ഇലക്ട്രിക്കൽ, ഡിജിറ്റൽ മേഖലകളിൽ സ്ത്രീകൾക്ക് ചെയ്യാൻ ഏറെ
ഇലക്ട്രിക്കൽ, ഡിജിറ്റൽ മേഖലകളിൽ സ്ത്രീകൾക്ക് ചെയ്യാൻ ഏറെ
Thursday, April 19, 2018 3:25 PM IST
ഇലക്ട്രിക്കൽ, ഡിജിറ്റൽ മേഖലയിലെ സ്ത്രീ സംരംഭക സാധ്യതകൾ എന്ന വിഷയത്തിൽ ടൈ കേരള സംഘടിപ്പിച്ച ചർച്ചയിൽ ലേഖ ബാലചന്ദ്രൻ, സുജാത മാധവ് ചന്ദ്രൻ,വർഷമേനോൻ എന്നിവർ പങ്കുവെച്ച അഭിപ്രായങ്ങൾ.ടൈകേരള ചാർട്ടർ മെന്പറും ചെമ്മണ്ണൂർ അക്കാദമി ആൻഡ് സിസ്റ്റംസ് മാനേജിംഗ് ഡറക്ടർ അനിഷ ചെറിയാൻ ചർച്ചയുടെ മോഡറേറ്ററായിരുന്നു.

ലേഖ ബാലചന്ദ്രൻ
(മാനേജിംഗ് പാർട്ണർ, റെസിടെക് ഇലക്ട്രിക്കൽസ്)

സംരംഭവും ശരീരവും തളർന്നു പോയിടത്തു നിന്നുമുള്ള ഉയർത്തെഴുന്നേൽപ്പാണ് ലേഖയുടെ സംരംഭ ജീവിതം. സംരംഭകയാകുക എന്നത് എന്‍റെ എക്കാലത്തേയും സ്വപ്നമായിരുന്നു. ബി.ടെക് പഠനം കഴിഞ്ഞിറങ്ങിയപ്പോൾ സ്വന്തമായൊരു കന്പനി എന്നൊരു ആശയം അമ്മയുമായി പങ്കുവെച്ചപ്പോൾ അമ്മ നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.

പക്ഷേ, വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവിന്‍റെ പിന്തുണയോടെ ഇരുവരും ചേർന്ന് സംരംഭം ആരംഭിച്ചു. പക്ഷേ, പതിനെട്ടു വർഷമായപ്പോൾ സംരംഭം വലിയൊരു പ്രതിസന്ധി നേരിട്ടു. അങ്ങനെ അത് അവസാനിപ്പിക്കേണ്ടതായി വന്നു. പക്ഷേ, അപ്പോഴും സംരംഭകത്വം എന്ന ആശയം ഒപ്പം തന്നെയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പരാജയത്തിന്‍റെ രുചി അറിഞ്ഞിട്ടും സരംഭക വഴിയിലേക്കു തന്നെ മടങ്ങിയെത്തി. പതിനൊന്നാമത്തെ വർഷത്തിൽ എത്തി നിൽക്കുകയാണ് റെസിടെക് ഇന്ന്. ലേഖ തന്‍റെ സംരംഭക ജീവതത്തെക്കുറിച്ച് പറയുന്നു.

സ്ത്രീകൾക്ക് എല്ലാ കാര്യങ്ങളേയും വ്യത്യസ്തമായ രീതിയിൽ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കും. സ്്ത്രീയെന്നും പുരുഷനെന്നും വ്യത്യാസപ്പെട്ട് കാണാതിരിക്കുക. അപ്പോൾ തന്നെ സ്ത്രീയെന്നും പുരുഷനെന്നും പേരിലുള്ള മത്സരങ്ങൾ കുറയും. പലപ്പോഴും സ്ത്രീകൾ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിൽ നിന്നും പിന്നോട്ടു പോകാറുണ്ട്. പക്ഷേ, അങ്ങനെ പിന്നോട്ടു മാറേണ്ട ഒരു കാര്യവുമില്ല. കാരണം എല്ലാ കാര്യങ്ങളും എല്ലാവർക്കും ചെയ്യാവുന്നതെയുള്ളു.എന്താണോ പാഷൻ അതു കണ്ടെത്തി ആ വഴിയെ മുന്നോട്ടു പോയെങ്കിൽ മാത്രമേ വിജയിക്കാൻ സാധിക്കു. ലേഖ ബാലചന്ദ്രൻ അഭിപ്രായപ്പെടുന്നു.

