പുതുവർഷത്തിൽ യുവാക്കൾ ചെയ്യേണ്ടത്
പുതുവർഷത്തിൽ യുവാക്കൾ ചെയ്യേണ്ടത്
Tuesday, January 16, 2018 4:29 PM IST
പണം ചെലവഴിക്കുക അതു സന്പാദിക്കുന്നതിനേക്കാൾ അല്ലെങ്കിൽ നിക്ഷേപിക്കുന്നതിനേക്കാൾ ആഹ്ലാദകരമാണ്. പ്രത്യേകിച്ചും ചെറുപ്പത്തിൽ കൂട്ടുകാരുമൊത്തു അടിച്ചുപൊളിച്ചു പോകുന്പോൾ. പക്ഷേ വരുമാനം വറ്റുന്ന നിമിഷം, അല്ലെങ്കിൽ ചെലവഴിക്കുവാൻ പണമില്ലാതെ വരുന്ന അവസ്ഥയെക്കുറിച്ച് ഈ ആഹ്ളാദ നിമിഷങ്ങളിൽ നാം ആലോചിക്കാറില്ല.

അടിച്ചുപെളിക്കിടയിലും ഭാവി ജീവിതത്തിൽ സാന്പത്തിക പ്രയാസങ്ങൾ ഉണ്ടാകുന്നില്ലെന്നു ഉറപ്പു വരുത്തുവാൻ ശ്രമിക്കേണ്ടത് ആഹ്ലാദകരമായി ജീവിതം കൊണ്ടുപോകുവാൻ ആവശ്യമാണ്.
ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ആഗ്രഹത്തിനനുസരിച്ച് ജീവിതംകൊണ്ടുപോകുവാൻ ആവശ്യമായ പണം എപ്പോഴും കൈവശമുണ്ടായിരിക്കുക എന്നുതന്നെ.

ഈ ലക്ഷ്യത്തിന് ധനകാര്യ അച്ചടക്കം ആവശ്യമാണ്. സന്പാദ്യശീലവും നിക്ഷേപശീലവും ആവശ്യമാണ്.

ധനകാര്യ അച്ചടക്കം പാലിക്കുന്നത് സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുവെന്നാണ് ബഹുഭൂരിപക്ഷം യുവാക്കളും ചിന്തിക്കുന്നത്. എന്നാൽ നേരെ മറിച്ചാണ് വസ്തുത.

സന്പാദ്യവും നിക്ഷേപവും വളരുന്നത് തീർച്ചയായും ഒരാൾക്ക് ആനന്ദകരമായി പണം ചെലവഴിക്കുവാൻ അവസരമൊരുക്കും.എല്ലാവർക്കും സന്പത്തിനെക്കുറിച്ചു സ്വപ്നങ്ങളുണ്ട്. ജീവിതത്തിൽ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ച് സ്വപ്നങ്ങളുണ്ട്. സാന്പത്തികമായി സുരക്ഷിതമായിരിക്കണമെന്നു എല്ലാവരും ആഗ്രഹിക്കുന്നു. ഈ സുരക്ഷിതത്വം 35-40 ഓടെ നേടാൻ എല്ലാവരുംതന്നെ അഗ്രഹിക്കുകയും ചെയ്യുന്നു. അല്ല അതോടെ നേടണം.

എന്നാൽ ഇരുപതുകളിൽ ജീവിതം അടിച്ചുപൊളിച്ചു മുന്നോട്ടുപോകുന്പോൾ ഭാവിയിലേക്ക് സന്പാദിക്കുവാൻ മറന്നുപോകുന്നു. ഇതു ശരിയായ സമീപനമല്ല. ഇവിടെ വേണ്ടത് ശന്പളം കിട്ടുന്ന ആദ്യമാസം മുതൽ സന്പത്തു സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളിലും കൂടി ഏർപ്പെടണം. അതായത് നിക്ഷേപത്തിനു തയാറാകണം. അതെത്ര ചെറിയ തുകയാണെങ്കിൽ കൂടി.
സാന്പത്തിക സുരക്ഷിതത്വത്തിനും ശരിയായ പാതയിലാണ് തങ്ങളുടെ പണം നീങ്ങുന്നതെന്നും ഉറപ്പുവരുത്തുവാൻ ഇതു സഹായിക്കുന്നു.

