സൂക്ഷിക്കാം ചെക്ക് മടങ്ങാതെ
സൂക്ഷിക്കാം  ചെക്ക് മടങ്ങാതെ
Monday, July 16, 2018 5:57 PM IST
രാജുവിന് റിയൽ എസ്റ്റേറ്റ് ബിസിനസാണ്. ബിസിനസ് ആവശ്യങ്ങൾക്കെല്ലാമുള്ള പണം ചെക്കായാണ് രാജു നൽകുന്നത്. ഒരു സിമന്‍റ് കന്പനിക്ക് കൊടുക്കാനുള്ള 10 ലക്ഷം രൂപയുടെ ചെക്ക് രാജു നൽകി. അടുത്ത ദിവസം മറ്റൊരാൾ തരാനുള്ള പണം അക്കൗണ്ടിലേക്ക് എത്തുമെന്നുള്ള വിശ്വാസത്തിലാണ് രാജു ചെക്ക് നൽകിയത്. പണം വന്നോ എന്നു നോക്കാൻ രാജു മറന്നു. ചെക്ക് മടങ്ങിയതിന്‍റെ മെമോ വന്നപ്പോഴാണ് അക്കാര്യം ഓർക്കുന്നത്. സിമന്‍റ് കന്പനിക്കാരോട് ക്ഷമാപണമൊക്കെ നടത്തി പതിനഞ്ചു ദിവസത്തിനുള്ളിൽ ശരിയാകും എന്നു പറഞ്ഞു. പതിനഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും അവർ ചെക്കുമായി ബാങ്കിൽ പോയെങ്കിലും അപ്പോഴും പണമില്ലാത്തതിനാൽ ചെക്ക് മടങ്ങി. അതോടെ കന്പനി നിയമനടപടികളുമായി മുന്നോട്ടു പോയി. വലിയൊരു തുക പിഴയായി നൽകി തടവു ശിക്ഷയിൽ നിന്നും രാജു രക്ഷ നേടി.
പക്ഷേ, രാജുവിന്‍റെ ബിസിനസിനെ അത് വല്ലാതെ തളർത്തി. പലർക്കും ഇടപാടുകളിൽ വിശ്വാസ്യത കുറഞ്ഞു വന്നു. നിലവിലുണ്ടായിരുന്ന ഇടപാടുകാർ പോലും അതൊക്കെ ഒഴിവാക്കി. നഷ്ടപ്പെട്ട വിശ്വാസ്യത നേടിയെടുക്കാനുള്ള ശ്രമത്തിലാണ് രാജുവിന്ന്.
ഇങ്ങനെ പലരും വായ്പകളുടെ തിരിച്ചടവ്, ബിസിനസ് ആവശ്യങ്ങൾ തുടങ്ങിയവയെല്ലാം ചെക്ക് ഉപയോഗിച്ചാണ് ചെയ്യുന്നത്. സുരക്ഷിതമായ പേമെന്‍റ് ഓപ്ഷനായിട്ടാണ് പലരും ചെക്കിനെ കാണുന്നതും.

സൂക്ഷിച്ചാൽ ദുഖിക്കേണ്ട

ചെക്ക് എഴുതുന്നയാൾ ഡ്രോയർ, ആരുടെ പേരിലാണോ ചെക്ക് എഴുതുന്നത് അയാൾ പേയീ എന്നും ഏതു ബാങ്കാണോ പണം നൽകേണ്ടത് ആ ബാങ്ക് ഡ്രോയി എന്നും അറിയപ്പെടും.
ചെക്കുകൾ മടങ്ങുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ചെക്ക് പണമില്ലാതെ മടങ്ങുകയാണെങ്കിൽ ഡ്രോയീ ബാങ്ക് പേയീയുടെ ബാങ്കിന് ചെക്ക് റിട്ടേണ്‍ മെമോ നൽകും. പേയീയുടെ ബാങ്ക് മടങ്ങിയ ചെക്കും റിട്ടേണ്‍ മെമോയും പേയീക്ക് നൽകും.
മൂന്നുമാസത്തിനുള്ളിൽ ആ ചെക്കു തന്നെ മടങ്ങില്ല എന്നു വിശ്വാസമുണ്ടെങ്കിൽ വീണ്ടും നൽകാവുന്നതാണ്. എന്നാൽ വീണ്ടും പണം ഇല്ലാതെ ചെക്ക് മടങ്ങിയാൽ പേയീക്ക് നിയമപരമായി ഇതിനെ നേരിടാവുന്നതാണ്.

ഇൻവാർഡ് ചെക്ക് റിട്ടേണും ഒൗട്ട് വാർഡ് ചെക്ക് റിട്ടേണുമുണ്ട്. ആരെങ്കിലും നിങ്ങൾക്ക് ഒരു ചെക്ക് തന്നു എന്നിരിക്കട്ടെ. അത് നിങ്ങൾ ബാങ്കിൽ കൊടുത്തു പക്ഷേ, അത് പണമില്ലാത്തതിനാൽ മടങ്ങി. നിങ്ങൾ ചെക്ക് നൽകിയ ബാങ്കിനത് ഇൻവാർഡ് ചെക്കും നിങ്ങൾക്ക് ചെക്കു നൽകിയ ബാങ്കിനത് ഒൗട്ട് വാർഡ് ചെക്കുമാണ്.

നിയമപരമായ നടപടികൾ

1881 ലെ നെഗോഷിയബിൾ ഇൻസ്ട്രുമെന്‍റ്സ് ആക്ടാണ് ചെക്ക് റിട്ടേണിന് ബാധകമായിട്ടുള്ളത്. ചെക്ക് റിട്ടേണായാൽ ഈ ആക്ട്പ്രകാരമാണ് നിയമ നടപടികൾ സ്വീകരിക്കുന്നത്. ഈ ആക്ടിലെ 138 വിഭാഗം പ്രകാരം ചെക്ക് മടങ്ങുന്നത് ക്രമിനൽ കുറ്റമാണ്. രണ്ടു വർഷത്തെ തടവ് അല്ലെങ്കിൽ പിഴയാണ് ശിക്ഷ. 2007 ലെ പേമെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റം ആക്ട് വിഭാഗം 25ലും ഇതേ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നത്.


ശിക്ഷയും പിഴയും

നിശ്ചിത പേപ്പറിൽ സത്യവാങ് മൂലം സമർപ്പിക്കുന്നപരാതി സ്വീകരിക്കുന്ന കോടതി സമൻസ് പുറപ്പെടുവിക്കും. പരാതിയിൽ കുറ്റം കണ്ടെത്തിയാൽ ചെക്കിലെ തുകയുടെ രണ്ടിരട്ടിയോ അല്ലെങ്കിൽ രണ്ടു വർഷം തടവു ശിക്ഷയോ അതുമല്ലെങ്കലിൽ പിഴയും തടവുമോ വിധിക്കും. ബാങ്കിന് ഉപഭോക്താവിന്‍റെ ചെക്ക് ബുക്ക് സൗകര്യവും അക്കൗണ്ടുതന്നെയും ക്ലോസ് ചെയ്യാനുള്ള അധികാരമുണ്ട്. എന്നാൽ ഡ്രോയർ ചെക്ക് റിട്ടേണ്‍ മെമോ കിട്ടി 15 ദിവസത്തിനുള്ളിൽ ചെക്ക് നൽകി പണം ലഭിച്ചാൽ പേയിക്ക് പരാതി നൽകാൻ സാധിക്കില്ല.

