പുതുവർഷത്തിൽ ആരംഭിക്കാം എൻപിഎസ്
പുതുവർഷത്തിൽ  ആരംഭിക്കാം എൻപിഎസ്
Saturday, January 20, 2018 3:17 PM IST
പുതിയ വർഷത്തിന്‍റെ തുടക്കം പുതിയ തീരുമാനങ്ങളെടുക്കുന്ന കാലം കൂടിയാണ്. അത് ദീർഘ നാളത്തേക്ക് നേട്ടം നൽകുന്ന തീരുമാനങ്ങളെടുക്കാൻ ശ്രദ്ധിക്കാം. പ്രത്യേകിച്ച് നിക്ഷേപ കാര്യങ്ങളിൽ. ജോലി ചെയ്യുന്ന കാലത്ത് വരുമാനത്തെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല എന്നാൽ ജോലി ഇല്ലാതായാലോ. പലരും വരുമാനമുള്ളകാലത്ത് ഇതിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്നാൽ ഭാവിയേക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അതുകൊണ്ടു തന്നെ ജോലിയും വരുമാനവുമില്ലാത്ത കാലത്തേക്കുറിച്ച് ചിന്തിക്കണം. അക്കാലത്തേക്കു വേണ്ടിയൊരു നിക്ഷേപം കരുതി വെയ്ക്കാം.

ഇതുവരെയും റിട്ടയർമെന്‍റ് ജീവിതത്തിനായി സന്പാദിക്കുവാൻ തുടങ്ങിയിട്ടില്ലെങ്കിൽ അതിനുള്ള അവസരമായി പുതുവർഷത്തെ ഉപയോഗിക്കാം. റിട്ടയർമെന്‍റിന് കൂടുതൽ തുക ആവശ്യമുണ്ടെങ്കിൽ അതിനായും പുതിയ സന്പാദ്യം തുടങ്ങാം.

ജീവിതത്തിൽ തീർച്ചയായും വേണ്ട കാര്യങ്ങളിൽ ഒന്നാണ് റിട്ടയർമെന്‍റ് സന്പാദ്യം. കേന്ദ്ര സർക്കാർ സാർവത്രികമായി നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ പദ്ധതിയായ നാഷണൽ പെൻഷൻ സ്കീമിനെക്കുറിച്ച് പരിശോധിക്കുകയാണ് ഇവിടെ.

എൻപിഎസ്

ഇന്ത്യ ഗവണ്‍മെന്‍റ് നടപ്പിലാക്കിയിരിക്കുന്ന നാഷണൽ പെൻഷൻ സ്കീം (എൻപിഎസ്) ഒരു സാർവത്രിക പെൻഷൻ പദ്ധതിയാണ്. പെൻഷൻ ഫണ്ട്് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി(പിഎഫ് ആർഡിഎ)യാണ് ഇതിന്‍റെ റെഗുലേറ്ററി അതോറിറ്റി. തൊഴിൽ ചെയ്യുന്നവർക്കിടയിൽ സ്ഥിരമായ ഒരു സാന്പാദ്യ ശീലം വളർത്തിയെടുക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്.

രാജ്യത്തെ ഓരോ പൗരനും വാർധക്യത്തിൽ പെൻഷൻ ലഭിക്കത്തക്ക വിധത്തിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതിയാണ് എൻപിഎസ്. സർക്കാർ ജീവനക്കാർക്കു മാത്രമല്ല, 60 വയസിനുശേഷം പെൻഷൻ ആഗ്രഹിക്കുന്ന ഏതു വിഭാഗം ജനങ്ങൾക്കും ഇതിൽ അംഗമാകാം.
അറുപതു വയസു കഴിഞ്ഞാൽ എൻപിഎസിൽ അംഗമാകുന്നവർക്കെല്ലാം പെൻഷൻ ലഭിക്കും. ഇതൊരു കോണ്‍ട്രിബ്യൂട്ടറി ഉത്പന്നമാണ്. നിക്ഷേപം തുടങ്ങിയാൽ 60 വയസ് വരെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കണം. അതായത് 60 വയസ് വരെ നിങ്ങൾ അടയ്ക്കുന്ന തുകയ്ക്ക് ലോക്ക് ഇൻ പീരിയഡ് ഉണ്ടായിരിക്കും. ( ഇടയ്ക്ക് പിൻവലിക്കാം. പക്ഷേ, അക്കൗണ്ടിലെ 80 ശതമാനം പെൻഷൻ ലഭിക്കുന്നതിനുളള ആന്വയിറ്റി വാങ്ങുവാൻ ഉപയോഗിക്കണം. അറുപതു വയസിനുശേഷമാണെങ്കിൽ 40 ശതമാനം പെൻഷൻ ആന്വിയിറ്റിക്കു വേണ്ടി ഉപയോഗിച്ചാൽ മതി. 60 ശതമാനം ആവശ്യമെങ്കിൽ ഒരുമിച്ച് പിൻവലിക്കാം).