ആദ്യശന്പളം എത്തുന്പോൾ

സംതൃപ്തിയുടെ ഒരു അവസരമായിരിക്കും ആദ്യ ശന്പളം ബാങ്ക് അക്കൗണ്ടിലെത്തുന്പോൾ. ഇതുവരെ കൂടെനിന്ന വീട്ടുകാർക്കും കൂട്ടുകാർക്കുമൊക്കെ ചെലവു ചെയ്യേണ്ട സമയവുമാണ്. ഏതാനും ദിവസംകൊണ്ട് ഈ അവസ്ഥ മാറുന്നു.

ഇനി ശക്തമായ സാന്പത്തികാടിത്തറയ്ക്ക് കല്ലിടാനുള്ള സമയമാണ്. ചെലവഴിക്കുന്നതിനൊപ്പം സന്പാദിക്കുവാനും നിക്ഷേപിക്കുവാനുമുള്ള സമയം. ഇതിനർത്ഥം ചെലവുകൾ ഒഴിവാക്കണമെന്നോ അടിച്ചുപൊളി സന്തോഷങ്ങൾ പൂർണമായി ഉപേക്ഷിക്കണമെന്നോ അല്ല.
ധനകാര്യ അച്ചടക്കം പാലിക്കുന്നത് സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നുവെന്നാണ് പല ചെറുപ്പക്കാരും ചിന്തിക്കുന്നത്. എന്നാൽ നേരെ മറിച്ചാണ് വസ്തുത.

നേരത്തെ തുടങ്ങാം

ധനകാര്യ അച്ചടക്കത്തോടൊപ്പം സന്പാദ്യവും നിക്ഷേപവും ആദ്യശന്പളം കിട്ടുന്പോൾ തന്നെ ആരംഭിക്കുക. ആദ്യകാലത്തെ ചെലവാക്കലും വരും വർഷങ്ങളിലെ സന്പത്തിനെ സ്വാധീനിക്കുന്നതാണ്. ആദ്യ ശന്പളം മുതൽ തന്നെ ധനകാര്യ അച്ചടക്കത്തിനായി തയാറെടുക്കുക.

നിക്ഷേപം ആരംഭിക്കന്നതിനുള്ള ഏറ്റവും മികച്ച സമയം ഏറ്റവും നേരത്തെയാണ്. നേരത്തെ തുടങ്ങാൻ സാധിച്ചില്ലെങ്കിൽ ഇപ്പോഴാണ് ആ സമയം.

നിക്ഷേപം തുടങ്ങാൻ എടുക്കുന്ന ഏതാനും വർഷത്തെ വ്യത്യാസംപോലും ദീർഘകാലത്തിൽ സൃഷ്ടിക്കുന്ന സന്പത്തിൽ വലിയ വിടവാണ് ഉണ്ടാക്കുന്നത്. നിക്ഷേപം എത്ര ചെറുതാണെങ്കിലും അത് ഇന്നുതന്നെ ആരംഭിക്കുക.

നേരത്തെ നിക്ഷേപം തുടങ്ങുന്നതുമൂലം കൂട്ടുപലിശയുടെ ( പവർ ഓഫ് കോന്പൗണ്ടിംഗ്) മെച്ചം നിക്ഷേപത്തിനു നേടിക്കൊടുക്കുന്നു. ഏറ്റവും നേരത്തെ,ദീർഘകാലത്തിൽ നിക്ഷേപം ആരംഭിക്കുന്നത് ഒരാളുടെ ധനകാര്യ ലക്ഷ്യങ്ങൾ എല്ലാം നേടുവാൻ സഹായിക്കും.
ഉദാഹരണത്തിന് 25 വയസ് മുതൽ 10,000 രൂപ വീതം നിക്ഷേപം നടത്തുന്നുവെന്നു കരുതുക. മുപ്പത്തഞ്ചുവർഷത്തിനുശേഷം റിട്ടയർമെന്‍റ് സമയമാകുന്പോൾ 15 ശതമാനം റിട്ടേണിൽ നിക്ഷേപം 14.9 കോടി രൂപയാകും.

പത്തുവർഷത്തിനുശേഷമാണ് ഇതേ തുകയിൽ നിക്ഷേപം തുടങ്ങുന്നതെങ്കിൽ അടുത്ത 25 വർഷംകൊണ്ട് 15 ശതമാനം റിട്ടേണിൽ ലഭിക്കുന്ന തുക 3.3 കോടി രൂപയായിരിക്കും. നിക്ഷേപത്തിനു 10 വർഷം വരുത്തിയ താമസം മൂലം വരുമാനത്തിൽ കൊണ്ടുവന്ന വ്യത്യാസം ഏതാണ്ട് അഞ്ചിരട്ടിയാണ്.