ബാങ്ക് നൽകുന്ന പിഴ

അക്കൗണ്ടിൽ പണമില്ലാത്തതുകൊണ്ടോ, ചെക്കിലെ സിഗ്നേച്ചറിലുള്ള വ്യാത്യാസം കൊണ്ടോ ചെക്ക് റിട്ടേണായാൽ ഡ്രോയറും പേയിയും ബാങ്കിന് പിഴ നൽകേണ്ടതുണ്ട്. വായ്പയുടെ തിരിച്ചടവും മറ്റുമാണ് ഇങ്ങനെ മുടങ്ങുന്നതെങ്കിൽ താമസിച്ച് തിരിച്ചടവ് നടത്തിയതിന്‍റെ പിഴ കൂടി ഇതിനൊപ്പം നൽകേണ്ടി വരും. ചെക്ക് മടങ്ങുന്നതിനു ഈടാക്കുന്ന പിഴ ഓരോ ബാങ്കിനും വ്യത്യസ്തമായിരിക്കും.

സിബിൽ സ്കോറിനെ മോശമായി ബാധിക്കും

ഒരു തവണ ചെക്ക് റിട്ടേണായിട്ടുള്ളുവെങ്കിൽകൂടി അത് ഭാവിയിൽ വായ്പയെടുക്കുന്പോൾ നിങ്ങളുടെ സിബിൽ സ്കോറിനെ ബാധിക്കും. അതുകൊണ്ട് അക്കൗണ്ടിൽ പണമുണ്ടെന്നുറപ്പു വരുത്തിയതിനുശേഷം മാത്രം ചെക്ക് നൽകുക.

ഇസിഎസ്

ഇന്ന് ചെക്കുപോലെ തന്നെ എല്ലാവർക്കും സുപരിചിതമാണ് ഇസിഎസ്(ഇലക്ട്രോണിക് ക്ലിയറൻസ് സിസ്റ്റം). വായ്പ തിരിച്ചടവ് നടത്താനും ഇഎംഐയായി വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങിക്കുന്പോഴും ഇസിഎസാണ് പലരും ഉപയോഗിക്കുന്നത്. വായ്പ കാലയളവ് 12 മാസമാണെങ്കിൽ ഓരോ മാസവും ഇസിഎസായി പണം അക്കൗണ്ടിൽ നിന്നും വായ്പ തിരിച്ചടവിന് നൽകുന്ന ഒരു നിശ്ചിത തീയ്യതി സെറ്റ് ചെയ്യാം. അതിന് ബാങ്കുമായി ബന്ധപ്പെട്ടാൽ മതി.അഞ്ചാം തീയ്യതിയാണ് പണം പിൻവലിക്കുന്ന തീയ്യതിയെങ്കിൽ അഞ്ചാം തീയ്യതി വെളുപ്പിന് 12 മണി മുതൽ പണം അക്കൗണ്ടിൽ സൂക്ഷിക്കേണ്ടതാണ്. അഞ്ചാം തീയ്യതി രാവിലെ പണം അക്കൗണ്ടിൽ ലഭ്യമാക്കിയാലും ഇസിഎസ് സ്വീകരിക്കാതെ മടങ്ങും. ഇസിഎസ് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാലും ചെക്കു മടങ്ങുന്നതിനു തുല്യമായ ശിക്ഷയാണ് ലഭിക്കുന്നത്.

ഏതാനും ചില ബാങ്കുകളുടെ ചെക്ക് റിട്ടേണ്‍ ചാർജുകൾ

എസ്ബിഐ
പണമില്ലാത്തതിനാൽ ചെക്ക് മടങ്ങിയാൽ എല്ലാ ഉപഭോക്താക്കൾക്കും: 500 രൂപയും ജിഎസ്ടിയും(തുകയ്ക്കനുസരിച്ച്)
എന്തെങ്കിലും ടെക്നിക്കൽ പ്രശ്നങ്ങൾ മൂലം ചെക്ക് മടങ്ങിയാൽ: 150 രൂപയും ജിഎസ്ടിയും.
സൗത്ത് ഇന്ത്യൻ ബാങ്ക്
1000 രൂപയ്ക്ക് 4 രൂപ
ഐസിഐസിഐ ബാങ്ക്
350 രൂപ
ഫെഡറൽ ബാങ്ക്
100 രൂപ മുതൽ 800 രൂപവരെ
ആക്സിസ് ബാങ്ക്
500 രൂപ