അണ്‍ലിമിറ്റഡ് യുദ്ധം
അണ്‍ലിമിറ്റഡ്  യുദ്ധം
Thursday, March 9, 2017 5:18 AM IST
മൊബൈൽ ഡാറ്റയാണ് ഇപ്പോഴത്തെ താരം. ഇന്നുവരെ കാണാത്ത വിലയ്ക്ക് ഡാറ്റ നൽകുന്ന ജിയോ പ്രൈം പ്ലാനുമായി മുകേഷ് അംബാനി എത്തിയതോടെ എതിരാളികൾക്കും സമാനമായ പ്ലാനുകൾ അവതരിപ്പിക്കാതെ രക്ഷയില്ല എന്ന അവസ്ഥയായി. എന്തായാലും വരിക്കാരന് മുടക്കുന്ന പൈസ മുതലാകുമെന്നുറപ്പ്. റിലയൻസ് ജിയോ, എയർടെൽ, വോഡഫോണ്‍, ഐഡിയ എന്നിവരുടെ ബണ്ടിൽഡ് ഡാറ്റാ പ്ലാനുകൾ എങ്ങനെയൊക്കെ എന്നു നോക്കാം.

ജിയോ പ്രൈം+ 303 റീചാർജ് പായ്ക്ക്

ജിയോ കണക്ഷനുകൾക്ക് ആദ്യമായി ചാർജ് ഈടാക്കിത്തുടങ്ങുകയാണ്. 99 രൂപയുടെ ജിയോ പ്രൈം സബ്സ്ക്രിപ്ഷൻ എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. 303 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പായ്ക്കിന് പ്രൈം കസ്റ്റമേഴ്സിന് 28 ദിവസത്തേക്ക് 28 ജിബി 4ജി ഡാറ്റ ലഭിക്കും. ദിവസവും 1 ജിബി 4ജി ഡാറ്റയും അണ്‍ലിമിറ്റഡ് കോളുകളും. പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ബില്ലിംഗ് സൈക്കിളിൽ 30 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് ലഭിക്കുക.

ദിവസേന 1 ജിബി ഡാറ്റ തികയില്ല എന്നുള്ളവർക്ക് 499 രൂപയുടെ ജിയോ പ്രൈം റീചാർജ് പായ്ക്ക് തെരഞ്ഞെടുക്കാം. പ്രതിദിനം 2 ജിബി ഡാറ്റ എന്ന കണക്കിൽ 56 ജിബിയാണ് ഇതിലൂടെ ലഭിക്കുക. പോസ്റ്റ്പെയ്ഡുകാർക്ക് ബില്ലിംഗ് സൈക്കിളിൽ 60 ജിബി ഡാറ്റ ലഭിക്കും. പരമാവധി ഉപയോഗം പ്രതിദിനം 2 ജിബിതന്നെ.

വോഡഫോണ്‍ 346 റീചാർജ് പായ്ക്ക്

ജിയോ പ്രൈമിനു സമാനമായ റീചാർജ് പായ്ക്ക് വോഡഫോണ്‍ പരിമിത കാലത്തേക്കായി അവതരിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ. 346 രൂപയുടെ റീചാർജ് പായ്ക്ക് എടുക്കുന്ന വരിക്കാർക്ക് 28 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ കോളുകളും ലഭിക്കും. പ്രതിദിനം 1 ജിബി ഡാറ്റതന്നെയാണ് പരിധി. അതിനു മുകളിൽ ഉപയോഗിക്കുന്ന ഡാറ്റയ്ക്ക് പണം നൽകേണ്ടിവരും. വരിക്കാരുടെ വ്യത്യസ്തമായ ആവശ്യങ്ങൾക്കനുസരിച്ചാണ് പുതിയ പദ്ധതികൾ പ്രഖ്യാപിക്കുന്നതെന്ന് വോഡഫോണ്‍ പറയുന്നു. ഈ ഓഫർ മാർച്ച് 15 വരെ മാത്രമായിരിക്കുമെന്നാണ് സൂചന.


