കുഞ്ഞുണ്ണി എസ്. കുമാർ
കുഞ്ഞുണ്ണി എസ്. കുമാർ
Thursday, June 30, 2016 4:49 AM IST
<യ> കാമറ സ്ലോട്ട്

നവ മലയാള സിനിമയുടെ ചുക്കാൻ പിടിക്കാൻ മികച്ച സംവിധായകർ എത്തിയപ്പോൾ ഒപ്പം കാഴ്ചയിൽ വസന്തം തീർക്കുന്ന പുതുതലമുറയിലെ ഛായാഗ്രാഹകരും സജീവമായി. കുറഞ്ഞ കാലയളവിനുള്ളിൽ ഇവരൊക്കെ മുഖ്യധാരാ സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു. ഈ നിരയിൽപ്പെട്ട യുവഛായാഗ്രഹകരിൽ ശ്രദ്ധേയനാണു കുഞ്ഞുണ്ണി എസ്. കുമാർ. നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനായ എസ്. കുമാറിന്റെ പുത്രനാണ് ഇദ്ദേഹം.

പ്രമുഖ സംവിധായകനായ രഞ്ജിത്തിനൊപ്പം ഒരു ചിത്രം ചെയ്യുക, അതും മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ. ഏതൊരു ഛായാഗ്രാഹകനെയും മോഹിപ്പിക്കുന്ന ഇത്തരമൊരു ഭാഗ്യം കരിയറിന്റെ തുടക്കകാലത്തുതന്നെ ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്നു കുഞ്ഞുണ്ണി കരുതുന്നു. ലോഹം എന്ന ഈ ചിത്രത്തിലൂടെ കുഞ്ഞുണ്ണി എസ്. കുമാർ മലയാളത്തിലെ പ്രഗല്ഭരായ യുവ ഛായാഗ്രാഹകന്മാർക്കൊപ്പം സ്‌ഥാനംപിടിക്കുകയും ചെയ്തു.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ പഠനത്തിനുശേഷം പിതാവിനൊപ്പം ചേർന്നാണു കുഞ്ഞുണ്ണി ഛായാഗ്രഹണ കലയിൽ പ്രാവീണ്യം നേടിയത്. ബിജിത് ബാല സംവിധാനം ചെയ്ത നെല്ലിക്ക എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറി. ഈ കോമഡി– റോമാന്റിക് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടയിലാണ് ലോഹത്തിന്റെ കാമറാമാനായി താൻ തെരഞ്ഞെടുക്കപ്പെട്ട വിവരം കുഞ്ഞുണ്ണി അറിയുന്നത്. തിരക്കഥാകൃത്തും നടനുമായ ശങ്കർ രാമകൃഷ്ണനാണ് കുഞ്ഞുണ്ണിയെ ഈ വിവരം അറിയിച്ചത്. ഇദ്ദേഹത്തിന്റെ നിർദേശപ്രകാരം സംവിധായകൻ രഞ്ജിത്തിനെ കണ്ട് ലോഹത്തിന്റെ കാമറാമാനാകാനുള്ള ക്ഷണം സ്വീകരിച്ചു. എങ്കിലും സിനിമയെക്കുറിച്ചോ ചിത്രീകരണരീതിയെക്കുറിച്ചോ ഒന്നും രഞ്ജിത് വിശദമാക്കിയില്ല. പിന്നീട് സ്ക്രിപ്റ്റ് വിശദീകരിച്ച അവസരത്തിലാണ് ഗിമ്മിക്സുകൾ നിറഞ്ഞ ഫ്രെയിമുകൾ ഒഴിവാക്കി തന്മയത്വത്തോടെയുള്ള ചിത്രീകരണമാണ് തന്റെ ചിത്രത്തിനുവേണ്ടതെന്നു രഞ്ജിത് ആവശ്യപ്പെട്ടത്.


രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിൽ മുൻപ് കുഞ്ഞുണ്ണി പ്രവർത്തിച്ചിരുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹകനായിരുന്ന പിതാവ് എസ്. കുമാറിന്റെ അസോസിയേറ്റായിരുന്നു കുഞ്ഞുണ്ണി. ഇങ്ങനെ രഞ്ജിത്തിനെ മുൻപ് അടുത്തറിയാമായിരുന്നതുകൊണ്ട് പുതിയ ചിത്രത്തിൽ അദ്ദേഹവുമായി ഏറെ സഹകരിച്ചു പ്രവർത്തിക്കാനായെന്നും കുഞ്ഞുണ്ണി ഓർമിക്കുന്നു. കൊച്ചി, കോഴിക്കോട്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരിച്ച ലോഹത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് ആൻഡ്രിയ ജെറമിയ ആണ്. സിദ്ധിഖും പ്രധാനവേഷത്തിലുണ്ട്. ചിത്രത്തിന്റെ സംവിധായകനും പ്രധാന താരങ്ങളുമെല്ലാം സീനിയേഴ്സ്. കുഞ്ഞുണ്ണിയെപ്പോലുള്ള ഒരു ചെറുപ്പക്കാരന് ഭയവും ആശങ്കയും സ്വഭാവികം. എങ്കിലും, വിഷമമെന്നു കരുതിയവയൊക്കെ പോസിറ്റീവാക്കി മാറ്റാനാണു കുഞ്ഞുണ്ണി ശ്രമിച്ചത്. അങ്ങനെ തന്റെ ജോലിയിൽ കൂടുതൽ ജാഗ്രത പുലർത്താനും തെറ്റുകൾ പരമാവധി ഒഴിവാക്കാനും ഇദ്ദേഹത്തിനു സാധിച്ചു.

നവാഗത സംവിധായകനായ ഋഷി ശിവകുമാർ ഒരുക്കിയ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിലൂടെ കുഞ്ഞുണ്ണി ഏറെ പ്രശംസ നേടി. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ ശ്യാമിലിയാണ് നായിക. വർണാഭമായ രംഗങ്ങൾകൊണ്ട് നയനമനോഹരമാക്കിയ ഈ ചിത്രത്തിലൂടെ ഇദ്ദേഹം, തന്റെ പിതാവ് എസ്. കുമാറിന്റെ കാമറാ ശൈലി പ്രേക്ഷകരെ അനുസ്മരിപ്പിച്ചു.

പഴമയോടും പുതുമയോടും ഒരുപോലെ മത്സരിച്ചു ജയിക്കേണ്ടതുണ്ട് പുതിയ സിനിമാട്ടോഗ്രാഫർമാർക്ക്. യുവത്വത്തെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം പഴയ ശൈലി ഇഷ്ടപ്പെടുന്നവരെയും കണക്കിലെടുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും ദൃശ്യഭാഷയുടെ മികവിലേക്ക് മലയാള സിനിമയെ എത്തിക്കാൻ കുഞ്ഞുണ്ണിയെപ്പോലുള്ള നവ ഛായാഗ്രാഹകരുടെ പങ്ക് ഏറെ വലുതായിരിക്കും. തിരുവനന്തപുരത്തു താമസമാക്കിയിരിക്കുന്ന കുഞ്ഞുണ്ണിയുടെ ഭാര്യ അഞ്ജലി വി. നായരാണ്.

തയാറാക്കിയത്: <യ> സാലു ആന്റണി