സ്ത്രീസുരക്ഷ ഇനിയും വിദൂരമോ?
സ്ത്രീസുരക്ഷ ഇനിയും വിദൂരമോ?
Thursday, June 30, 2016 4:51 AM IST
പെരുമ്പാവൂരിനടുത്തു കുറുപ്പംപടി വട്ടോളിപ്പടിയിൽ കനാൽ പുറമ്പോക്കു ഭൂമിയിലെ ഒറ്റമുറിവീട്ടിൽ ജിഷ എന്ന ദളിത് നിയമവിദ്യാർഥിനി ദാരുണമായി കൊലചെയ്യപ്പെട്ട സംഭവത്തിന്റെ നടുക്കത്തിലാണ് രാജ്യമിപ്പോൾ. സ്ത്രീയെ ദേവിയായി കണ്ട് ആരാധിച്ചിരുന്ന ആർഷഭാരത സംസ്കാരത്തിന് കളങ്കം ചാർത്തിയ സംഭവമാണ് ജിഷയുടെ കൊലപാതകം. അടച്ചുറപ്പില്ലാത്ത വീടിന്റെ നാലുചുവരുകൾക്കുള്ളിലാണ് കാമഭ്രാന്തൻ(ന്മാർ) അവളുടെ ശരീരം പിച്ചിച്ചീന്തിയത്. വീടിനുള്ളിൽ താൻ സുരക്ഷിതയാണെന്ന് അവൾ കരുതി. അവസാനനിമിഷം ജിഷ അനുഭവിച്ച ശാരീരികവേദനയുടെ ആഴം ഒരു സ്ത്രീക്കു മാത്രമേ ഉൾക്കൊള്ളാനാവൂ. ജിഷയുടെ കൊലപാതകം നടന്ന് മൂന്നാഴ്ചയ്ക്കു ശേഷവും പ്രതിയെ കണ്ടെത്താനോ പ്രതിയുടെ ഉദ്ദേശ്യം എന്താണെന്നറിയാനോ പോലീസിനു കഴിഞ്ഞിട്ടില്ല. പീഡനങ്ങൾക്ക് ഇരകളായവർക്കും ഇനി ഇരകളാകേണ്ടി വരുമോയെന്ന ഭീതിയോടെ കഴിയുന്നവർക്കും സമൂഹത്തോട് ചോദിക്കാനുള്ള ഒരു ചോദ്യമുണ്ട് –‘‘സ്ത്രീ സുരക്ഷ വിദൂരമോ?’’. സുരക്ഷയ്ക്കായി സ്ത്രീകൾ ഇനി എവിടെ അഭയം തേടണം.