സാന്പാദ്യം മാത്രംപോരാ......

യുവാക്കൾ അവരുടെ ശന്പളത്തിന്‍റെ നല്ലൊരു ഭാഗം അവരുടെ ഭാവിക്കുവേണ്ടി നിക്ഷേപം നടത്തി വരുന്നുണ്ടിപ്പോൾ. പക്ഷേ സന്പാദ്യം മാത്രമല്ല, ഒരാൾക്കു സന്പത്തു നേടി ക്കൊടുക്കുന്നത്. നാലു ശതമാനം പലിശയ്ക്ക് ബാങ്കിലിട്ടാൽ അതൊരിക്കലും അയാളെ സന്പന്നനാക്കുകയില്ല. പകരം പരമാവധി വളർച്ച നൽകുന്ന ആസ്തികളിൽ നിക്ഷേപിക്കുകയാണ് വേണ്ടത്. ദീർഘകാലത്തിൽ പണപ്പെരുപ്പത്തേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാത്ത ധനകാര്യ ഉപകരണങ്ങളിൽ നിക്ഷേപം നടത്തിയിട്ടു കാര്യമില്ല. അതു സന്പാദ്യത്തിന്‍റെ മൂല്യം ചോർത്തിക്കളയുകയേ ഉള്ളു.

ഓഹരിയിൽ നിക്ഷേപം നടത്തുക

ഇരുപതുകളിലും മുപ്പതുകളിലും മാക്സിമം റിട്ടേണ്‍ ലഭിക്കുന്ന ഓഹരികളിൽ നിക്ഷേപം നടത്തുക. എന്നാൽ നേരിട്ട് ഓഹരിയിൽ നിക്ഷേപിക്കുന്നതിനു പകരം മ്യൂച്വൽ ഫണ്ട് റൂട്ട് ഉപയോഗിക്കുക.

ദീർഘകാലത്തിൽ ഏറ്റവും കൂടുതൽ റിട്ടേണ്‍ നൽകുന്ന ആസ്തി ഓഹരിയും ഓഹരിയധിഷ്ഠിത ഉപകരണങ്ങളുമാണ്. 1985 മുതൽ ഇന്ത്യൻ ഓഹരി വിപണി നേടിക്കൊടുത്തത് 16-17 ശതമാനം വാർഷിക റിട്ടേണ്‍ ആണ്. പന്ത്രണ്ടു വർഷക്കാലത്തിനു മുകളിലുള്ള ഓഹരി നിക്ഷേപം ഒരിക്കലും നെഗറ്റീവ് റിട്ടേണ്‍ നൽകിയിട്ടില്ല.

ഇപ്പോൾ ഇരുപതുകളിലും മുപ്പതുകളിലുമുള്ളവർ അവരുടെ നിക്ഷേപത്തിന്‍റെ 80 ശതമാനവും ഓഹരിയിൽതന്നെ നിക്ഷേപിക്കണം. ഓഹരി വിപണിയിലെ പ്രതിദിന ചാഞ്ചാട്ടങ്ങൾക്കു ശ്രദ്ധ നൽകാതെ തന്നെ ഇവയിൽ നിക്ഷേപിക്കണം. കാരണം ഇന്ത്യൻ സന്പദ്ഘടന കുതിപ്പിന്‍റെ ആദ്യഘട്ടത്തിലാണ്. അടുത്ത പത്തു വർഷംകൊണ്ട് ഇന്ത്യൻ സന്പദ്ഘടനയുടെ വലുപ്പം ഇപ്പോഴത്തെ രണ്ടു ലക്ഷം കോടി ഡോളറിൽനിന്ന് 10 ലക്ഷം കോടി ഡോളറിലേക്ക് ഉയരുമെന്നാണ് വിലയിരുത്തുന്നത്.

ഇതു സാധിക്കണമെങ്കിൽ ഇന്ത്യൻ കന്പനികൾ വളർച്ച നേടിയേ പറ്റൂ. കന്പനികളുടെ വളർച്ച അവയുടെ ഓഹരിയിലും പ്രതിഫലിക്കും. ( പുതിയ ബുൾ റാലിയുടെ തുടക്കം- പേജ് 27 കാണുക)
ചുരുക്കത്തിൽ വരുമാനം നേടുന്ന ആദ്യകാലത്ത് ഓഹരിയധിഷ്ഠിത നിക്ഷേപത്തിൽനിന്ന് അകന്നുമാറാതാരിക്കുക. പത്തുവർഷത്തിനു മുകളിൽ ലക്ഷ്യമിടുന്ന നിക്ഷേപം ഓഹരിയിൽ നടത്തുക.

