്ചതല്ല. അതിനാൽ ഡെറ്റ് ഒറിയന്‍റ്ഡ് ആയിട്ടുള്ള ഹൈബ്രിഡ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. മുപ്പതു ശതമാനം വരെ നിക്ഷേപം ഇത്തരം ഫണ്ടുകൾ ഓഹരിയിലാണ് നിക്ഷേപിക്കുന്നത്.
അഞ്ചുവർഷക്കാലത്ത് ഈ വിഭാഗത്തിലെ മുൻനിര ഫണ്ടുകൾ 11.50-16.0 ശതമാനം റിട്ടേണ്‍ നൽകിയിട്ടുണ്ട്. അഞ്ചുവർഷത്തിനു മുകളിലുള്ള നിക്ഷേപം നടത്തുവാൻ ഉദ്ദേശിക്കുന്ന തുകയാണ് ഇത്തരത്തിൽ നിക്ഷേപം നടത്തേണ്ടത്. ഒരു വർഷക്കാലത്ത് 20 ശതമാനം വരെ റിട്ടേണ്‍ നൽകിയ ഫണ്ടുകൾ ഈ വിഭാഗത്തിലുണ്ട്.