മ്യൂച്വൽ ഫണ്ടിലൂടെ ധനകാര്യ ലക്ഷ്യം
മ്യൂച്വൽ ഫണ്ടിലൂടെ  ധനകാര്യ ലക്ഷ്യം
Thursday, December 14, 2017 6:18 AM IST
ഗോകുൽ ഇലക്ട്രിക് എൻജിനീയറിംഗിനുശേഷം ഇരുപത്തിരണ്ടാം വയസിൽ പ്രശസ്തമായ സോഫ്റ്റ് വേർ കന്പനിയിൽ ജോലിക്കു കയറി. ശന്പളം കിട്ടയശേഷം രണ്ടു മൂന്നു മാസം അടിച്ചുപൊളിയോടെ കടന്നുപോയി. അതു കഴിഞ്ഞപ്പോൾ ഗോകുലിന്‍റെ മേൽ ധനകാര്യ സേവനമേഖലയിൽ ജോലി ചെയ്യുന്ന അമ്മയുടെ പിടി വീണു. വരുമാനത്തിൽ നിശ്ചിതഭാഗം സന്പാദിച്ചതിനുശേഷമേ ചെലവഴിക്കാവൂ. മാത്രവുമല്ല, അമ്മ ഗോകുലിന് മ്യൂച്വൽ ഫണ്ടുകളെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

മനസില്ലാ മനസോടെയാണെങ്കിലും ഗോകുൽ മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് വഴി നിക്ഷേപം തുടങ്ങി. ചെറുപ്പമെന്ന നിലയിൽ രണ്ടു വർഷം കഴിഞ്ഞപ്പോൾ ഗോകുലിന് ഐടി മടുത്തു തുടങ്ങി. അങ്ങനെ മാനേജ്മെന്‍റ് പഠിക്കുവാൻ പോകുവാൻ തീരുമാനിച്ചു. ജോലിയിലിരുന്നുകൊണ്ട് ടെസ്റ്റിന് ഒരുക്കവും നടത്തി. അടുത്തവർഷം രാജ്യത്തെ പ്രമുഖ ബിസിനസ് സ്കൂളുകളിലൊന്നിൽ പ്രവേശനവും നേടി. തന്‍റെ പഠനച്ചെലവിൽ നല്ലൊരു പങ്കും ഈ നിക്ഷേപത്തിലൂടെ നേടുവാൻ ഗോകുലിന് കഴിഞ്ഞു.

തുടർന്നു ജോലി ലഭിച്ചപ്പോഴും ഗോകുൽ മ്യൂച്വൽ ഫണ്ടുകളെ ഉപേക്ഷിച്ചില്ലെന്നു മാത്രമല്ല വർധിത ആവേശത്തോടെ നിക്ഷേപം തുടരുകയും ചെയ്യുന്നു. ഗോകുലിനെപ്പോലെ മ്യൂച്വൽ ഫണ്ടിനെ ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ ഉപയോഗിക്കുന്നവരുടെ എണ്ണം പതിയെയാണെങ്കിലും വർധിക്കുകയാണ്.

രാജ്യത്തെ സന്പദ്ഘടനയിലെ പല കാരണങ്ങൾകൊണ്ടും മ്യൂച്വൽ ഫണ്ടിനോടുള്ള സ്നേഹം നിക്ഷേപകർക്കു കൂടുകയാണെങ്കിലും ഇന്നും അഞ്ചു ശതമാനത്തിൽ താഴെ നിക്ഷേപകരിലെ മ്യൂച്വൽ ഫണ്ടിനെക്കുറിച്ചുള്ള അവബോധം ഇനിയും എത്തിയിട്ടുള്ളു.

ഏറ്റവും മികച്ച രീതിയിൽ ക്രമീകരിക്കപ്പെട്ട നിക്ഷേപ ഉത്പന്നം

ഏറ്റവും മികച്ച നിലയിൽ നിയമപരമായി ക്രമീകരിക്കപ്പെട്ടിട്ടുള്ള നിക്ഷേപ ഉത്പന്നമാണ് മ്യൂച്വൽ ഫണ്ടുകൾ. എല്ലാ പ്രായത്തിലുംപെട്ട നിക്ഷേപകർക്ക് അച്ചടക്കത്തോടെ, ക്രമമായി നിക്ഷേപിക്കുവാൻ മ്യൂച്വൽ ഫണ്ടുകൾ അവസരമൊരുക്കു ന്നുവെന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ സവിശേഷത.

