രാജ്യമെങ്ങും തരംഗമായി റിലയൻസ് ജിയോ
രാജ്യമെങ്ങും തരംഗമായി റിലയൻസ് ജിയോ
Monday, August 29, 2016 4:03 AM IST
മുംബൈ: ഇന്റർനെറ്റ് ലോകത്തിനു പുതിയ മുഖം നല്കി റിലയൻസ് ജിയോ രാജ്യത്ത് പരക്കുകയാണ്. വൻ ഓഫറുകളും ഗുണനിലവാരമുള്ള സേവനവും നല്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചതു മുതൽ രാജ്യത്ത് അന്വേഷങ്ങളുടെ പെരുമഴയായിരുന്നു. റിലയൻസ് ജിയോ സിമ്മുകൾ ഇന്നലെ മുതൽ വിതരണംചെയ്തുതുടങ്ങി. റിലയൻസ് ഡിജിറ്റൽ, ഡിജിറ്റൽ എക്സ്പ്രസ്, ഡിജിറ്റൽ എക്സ്പ്രസ് മിനി സ്റ്റോർ, തെരഞ്ഞെടുക്കപ്പെട്ട മറ്റു സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഇന്നലെ മുതൽ ജിയോ സിം കാർഡുകൾ ലഭ്യമാണ്. ഇതേത്തുടർന്ന് ഈ സ്റ്റോറുകളുടെ മുന്നിൽ ആവശ്യക്കാരുടെ വൻ നിരയും പ്രകടമായിരുന്നു.

ലോകത്തിലെ ഏറ്റവും കുറഞ്ഞ കോൾ നിരത്ത് എന്ന ഖ്യാതിയോടെ വരുന്ന ജിയോ മറ്റു മൊബൈൽ ഓപ്പറേറ്റർമാർ നല്കുന്നതിലും താഴ്ന്ന നിരക്കിലാണ് ഡാറ്റാ സേവനവും ലഭ്യമാക്കുന്നത്. ഒരു ജിബി 4ജി/3ജി ഡാറ്റയ്ക്ക് പ്രതിമാസം 250 രൂപ എന്ന നിരക്കിലാണ് ജിയോ സേവനം ഉറപ്പാക്കുന്നത്. മൂന്നു മാസം അൺലിമിറ്റഡ് കോളിംഗ് സൗകര്യമാണ് ജിയോ ഓരോ കണക്ഷനിലും നല്കുന്നത്. മൂന്നു മാസം അൺലിമിറ്റഡ് ഡാറ്റാ എടുത്തു പറയാവുന്ന പ്രധാന സവിശേഷതയാണ്.


ജിയോ നെറ്റ്വർക്ക് ടെസ്റ്റ് റണ്ണിലാണിപ്പോൾ. സിം സൗജന്യമായി നല്കുന്നതിനാൽ രാജ്യത്തെ എല്ലാ സ്റ്റോറുകളിലും വൻ ജനക്കൂട്ടം പ്രകടമായിരുന്നു. സിം സൗജന്യമാണെങ്കിലും ഉപയോക്‌താക്കൾ തങ്ങളുടെ തിരിച്ചറിയൽ രേഖകൾ നല്കണം.

വാണിജ്യാവതരണത്തിനു ശേഷമായിരിക്കും ഇന്റർനെറ്റ് നിരക്കുകൾ പ്രാബല്യത്തിലാക്കുക. അതുവരെ ഉപയോക്‌താക്കൾക്ക് സൗജന്യമായി കോളിംഗ്, ഡാറ്റാ സൗകര്യങ്ങൾ ലഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു.