എഫ്ആർഡിഐ ബിൽ, 2017
എഫ്ആർഡിഐ ബിൽ, 2017
Monday, January 1, 2018 4:50 PM IST
ബാങ്കുകൾ പരാജയപ്പെട്ടാൽ ഡെപ്പോസിറ്റർമാരുടെ നിക്ഷേപമെടുത്ത് ഉപയോഗിച്ച് ആ സ്ഥാപനത്തെ രക്ഷപ്പെടുത്താൻ ഉപയോഗിക്കുന്നതിന് അനുവദിക്കുന്ന "ബെയിൽ- ഇൻ ’ക്ലോസ് ഉൾപ്പെടുത്തിയുള്ള ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ( എഫ്ആർഡിഐ) ബിൽ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ പാസാക്കുവാൻ കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നു.

2017 ഓഗസ്റ്റ് പത്തിന് ധനമന്ത്രി അരുണ്‍ ജയ്റ്റലി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. ബാങ്കുകൾ, ഇൻഷുറൻസ് പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ പാപ്പരാകുന്ന സാഹചര്യത്തിൽ അവയ്ക്ക പരിഹാരം കാണുന്നതിനു ബിൽ ലക്ഷ്യമിടുന്നു.

ഈ നിയമം പാസാകുന്നതോടെ നിലവിലുള്ള 1962-ലെ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗാരന്‍റി കോർപറേഷൻ നിയമം റദ്ദാക്കപ്പെടും. 1959-ലെസ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (സബ്സിഡിയറി ബാങ്ക്സ് ) ആക്ട്, 1961-ലെ ആദായനികുതി നിയമം, 1962-ലെ കസ്റ്റംസ് നിയമം,1970-ലെ ബാങ്കിംഗ് കന്പനീസ് നിയമം, 1972-ലെ ജനറൽ ഇൻഷുറൻസ് ബിസിനസ് ( നാഷണലൈസേഷൻ) നിയമം, 1976-ലെ റീജണൽ റൂറൽ ബാങ്ക്സ് നിയമം ഉൾപ്പെടെ 12 നിയമങ്ങളിൽ ഭേദഗതിയും വരും.

കേന്ദ്ര സർക്കാരിനു പ്രധാനമെന്നു തോന്നുന്ന ധനകാര്യ സ്ഥാപനങ്ങൾ, വാണിജ്യ, വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു നിയമം ബാധകമായിരിക്കും.

എഫ്ആർഡിഐ ബില്ലിന്‍റെ പ്രധാന ഭാഗങ്ങൾ ചുവടെ നൽകുന്നു

ദ ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷ്വറൻസ് ബിൽ, 2017
റെസലൂഷൻ കോർപറേഷൻ

ഈ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ റെസലൂഷൻ കോർപറേഷൻ എന്ന പേരിൽ ഒരു കോർപറേഷൻ സ്ഥാപിക്കും. ഈ കോർപറേഷന്‍റെ ആസ്ഥാനം മുംബൈ ആയിരിക്കും. കോർപറേഷന് ചെയർ പേഴ്സണും അംഗങ്ങളുമുണ്ടായിരിക്കും.
ധനകാര്യ മന്ത്രാലയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, ഐആർഡിഎ, പിഎഫ്ആർഡിഎഐ തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ പ്രതിനിധികൾ കോർപറേഷനിൽ അംഗങ്ങളായിരിക്കും. മൂന്നു മുഴു സമയ അംഗങ്ങളും രണ്ടു സ്വതന്ത്രാംഗങ്ങളും റെസലൂഷൻ ബോർഡിലുണ്ടാകും. ഇവരെ കേന്ദ്ര സർക്കാരാണ് നിയമിക്കുക.
കാബിനറ്റ് സെക്രട്ടറി ചെയർമാനായിട്ടുള്ളതും കേന്ദ്ര സർക്കാരിന്‍റെ ഒരു പ്രതിനിധിയും ധനകാര്യം, നിയമം, മാനേജ്മെന്‍റ് തുടങ്ങിയ മേഖലകളിൽനിന്നുള്ള വിദഗ്ധരായ മൂന്നു പേരും ചേർന്നുള്ള കമ്മിറ്റിയാണ് റെസലൂഷൻ കോർപറേഷൻ അധ്യക്ഷനേയും അംഗങ്ങളേയും തെരഞ്ഞെടുക്കുന്നത്.