നിബന്ധനകളോടെ എയർടെൽ

സമാനമായ പ്ലാനുമായാണ് എയർടെലിൻറെ വരവ്. പക്ഷേ, ഏതാനും നിബന്ധനകളുണ്ടാവും. 345 രൂപയാണ് റീചാർജ് പായ്ക്കിൻറെ നിരക്ക്. 28 ദിവസത്തേക്ക് 28 ജിബി ഹൈ-സ്പീഡ് ഡാറ്റ പ്രതിദിനം 1ജിബി കണക്കിൽ ഉപയോഗിക്കാം. എന്നാൽ പകൽസമയത്ത് 500 എംബി മാത്രമേ ഉപയോഗിക്കാനാകൂ. ബാക്കി പകുതി അർധരാത്രിക്കും രാവിലെ ആറുമണിക്കും ഇടയ്ക്കുള്ള സമയത്തേക്കുള്ളതാണ്.

ഈ നിയന്ത്രണം പറ്റാത്തവർക്ക് 549 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കാം. ഈ രണ്ടു പ്ലാനുകളിലും കോളുകൾ ഫ്രീയാണ്. എന്നാൽ നിശ്ചിത 1200 മിനിറ്റുകൾക്കു കൂടുതൽ വിളിക്കേണ്ടിവരുന്നവർ മിനിറ്റിന് 30 പൈസ നിരക്കിൽ ചാർജ് നൽകേണ്ടിവരും. ദിവസേന 300 മിനിറ്റ് എന്ന വിളി നിയന്ത്രണവുമുണ്ട്. അതിൽക്കൂടുതൽ വിളിച്ചാലും മിനിറ്റിന് 30 പൈസ നൽകണം. ആഴ്ചയിൽ 100 യൂസർമാർക്കു മുകളിൽ വിളിച്ചാലും ഇതേ നിരക്കിൽ അധിക തുക ഈടാക്കും.

പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഈ മാസം 13 മുതൽ സൗജന്യ ഡാറ്റ നൽകുമെന്നും സൂചനയുണ്ട്. എന്നാൽ എത്ര ഡാറ്റ നൽകുമെന്നോ, അതിന് നിയന്ത്രണങ്ങൾ ബാധകമാണോ എന്നോ ഒൗദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വരിക്കാർക്ക് മൈഎയർടെൽ എന്ന ആപ്പ് വഴി ഡാറ്റ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാനാകും.

ഐഡിയ 14 ജിബി, 348 രൂപ

അണ്‍ലിമിറ്റഡ് ഫ്രീ കോളുകളും 500 എംബി ഹൈ-സ്പീഡ് ഡാറ്റയുമായി 348 രൂപയുടെ റീചാർജ് പായ്ക്കാണ് ഐഡിയ സെല്ലുലാർ അവതരിപ്പിക്കുന്നത്. 4ജി ഹാൻഡ്സെറ്റ് ഉള്ളവർക്കുമാത്രമേ ഈ ഓഫർ ഉപയോഗപ്പെടുത്താനാകൂ. എന്നാൽ 4ജി എനേബിൾഡ് സിം ആവശ്യമില്ല. ഈ ഓഫർ ഓപ്പണ്‍ മാർക്കറ്റിൽ ലഭ്യവുമല്ല. കുറഞ്ഞ ഡാറ്റ ഉപയോഗമുള്ള വരിക്കാർക്ക് ഐഡിയ എക്സിക്യുട്ടീവുമാർ വഴിയാണ് ഓഫർ നൽകുന്നത്. മൈഐഡിയ ആപ്പിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കും.

(പ്ലാനുകളും നിരക്കുകളും അതതു വെബ്സൈറ്റുകളിൽനിന്ന്. മാറ്റങ്ങൾക്കു വിധേയം).