ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ ചില തന്ത്രങ്ങള്‍
ഓഹരിയില്‍ നേട്ടമുണ്ടാക്കാന്‍ ചില തന്ത്രങ്ങള്‍
Monday, May 7, 2018 3:53 PM IST
ഓഹരി വിപണി ഉയരത്തിലാവുന്പോഴാണ് ചെറുകിടക്കാർ അഗ്രസീവാകുന്നത്. സെൻസെക്സ് 33,000 കടന്നപ്പോൾ എത്രയോപേരാണ് നിക്ഷേപിക്കാൻ ചാടി പുറപ്പെട്ടത്. 36,000 ആയപ്പോഴും വാങ്ങാൻ വൻതിരക്കായിരുന്നു. ഇപ്പോൾ ഓഹരികൾ ഇറങ്ങുകയാണ്. ഞാനിതെഴുതുന്പോൾ നിഫ്റ്റി 10,200ൽ എത്തിയിരിക്കുകയാണ്. ഒന്പതു ശതമാനത്തോളം ഇടിഞ്ഞുകഴിഞ്ഞു. മേൽപ്പറഞ്ഞ ലെവലുകളിൽ നിക്ഷേപിച്ചവർക്കൊക്കെ കൈപൊള്ളി. നിക്ഷേപത്തിന് ലാഭം കിട്ടേണ്ടതിനു പകരം നഷ്ടമുണ്ടായി.

രണ്ടുവർഷം മുന്പ് വളരെ കുറഞ്ഞ നിരക്കിൽ ( സെൻസെക്സ് 22,000 പോയിന്‍റ്) ഓഹരികളിൽ നിക്ഷേപിക്കാമായിരുന്നു. ഞാനടക്കം വിപണിയെ അറിയുന്നവരെല്ലാം വാങ്ങൂ, വാങ്ങൂ എന്ന് പറഞ്ഞുകൊണ്ടിരുന്നു. ഫലമുണ്ടായില്ല. മുപ്പതിനായിരം കടന്നപ്പോഴാണ് ആളുകൾ കണ്ണുതുറന്നത്. സെൻസെക്സ് 33,000 കടന്നപ്പോൾ നിക്ഷേപിക്കാൻ ധൃതികൂട്ടി. 36,000 ആയപ്പോഴും നിക്ഷേപകർ ധാരാളം ഓഹരികൾ കൊടുമുടി കയറുന്പോൾ വിൽക്കുകയാണ് വേണ്ടത്. ഇതു ഞാൻ മുൻപേ രണ്ടുമൂന്നുവട്ടം സൂചിപ്പിച്ചിരുന്നതാണ്.

2007-ൽ 9000-ത്തിലായിരുന്ന സെൻസെക്സ് 2008 അവസാനത്തോടെ 21,000-ത്തിലെത്തി. പതിനെട്ടു മാസത്തിനുള്ളിൽ 9000-ത്തിലേക്കു തിരിച്ചെത്തി. ഇത്തരം കയറ്റിറക്കങ്ങൾ ഉണ്ടാകാതിരിക്കില്ല. 2014ൽ 18,000ത്തിലായിരുന്ന സെൻസെക്സ് മോദി സർക്കാരിന്‍റെ വരവിനുശേഷമാണല്ലോ 36,000ത്തിലേക്ക് കുതിച്ചത്. ഇനി ഇറക്കത്തിന്‍റെ സമയമാണെന്ന് തോന്നുന്നു. ഇപ്രാവശ്യം കയറ്റം ദ്രുതഗതിയിൽ ആയിരുന്നില്ല. പക്ഷേ, ഇറക്കം പെട്ടെന്നാകും.
ഏഴെട്ട് വർഷങ്ങൾക്കുള്ളിൽ ഇത്തരം കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം. അതുകൊണ്ടാണ് എന്‍റെ ലേഖനങ്ങളിൽ (ഓഹരി കൊടുമുടികയറിക്കൊണ്ടിരുന്നപ്പോൾ) ഇപ്പോൾ നിക്ഷേപത്തിന് പറ്റിയ സമയമല്ല എന്നു സൂചിപ്പിച്ചിരുന്നത്. നിഫ്റ്റി ഇപ്പോൾ 10,000 റേഞ്ചിലാണ് വ്യാപാരം ചെയ്യുന്നത്. പക്ഷേ, എപ്പോൾ നിക്ഷേപം ആരംഭിക്കാം?

നിഫ്റ്റി 7000-8000 ലെവലിൽ എത്തിയാൽ നിക്ഷേപം തുടങ്ങാം

ഓഹരികൾ പല കാരണങ്ങൾകൊണ്ട് കുറയാനാണ് സാധ്യത. നമ്മുടെ വ്യാപാര കമ്മി കൂടുകയാണ്. എണ്ണയുടെ വില കൂടുകയാണ്. രൂപയുടെ വില താഴുകയും ചെയ്യുന്നു. പല കന്പനികളുടെയും പിഇ റേഷ്യോ ഉയർന്നാണ് ഇപ്പോഴും നിൽക്കുന്നത്. അതുകൊണ്ട് സാവകാശത്തിലാണെങ്കിലും (ഒന്നര വർഷംകൊണ്ട്) മുകളിലത്തെ നിലയിലേക്ക് വരാൻ സാധ്യതയുണ്ട്. അപ്പോൾ നിക്ഷേപിച്ചാൽ നല്ല രീതിയിലുള്ള ആദായം പ്രതീക്ഷിക്കാം.
ഇന്നത്തെ നിലയിലും പല ഓഹരികളും വിൽക്കാവുന്നതാണ്. ഓഹരി ഉയരുന്പോൾ വിൽക്കുക. താഴുന്പോൾ വാങ്ങുക. ചില സെക്ടറുകൾ ഇപ്പോൾതന്നെ താരതമ്യേന താഴ്ന്നാണ് നിൽക്കുന്നത്. ഉദാ: ബാങ്കിംഗ്, മെറ്റൽ, ഫാർമ സെക്ടറുകൾ. നിഫ്റ്റി താഴ്ന്നാൽ അവ ഇനിയും താഴാം. കാത്തിരുന്നു നോക്കുക.

ട്രേഡിംഗും ഇൻവെസ്റ്റ്മെന്‍റും

മാറിമാറി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണിവ. ഓഹരി വ്യാപാരവും നിക്ഷേപവും. ഇവ രണ്ടും തികച്ചും വ്യത്യസ്തമാണ്. ഒന്ന് ഉൗഹാപോഹത്തെ ആശ്രയിക്കുന്നു (ട്രേഡിംഗ്). രണ്ടാമത്തേത് ശാസ്ത്രീയ തത്വങ്ങളെയും (ഇൻവെസ്റ്റ്മെന്‍റ്). വിപണിയിൽ വ്യാപാരം ചെയ്യണോ നിക്ഷേപിക്കണോ എന്ന് ആദ്യം നിശ്ചയിക്കുക.

രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ സമയമുണ്ടെങ്കിൽ നഷ്ടസാധ്യത സഹിക്കാൻ തയാറാണെങ്കിൽ വ്യാപാരത്തിൽ ശ്രദ്ധിക്കാം. സമയമില്ലെങ്കിൽ ട്രേഡിംഗ് വേണ്ട. ട്രേഡിംഗിൽ പെട്ടെന്ന് തീരുമാനമെടുക്കാനും ഓരോ മിനിറ്റിലുമുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനും കഴിയണം. പൊതുവായി പറഞ്ഞാൽ ഓഹരി സൂചിക കയറുകയാണെങ്കിൽ വാങ്ങാം, താഴുകയാണെങ്കിൽ വിൽക്കാം. സ്റ്റോപ്പ് ലോസ് ഇടണം. രണ്ടര ശതമാനം ലാഭം വന്നാൽ കരാർ അവസാനിപ്പിക്കാൻ മടിക്കരുത്. ട്രേഡിംഗിനെക്കുറിച്ച് മുൻപേ വിശദമാക്കിയിട്ടുള്ളതാണല്ലോ.


ഫ്യൂച്ചറിലും ഓപ്ഷനിലും എങ്ങനെ വ്യാപാരം ചെയ്യണമെന്നും മുൻപ് വിവരിച്ചിട്ടുള്ളത് ഓർക്കുമല്ലോ.

ഹ്രസ്വകാല നിക്ഷേപം

കുറഞ്ഞകാലംകൊണ്ട് ലാഭം കൊയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണിത്. ഒരു മാസം മുതൽ ഒരുവർഷം വരെയുള്ള കാലാവധിക്കുള്ളിൽ ലാഭം പ്രതീക്ഷിക്കുന്നു. ഓഹരികളെക്കുറിച്ച് പഠിച്ചിട്ടുവേണം ഈ നിക്ഷേപരീതി ആരംഭിക്കുവാൻ. കന്പനിയുടെ മാനേജ്മെന്‍റ് നല്ലതാണോ, സ്ഥിരമായി ലാഭമുണ്ടാക്കുന്ന കന്പനിയാണോ, ഭാവി സാധ്യതയുണ്ടോ എന്നൊക്കെ പഠിച്ചിരിക്കണം.

പത്തു മുതൽ 90 ദിവസംവരെ കാലയളവിൽ ലാഭം പ്രതീക്ഷിച്ചുകൊണ്ട് നിക്ഷേപിക്കുന്നവരുമുണ്ടാകും. ഇങ്ങനെ ചെയ്യുന്പോൾ ഹ്രസ്വകാലംകൊണ്ട് നേട്ടം കൊയ്യാൻ സാധ്യതയുള്ള, ഇപ്പോൾ താഴ്ന്നുനിൽക്കുന്ന ഓഹരികൾ തെരഞ്ഞെടുക്കണം. ശരിയായി പഠിച്ച് നിരീക്ഷിച്ചുവേണം തീരുമാനമെടുക്കാൻ.

ദീർഘകാല നിക്ഷേപങ്ങൾ

5-10 വർഷക്കാലം നിക്ഷേപിക്കുവാൻ സന്നദ്ധമാണെങ്കിൽ ഈ മാർഗം അവലംബിക്കാം. ഹ്രസ്വകാല കയറ്റിറക്കങ്ങൾ അവഗണിച്ച് ഓഹരികളിൽ കൈവയ്ക്കുക. നല്ല കന്പനികൾ വേണം തെരഞ്ഞെടുക്കുവാൻ. മുൻപേ സൂചിപ്പിച്ചപോലെ സ്ഥിരമായി ലാഭം ഉണ്ടാക്കുന്ന, നല്ല മാനേജ്മെന്‍റുള്ള, ഭാവി സാധ്യതയുള്ള കന്പനികൾ കണ്ടുപിടിച്ച് നിക്ഷേപിക്കുക.

പോർട്ട്ഫോളിയോ

കൈവശമുള്ള തുക മൊത്തം ഒരു ഓഹരിയിലോ ഒരു സെക്ടറിലെഓഹരികളിലോ മാത്രമായി നിക്ഷേപിക്കരുത്. ഉദാഹരണത്തിന് മൊത്തം പണം എസ്ബിഐയിൽ നിക്ഷേപിക്കുന്നു. അല്ലെങ്കിൽ, എസ്ബിഐ, പി.എൻ.ബി, കാനറ ബാങ്ക് തുടങ്ങിയ പബ്ലിക് സെക്ടർ ബാങ്കുകളുടെ ഓഹരികളിൽ മാത്രം നിക്ഷേപിക്കുന്നു. ഇതു ശരിയല്ല. ബാങ്ക് ഓഹരികൾക്ക് ഇപ്പോൾ നല്ല ഭാവി കാണുന്നില്ല. സെക്ടർ താഴേക്കു വന്നാൽ ഭീമമായ നഷ്ടമുണ്ടാകും. പകരം, എസ്ബിഐയിലും ഇൻഫോസിസിലും ലുപിനിലും ഹിൻഡാൽകോയിലും നിക്ഷേപിക്കുന്പോൾ പണം നാലു സെക്ടറുകളിലെ ഓഹരികളിലാണ്. വിപണി താണിരിക്കുന്പോൾ വേണം നിക്ഷേപിക്കുവാൻ. കന്പനിയുടെ കഴിഞ്ഞ കുറേക്കാലത്തെ പ്രകടനം വിലയിരുത്തണം. ഭാവി സാധ്യതകൾ പഠിക്കണം. കടം കൂടുതലെടുത്തിട്ടുണ്ടോയെന്ന് നോക്കണം.

അനുകൂല / പ്രതികൂല വാർത്തകൾ ചെവിക്കൊള്ളണമെന്നില്ല. ഓഹരി നല്ലതും ഇപ്പോൾ കയറാൻ പറ്റിയ വിലയിലുമാണെങ്കിൽ നിക്ഷേപിക്കുക.

ഹ്രസ്വകാല നിക്ഷേപത്തിന് സ്വിംഗ് രീതി സ്വീകരിക്കുക

വ്യാപാരത്തിൽ സ്വിംഗ് ട്രേഡിംഗ് പരിഗണിക്കാം. ഫ്യൂച്ചേഴ്സിൽ ഈ രീതി വേണ്ട. അധികം റിസ്കില്ലാതെ ഹ്രസ്വകാല നിക്ഷേപത്തിനുള്ള മാർഗമാണിത്. ഓഹരി വാങ്ങാനും വിൽക്കാനും കുറച്ചുദിവസം മുതൽ കുറച്ചു ആഴ്ചവരെ സാധ്യമാക്കുന്ന രീതിയാണിത്. ഹ്രസ്വകാലത്തേക്കു കൈവശം വച്ച് നേട്ടമുണ്ടാക്കാം. ഇതിന്‍റെ വിശദാംശങ്ങൾക്ക് ബ്രോക്കറുമായി ബന്ധപ്പെടുക. അടിസ്ഥാനപരമായി നല്ല ഓഹരികളിൽ സ്വിംഗ് ട്രേഡ് ചെയ്യുന്നത് കുറഞ്ഞ റിസ്കിൽ ക്രമമായ ലാഭമുണ്ടാക്കാൻ ഉതകും.

വില കൂടുമെന്നോ കുറയുമെന്നോ കരുതി ഓഹരി വാങ്ങി / വിറ്റ് കുറച്ചു ദിവസം കഴിയുന്പോൾ കരാർ അവസാനിപ്പിച്ച് ലാഭമെടുക്കുന്നു. ചില ബ്രോക്കർമാർ 3, 4 ദിവസത്തേക്കു മാത്രമേ ഓഹരി കൈവശം വയ്ക്കാൻ സമ്മതിക്കൂ. പുതിയ വ്യവസായ നയം പ്രഖ്യാപനമോ, ഓഹരിയുടെ ഫല പ്രഖ്യാപന ദിവസമോ സ്വിംഗ് ട്രേഡ് നടത്താൻ പ്രേരിപ്പിക്കാറുണ്ട്.

പ്രൊ​ഫ.​പി.​എ വ​ർ​ഗീ​സ്
ഇ-​മെ​യി​ൽ: [email protected]
മൊബൈൽ: 9895471704