ഓഹരി മാത്രമല്ല ഓപ്ഷൻ

ഓഹരിയിൽ നേരിട്ടു നിക്ഷേപം നടത്താനുള്ള പരിജ്ഞാനം എല്ലാവർക്കുമുണ്ടാവില്ല. പക്ഷേ ഓഹരി മാത്രമല്ല ചെറുപ്പക്കാർക്കുള്ള ഏക ഓപ്ഷൻ. ഓഹരിയധിഷ്ഠിതി ഇടിഎഫുകൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ ഉപകരണങ്ങളിലൂടെ ഓഹരികളിൽ പരോക്ഷമായി നിക്ഷേപം നടത്താം. ഓഹരി വിപണിയിലെ നേട്ടത്തിന്‍റെ ഗുണഫലം ദീർഘകാലത്തിൽ നേടുകയും ചെയ്യുക.
ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടു പദ്ധതികൾ കഴിഞ്ഞ 20 വർഷക്കാലത്ത് നൽകിയിട്ടുള്ള ശരാശരി വാർഷിക വരുമാനം 13-15 ശതമാനമാണ്. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം ദീർഘകാലത്തിൽ നേടിത്തരുന്ന റിട്ടേണിനെക്കുറിച്ച് ആലോചിക്കാവുന്നതേയുള്ളു.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ ഏറ്റവും യോജിച്ചത് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ ആണ്. വെറും 500 രൂപ ഉപയോഗിച്ചുപോലും മ്യൂച്വൽ ഫണ്ടിൽ എസ്ഐപി രീതിയിൽ നിക്ഷേപം ആരംഭിക്കാം. ഇതു ജോലി കിട്ടുന്പോൾ തന്നെ തുടങ്ങുക. ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിൽ ആരംഭിക്കുക. ഏതു പ്രായത്തിലുള്ളവർക്കും ഏതു സമയത്തും ഇത് ആരംഭിക്കാം. ശുദ്ധമായ ഡെറ്റ് ഉപകരണങ്ങൾ മുതൽ ഓഹരി മാത്രമുള്ള മ്യൂച്വൽ ഫണ്ട് ഉപകരണങ്ങൾ വരെ നിക്ഷേപത്തിന് ലഭ്യമാണ്.

ഇടയ്ക്കിടയ്ക്ക് നിക്ഷേപിച്ച ഫണ്ടിന്‍റെ പ്രകടനം വിലയിരുത്തുക.

പാരന്പര്യ നിക്ഷേപങ്ങളെ കണ്ണടച്ചു പിന്തുടരരുത്

പാരന്പര്യ നിക്ഷേപങ്ങളായ ബാങ്ക് ഡെപ്പോസിറ്റ്, പിപിഎഫ്, യുലിപ്,എൻഡോവ്മെന്‍റ് പ്ലാൻ തുടങ്ങിയവയെ കണ്ണടച്ചു പിന്തുടരരുത്. പകരം എല്ലാത്തരം നിക്ഷേപങ്ങളേയും വിലയിരുത്തുക.
റിസ്ക് ശേഷിയുടെ അടിസ്ഥാനത്തിൽ നിക്ഷേപം നടത്തുക. സമയം ധാരാളമുണ്ടെങ്കിൽ ( പത്തു വർഷത്തിനു മുകളിൽ) തീർച്ചയായും നിക്ഷേപം ഓഹരിയിലോ ഓഹരിയധിഷ്ഠിത ഉപകരണങ്ങളിലോ ആയിരിക്കണം. കാരണം മറ്റു പാരന്പര്യ നിക്ഷപങ്ങൾക്കൊന്നിനും പണപ്പെരുപ്പത്തെ വെല്ലുന്ന റിട്ടേണ്‍ നൽകാൻ കഴിവില്ല. കടലാസിൽ കാണുന്നതിനേക്കാൾ വളരെ ഉയർന്നതാണ് രാജ്യത്തെ പണപ്പെരുപ്പം.