<യ>ജിഷ; വേദനയിലും പുഞ്ചിരിച്ചവൾ

ഇല്ലായ്മകളും അവഗണനയും ഏറെ ഏറ്റുവാങ്ങിയാണ് അമ്മയും മകളും പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്നത്. 25 വർഷം മുമ്പ് അച്ഛൻ ഉപേക്ഷിച്ചു പോയി. പിന്നെ മക്കളെ പോറ്റാനായി ജിഷയുടെ അമ്മയായ രാജേശ്വരിയമ്മ ഏറെ കഷ്ടപ്പെട്ടു. മൂത്തമകൾ ദീപയുടെ ദാമ്പത്യം തകർന്നപ്പോഴും അവർക്ക് പ്രതീക്ഷ ജിഷയിലായിരുന്നു. മകളെ പഠിപ്പിച്ചു വക്കീലാക്കണം. 16–ാം വയസിൽ മൂത്തമകൾ ഒരാൾക്കൊപ്പം പോയപ്പോൾ, കോടതിമുറിയിൽ വച്ച് ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിലാണ് തനിക്ക് മകളെ നഷ്ടപ്പെട്ടതെന്ന ദുഃഖം ആ അമ്മയുടെ മനസിൽ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ ജിഷയെ വക്കീലാക്കി നിരാലംബർക്കായി സഹായം നൽകണമെന്ന് അവർ ഏറെ ആഗ്രഹിച്ചു. ഇല്ലായ്മകൾക്കിടയിലും പഠിക്കാൻ മിടുക്കിയായിരുന്നു ജിഷ. തന്റെ ഇല്ലായ്മകൾ ആരെയും അറിയിക്കാതെ അവൾ പഠിച്ചു. പലപ്പോഴും പട്ടിണിയായിരുന്നു കൂട്ട്. എൽഎൽബി കഴിഞ്ഞാൽ അഭിഭാഷകയായി സ്വന്തം കാലിൽ നിന്ന് കുടുംബം പോറ്റാമെന്ന് ആ പെൺകുട്ടി ആഗ്രഹിച്ചു. തനിക്കും മകൾക്കും സമൂഹത്തിൽ നിന്ന് പലവിധത്തിൽ ഭീഷണിയുണ്ടെന്നു കാണിച്ച് പലപ്പോഴും അവർ പോലീസിൽ പരാതി നൽകി. പ്രായപൂർത്തിയായ മകളെ കാമഭ്രാന്തന്മാരിൽ നിന്നു സുരക്ഷിതയാക്കി വയ്ക്കാൻ ശ്രമിച്ച അവരെ പലരും മാനസികരോഗിയെന്നു മുദ്ര കുത്തി. പരിസരവാസികൾ വീട്ടിലേക്കു നോക്കി മൂളിപ്പാട്ടു പാടുമ്പോഴും അശ്ലീലം പറയുമ്പോഴുമൊക്കെ അർധരാത്രിയിൽ വീടിനു ചുറ്റും കാൽപെരുമാറ്റം കേൾക്കുമ്പോഴും ആ അമ്മ വല്ലാതെ ക്ഷോഭിച്ചു. തനിക്ക് ഈ മകളെയെങ്കിലും നഷ്ടമാകരുതെന്ന ഒരമ്മയുടെ ഭയമായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്. പക്ഷേ അന്ന് ആ വ്യാഴാഴ്ച അമ്മയുടെയും മകളുടെയും പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞ് ആ കൊലയാളി എത്തി.

2016 ഏപ്രിൽ 28

കുറ്റിക്കാട്ടുപറമ്പിൽ രാജേശ്വരിയുടെ മകൾ ജിഷ (30) കൊല ചെയ്യപ്പെടുന്നതിനു രണ്ടുദിവസം മുൻപാണ് വീട്ടിലെത്തിയത്. എൽഎൽബി പരീക്ഷയിൽ ഒരു വിഷയം തോറ്റതിനാൽ എറണാകുളത്ത് ഒരു അഭിഭാഷകന്റെ അടുത്ത് ജോലി ചെയ്യുകയും അവിടെ ഹോസ്റ്റലിൽ താമസിക്കുകയുമായിരുന്നു. ഇടയ്ക്കു വീട്ടുജോലികൾക്കു പോയാണു രാജേശ്വരി കുടുംബം പുലർത്തിയിരുന്നത്. സംഭവദിവസം ജോലി കഴിഞ്ഞ് രാത്രി എട്ടോടെ വീട്ടിലെത്തിയപ്പോഴാണ് മകൾ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയിൽ കിടക്കുന്നത് ആ അമ്മ കണ്ടത്. അവർ അലറി വിളിച്ചിട്ടും ആദ്യം പരിസരവാസികൾ തിരിഞ്ഞു നോക്കിയില്ല. ജിഷയുടെ നിലവിളി കേട്ടുവെന്നു പറയുന്ന പരിസരവാസികളായ സ്ത്രീകൾ, തനിച്ചു താമസിക്കുന്ന സ്ത്രീയെന്ന പരിഗണന നൽകി ഒന്നു നോക്കിയിരുന്നെങ്കിൽ, സംഭവത്തിനുശേഷം പോലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ ജിഷയുടെ ഘാതകൻ ഇന്നും കാണാമറയത്തുനിൽക്കില്ലായിരുന്നു.