എൻപിഎസ് അക്കൗണ്ട്

18-65 വയസ് പ്രായമുളള ആർക്കും ഇതിൽ ചേരാം. അടുത്തകാലത്താണ് 60 വയസിൽനിന്നു 65 ആയി പരിധി ഉയർത്തിയത്. ചേരുന്പോൾ ഒരു അക്കൗണ്ട് നന്പർ ലഭിക്കും. ഈ അക്കൗണ്ടിൽ 70 വയസ് വരെ തുക അടച്ചുകൊണ്ടിരിക്കണം. അറുപതു വയസിനുശേഷമാണ് പദ്ധതിയിൽ ചേർന്നതെങ്കിൽ അക്കൗണ്ട് പദ്ധതി തുടങ്ങി മൂന്നു വർഷം കഴിയുന്പോൾ വേണമെങ്കിൽ അത് അവസാനിപ്പിക്കാം. പക്ഷേ, സമാഹരിച്ച തുകയിൽ 40 ശതമാനം ആന്വയിറ്റി വാങ്ങുവാൻ ഉപയോഗിക്കണം.

60 വയസ് പൂർത്തിയാകുന്പോൾ അക്കൗണ്ടിൽ സമാഹരിക്കപ്പെട്ട തുകയിൽനിന്ന് 40 ശതമാനം നല്കി പെൻഷനുവേണ്ടിയുളള ആന്വയിറ്റി വാങ്ങണം. 60 ശതമാനം മറ്റ് ആവശ്യത്തിനുവേണ്ടി ഒരുമിച്ചു വേണമെങ്കിൽ പിൻവലിക്കാം.

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളുടെ തെരഞ്ഞെടുക്കപ്പെട്ട ശാഖകൾ, പോസ്റ്റോഫീസുകൾ തുടങ്ങി പിഎഫ് ആർഡിഎ അംഗീകരിച്ചിട്ടുളള സേവനദാതാക്കൾ തുടങ്ങിയവർ വഴി ഈ പദ്ധതിയിൽ അംഗമാകാം.

ആരാണ് ഫണ്ട് മാനേജ് ചെയ്യുന്നത്

പിഎഫ്ആർഡിഎയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യമേഖലയിലെ എട്ടു ഫണ്ട് മാനേജർമാരെയാണ് എൻപിഎസ് ഫണ്ട് മാനേജ് ചെയ്യാൻ തെരഞ്ഞെടുത്തിരിക്കു ന്നത്.ഓഹരികൾ, കോർപറേറ്റ് ബോണ്ട്, ഗവണ്‍മെന്‍റ് സെക്യൂരിറ്റി, ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്‍റ് ഫണ്ടുകൾ തുടങ്ങിയ വ്യത്യസ്തമായ ആസ്തികളിലാണ് നിക്ഷേപം നടത്തുന്നത്. അതിനാൽ മാർക്കറ്റിൽ ഇടിവു സംഭവിച്ചാൽ അത് വളരെ കുറഞ്ഞ രീതിയിലെ നിക്ഷേപത്തെ ബാധിക്കു. ഉപഭോക്താക്കൾക്ക് ഫണ്ടു മാനേജരെയും ആസ്തിയും തെരഞ്ഞെടുക്കാനും കാലാകാലങ്ങളിൽ മാറ്റം വരുത്താനുമുള്ള സാഹചര്യമുണ്ട്.