നികുതി ലാഭിക്കാൻ നിക്ഷേപം

ജോലി ചെയ്തു വരുമാനം നേടുന്നതിനൊപ്പം തങ്ങളുടെ നികുതി ബാധ്യതകളും കൂടി ചെറുപ്പക്കാർ കണക്കിലെടുക്കണം. സന്പാദ്യം പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര സർക്കാർ നിരവധി നികുതിയൊഴിവുകൾ ശന്പളക്കാരുടെ മുന്പിൽ വച്ചിട്ടുണ്ട്. ശന്പളം കിട്ടുന്ന ആദ്യദിനം മുതൽതന്നെ ഈ ഇളവുകൾ പരമാവധി ഉപയോഗപ്പെടുത്തുക.


നികുതിലാഭ ഉപകരണങ്ങളിൽ ഏറ്റവും മികച്ച ഉപകരണമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ഇഎൽഎസ്എസ്). ഇതൊരു ഓപ്പണ്‍ എൻഡഡ് മ്യൂച്വൽ ഫണ്ട് പദ്ധതിയാണ്. ഇതിൽ നിക്ഷേപിക്കുന്ന 1.5 ലക്ഷം രൂപവരെയുള്ള തുകയ്ക്ക് നികുതി നൽകേണ്ടതില്ല. ഇതിന്‍റെ വരുമാനത്തിനു നികുതി നൽകേണ്ടതില്ല. ഏറ്റവും കുറഞ്ഞ ലോക്ക് ഇൻ പീരിയഡ് ( മൂന്നു വർഷം) ഉള്ള നികുതിലാഭ ഉപകരണം കൂടിയാണിത്. ചെറുപ്പക്കാർക്ക് ദീർഘകാലത്തിൽ മികച്ച സന്പത്തുണ്ടാക്കാൻ സഹായിക്കുന്ന പദ്ധതി കൂടിയാണിത്.

മൂന്നുവർഷം നിക്ഷേപം നടത്തിയശേഷം അതുപയോഗിച്ച് ഭാവിയിലെ നികുതിലാഭ നിക്ഷേപം നടത്തുവാൻ സാധിക്കും. നികുതി ലാഭത്തിനായി മുടക്കേണ്ടിയിരുന്ന തുക വഴി കാഷ് ഫ്ളോ വർധിപ്പിക്കുകയും ചെയ്യാം.

അടിയന്തര നിധിക്കായി നിക്ഷേപം

ജീവിതത്തിൽ അപ്രതീക്ഷിതസംഭവങ്ങൾ പലപ്പോഴുമുണ്ടാകും അപകടം, രോഗം, തൊഴിൽ നഷ്ടം എന്നിങ്ങനെ എന്തും സംഭവിക്കാം. ചിലപ്പോൾ ഇവയൊന്നും ഒരിക്കലും സംഭവിച്ചുവെന്നും വരികയില്ല. പക്ഷേ, സംഭവിച്ചാൽ അതിനായി ഒരുങ്ങിയിരിക്കേണ്ടത് ആവശ്യമാണ്. അതിനാൽ ഏതു സ്ഥിതിവിശേഷത്തേയും നേരിടാൻ സാധിക്കുന്ന വിധത്തിൽ അടിയന്തര നിധി രൂപപ്പെടുത്തുക.

കുറഞ്ഞത് 5-6 മാസത്തെ ജീവിതത്തിനുള്ള വലുപ്പം നിധിക്കുണ്ടായിരിക്കണം. ഭക്ഷണം, വാടക, വീട്ടു ജോലിക്കാർക്കുള്ള ശന്പളം, ടെലിഫോണ്‍ , വൈദ്യുതി തുടങ്ങിയ പ്രതിമാസച്ചെലവുകൾ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്നതായിരിക്കണമിത്. അത് ഒരു വർഷത്തേക്കുള്ളതാക്കിയാൽ ജീവിതത്തിനു കൂടുതൽ സുരക്ഷിതത്വം വരും.

അടിയന്തര നിധി സുരക്ഷിതവും ഏറ്റവും വേഗത്തിൽ എടുക്കാവുന്ന വിധത്തിലുമായിരിക്കണം.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് ലിക്വിഡ് ഫണ്ടുകൾ തുടങ്ങിയ രീതിയിൽ സൂക്ഷിക്കാം. ലിക്വിഡ് ഫണ്ടിന് സേവിംഗ്സ് ബാങ്ക് നിക്ഷേപത്തേക്കാൾ മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാറുണ്ട്. നികുതിയുടെ കാര്യം വരുന്പോൾ കുറേക്കൂടി ഫ്ളെക്സിബിളാണ് ലിക്വിഡ് ഫണ്ടുകൾ.

