ആഗ്രഹിക്കാം, ആസ്പയറിനെ
ആഗ്രഹിക്കാം, ആസ്പയറിനെ
Monday, September 26, 2016 3:31 AM IST
ആസ്പയർ– ആഗ്രഹിക്കുക എന്നാണ് ഈ വാക്കിന്റെ അർഥം. ഇതുതന്നെയാവാം ഫോർഡ് തങ്ങളുടെ സെഡാൻ മോഡലിന് ആ പേരു നല്കിയതിലൂടെ ഉദ്ദേശിച്ചതും. ആരും സ്വന്തമാക്കാൻ ആഗ്രഹിച്ചുപോകുന്ന വശ്യസൗന്ദര്യം. അതാണ് ആസ്പയർ. സമാനതകളില്ലാത്ത ഡിസൈനിംഗ്, സ്റ്റൈലിഷ് ആകുന്നതിലെ മികവ്, സാങ്കേതിക തികവ് ഈ മൂന്ന് ഗുണങ്ങളാണ് ഫോർഡ് എന്ന അമേരിക്കൻ വാഹനനിർമാതാക്കകൾക്ക് ഇന്ത്യയിൽ ശക്‌തമായ വേരോട്ടമുണ്ടാക്കാൻ കാരണം. ഒരേ സെഗ്മെന്റിലുള്ള കാറുകൾ ഇറങ്ങുമ്പോൾ മറ്റു കാറുകളുമായി എന്തെങ്കിലും സാമ്യമുണ്ടാവുക സാധാരണമാണ്. എന്നാൽ, ഈ പതിവ് ഫോർഡ് സ്വീകരിച്ചിട്ടില്ല. വിരലിൽ എണ്ണാവുന്ന മോഡലുകളേ ഫോർഡ് ഇന്ത്യൻ നിരത്തിൽ ഇറക്കിയിട്ടുള്ളൂ. പക്ഷേ, ഇറങ്ങിയ മോഡലുകളത്രയും നൂറുമേനി വിജയമാണ് സ്വന്തമാക്കിയത്.

സാധാരണ ഒരേ ശ്രേണിയിലുള്ള കാറുകൾപോലെ നിലവിലുള്ള ഹാച്ച്ബാക്കിനെ സെഡാൻ ആക്കുന്നതിനു പകരം പുതിയ രൂപത്തിലാണ് ആസ്പയർ നിരത്തിലെത്തിയത്. സ്വിഫ്റ്റ് ഡിസയർ, ഹോണ്ട അമേസ്, ടാറ്റ സെസ്റ്റ് എന്നീ മോഡലുകൾക്ക് കനത്ത വെല്ലുവിളി സമ്മാനിച്ചാണ് ആസ്പയറിന്റെ വരവ്.

രൂപം: ഗ്രില്ലിന്റെ രൂപകല്പനയിൽ തന്നെ വിദേശ ഛായയാണ് ആസ്പയറിനുള്ളത്. ക്രോമിൽ തീർത്ത സ്ട്രിപ്പുകളുള്ള വലിയ ഗ്രില്ലുകളും ലോഗോയുടെ സ്‌ഥാനം ഗ്രില്ലിൽനിന്നു മാറി ബോണറ്റിൽ നല്കിയിരിക്കുന്നതുമാണ് ആസ്പയറിന്റെ മുഖം ആകർഷകമാക്കുന്നത്. ബമ്പറിലും ബോഡിയിലുമായി സ്‌ഥാനമുറപ്പിച്ചിരിക്കുന്ന വലിയ ഹെഡ്ലാമ്പുകൾ ആസ്പയറിന്റെ അഴകിന് മുതൽക്കൂട്ടാണ്. ബമ്പറിൽ താഴെയായി വളരെ സുരക്ഷിതമായാണ് ഫോഗ് ലാമ്പുകളുടെ സ്‌ഥാനം. ഇങ്ങനെ ഏതൊരു കാറിനെയും ആകർഷകമാക്കുന്ന എല്ലാ സവിശേഷതകളും സമന്വയിപ്പിച്ച വാഹനമാണ് ആസ്പയർ.

മൾട്ടികളർ ഫിനീഷിംഗ് നല്കിയിട്ടുള്ള റിയർ വ്യൂ മിറർ, ബോഡി ടോൺ ഡോർ ഹാൻഡിൽ, ബ്ലാക്ക് ഫിനീഷിംഗ് ബി പില്ലർ എന്നിവയ്ക്കു പുറമെ ക്രോം ഫിനീഷിംഗിൽ തീർത്ത ബോഡി സൈഡ് പ്രൊട്ടക്ഷൻ മോൾഡിംഗും വശങ്ങൾക്ക് പ്രത്യേക ഭംഗി നല്കുന്നുണ്ട്.

വലുപ്പം: നാലു മീറ്റർ സെഡാൻ കാറ്റഗറിയിലെ ഏറ്റവും ഉയർന്ന 3,995 എംഎം നീളവും 1,695 എംഎം വീതിയും 1,525 എംഎം ഉയരവും, ഒപ്പം 14 ഇഞ്ച് അലോയ് വീലിൽ 174 എംഎം എന്ന ഉയർന്ന ഗ്രൗണ്ട് ക്ലീയറൻസും.

ഉൾവശം: ആഡംബര ഭാവമാണ് ഉൾഭാഗത്തെ മുഖ്യ ആകർഷണം. മൾട്ടി ടോൺ ഡാഷ്ബോർഡും ഫാബ്രിക് സീറ്റുകളും, ഫാബ്രിക് ഫിനീഷിംഗ് ഡോർ പാനലും ചേർന്നാണ് ഇന്റീരിയറിന് ആഡംബര പ്രൗഢി സമ്മാനിച്ചിരിക്കുന്നത്. ഉൾവശത്തെ റിയർവ്യു മിററിൽ ജിപിഎസ്, റിവേഴ്സ് കാമറ സ്ക്രീനും നല്കിയിരിക്കുന്നു.