മറ്റു വാക്കിൽപ്പറഞ്ഞാൽ സന്പാദിക്കുവാനും നിക്ഷേപം നടത്തി സന്പത്ത് ആർജിക്കുവാനും സഹായിക്കുന്ന ഏറ്റവും മികച്ച ഉപകരങ്ങളിൽ ഒന്നാണ് മ്യൂച്വൽ ഫണ്ടുകൾ. ഈ ലളിതമായ നിക്ഷേപത്തിലൂടെ ലക്ഷപ്രഭുക്കളും കോടിപതികളുമായിട്ടു ള്ളവർ നിരവധിയാണ്.

ലക്ഷ്യം തയാറാക്കുക

മിക്ക മനുഷ്യരുടേയും ജീവിതവൃത്തി ഏതാണ്ട് ഒരേപോലെയാണ്. വിദ്യാഭ്യാസം നേടി ജോലി നേടുക, വിവാഹം കഴിക്കുക, കുട്ടികൾ ഉണ്ടാവുക, കുട്ടികളുടെ വിദ്യാഭ്യാസം നടത്തുക, സന്തോഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വീട് ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുക, റിട്ടയർ ചെയ്യുക, സമാധാനത്തോടെയുള്ള റിട്ടയർമെന്‍റ് ജീവിതം നയിക്കുക.

മിക്കവരുടേയും ജീവിതത്തിൽ ഇതിൽ ചില ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നേയുള്ളു. ചിലർക്ക് പാരന്പര്യമായി വീടും മറ്റുമുണ്ടായിരിക്കും. ജീവിതം തന്നെ മാറ്റിമറിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ ചിലരുടെ ജീവിതത്തിൽ ഉണ്ടാകുന്നില്ല എന്നല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇത്തരത്തിലുള്ള ഓരോ ലക്ഷ്യങ്ങൾക്കുവേണ്ടി എത്ര തുക നിക്ഷേപിക്കണമെന്നതാണ് ചോദ്യം.

ഒരു ഉദാഹരണത്തിലൂടെ ഇതു വിശദീകരിക്കാം.
അടുത്ത 10,15, 20 വർഷങ്ങളിൽ 10 ലക്ഷം രൂപ വീതം ( പണപ്പെരുപ്പം കണക്കിലെടുക്കുന്നില്ല) വേണമെന്നു കരുതുക. ഈ കാലയളവുകളിൽ വിവിധ ആസ്തികളിൽ നിക്ഷേപം നടത്തിയാൽ നിക്ഷേപത്തുകയിൽ വരുന്ന വ്യത്യാസം മനസിലാക്കാം.
പോസ്റ്റോഫീസ്, ബാങ്ക് ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപങ്ങൾക്ക് ഇന്ന് ലഭിക്കുന്ന പലിശ എട്ടു ശതമാനത്തിൽതാഴെയാണ്. 7.5 ശതമാനം പലിശ ലഭിക്കുന്ന ഒരു സ്ഥിര നിക്ഷേപത്തിൽ എല്ലാമാസവു നിക്ഷേപം നടത്തുന്നുവെന്നു കരുതുക. അടുത്ത 10 വർഷംകൊണ്ട് പത്തു ലക്ഷം രൂപ ലഭിക്കുവാൻ പ്രതിമാസം 5620 രൂപ നിക്ഷേപിക്കണം. അൽപം കൂടി മെച്ചപ്പെട്ട റിട്ടേണ്‍ ( 10-11 ശതമാനം) ലഭിക്കുന്ന ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപം നടത്തി ഈ തുക ലഭിക്കുവാൻ പ്രതിമാസം 4880 രൂപ മതി. കണ്‍സർവേറ്റീവ് ഇക്വിറ്റി ഫണ്ടുകളിൽ നിക്ഷേപിച്ചാൽ ( റിട്ടേണ്‍ 13-15 ശതമാനം) ഈ തുക കിട്ടുവാൻ പ്രതിമാസം നിക്ഷേപിക്കേണ്ട തുക 3635 രൂപയായി കുറയുന്നു.


ചുരുക്കത്തിൽ നിക്ഷേപിക്കുന്ന ആസ്തി, നിക്ഷേപ കാലയളവ് എന്നിവ റിട്ടേണിനെ സ്വാധീനിക്കുന്നു.

ലക്ഷ്യങ്ങൾ പലത്

ചില ധനകാര്യ ലക്ഷ്യങ്ങൾ ഹൃസ്വകാലത്തിലുള്ളതാ യിരിക്കും. ചിലത് ദീർഘകാലത്തിലുള്ളതും. അടിസ്ഥാനപരമായി ഇവ രണ്ടിനോടും വ്യത്യസ്ത സമീപനം നിക്ഷേപകൻ സ്വീകരിക്കേണ്ടതുണ്ട്.