ഒരുമിച്ചു വലിയ തുക നിക്ഷേപിച്ച് ഇത്തരത്തിൽ അടിയന്തര നിധി സമാഹരിക്കാൻ കഴിഞ്ഞെന്നു വരികയില്ല. പുതിയതായി ജോലി തുടങ്ങുന്നവർക്ക് അടുത്ത മൂന്നോ നാലോ വർഷംകൊണ്ട് ഇത്തരത്തിൽ ഒരു നിധി തയാറാക്കാവുന്നതേയുള്ളു. അടിയന്തരാവശ്യങ്ങളിൽ ഈ നിധിയിൽനിന്നു തുക പിൻവലിക്കുക. പിന്നീട് അതു തിരികെ അടയ്ക്കുക. ചെലവു വർധിക്കുന്നതിനുസരിച്ച് കാലാകാലങ്ങളിൽ നിധിയുടെ വലുപ്പവും വർധിപ്പിക്കുക.

ധനകാര്യ ലക്ഷ്യങ്ങൾ നിർവചിക്കുക

ദീർഘകാലത്തിലും ഹ്രസ്വകാലത്തിലുമുള്ള ധനകാര്യ ലക്ഷ്യങ്ങൾ ഓരോരുത്തർക്കുമുണ്ട്. അവയെ കണ്ടെത്തി ദീർഘകാല, ഹ്രസ്വകാല, മധ്യകാല നിക്ഷേപങ്ങൾ നടത്തുക.
വിവാഹം, വീടു വാങ്ങൽ, സംരഭം തുടങ്ങൽ, റിട്ടയർമെന്‍റ്, കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം തുടങ്ങിയവയെല്ലാം ദീർഘകാല ധനകാര്യ ലക്ഷ്യങ്ങളിൽ വരുന്നവയാണ്. ഈ ഓരോ ലക്ഷ്യത്തിനുമായി നിക്ഷേപം നടത്തണം. ഇവയ്ക്ക് എത്ര തുക വീതം വേണമെന്നു നിശ്ചയിക്കുകയും അതിനായി ക്രമമായി നിക്ഷേപം നടത്തുകയും ചെയ്യുക.

നേരത്തെ സൂചിപ്പിച്ചതുപോലെ ദീർഘകാല ലക്ഷ്യങ്ങൾ നേടാൻ ഏറ്റവും മികച്ച നിക്ഷേപ ഉപകരണമാണ് മ്യൂച്വൽ ഫണ്ടുകൾ. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്‍റ് പ്ലാൻ വഴി മാസംതോറും ഇതിനായി നിക്ഷേപിക്കാം. നിക്ഷേപം നേരത്തെ തുടങ്ങുക.

ഹ്രസ്വകാല ധനകാര്യ ലക്ഷ്യങ്ങളും ഓരോ വ്യക്തിക്കുമുണ്ട്. രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പുതിയൊരു കാർ വാങ്ങുക, രണ്ടു വർഷത്തിനുശേഷം യൂറോപ്പിൽ ഒരു ആഴ്ചത്തെ വിനോദ സഞ്ചാരത്തിനു പോകുക... ഇങ്ങനെ സമീപകാല ആഗ്രഹങ്ങൾ നിറവേറ്റുന്നതിനു സന്പാദ്യം നടത്തുക. ഇതിനും യോജിച്ച നിക്ഷേപാസ്തികൾ ലഭ്യമാണ്. റെക്കറിംഗ് ബാങ്ക് ഡെപ്പോസിറ്റ്, ലിക്വിഡ് മ്യച്വൽ ഫണ്ടുകൾ, ഡെറ്റ് ഫണ്ടുകൾ, ആർബിട്രേജ് ഫണ്ടുകൾ തുടങ്ങിയവ ഇതിനായി ഉപയോഗപ്പെടുത്താം.

ഒരു വർഷത്തെ ലക്ഷ്യമാണെങ്കിൽ നല്ല ലിക്വിഡ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. രണ്ടോ മൂന്നോ വർഷത്തേക്കുള്ളതാണെങ്കിൽ ഡെറ്റ് ഫണ്ടുകൾ തെരഞ്ഞെടുക്കാം. മ്യൂച്വൽ ഫണ്ട് പദ്ധതികൾ കൂടുതൽ ടാക്സ് എഫിഷ്യന്‍റാണ്.