1. എച്ച്ഡിഎഫ്സി പെൻഷൻ മാനേജ്മെന്‍റ് കോ
2. ഐസിഐസിഐ പ്രൂഡൻഷ്യൽ ഫണ്ട് മാനേജ്മെന്‍റ്

3. കോടക് മഹീന്ദ്ര പെൻഷൻ ഫണ്ട് ലിമിറ്റഡ്
4. എൽഐസി പെൻഷൻ ഫണ്ട്.
5. റിലയൻസ് കാപ്പിറ്റൽ പെൻഷൻ ഫണ്ട്
6. എസ്ബിഐ പെൻഷൻ ഫണ്ട്സ്
7. യുടിഐ റിട്ടയർമെന്‍റ് സൊലൂഷൻസ്
8. ബിർള സണ്‍ലൈഫ് ഇൻഷ്വറൻസ് കോ

നികുതി ഇളവുകൾ

1. പെൻഷൻ അക്കൗണ്ടിലെ നിക്ഷേപത്തിനുള്ള ഇളവ്: നികുതി നൽകുന്ന വ്യക്തി ശന്പളക്കാരനാണെങ്കിൽ പരമാവധി ശന്പളത്തിന്‍റെ 10 ശതമാനമാണ് ഇളവ് അനുവദിക്കുക. സ്വയം തൊഴിൽ ചെയ്യുന്ന ഒരു വ്യക്തിക്കും മൊത്തം വരുമാനത്തിന്‍റെ 10 ശതമാനമോ അല്ലെങ്കിൽ 1.5 ലക്ഷം രൂപ ഇതിൽ ഏതൊണോ കുറവ് അത്രയും ഇളവാണ് ലഭിക്കുക.
2. 2015-16 വർഷം മുതൽ നികുതി നൽകുന്ന ഒരാളുടെ 50000 രൂപവരെയുള്ള എൻപിഎസ് നിക്ഷേപങ്ങൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.
3. തൊഴിലാളിയുടെ ബോസിക്+ഡിഎ യിൽ 10 ശതമാനം എൻപിഎസിലേക്ക് നിക്ഷേപിച്ചാൽ അതിനും നികുതി നൽകേണ്ട വരുമാനത്തിൽ നിന്നും ഇളവു ലഭിക്കും.
4. കാലാവധി പൂർത്തിയാകുന്നന്പോൾ വരുമാനത്തിന്‍റെ 40 ശതമാനത്തിനു നികുതിയിളവുണ്ട്.
ഇഎൻപിഎസ്
ഇപ്പോൾ എൻപിഎസിൽ രജിസ്റ്റർ ചെയ്യാൻ ഓണ്‍ലൈൻ സംവിധനമുണ്ട്.
* എൻപിഎസിനു കീഴിൽ വരുന്ന വ്യക്തിഗത പെൻഷൻ അക്കൗണ്ടുകൾ (ടയർ1, ടയർ2, ടയർ3)
* അക്കൗണ്ട് ആരംഭിക്കുന്ന സമയത്തെയും പിന്നീടുള്ളതുമായ നിക്ഷേപങ്ങൾ ഈ അക്കൗണ്ടു വഴി ചെയ്യാവുന്നതാണ്.

ഇഎൻപിഎസ് ആരംഭിക്കാൻ ആവശ്യമായ കാര്യങ്ങൾ

* മൊബൈൽ നന്പർ, ഇമെയിൽ അഡ്രസ്, നെറ്റ് ബാങ്കിംഗുള്ള ബാങ്ക് അക്കൗണ്ട്.
* ആധാർ അല്ലെങ്കിൽ പാൻ
* പാൻ നന്പറാണ് നൽകുന്നതെങ്കിൽ പ്രാണ്‍(ജഞഅച) ആക്ടീവാക്കേണ്ടതാണ്.
* ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക
* ഫോട്ടോയും ഒപ്പും സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുക
* ഓണ്‍ ലൈൻ പേമെന്‍റ് ആരംഭിക്കുക(കുറഞ്ഞ തുക 500 രൂപയാണ്)
* ഫോം പ്രിന്‍റ് എടുത്ത് ഫോട്ടോയും ഒപ്പും നൽകി സെൻട്രൽ റെക്കോഡ്കീപിംഗ് ഏജൻസിയിൽ സമർപ്പിക്കുക
*നിങ്ങളുടെ പേമെന്‍റ് മെത്തേഡ് ഏതാണെന്ന് തെരഞ്ഞെടുക്കുക(ഡെബിറ്റ്കാർ, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്)

ഐസിഐസിഐയിൽ ഓണ്‍ലൈൻ വഴി എൻപിഎസ് അക്കൗണ്ട്

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗുള്ള ഉപഭോക്താക്കൾക്ക് ഓണ്‍ലൈനായി എൻപിഎസ് അക്കൗണ്ട് തുറക്കാനുള്ള അവസരമൊരുക്കുന്നു.

