ഫോക്സ്വാഗൺ തട്ടിപ്പ്: അമേരിക്കയിലെ ഒത്തുതീർപ്പിന് ഒരു ലക്ഷം കോടി രൂപ
ഫോക്സ്വാഗൺ തട്ടിപ്പ്: അമേരിക്കയിലെ ഒത്തുതീർപ്പിന് ഒരു ലക്ഷം കോടി രൂപ
Thursday, June 30, 2016 4:48 AM IST
വാഷിംഗ്ടൺ: ഫോക്സ്വാഗൺ അമേരിക്കയിൽ വിറ്റ അഞ്ചു ലക്ഷം ഡീസൽ വാഹനങ്ങളുടെ ഉടമകൾക്കു നഷ്‌ടപരിഹാരം നല്കുന്നതിൽ തീരുമാനമായി. പുകപരിശോധനയിൽ തട്ടിപ്പു നടത്തിയ സോഫ്റ്റ്വെയർ ഘടിപ്പിച്ച കേസിലാണ് തീരുമാനം. മൊത്തം 1,500 കോടി ഡോളറാണ് (ഒരു ലക്ഷം കോടി രൂപ) ഫോക്സ്വാഗണിന് നല്കേണ്ടിവരുക. 4.75 ലക്ഷം ആളുകൾക്ക് വാഹനം റിപ്പയർ ചെയ്യാനോ മാറ്റി വാങ്ങാനോ ആണ് 1000 കോടി ഡോളർ നീക്കിവച്ചിരിക്കുന്നത്. ഇതനുസരിച്ച് 2009–15ൽ അമേരിക്കയിൽ വിറ്റഴിച്ച 2.0 ലിറ്റർ ഡീസൽ ഫോക്സ്വാഗൺ കാറുകളുടെ ഉടമകൾക്ക് 5,100 മുതൽ 10,000 ഡോളർ വരെ നഷ്‌ടപരിഹാരമായി ലഭിക്കും. 2015ലെ സെപ്റ്റംബറിലെ വാഹനത്തിന്റെ വിലയെയും കാലപ്പഴക്കത്തെയും ആധാരമാക്കിയാണ് തുക നിശ്ചയിക്കുന്നത്. മാസങ്ങളായി സോഫ്റ്റ്വെയർ മാറ്റി വാഹനങ്ങൾ നന്നാക്കുന്ന ശ്രമത്തിലാണ് കമ്പനി.

പരിസ്‌ഥിതി മലിനീകരണത്തിനെതിരേ പ്രവർത്തിക്കാൻ 270 കോടി ഡോളറും സീറോ എമിഷൻ വാഹനങ്ങൾ നിർമിക്കുന്നതിനായി 200 കോടി ഡോളറും സർക്കാരിനും കമ്പനി നല്കണം. ഇനിയും ക്രിമിനൽ കേസുകളും ശതകോടികളുടെ പിഴയും ഫോക്സ്വാഗൺ നേരിടേണ്ടിവരും. 3.0 ലിറ്റർ ഡീസൽ വാഹനങ്ങൾക്കുള്ള നഷ്‌ടപരിഹാരത്തിനായി വക്കീലന്മാർ ശ്രമിക്കുന്നുണ്ട്. ഈ വിഭാഗത്തിൽ 80,000 കാറുകളാണുള്ളത്.


ലോകം കണ്ടതിൽ ഏറ്റവും വലിയ വാഹനവ്യവസായ തട്ടിപ്പാണ് ഫോക്സ്വാഗൺ നടത്തിയതെന്നാണ് വിലയിരുത്തൽ. അമേരിക്ക കണ്ടതിൽ വാഹനവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ഒത്തുതീർപ്പുമാണിത്. വാഹനത്തിൽ പുകപരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ പ്രത്യേക സോഫ്റ്റ്വെയർ ഘടിപ്പിച്ചതുവഴി അമേരിക്കയിൽ അനുവദനീയമായ മലിനീകരണത്തോത്തിന്റെ 40 മടങ്ങ് അധികമാണ് ഫോക്സ്വാഗൺ കാറുകൾ പുറംതള്ളിയിരുന്നത്.

തട്ടിപ്പ് പുറത്തായതിനെത്തുടർന്ന് ഫോക്സ്വാഗണിന്റെ ഓഹരിമൂല്യത്തിൽ 19 ശതമാനം ഇടിവുണ്ടായിരുന്നു.