ഹെൽത്ത്, ടേം പോളിസികൾ

ആരോഗ്യമാണ് ഏറ്റവും വലിയ സന്പത്ത്. അതിനാൽ ആരോഗ്യ പ്രശ്നങ്ങളിൽ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചകൾക്കും തയാറാകരുത്. ഇവയ്ക്കായി ആരോഗ്യ, ടേം ഇൻഷുറൻസ് പോളിസികൾ നിശ്ചയമായും ഒരു തുടക്കക്കാരൻ എടുത്തിരിക്കണം.

ഇതൊരു നിക്ഷേപമല്ല. ചികിത്സയും കുടുംബത്തിന്‍റെ സാന്പത്തിക സുരക്ഷയും ഉറപ്പുവരുത്തുന്ന ചെലവഴിക്കലാണ്. ഏതൊരു സന്പാദ്യത്തേക്കാളും നിക്ഷേപത്തേക്കാളും മുന്തിയ പരഗണന ഇതിനു നൽകുക. ചെറുപ്പത്തിലെ ഈ പോളിസികൾ എടുത്താൽ പുതുക്കുന്നതിനു വരുന്ന പ്രീമിയം കുറഞ്ഞു നിൽക്കും.

ഇരുപത്തിയഞ്ചിൽ തുടങ്ങുന്നയാൾക്കു സാധാരണഗതിയിൽ മുപ്പതാകുന്പോഴേയ്ക്കും സ്വന്തമായി കുടുംബമാകും; തുടർന്നു കുട്ടികളാകും... കുടുംബത്തിലെ വരുമാനമുള്ള വ്യക്തിയെന്ന നിലയിലും ആശ്രിതരുള്ളയാൾ എന്ന നിലയിലും നിശ്ചയമായും ആവശ്യത്തിനുള്ള ആരോഗ്യ പോളിസിയും ടേം പോളിസിയും എടുക്കണം.ഏറ്റവും കൂടുതൽ പണപ്പെരുപ്പം ചികിത്സാച്ചെലവിലാണെന്ന കാര്യം മനസിൽ വച്ചുകൊണ്ടുവേണം ആരോഗ്യ പോളിസിയെടുക്കാൻ. അടിസ്ഥാന ആരോഗ്യപോളിസിയും ക്രിട്ടിക്കൽ ഇൽനെസ് പോളിസിയും എന്ന സംയോജനമായിരിക്കും നല്ലത്.

നിങ്ങളുടെ അഭാവത്തിൽ കുടുംബത്തിനു ഇതേ നിലയിൽ ജീവിച്ചു പോകുന്നതിനുള്ള ലൈഫ് കവറേജ് ആണ് വേണ്ടത്. ഭവന വായ്പ, കാറിന്‍റെ വായ്പ, വിദ്യാഭ്യാസ വായ്പ തുടങ്ങി എല്ലാ ബാധ്യതകളും ഉൾപ്പെടുത്തിയുള്ള കവറേജ് വേണമെടുക്കാൻ. ചെറുപ്പത്തിലെ എടുത്താൽ പ്രീമിയം കുറഞ്ഞിരിക്കും.

ആരോഗ്യം നിലനിർത്തുന്നതിനുള്ള എക്സർസൈസും മികച്ച ഭക്ഷണവും ജീവിതശീലത്തിലുൾപ്പെടുത്തുക.

ആവശ്യമില്ലാത്തവ വാങ്ങാതിരിക്കുക

ജോലിയുള്ളവർ ആവശ്യമില്ലാതെ വാങ്ങിക്കൂട്ടുന്ന ഒന്നാണ് ഇൻഷുറൻസ് പോളിസികൾ. ഓരോ വർഷവും നികുതിയിളവിനുള്ള നിക്ഷേപത്തിന്‍റെ വിചാരം വരുന്പോൾ ഏതെങ്കിലും ഇൻഷുറൻസ് വാങ്ങുന്നു.

മറ്റൊന്ന് ജോലി കിട്ടിക്കഴിയുന്പോൾ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ആയ ഇൻഷുറൻസ് അഡ്വൈസർമാർ പോളിസിയുമായി എത്തും. ആവശ്യമില്ലെങ്കിലും അവരിൽനിന്നു പോളിസി എടുക്കാൻ നിർബന്ധിതരാകും. ഇങ്ങനെ ഓരോ വർഷവും പോളിസിയുടെ എണ്ണം കൂടും. ആവശ്യത്തിനു കവറേജ് ലഭിക്കാതെ വലിയ തുക അടയ്ക്കേണ്ടി വരുന്നു. ഇതു പണഞെരുക്കത്തിലേക്കു തന്നെ നയിച്ചേക്കാം. ഇത്തരത്തിലുള്ള പോളിസികൾ ഒഴിവാക്കുക. ആവശ്യമില്ലെങ്കിൽ അത് ഒരിക്കലും വാങ്ങരുത്.

