ഷാസി, ഇന്റീരിയർ ഡിസൈൻ, ഫീച്ചറുകൾ, സുരക്ഷാ സംവിധാനങ്ങൾ, ട്രാൻസ്മിഷൻ തുടങ്ങി എല്ലാവിധത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് ഹോണ്ട ഇത്തവണ അമേസിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച വിപണിയിൽ അവതരിപ്പിക്കുന്ന ഓൾ ന്യൂ ഹോണ്ട അമേസിന്റെ എൻജിനു മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഇന്ധനക്ഷമത, ഡ്രൈവിംഗ് സുഖം എന്നിവ കൂടുതൽ ഉയർത്തിയിട്ടുണ്ട്.
ഏതാനും വർഷങ്ങളായി മറ്റു വാഹനനിർമാതാക്കളിൽനിന്നും വലിയ വെല്ലുവിളിയാണ് ഹോണ്ട നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രധാനമായും മാരുതി സുസുകി ഡിസയറിന്റെ കുതിപ്പ് ചെറുതല്ലാത്ത തരത്തിൽ ഹോണ്ടയെ തളർത്തുകയും ചെയ്തു. ഇതാണ് ഓൾ ന്യൂ ഹോണ്ട അമേസിന്റെ പിറവിക്കു പിന്നിലെ ഒരു കാരണം. ഒരു മികച്ച ഉത്പന്നം എന്ന രീതിയിൽ മാത്രമല്ല മികച്ച ഉടമസ്ഥാനുഭവംകൂടി നല്‍കിയാണ് പുതിയ അമേസിനെ ഹോണ്ട അവതരിപ്പിച്ചിരിക്കുന്നത്.
ആകർഷണം തുളുന്പുന്ന ഡിസൈൻ
പുറംമോടിയിൽത്തന്നെ പ്രീമിയം വാഹനങ്ങളോടു കിടപിടിക്കുംവിധത്തിൽത്തന്നെയാണ് ഹോണ്ട അമേസിനെ വാർത്തെടുത്തിരിക്കുന്നത്. അല്പം വലിയ വാഹനം വാങ്ങാൻ താത്പര്യപ്പെടുന്നവരെ ആകർഷിക്കാൻ അമേസിനു കഴിയും. നീളമുള്ള ബോണറ്റ്, ഹോണ്ടയുടെ സ്വന്തം സോളിഡ് വിംഗ് ഫേസ് ഗ്രിൽ, വീതിയേറിയ ഹെഡ് ലാന്പുകൾ തുടങ്ങിയവ വാഹനത്തിന് പ്രൗഢി നല്‍കുന്നുണ്ട്. ഹെഡ് ലാന്പുകൾക്ക് എൽഇഡി ഗൈഡ് ലാന്പുകൾ നല്‍കിയിട്ടുണ്ടെങ്കിലും പ്രൊജക്ടർ ഹെഡ് ലാന്പുകൾ ഒരു വേരിയന്റിലും നല്‍കിയിട്ടില്ല.
ആകെമൊത്തമുള്ള ഡിസൈനിൽ സിവിക്, അക്കോർഡ് മോഡലുകളുമായി സാമ്യമുണ്ട്. ബൂട്ട് ലിഡിലേക്കു നീണ്ടുകിടക്കുന്ന ടെയിൽ ലാന്പുകൾ, അല്പം പുറത്തേക്കു തള്ളിനിൽക്കുന്ന ബൂട്ട് ലിപ്, സ്റ്റൈലിഷ് ബന്പർ തുടങ്ങിയവ വാഹനത്തിനു സൗന്ദര്യം നല്കുന്നു. 2018 ഓട്ടോ എക്സ്പോയിൽ ക്രോം ബാർ ഉൾപ്പെടുത്തിയായിരുന്നു ഹോണ്ട പുതിയ അമേസിനെ അവതരിപ്പിച്ചിരുന്നത്. എന്നാൽ, നിരത്തിലെത്തുന്പോൾ ക്രോം ബാർ ഓപ്ഷണലാണ്. അധിക സൗന്ദര്യവത്കരണ ചേരുവകൾ ഇല്ലാതെതന്നെ വാഹനത്തിന് സൗന്ദര്യമുള്ളതുകൊണ്ടുതന്നെയാണ് ഈ മാറ്റം.