സെന്റർ കൺസോൾ: ഫോർഡിന്റെ കോംപാക്ട് എസ്യുവി മോഡലായ ഇക്കോ സ്പോർട്ടിന്റേതിനു സമാനമായ സെന്റർ കൺസോളാണ് ആസ്പയറിലുമുള്ളത്. ഫോർഡിന്റെ തന്നെ മൈ ഫോർഡ് സ്റ്റീരിയോ സിസ്റ്റമാണ് സെന്റർ കൺസോളിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഘടകം. റേഡിയോ, സിഡി, ഓക്സിലറി, യുഎസ്ബി തുടങ്ങിയ ഡിവൈസുകളുടെ സഹായത്തോടെയും സിങ്ക്, ആപ്പ് ലിങ്ക് സംവിധാനങ്ങളുമാണ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ നല്കിയിരിക്കുന്നത്.


ക്ലൈമറ്റ് കൺട്രോൾ: ക്ലൈമറ്റ് കൺട്രോൾ യൂണിറ്റിലും ഇക്കോസ്പോർട്ടിനോട് സമാനത പുലർത്തുന്നുണ്ട്. എന്നാൽ, ചില മോഡലുകളിൽ സെമി ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളാണുള്ളത്.

ഫോൺ, മ്യൂസിക് സിസ്റ്റം എന്നിവ നിയന്ത്രിക്കാനുള്ള സൗകര്യം മാത്രം നല്കി വളരെ ലളിതമായി രൂപകല്പന ചെയ്ത സ്റ്റീയറിംഗ് വീലാണ് ആസ്പയറിന്റേത്.

മീറ്റർ കൺസോൾ: സ്പീഡ്, ആർപിഎം, ഫ്യൂവൽ എന്നിങ്ങനെ മൂന്ന് അനലോഗ് മീറ്ററും സ്പീഡ് മീറ്ററിന് താഴെയായി വളരെ ചെറിയ ഒരു ഡിജിറ്റൽ മീറ്ററും നല്കിയാണ് മീറ്റർ കൺസോൾ മനോഹരമാക്കിയിരിക്കുന്നത്.

സ്പേസ്: സാധാരണ സെഡാൻ മോഡലുകളെക്കാൾ വിശാലമായ പിൻസീറ്റുകളാണ് ആസ്പയറിൽ ഉള്ളത്. മൂന്നു പേർക്ക് വിശാലമായി ഇരിക്കാവുന്ന പിൻസീറ്റും ഇതിനു യോജിക്കുന്ന ലെഗ് സ്പേസും നല്കിയിരിക്കുന്നതിനൊപ്പം 359 ലിറ്റർ എന്ന ഉയർന്ന ബൂട്ട് സ്പേസും ആസ്പയറിന്റെ അംഗീകാരം വർധിപ്പിക്കുന്നു.

എൻജിൻ: പെട്രോൾ, ഡീസൽ എൻജിനുകളിൽ മാന്വൽ ഗിയർ ബോക്സ് നല്കിയിട്ടുണ്ടെങ്കിലും ഓട്ടോമാറ്റിക് ഗിയർബോക്സ് പെട്രോൾ എൻജിനിൽ മാത്രമേ നല്കുന്നുള്ളൂ. 1.2 ലിറ്റർ ടിഐ–വിസിടി പെട്രോൾ എൻജിൻ 1196 സിസിയിൽ 112 എൻഎം ടോർക്ക് 88 പിഎസ് പവറും, 1498 സിസി 1.5 ലിറ്റർ ടിഡിസിഐ ഡീസൽ എൻജിൻ 215 എൻഎം ടോർക്ക് 100 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. ഓട്ടോമാറ്റിക് ഗിയർബോക്സ് 1499 സിസിയിൽ 1.5 ലിറ്റർ ടിഐ–വിസിടി പെട്രോൾ എൻജിൻ ഓട്ടോമാറ്റിക് മോഡൽ 145 എൻഎം ടോർക്കിൽ 112 പിഎസ് പവറും പ്രൊഡ്യൂസ് ചെയ്യുന്നു.

സുരക്ഷ: സുരക്ഷാ സംവിധാനം ശക്‌തമാണ്. എബിഎസ്, ഇബിഡി എന്നിവയ്ക്കു പുറമെ മുൻവശത്ത് രണ്ട് എയർബാഗ്, ത്രീ പോയിന്റ് സീറ്റ് ബെൽറ്റ്, ഓട്ടോമാറ്റിക് ലോക്ക്, കീ ലെസ് എൻട്രി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ആസ്പയറിന്റെ പുതുമയാണ്.

മൈലേജ്: ഡീസൽ മോഡലുകൾക്ക് 22.4 കിലോമീറ്ററും പെട്രോൾ മോഡലുകൾക്ക് 14.68 കിലോമീറ്റർ മൈലേജുമാണ് കമ്പനി അവകാശപ്പെടുന്നത്.

വില: ഡീസലിന് 7.38 ലക്ഷം രൂപ മുതൽ 9.10 ലക്ഷം രൂപ വരെ. പെട്രോളിന് 6.13 ലക്ഷം രൂപ മുതൽ 7.86 ലക്ഷം രൂപ വരെ. (കോട്ടയത്തെ ഓൺ റോഡ് വില.) ടെസ്റ്റ് ഡ്രൈവ്: കൈരളി ഫോർഡ് കോട്ടയം. ഫോൺ: 7034030729.

–അജിത് ടോം