ജീവിതത്തിൽ ആവശ്യമുള്ള രണ്ടേ രണ്ടു ഇൻഷുറൻസ് പോളിസകളേയുള്ളു. ആരോഗ്യ പോളിസിയും ടേം പോളിസിയും.

നിക്ഷേപത്തേയും ഇൻഷുറൻസിനേയും രണ്ടായി കാണുക.
ആവശ്യമില്ലാത്തവയുടെ കാര്യത്തിൽ ഇൻഷുറൻസ് മാത്രമല്ല, മറ്റ് ഭൗതിക വസ്തുക്കളും ഉൾപ്പെടും. ആവശ്യമില്ലാത്ത വസ്തുക്കൾ വാങ്ങിയാൽ അതു നമ്മുടെ വിടീന്‍റെ സ്ഥലം മെനക്കെടുത്തുകയേ ഉള്ളു.

ക്രെഡിറ്റ് കാർഡ് ഒഴിവാക്കാം

കഴിയുമെങ്കിൽ ക്രെഡിറ്റ് കാർഡിനു പകരം ഡെബിറ്റ് കാർഡ് ഉപയോഗിക്കുക. ഇതുവഴി വാങ്ങാനുള്ള പ്രവണത കുറയും. ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് കടക്കെണിയിലായ ചെറുപ്പക്കാരുടെ നിരവധി ഉദാഹരണങ്ങൾ നമുക്കു ചുറ്റും കാണാം. ക്രെഡിറ്റ് കാർഡ് തുകയടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ അതു ക്രെഡിറ്റ് സ്കോറിനെക്കൂടി ബാധിക്കും. എന്നു മാത്രമല്ല, വലിയ പലിശയാണിതിന് ഈടാക്കുന്നത്.

നിങ്ങളിൽ തന്നെ നിക്ഷേപം നടത്തുക

അറിവും നൈപുണ്യവും വർധിപ്പിക്കുന്നതിനായി നിക്ഷേപം നടത്തുക. ഈ ലക്ഷ്യത്തിനു സഹായിക്കുന്ന കോഴ്സുകളിൽ സമയാസമയങ്ങളിൽ പങ്കെടുക്കുക. ഇതു തീർച്ചയായും മെച്ചപ്പെട്ട വരുമാനം ആർജിക്കുവാൻ സഹായിക്കും. അതിനാൽ മടി കൂടാതെ ഇതിനായി നിക്ഷേപം നടത്തുക.

അടിയന്തര നിധി സ്വരൂപിക്കാൻ

* വിശദമായ പ്രതിമാസച്ചെലവ് എടുക്കുക. ഇതു മനസിലാക്കിയാൽ അടുത്ത ആറു മാസത്തേക്കുള്ള ചെലവ് കണക്കാക്കാം.
* ഒരുമിച്ചു ഇതിനാവശ്യമായ തുക വകയിരുത്തുവാൻ വലിയൊരു പങ്ക് ആളുകൾക്കു സാധിക്കുകയില്ല. അതിനാൽ നിശ്ചിത കാലയളവുകൊണ്ടു ഈ ലക്ഷ്യം കൈവരിക്കുമെന്നു തീരുമാനിക്കുക. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം തുടക്കത്തിൽ ചെലവു കുറവായതിനാൽ കൂടുതൽ തുക ഇതിനായി വകയിരുത്താം.
* പക്ഷേ കൈവശം അധികമുള്ള തുക മുഴുവൻ ഇതിനായി തിരിച്ചുവിടരുത്. ഇതു സാന്പത്തിക ഞെരുക്കത്തിലേക്കു ഒരാളെ എത്തിച്ചേക്കാം. മാത്രവുമല്ല, നേരത്തെ നിശ്ചയിച്ചിട്ടുള്ള ധനകാര്യ ലക്ഷ്യങ്ങൾക്കായുള്ള നിക്ഷേപത്തെ ബാധിക്കുകയും ചെയ്യാം. പകരം വരുമാനത്തിന്‍റെ ചെറിയൊരു ഭാഗം അടിയന്തര ഫണ്ടിലേക്ക് തിരിച്ചു വിടുക. ശേഷിച്ച തുകകൊണ്ടു മാസാദ്യ ചെലവുകൾ നടത്തുക.