38 മുറിവുകളാണ് ജിഷയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകൾ കണ്ടെത്തിയിരുന്നു. ഗുഹ്യഭാഗത്ത് ഇരുമ്പുദണ്ഡ് കൊണ്ട് ആക്രമിച്ചതായും വൻകുടൽ പുറത്തുവന്നതായും റിപ്പോർട്ടിലുണ്ട്. ആണി പറിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുദണ്ഡുകൊണ്ടു തലയ്ക്കു പിന്നിലും മുഖത്തും മാരകമായി അടിയേറ്റിട്ടുണ്ട്. അടിയുടെ ആഘാതത്തിൽ മൂക്കു തകർന്നു. ഷാൾ ഉപയോഗിച്ചു മുറുക്കിയശേഷം കഴുത്തിൽ കത്തി ഉപയോഗിച്ചു കുത്തിയിട്ടുണ്ട്. ഇത്രയും ക്രൂരമായ സംഭവം നടന്നിട്ട് നാലഞ്ചു ദിവസത്തിനുശേഷമാണ് പുറംലോകത്ത് ചർച്ചാവിഷയമായത്. പ്രദേശത്തെ രാഷ്ട്രീയ പ്രതിനിധികൾപോലും സംഭവമറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നുള്ളത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ആദ്യപരിശോധനയിൽ കൊലപാതകമാണെന്നു പോലീസ് സ്‌ഥിരീകരിച്ചിരുന്നുവെങ്കിൽ അന്വേഷണത്തിൽ കാണിച്ച അലംഭാവം പ്രതിയെ കണ്ടുകിട്ടുന്നതിൽ വിഘാതം സൃഷ്ടിച്ചിരിക്കുകയാണ്.

സംഭവം നടന്നു ദിവസങ്ങളോളം ജിഷയുടെ ശരീരത്തിലുണ്ടായ മറ്റു പീഡനങ്ങളെക്കുറിച്ചു പോലീസ് അന്വേഷിച്ചില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനു ശേഷമാണു കൊലപാതകത്തിനു മുമ്പ് ക്രൂരമായ പീഡനം നടന്നതിന്റെ വിവരങ്ങൾ പുറത്തുവന്നത്. പോലീസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയെന്ന് ദേശീയ വനിത കമ്മീഷൻ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെടുകയുമുണ്ടായി. പ്രദേശവാസികളുടെ വിരലടയാളം എടുത്ത പോലീസ് ഇപ്പോൾ പല്ലുകളുടെ പരിശോധനയിലാണ്. ജിഷയുടെ മുതുകിലേറ്റ കടിയുടെ അടയാളത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മുതുകിൽ മുൻനിരയിലെ വിടവുള്ള പല്ലുകളുടെ അടയാളം ഉണ്ടെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകളെത്തുടർന്നു നാട്ടുകാരെക്കൊണ്ട് ആപ്പിൾ കടിപ്പിച്ചാണ് പല്ലു പരിശോധന നടത്തുന്നത്. നിരവധിപ്പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്.

ദളിതർക്കും ഏകസ്‌ഥ വനിതകൾക്കുമൊക്കെ സഹായമുണ്ടെന്നു പറയുന്ന ജനപ്രതിനിധികൾ ജിഷയുടെ കുടുംബത്തിന്റെ അവസ്‌ഥ മനഃപൂർവം കണ്ടില്ലെന്നു നടിച്ചു. തങ്ങൾ നേരിടുന്ന ഭീഷണിയെക്കുറിച്ചും ദുരിതാവസ്‌ഥയെക്കുറിച്ചും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരോടു പലതവണ പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന രാജേശ്വരിയമ്മയുടെ നിലവിളി കേട്ടില്ലെന്നു നടിക്കാനാവില്ല.