ഹൃസ്വകാല ആവശ്യങ്ങൾക്കായി ബാങ്ക് ഡെപ്പോസിറ്റ്, പോസ്റ്റോഫീസ് റെക്കറിംഗ് ഡെപ്പോസിറ്റ്, പഞ്ചവർഷ എൻഎസ് സി തുടങ്ങിയ ഡെറ്റ് ഉപകരണങ്ങൾ തെരഞ്ഞെടുക്കാം.
ദീർഘകാല ലക്ഷ്യങ്ങൾ നേടുവാനുള്ള ഏറ്റവും മികച്ച ഉപകരണം ഓഹരിയിലെ നിക്ഷേപമാണ്. പണപ്പെരുപ്പത്തേക്കാൾ വളരെ വേഗം വളരുന്ന ഏക നിക്ഷേപാസ്തിയാണ് ഓഹരി. മാത്രവുമല്ല, അതു നഷ്ടമുണ്ടാക്കുന്നുമില്ല. നേരിട്ട് ഇക്വിറ്റിയിൽ നിക്ഷേപിക്കുന്നതിനു പകരം ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളുടെ ഒരു ശേഖരത്തിലൂടെ ദീർഘകാല ധനകാര്യ ലക്ഷ്യങ്ങൾ നേടുവാൻ സാധിക്കും.

അഞ്ചുവർഷത്തിനു മുകളിൽ മികച്ച റിട്ടേണ്‍ ആണ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നൽകുന്നത്. പന്ത്രണ്ടു വർഷത്തിനു മുകളിലുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ നഷ്ടമേ ഉണ്ടാക്കു ന്നില്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാ നുള്ള ഏറ്റവും മികച്ച രീതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ അഥവാ എസ്ഐപി.

ഫണ്ട് തെരഞ്ഞെടുക്കൽ

നിക്ഷേപകർ, പ്രത്യേകിച്ച് പുതിയ നിക്ഷേപകർ, നേരിടുന്ന ഏറ്റവും പ്രതിസന്ധി ഏതു ഫണ്ട് നിക്ഷേപത്തിനായി തെരഞ്ഞെടുക്കണ മെന്നതാണ്. കാരണം മ്യൂച്വൽ ഫണ്ട് പദ്ധതികളുടെ ബാഹുല്യം അത്രമാത്രമാണ്. രാജ്യത്തെ 42 മ്യൂച്വൽ ഫണ്ടുകൾ എല്ലാം കൂടി മുപ്പതോളം വിഭാഗങ്ങളിലായി ആയിരക്കണക്കിന് പദ്ധതികളാണ് നിക്ഷേപകർക്കു മുന്നിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇവയിൽ കുറഞ്ഞ റിസ്കുള്ളതു മുതൽ ഉയർന്ന റിസ്ക് വരെയുളള ഉത്പന്നങ്ങൾ ഉൾപ്പെടുന്നു.

നിക്ഷേപകന്‍റെ വയസ്, വരുമാനം, ധനകാര്യ ലക്ഷ്യം, നഷ്ടം വഹിക്കാനുള്ള ശേഷി തുടങ്ങിയവയെല്ലാം കണക്കിലെടുത്തുവേണം നിക്ഷേപം നടത്താൻ.
ഏതെങ്കിലും ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനു മുന്പ് വിവിധ വിപണി സൈക്കിളുകളിൽ ആ ഫണ്ടിന്‍റെ പ്രകടനം വിലയിരുത്തണം. മുൻകാലത്തെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ലയെന്നു പറയുന്പോഴും ഇതു പരിശോധിക്കണം. ഫണ്ട് ഹൗസിന്‍റെ കരുത്ത്, ഫണ്ട് മാനേജർമാർ തുടങ്ങിയ വിവരങ്ങളും മനസിലാക്കി വയ്ക്കണം. ഇത്തരത്തിൽ നിക്ഷേപത്തിനു യോജിച്ച ഫണ്ട് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ധനകാര്യ ഉപദേശകരുടെ സേവനം സ്വീകരിക്കാം. പല ബ്രോക്കിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ധനകാര്യ ഉപദേശകരുടെ സേവനം രാജ്യത്തു ലഭ്യമാണ്.

(വിവിധ മ്യൂച്വൽ ഫണ്ട്

കാറ്റഗറയിൽനിന്നും ഡിബിഎഫ്എസ് ബ്രോക്കറേജ് വിഭാഗം ശിപാർശ ചെയ്യുന്ന മുൻനിര ഫണ്ടുകളുടെ ശേഖരം പട്ടികയിൽ നൽകുകയാണ്.)

ജോയി ഫിലിപ്പ്