സുജാത മാധവ് ചന്ദ്രൻ

25 വർഷത്തിലധികം ഐടി മേഖലയിൽ പരിചയ സന്പത്തുള്ള വ്യക്തി. സുജാത മാധവ് ചന്ദ്രൻ. നിലവിൽ ടിസിഎസ് കൊച്ചിയുടെ അസറ്റ് ലിവറേജ്ഡ് സൊലൂഷൻസ്, അനലറ്റിക്സ് ആൻഡ് ഇൻസൈറ്റ്സ് യൂണിറ്റ് എന്നിവയുടെ ആഗോള മേധാവിയായി പ്രവർത്തിക്കുന്നു. ബിഗ് ഡേറ്റ മേഖലയിലാണ് സുജാതയും ടീമും പ്രവർത്തിക്കുന്നത്. ടിസിഎസിൽ നിരവധി സുപ്രധാന പദ്ധതികളിൽ പ്രധാനപ്പെട്ട ചുമതലകൾ സുജാത വഹിച്ചിട്ടുണ്ട്. ഡിജിറ്റൽ ടെക്നോളജി മേഖലിയലെ ഇന്നോവേഷൻസിനു പുറമേ മെന്‍ററിംഗിലും തന്‍റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട് സുജാത മാധവ് ചന്ദ്രൻ. സ്ത്രീകൾക്കും തന്‍റെ ജൂണിയർ സഹപ്രവർത്തകർക്കുമിടയിലാണ് സുജാതയുടെ മെന്‍ററിംഗ് പ്രവർത്തനങ്ങൾ കൂടുതലുള്ളത്.

1992 ലാണ് മുംബൈ ടിസിഎസിൽ സുജാത തന്‍റെ കരിയർ ആരംഭിക്കുന്നത്. പ്രോജക്റ്റ് മാനേജ്മെന്‍റ്, ക്വാളിറ്റി കണ്‍ട്രോൾ, ഓഡിറ്റ്, സെയിൽസ്,പ്രോഡക്റ്റ് മാർക്കറ്റിംഗ്, അക്കാദമിക് റിലേഷൻഷിപ് മാനേജ്മെന്‍റ് തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട മേഖലകളിലെല്ലാം സുജാത തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.


"ഇത് ഡിജിറ്റൽ വിസ്ഫോടനത്തിന്‍റെ കാലഘട്ടമാണ്. അതുകൊണ്ടു തന്നെ ഡിജിറ്റൽ ടെക്നോളജിക്ക് അനന്തമായ സാധ്യതകളാണുള്ളത്. നമ്മുടെ പേമെന്‍റ് സംവിധാനങ്ങൾ കുറഞ്ഞ കാലയളവു കൊണ്ടു തന്നെ ഡിജിറ്റൽ രീതികളെ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. ആഗോള തലത്തിൽ തന്നെ വലിയ മാറ്റങ്ങൾ വന്നിരിക്കുകയാണ്.

മാർക്കറ്റിംഗ് രംഗത്താണെങ്കിൽ കൂടി പ്രെഡിക്ടീവ് മാർക്കറ്റിംഗ് നിലവിൽ വന്നു കഴിഞ്ഞു. ഓരോരുത്തരെ ക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതും ഇന്നത്തെക്കാലത്ത് എളുപ്പമാണ്. കാരണം സോഷ്യൽ മീഡിയകൾ തുടങ്ങിയ സംവിധനങ്ങളിലൂടെ വ്യക്തിപരമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം പരസ്യമായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ടെക്നോളജിയെ അതിനനുസരിച്ച് രൂപപ്പെടുത്തുവാനും കഴിയുന്നു.