<യ>കണ്ണീർമുത്തായി ജ്യോതി സിംഗ്

2012 ഡിസംബർ 16–ന് ദക്ഷിണ ഡൽഹിയിലെ മുനിർകയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനകത്ത് ആറു പേർചേർന്നു ക്രൂരമായി പീഡിപ്പിച്ചു പുറത്തേക്കു വലിച്ചെറിഞ്ഞ ഇരുപത്തിമൂന്നുകാരി ജ്യോതി സിംഗ് എന്ന നിർഭയയെ ഭാരതം മറക്കില്ല. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പാരാമെഡിക്കൽ കോഴ്സിനു പഠിച്ചിരുന്ന ജ്യോതി ഡൽഹിയിൽ ഇന്റേൺഷിപ്പിനായി എത്തിയതായിരുന്നു. മൂനീർക്കയിൽ നിന്ന് വൈറ്റ് ലൈൻ ബസിൽ ദ്വാരകയിലേക്ക് എൻജിനിയറായ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു ഇവർ. വിദ്യാർഥിനിയെ ശല്യം ചെയ്തവരെ സുഹൃത്ത് താക്കീതു ചെയ്തതോടെയാണ് പ്രശ്നത്തിനു തുടക്കം. ബസിനുള്ളിൽ നാൽപതു മിനിറ്റോളമാണ് പെൺകുട്ടിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. നെഞ്ചിലും വയറ്റിലും സാരമായി പരിക്കേറ്റ പെൺകുട്ടിയെ ഡൽഹി സഫ്ദർജങ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി സിങ്കപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിലേക്ക് മാറ്റി. *മരണം മുന്നിലുണ്ടെന്ന് അറിഞ്ഞിട്ടും ആ പെൺകുട്ടി എങ്ങനെയെങ്കിലും തന്നെ രക്ഷിക്കണം, തനിക്ക് ജീവിക്കണം എന്നൊക്കെതന്നെയാണ് ഡോക്ടർമാരോട് ആവശ്യപ്പെട്ടത്. ആ പെൺകുട്ടിയുടെ ജീവൻ തിരിച്ചുകിട്ടുന്നതിനായി ഇന്ത്യ ഒട്ടാകെ പ്രാർഥനയുമായി കാത്തിരുന്നെങ്കിലും 29–ന് അവൾ മരണത്തിന് കീഴടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കുറ്റവാളികളിൽ ഒരാൾക്ക് പ്രായപൂർത്തിയായില്ലെന്നു പറഞ്ഞ് നിയമം ഇളവു നൽകി. പിന്നെ ഈ രാജ്യത്ത് എങ്ങനെ കുറ്റവാളി ഉണ്ടാവാതിരിക്കും?

വനിതാ ശാക്‌തീകരണവും സ്ത്രീസുരക്ഷയും ലക്ഷ്യമാക്കി ദേശീയ സ്ത്രീനയത്തിന്റെ കരടുരൂപം കേന്ദ്രം പുറത്തുവിട്ടിരിക്കുന്നു. അതിലൂടെയെങ്കിലും സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...


ഈ ഗതി ഇനി ഉണ്ടാവരുതേ

സൗമ്യ, നിർഭയ ഇപ്പോൾ ജിഷ... സ്ത്രീകൾക്കു നേരെയുള്ള ക്രൂരത ഒടുങ്ങുന്നില്ല. നീതിക്കുവേണ്ടി മുറവിളി കൂട്ടുന്നവരുടെ എഴുത്തുകൾ ഫേസ്ബുക്കിലും വാട്സ്ആപ്പിലും നിറയുമ്പോഴും ഇരയ്ക്ക് നീതി ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. പെൺശരീരം ക്രൂരമായി കീറി മുറിക്കാൻ തക്കവണ്ണം ആൺമനസ് അധഃപതിച്ചതിനു പിന്നിൽ ആരാണ് ഉത്തരവാദി. കുട്ടിക്കാലം മുതൽ മക്കൾക്ക്, ആണിനും പെണ്ണിനും രണ്ടു രീതി, രണ്ടു നീതി എന്നു വളർത്തിയ നാമും ഉത്തരവാദിയല്ലേ? ആണിന്റെ ആഗ്രഹം പൂർത്തിയാക്കാനുള്ള ഒരു വസ്തുമാത്രമായി പെണ്ണ്. ആണിനെപ്പോലുള്ള മനസും ശരീരവുമാണ് അവൾക്കും ഉള്ളത്. ആണിനു വേദനിക്കുന്നതുപോലെ തന്നെയാണ് പെണ്ണിന്റെ വേദനയും. അങ്ങോട്ടു പോകരുതെന്ന് പെൺമക്കളോടു പറയുന്ന സമൂഹം, പെണ്ണെന്നാൽ സുഖം തീർക്കാനുള്ള വസ്തുവല്ലെന്ന് ആൺമക്കളെ പറഞ്ഞു മനസിലാക്കി വളർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗില30്യമ2.ഷുഴ മഹശഴി=ഹലളേ>

<യ>വിവിധ മേഖലകളിലുള്ളവരുടെ വാക്കുകളിലൂടെ...