മികച്ച കാബിൻ
തൊട്ടു മുന്പിറങ്ങിയ ഫേസ് ലിഫ്റ്റ് വേർഷനിൽനിന്നൊക്കെ വലിയ മാറ്റങ്ങൾ ഇന്റീരിയറിലുണ്ട്. ഡുവൽ ടോണ്‍ ഡാഷ്ബോർഡിനു മുകളിൽ സിആർവി/സിവിക് മോഡലുകളിലേതുപോലെ എസി വെന്റുകൾ നല്കിയിരിക്കുന്നു. ഹോണ്ടയുടെതന്നെ വലിയ കാറുകൾക്കുള്ള രൂപത്തിൽ സ്റ്റിയറിംഗ് വീൽ, രണ്ട് അനലോഗ് മീറ്ററുകൾക്കൊപ്പമുള്ള വലിയ ഡ്രൈവർ ഇൻഫർമേഷൻ സ്ക്രീൻ എന്നിവയും പ്രത്യേകതകളാണ്.
ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്, ടിൽറ്റ് അഡ്ജസ്റ്റബിളിനൊപ്പം ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, ഹൈറ്റ് അഡ്ജസ്റ്റബിൾ സീറ്റ് ബെൽറ്റുകൾ എന്നിവ പ്രധാന ഫീച്ചറുകൾ.
വലിയ ടയറുകൾ
മുൻഗാമിയിൽ 14 ഇഞ്ച് ടയറുകളായിരുന്നു നല്കിയിരുന്നതെങ്കിൽ ഓൾ ന്യൂ അമേസിൽ 15 ഇഞ്ച് അലോയ് ആയി ഉയർത്തിയിട്ടുണ്ട്.
അഞ്ചു നിറങ്ങൾ
റേഡിയന്റ് റെഡ്, ഗോൾഡൻ ബ്രൗണ്‍, വൈറ്റ് ഓർക്കിഡ് പേൾ, ലൂണാർ സിൽവർ, മോഡേണ്‍ സ്റ്റീൽ.
എൻജിൻ
മുൻ മോഡലുകളേപ്പോലെതന്നെ രണ്ട് എൻജിൻ ഓപ്ഷനുകൾ. 1.2 ലിറ്റർ 4 സിലിണ്ടർ നാച്വറലി ആസ്പിറേറ്റഡ് ഐ-വിടെക് പെട്രോൾ എൻജിനും 1.5 ലിറ്റർ 4 സിലിണ്ടർ ടർബോ ചാർജ്ഡ് ഐ-ഡിടെക് ഡീസൽ എൻജിനും. ട്രാൻസ്മിഷൻ അഞ്ച് സ്പീഡ് മാന്വൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക്.
ടെക്നോളജി
മുൻ ഡോറുകൾക്ക് സ്മാർട്ട് കീലെസ് എൻട്രി സിസ്റ്റം, പ്രസ് ബട്ടണ്‍ സ്റ്റാർട്ട്/സ്റ്റോപ്, സ്റ്റിയറിംഗ് വീലിൽ ടെലിഫോണി/മൾട്ടി മീഡിയ കണ്ട്രോൾ, രണ്ടാം തലമുറ ഡിജിപാഡ് എവിഎൻ സിസ്റ്റം (ടച്ച് സ്ക്രീൻ, ഇൻബിൽറ്റ് നാവിഗേഷൻ, ഓക്സിലറി/യുഎസ്ബി/ബ്ലൂടൂത്ത് കണക്ടിവിറ്റി, ആൻഡ്രോയ്ഡ് ഓട്ടോ/ആപ്പിൾ കാർപ്ലേ ആപ് കണക്ടിവിറ്റി), നാലു സ്പീക്കറുകൾ, റിവേഴ്സ് കാമറ.
സുരക്ഷ
എബിഎസ്, ഇബിഡി, ഡുവൽ ഫ്രണ്ട് എയർബാഗുകൾ, ഐസോഫിക്സ് ആങ്കർ പോയിന്റുകൾ.
വില
ഏകദേശം 5.5 - 9 ലക്ഷം രൂപ.
ഓട്ടോസ്പോട്ട്/ഐബി