ഉപഭോക്താക്കൾ അവരുടെ ഇന്‍റർനെറ്റ് ബാങ്കിംഗ് അക്കൗണ്ടിൽ കയറി എൻ റോൾ ഫോർ എൻപിഎസ് സർവീസിൽ ക്ലിക് ചെയ്ത് രജിസ്ട്രേഷൻ നടത്താം. ആധാറുമായി ബന്ധപ്പെടുത്തി വിവരങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ലഭിക്കുന്ന ഒടിപി നൽകി ഉപഭോക്താവിനു തന്നെ ഡിജിറ്റൽ ഒപ്പ് അപ് ലോഡ് ചെയ്യാം.

ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അടുത്ത ദിവസം മുതൽ എൻപിഎസ് അക്കൗണ്ട് ആക്ടിവേറ്റാകും. ഇതോടൊപ്പം പെർമനന്‍റ് റിട്ടയർമെന്‍റ് അക്കൗണ്ട് നന്പറും ലഭിക്കും. ആദ്യത്തെ അടവും രജിസ്ട്രേഷനും പൂർത്തിയായാൽ പിന്നീടുള്ള അടവുകളും ഐസിഐസിഐ ബാങ്കിന്‍റെ ഇന്‍റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമിലൂടെ തന്നെ നടത്താം.

പിഎഫ്ആർഡിഎ, സെൻ്ട്രൽ റെക്കോഡ് കീപിംഗ് ഏജൻസിയായ എൻഎസ്ഡിഎൽ, ഇ-ഗവേണൻസ് ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് എന്നിവയോട് ചേർന്നാണ് ബാങ്ക് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

എൻപിഎസിന്‍റെ നേട്ടങ്ങൾ

വളരെ സുതാര്യമായ നിക്ഷേപമാണ് ഇത് ഒരുക്കുന്നത്. കൂടതെ പിഎഫ്ആർഡിഎയുടെ കൃത്യമായ നിയന്ത്രണങ്ങളുമുണ്ടാകും. അതുകൊണ്ടു സുരക്ഷിതവുമാണ്.
തൊഴിൽ, ഭൂപ്രദേശം എന്നിവക്കതീതമായി എവിടെയിരുന്നും എൻപിഎസ് അക്കൗണ്ടുകൾ മാനേജ് ചെയ്യാൻ സാധിക്കും.

ഫണ്ട് മാനേജർ, നിക്ഷേപ ഓപ്ഷനുകൾ, ആന്വയിറ്റി പദ്ധതി എന്നിവയിൽ മാറ്റങ്ങൾ വരുത്താനുള്ള സാഹചര്യമുണ്ട്. നിക്ഷേപത്തിന് ആദായനികുതി ഇളവുകളുമുണ്ട്. വളരെ ചെറിയ തുകക്ക് ആരംഭിക്കാം .

ആർക്കൊക്കെ പദ്ധതിയിൽ അംഗമാകാം

1. കേന്ദ്ര ഗവണ്‍മെന്‍റ് ജോലിക്കാർ, സംസ്ഥാന സർക്കാർ ജോലിക്കാർ, കേന്ദ്ര-സംസ്ഥാന ഓട്ടോണമസ് സ്ഥാപനങ്ങളിലെ ജോലിക്കാർ
2. അടൽ പെൻഷൻ യോജന
3. കോർപറേറ്റ് മോഡൽ-കോർപറേറ്റ് മോഡലിൽ ഗ്രൂപ്പ് പദ്ധതിയുണ്ട് കോർപറേറ്റ് ജീവനക്കാർക്കായി
4. എല്ലാ പൗരൻമാർക്കും: പൊതു ജനങ്ങൾക്ക്