ഇമ്മേർസീവ് ടെക്നോളജിയുടെ കാലമാണിത്.പക്ഷേ, അപ്പോഴൊക്കെയും നിലനിൽക്കുന്ന ഒന്നുണ്ട്. ക്രിയേറ്റിവിറ്റി. ക്രിയേറ്റിവിറ്റിയിലാണ് ഭാവിയുടെ നിലനിൽപ്. അത് വ്യക്തികളായാലും സംരംഭങ്ങളായാലും ക്രിയേറ്റിവിറ്റി കൂടിയേതീരു. ലഭ്യമാകുന്ന ടെക്നോളജി ഉപയോഗിച്ച് ക്രിയേറ്റീവായ കാര്യങ്ങൾ ചെയ്യാൻ സാധിക്കണം. കാരണം അവർക്കു മാത്രമേ നിലനിൽപ്പുള്ളു - സുജാത അഭിപ്രായപ്പെടുന്നു.

വർഷ മേനോൻ
(കോ ഫൗണ്ടർ, ജംപ്ഫ്രോഗ് ആൻഡ് ഹെഡ് ഗ്രീൻപെപ്പർ ഡിജിറ്റൽ)

ആമസോണ്‍ കിൻഡ് ലെ, എഡബ്ല്യുഎസ്, ജിമെയിലിന്‍റെ ഗവേഷണ വികസന വിഭാഗം എന്നിവർക്കായുള്ള ടാലന്‍റ് ആന്‍റ് കണ്സൾട്ടിംഗ് സർവീസ് മേഖലയിൽ 10 വർഷത്തിലധികം അനുഭവ സന്പത്തുണ്ട് വർഷ മേനോന്. ഗ്രീൻ പെപ്പർ എന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കന്പനിയുടെ വീഡിയോ പ്രൊഡക്ഷൻ വിഭാഗമായ ജംപ് ഫ്രോഗിന്‍റെ സഹസ്ഥാപകയാണ് വർഷ. വർഷയുടെ മേൽനോട്ടത്തിൽ ജംപ്ഫ്രോഗ് നിലവിൽ അറുപതിലധികം വീഡിയോകൾ ലോകം മുഴുവനുമുള്ള വ്യത്യസ്ത ഉപഭോക്താക്കൾക്കായി ചെയ്തു നൽകിയിട്ടുണ്ട്. ആദ്യകാലത്തെ അനുഭവ സന്പത്തുവച്ച് ജംപ്ഫ്രോഗിനായി ഏറ്റവും മികച്ച ടീമിനെ തെരഞ്ഞെടുക്കാനും വർഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ഒരു ക്രിയേറ്റീവ് കമ്യൂണിറ്റിയെ നിർമിക്കുകയാണ് വർഷയുടെ ലക്ഷ്യം. 2014 ലാണ് ജംപ്ഫ്രോഗ് ആരംഭിക്കുന്നത്. അക്കാലത്ത് ഓണ്‍ലൈൻ മാർക്കറ്റിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവെയക്കുറിച്ച് വലിയ ധാരണകളൊന്നുമുണ്ടായിരുന്നില്ല. പല കന്പനികളുടെയും സിഇഒമാരും മറ്റും ഓണ്‍ലൈൻ മാർക്കറ്റിംഗ് അല്ലെങ്കിൽ ഡിജിറ്റൽ മാർക്കറ്റിന് വലിയ താൽപര്യങ്ങളും കാണിച്ചിരുന്നില്ല. എന്നാൽ ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഇന്ന് എല്ലാവരും തന്നെ ഡിജിറ്റൽ മാർക്കറ്റിംഗിലേക്ക് തിരിഞ്ഞിരിക്കുന്നു’’ വർഷ പറയുന്നു.
പലപ്പോഴും ഡിജിറ്റൽ ലോകത്ത് പ്രാഗത്ഭ്യം തെളിയിക്കാൻ അല്ലെങ്കിൽ അവിടെയുള്ള ജോലികൾ ചെയ്യാൻ സ്ത്രീകൾക്ക് കഴിയില്ല എന്നുള്ള ധാരണയാണുള്ളത്. പക്ഷേ, അത്തരമൊരു ധാരണയുടെ ആവശ്യമില്ല. താൽപര്യമുണ്ടെങ്കിൽ ഏതു മേഖലയിലും സ്ത്രീകൾക്ക് അവരുടേതായ വ്യക്തിമുദ്രപതിപ്പിച്ചു മുന്നേറാവുന്നതേയുള്ളു എന്ന അഭിപ്രായമാണ് വർഷയ്ക്കുള്ളത്.