കണ്ണു പരിശോധിക്കാൻ ഐക്യൂ
കണ്ണു പരിശോധിക്കാൻ ഐക്യൂ
Saturday, January 14, 2017 4:27 AM IST
ഐക്യു എന്ന വാക്ക് സാധാരണ ബുദ്ധിയുമായി ബന്ധപ്പെട്ടാണ് ഇതുവരെ കേട്ടു പരിചയമുള്ളത്. ഇപ്പോളിതാ കണ്ണു പരിശോധിക്കാൻ ഐക്യൂ എന്ന പേരിൽ യന്ത്രം എത്തിയിരിക്കുന്നു. ഇനി കാഴ്ചശക്‌തി വിലയിരുത്താൻ ഡോക്ടറെ കാണേണ്ടിവരില്ല എന്നാണ് ഈ സാങ്കേതികവിദ്യ പറയുന്നത്. സൂക്ഷ്മത (കാഴ്ചയുടെയല്ല, പരിശോധനയുടെ) എത്രയുണ്ടെന്ന് വ്യക്‌തമല്ലെങ്കിലും ഐക്യൂ അമേരിക്കയിൽ പണിതുടങ്ങിക്കഴിഞ്ഞു.

സ്മാർട്ട്ഫോണിന്റെ സ്ക്രീനിൽ ഉറപ്പിക്കാവുന്ന ഐക്യൂ മിനിസ്കോപ്പും മൈഐക്യൂ എന്ന ആപ്പും ഉണ്ടെങ്കിൽ കണ്ണുപരിശോധനയ്ക്ക് ഇനി നേത്രരോഗ വിദഗ്ധനെ കാണേണ്ടതില്ല. മൈഐക്യൂ ആപ്പ് സൗജന്യമായി ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേയിലും ലഭ്യമാണ്. ഇത് ഇൻസ്റ്റാൾ ചെയ്ത് മിനിസ്കോപ്പിലൂടെ നോക്കിയാൽ കാഴ്ചശക്‌തിയെക്കുറിച്ചുള്ള വിവരങ്ങളും, ഏതു പവറുള്ള കണ്ണട ധരിക്കണമെന്ന നിർദേശവും ഏതാണ്ട് അപ്പോൾത്തന്നെ ഫോണിൽ ലഭിക്കും.


നേത്രരോഗ വിദഗ്ധർ കണ്ണട നിർദേശിക്കാൻ സ്വീകരിക്കുന്ന അതേ മാർഗങ്ങളിലൂടെയാണ് ഐക്യൂവും പ്രവർത്തിക്കുന്നത്. കണ്ണടയും ഓൺലൈനിലൂടെ ലഭ്യമാകുമെന്നതിനാൽ ഇക്കാര്യങ്ങൾക്കൊന്നും വീട്ടിൽനിന്ന് പുറത്തിറങ്ങേണ്ട. ഇനി അതല്ല, കണ്ണു ഡോക്ടറുമായി നിങ്ങളുടെ കാഴ്ചശക്‌തി സംബന്ധിച്ച വിവരങ്ങൾ പങ്കുവയ്ക്കണമെന്നുണ്ടെങ്കിൽ അതിനും ആപ്പിൽ സൗകര്യമുണ്ടാകും.

നിലവിൽ ഐക്യൂ മിനിസ്കോപ്പ് അമേരിക്കയിൽ മാത്രമേ ലഭിക്കൂ. അധികം താമസിയാതെ നമ്മുടെ നാട്ടിലേക്കും ഈ വിദ്യ എത്തുമെന്ന് പ്രതീക്ഷിക്കാം.
–എച്ച്