റെസലൂഷൻ കോർപറേഷന്‍റെ പ്രവർത്തനങ്ങൾ

റെസലൂഷൻ കോർപറേഷൻ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന പ്രധാന ഇനങ്ങൾ ചുവടെ:

1. ബാങ്കുകൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് നൽകുക ( അതായത് സ്ഥാപനം പരാജയപ്പെട്ടാൽ ഇടപാടുകാരുടെ ഡെപ്പോസിറ്റ് തിരികെ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.)
2. ബാങ്ക്, ഇൻഷുറൻസ് തുടങ്ങിയ സേവനദാതാക്കളെ അവയുടെ റിസ്കിന്‍റെ അടിസ്ഥാനത്തിൽ തരംതിരിക്കുക.
3. സേവനദാതാക്കൾ പരാജയപ്പെട്ടാൽ അവയുടെ ഭരണം ഏറ്റെടുക്കുക. സേവനദാതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷണം നടത്തും. ഈ നിയമത്തിന്‍റെ ഏതെങ്കിലും വകുപ്പുകൾ ലംഘിച്ചിട്ടുണ്ടെങ്കിൽ നടപടി എടുക്കും. സേവനദാതാവിനെ ഏറ്റെടുക്കുവാനും മാനേജ് ചെയ്യാനും അധികാരമുണ്ടായിരിക്കും.
4. എസ്ബിഐ ഉൾപ്പെടെ ദേശസാൽകൃത ബാങ്കുകൾ ആർആർബി, സഹകരണ ബാങ്കുകൾ, എൽഐസി ഉൾപ്പെടെയുള്ള ലൈഫ് ഇൻഷുറൻസ് കന്പനികൾ, മറ്റ് ജനറൽ ഇൻഷുറൻസ് കന്പനികൾ, മറ്റ് ധനകാര്യ സ്ഥാനപങ്ങൾ തുടങ്ങിയവയുടെ ലയനം, ലിക്വിഡേഷൻ, ഏറ്റെടുക്കൽ തുടങ്ങിയവയ്ക്ക് ഉത്തരവിടുവാനുള്ള അധികാരം റെസലൂഷൻ കോർപറേഷൻ ബോർഡിനുണ്ടായിരിക്കും. ജോലിക്കാരെ മാറ്റുവാനും അവരുടെ ശന്പളം കുറയ്ക്കുവാനും വരെയുള്ള അധികാരമുണ്ട്.
റിസ്ക് അടിസ്ഥാനത്തിൽ തരം തിരിക്കൽ: ആർബിഐ, സെബി, ഐആർഡിഎ തുടങ്ങിയ റെഗുലേറ്റർമാരുമായി ആലോചിച്ച് സേവനദാതാക്കളെ റിസ്ക് അടിസ്ഥാനത്തിൽ തരംതിരിക്കും.

റിസ്ക് തരംതിരിക്കൽ കാറ്റഗറി നഷ്ടസാധ്യത

താഴ്ന്നത് സ്വീകാര്യമായ നിലയേക്കാൾ വളരെ താഴെ
ഇടത്തരം സ്വീകാര്യമായ നിലയയുടെ തൊട്ടുതാഴെ
മറ്റീരിയൽ സ്വീകാര്യമായ നിലയ്ക്കു മുകളിൽ
ഇമ്മിനന്‍റ് സ്വീകാര്യമായ നിലയ്ക്കു വളരെ മുകളിൽ
ക്രിറ്റിക്കൽ തകർച്ചയുടെ തൊട്ടടുത്ത്

ഇമ്മിനന്‍റ് അല്ലെങ്കിൽ ക്രിട്ടിക്കൽ വിഭാഗത്തിൽ വരുന്ന ഒരു സേവനദാതാവ് റെഗുലേറ്റർക്ക് സ്ഥാപനത്തിെന്‍റെ പുനരുദ്ധാരണത്തിനുള്ള പദ്ധതി സമർപ്പിക്കണം. അതേപോലെ ഒരു റെസലൂഷൻ പ്ലാൻ കോർപറേഷനും നൽകണം. ഈ പദ്ധതിയിൽ അടിസ്ഥാന വിവരങ്ങൾ എല്ലാം നൽകിയിരിക്കണം.

വേണ്ട വിവരങ്ങൾ

1. സ്ഥാപനത്തിന്‍റെ ആസ്തി, ബാധ്യത
2. റിസ്ക് അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുള്ള വിഭാഗത്തിൽനിന്നു മെച്ചപ്പെടാൻ എടുക്കുന്ന നടപടികൾ.
3. സേവനദാതാവ് മുന്നോട്ടു വയ്ക്കുന്ന പരിഹാര നടപടികളുടെ വിശദമായ വിവരങ്ങൾ.
റെസലൂഷൻ
ക്രിട്ടിക്കൽ വിഭാഗത്തിൽ വരുന്ന സേവനദാതാക്കളുടെ കാര്യത്തിൽ കോർപറേഷനു മുന്നിലുള്ള ഓപ്ഷനുകൾ ഇവയായിരിക്കും.
1. സ്ഥാപനത്തിന്‍റെ ആസ്തി ബാധ്യതകൾ മറ്റൊരാൾക്കു നൽകുക
2. മറ്റു സ്ഥാപനവുമായി ലയിപ്പിക്കുക അല്ലെങ്കിൽ മറ്റു സ്ഥാപനം ഏറ്റെടുക്കുക
3. ലിക്വിഡേറ്റ് ചെയ്യുക

ഭരണനിർവഹണം
സേവനദാതാവ് ക്രിട്ടിക്കൽ വിഭാഗത്തിൽ വന്ന അന്നു മുതൽ അതിന്‍റെ മാനേജ്മെന്‍റ് കോർപറേഷൻ ഏറ്റെടുക്കുക.

സമയപരിധി

സേവനദാതാവിനെ ക്രിറ്റിക്കൽ വിഭാഗത്തിൽ ഉൾപ്പെടുത്തി ഒരു വർഷത്തിനുള്ളിൽ പരിഹാര പദ്ധതികൾ പൂർത്തിയാക്കണം. ഈ സമയപരിധി ആവശ്യമെങ്കിൽ ഒരു വർഷംകൂടി നീട്ടാം (പരാമവധി പരിധി രണ്ടു വർഷമാണ്). ഈ കാലയളവിുള്ളിൽ സേവനദാതാവിന്‍റെ പുനരുദ്ധാരണ പദ്ധതികൾ പൂർത്തിയായില്ലെങ്കിൽ സ്ഥാപനം ലിക്വിഡേറ്റ് ചെയ്യും.


ലിക്വിഡേഷനും ആസ്തി വിതരണവും

സേവനദാതാവിന്‍റെ ആസ്തികൾ ലിക്വിഡേറ്റ് ചെയ്യുന്നതിന് റെസലൂഷൻ കോർപറേഷന് നാഷണൽ കന്പനി ലോ ട്രിബ്യൂണലിന്‍റെ അനുമതി വേണ്ം.
സേവനദാതാവിന്‍റെ ആസ്തി വിറ്റുകിട്ടുന്ന പണം വിതരണം ചെയ്യുന്നതു ചുവടെ പറയുന്ന ക്രമത്തിലായിരിക്കണം.

1. ഡെപ്പോസിറ്റ് ഇൻഷുറൻസ് ആയി കോർപറേഷൻ നൽകുന്ന തുക ഇൻഷുർ ചെയ്തിട്ടുള്ള ഡെപ്പോസിറ്റർമാർക്ക് നൽകണം.
2. റെസലൂഷൻ കോസ്റ്റ്
3. ജോലിക്കാർക്ക് 24 മാസത്തെ ശന്പളക്കുടിശിക; സെക്യൂഡ് ക്രെഡിറ്റർമാരുടെ തുക
4. ജീവനക്കാരുടെ 12 മാസത്തെ ശന്പളം
5. ഇൻഷ്വർ ചെയ്യാത്ത ഡെപ്പോസിറ്റർമാരുടേയും മറ്റ് ഇൻഷുറൻസ് തുകകളും
6. അണ്‍സെക്യൂവേഡ് ക്രെഡിറ്റർമാർ
7. ഗവണ്‍മെന്‍റ് കുടിശികകളും മറ്റ് സെക്യൂവേഡ് ക്രെഡിറ്റർമാർക്കുമുള്ള തുകകൾ
8. ശേഷിച്ച കടവും കുടിശ്ശികയും
9. ഓഹരിയുടമകൾ
കുറ്റവും ശിക്ഷയും
പ്രോപ്പർട്ടി മറച്ചു വയ്ക്കൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയവയ്ക്കുള്ള ശിക്ഷകൾ ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിന്‍റെ രീതിയനുസരിച്ചായിരിക്കും ശിക്ഷ. പരമാവധി ലഭിക്കാവുന്ന ശിക്ഷ അഞ്ചുവർഷത്തെ തടവും പിഴയുമാണ്.

ബെയിൽ ഇൻ വകുപ്പ്

എഫ്ആർഡിഐ നിയമത്തിലെ ഏറ്റവും വിവാദപരമായ വകുപ്പാണിത്. ബാങ്ക് ഡെപ്പോസിറ്റർമാരെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്ന വകുപ്പും കൂടിയാണിത്. ബാങ്കുകൾ പ്രവർത്തനത്തിൽ പരാജയപ്പെട്ടാൽ ഡെപ്പോസിറ്റർമാർക്ക് ഏറ്റവും പ്രതികൂലമാകുന്ന വകുപ്പാണിത്. അവരുടെ നിക്ഷേപം തിരികെ കിട്ടുകയില്ലെന്ന അവസ്ഥവരെയുണ്ടാകാം.

ഈ ബിൽ പാസായാൽ ബാങ്കുകൾ, ഇൻഷുറൻസ് കന്പനികൾ, റീജണൽ റൂറൽ ബാങ്കുകൾ, കോഓപ്പറേറ്റീവ് ബാങ്കുകൾ , മറ്റ് ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള അധികാരം റെസലൂഷൻ കോർപറേഷന് ലഭിക്കുകയാണ്. ഇത് ഇപ്പോഴുള്ള പല സ്ഥാപനങ്ങളുടേയും സ്വയംഭരണാധികാരം ഇല്ലാതാക്കും.

മറ്റു പ്രശ്നങ്ങൾ

ബെയിൽ -ഇൻ മാത്രമല്ല, റെസലൂഷൻ കോർപറേഷൻ ബോർഡിനു ലഭിക്കുന്ന അധികാരം മൂലം രാജ്യത്തെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും അടങ്ങിയ ധനകാര്യ ഘടന പൂർണമായും റെസലൂഷൻ കോർപറേഷന്‍റെ ( ഗവണ്‍മെന്‍റിന്‍റെ) ദയയിൽ പ്രവർത്തിക്കേണ്ട സ്ഥിതി വരും.
റിസർവ് ബാങ്ക് , സെൻട്രൽ വിജിലൻസ് കമ്മീഷൻ, സിബിഐ തുടങ്ങിയവയെ നിസ്ചേതനമാക്കുവാനും വഴിയൊരുക്കും. റെസലൂഷൻ കോർപറേഷന്‍റെ നടപടികളെ സുപ്രിം കോടതി ഉൾപ്പെടെ ഒരു കോടതിയിലും ചോദ്യം ചെയ്യാൻ സാധിക്കില്ല.

ഒരു സ്ഥാനപത്തെ സിസ്റ്റമാറ്റിക്കലി ഇംപോർട്ടന്‍റ് ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻ ( സിഫി) വിഭാഗത്തിൽപ്പെടുത്തിയാൽ ആ സ്ഥാപനം റെസലൂഷൻ കോർപറേഷന്‍റെ തുടർച്ചയായ സ്ക്രൂട്ടനിക്കു വിധേയമായിരിക്കും.

എഫ്ആർഡിഐ ബിൽ, 2017 ഇതുവരെ

ധനകാര്യ സ്ഥാപനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം ലക്ഷ്യമിട്ട് 2016-17 -ലെ ബജറ്റിൽ ധനമന്ത്രി അരുണ്‍ ജയ്റ്റലിയുടെ പ്രഖ്യാപനമനുസരിച്ചാണ് ഫിനാൻഷ്യൽ റെസലൂഷൻ ആൻഡ് ഡെപ്പോസിറ്റ് ഇൻഷുറൻസ് ( എഫ്ആർഡിഐ) നിയമത്തിനു തുടക്കം കുറിക്കുന്നത്. 2016 മാർച്ചിൽ ഇക്കണോമിക് അഫയേഴ്സ് അഡീഷണൽ സെക്രട്ടറി അജയ് ത്യാഗിയുടെ അധ്യക്ഷതയിൽ എഫ്ഡിആർഐ നിയമം തയാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചു.
* 2016 സെപ്റ്റംബറിൽ അജയ് ത്യാഗി കമ്മിറ്റി എഫ്ആർഡിഐ നിയമത്തിന്‍റെ കരടു തയാറാക്കി. ഇവ പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു.
* 2016 ഒക്ടോബർ വരെ അഭിപ്രായം പ്രകടിപ്പിക്കുന്നതിന് അവസരം നൽകി.
* പൊതുജനങ്ങളിൽനിന്നും മറ്റു ലഭിച്ച അഭിപ്രായങ്ങളും മറ്റും പരിഗണിച്ച് തയാറാക്കിയ നിയമം 2017 ജൂണ്‍ 14-ന് കേന്ദ്ര മന്ത്രിസഭ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതനു അനുമതി നൽകി.
* 2017 ഓഗസ്റ്റ് 10-ന് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.
* 2017 ഓഗസ്റ്റ് 10-ന് ബിൽ പാർലമെന്‍റിന്‍റെ സംയുക്ത കമ്മിറ്റിക്ക് വിട്ടു.
* 2017 ഡിസംബർ 15-ന് ചേരുന്ന ശീതകാല സമ്മേളനത്തിൽ എഫ്ആർഡിഐ ബിൽ പാർലമെന്‍റിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കും.
* തുടർന്ന് എഫ്ആർഡിഐ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കും.

എന്താണ് ബെയിൽ ഇൻ

തകർച്ചയിലായ സ്ഥാപനത്തെ രക്ഷിക്കുന്നതിനായി ഉപയോഗിക്കേണ്ട വിവിധ രീതികളെക്കുറിച്ച് ബില്ലിൽ വ്യക്തമാക്കുന്നു. ഇത്തരം സ്ഥാപനത്തിന്‍റെ ആസ്തി, ബാധ്യതകൾ മറ്റൊരു സ്ഥാപനത്തിനു കൈമാറുക, മറ്റൊരു സ്ഥാപനത്തിൽ ലയിപ്പിക്കുക, ലിക്വിഡേറ്റ് ചെയ്യുക തുടങ്ങിയ രീതികൾ ഉപയോഗിക്കാമെന്നു ബില്ലിൽ പറയുന്നു.
അത്തരത്തിൽ ബില്ലിൽ നിർദ്ദേശിക്കുന്ന ഒരു ഉപകരണമാണ് ബെയിൽ- ഇൻ. അതനുസരിച്ച് തകർച്ചയിലായ സ്ഥാപനം തന്നെ അതിന്‍റെ ബാധ്യതകൾ പുനക്രമീകരിക്കുന്നു. അതായത് തകർച്ചയിലായ ധനകാര്യസ്ഥാപനത്തിനെ അതിനു വായ്പ നൽകിയവരും അതിൽ നിക്ഷേപിച്ചവരും നഷ്ടം സഹിച്ച് ആ സ്ഥാപനത്തെ രക്ഷിക്കുന്ന രീതിയാണിത്.
ബെയിൽ ഇൻ രീതി, ബെയിൽ- ഒൗട്ടിൽനിന്ന് വ്യത്യസ്തമാണ്. ബെയിൽ ഒൗട്ട് രീതിയിൽ പുറത്തുനിന്നു മൂലധനം കൊണ്ടുവന്നാണ് സ്ഥാപനത്തെ രക്ഷിക്കുവാൻ ശ്രമിക്കുന്നത്.

ജോയി ഫിലിപ്പ്