സമൂഹ മനഃസാക്ഷി ഉണരും

കെ.സി റോസക്കുട്ടി
വനിതാ കമ്മീഷൻ അധ്യക്ഷ

സ്ത്രീസുരക്ഷ നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും സ്ത്രീകൾ വേട്ടയാടപ്പെടേണ്ടവരാണെന്ന ധാരണ സമൂഹത്തിൽ ചിലർക്കെങ്കിലും ഉണ്ട്. സ്ത്രീകൾക്കു നേരെ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങൾ അതുതന്നെയാണ് സൂചിപ്പിക്കുന്നത്. വീടിനുള്ളിൽ പോലും സ്ത്രീ സുരക്ഷിതയല്ലെന്ന് ജിഷ സംഭവം സൂചിപ്പിക്കുന്നു. ഇത്തരത്തിൽ പുറത്തുവരാത്ത എത്രയോ കേസുകളുണ്ടാവാം. സ്ത്രീയുടെ വേഷവിധാനമാണ് പീഡനത്തിനു പ്രേരിപ്പിക്കുന്നതെന്ന് വാദിക്കുന്നവരുണ്ട്. പക്ഷേ മുലകുടി മാറാത്ത കുഞ്ഞുങ്ങളും വൃദ്ധകളും ഇവിടെ പീഡനത്തിന് ഇരകളാകുന്നു. ആളുകളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകണം. അതിനായി സമൂഹം ഒന്നിച്ചു പ്രവർത്തിക്കണം. ചെറുപ്പം മുതൽ ആണിനെയും പെണ്ണിനെയും വിവേചനത്തോടെ വളർത്തുന്ന രീതി മാറ്റണം. ആൺകുഞ്ഞ് പിറന്നാൽ ഭാഗ്യമായും പെൺകുഞ്ഞാണെങ്കിൽ ഭാരമായും കാണുന്നവരുണ്ട്. ആദ്യത്തേത് ആൺകുഞ്ഞാണെങ്കിൽ ഒരു കുഞ്ഞുമാത്രം മതിയെന്നു കരുതുന്നവരുണ്ട്. പെൺകുഞ്ഞിനെ സുരക്ഷിതയായി വളർത്താനുള്ള ബദ്ധപ്പാടുകൾ ഇതിനുള്ള കാരണമായി പറയുന്നവരുമുണ്ട്. എന്തുതന്നെയായാലും തന്നെ ശല്യപ്പെടുത്തുന്നവരെ തിരിച്ചറിഞ്ഞ് പ്രതികരിക്കാനുള്ള ശക്‌തി പെൺകുട്ടികൾക്ക് ഉണ്ടാകണം. നിയമസുരക്ഷ ശക്‌തമാക്കണം. സൗമ്യ വധക്കേസിലെ ഗോവിന്ദച്ചാമിയുടെ സ്‌ഥിതി നമുക്കറിയാം.

<യ>സ്ത്രീസുരക്ഷയ്ക്കു മുൻഗണന നൽകും

എം.പി ദിനേശ്
കൊച്ചി സിറ്റി പോലീസ് കമ്മീഷണർ

സ്ത്രീസുരക്ഷയ്ക്കായി വനിത ഹെൽപ് ലൈൻ നമ്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും സേവനം ലഭ്യമാകുന്ന തരത്തിലുള്ള പുതിയ വനിതാ ഹെൽപ് ലൈൻ ഉടൻ പ്രവർത്തനം ആരംഭിക്കും. ഇതിനായി പോലീസ് കൺട്രോൾ റൂമിൽ പതിനൊന്നോളം ലൈനുകളാണ് സജ്‌ജമാക്കിയിരിക്കുന്നത്. വൈകുന്നേരം ആറു മുതൽ എട്ടു മണിവരെയുള്ള സമയത്ത് പോലീസ് പട്രോളിംഗ് ശക്‌തമാക്കിയിട്ടുണ്ട്. മോണിംഗ്, ഈവനിംഗ് പട്രോളിംഗും റോമിയോയും ശക്‌തമാക്കിയിട്ടുണ്ട്. കൊച്ചി സിറ്റിയിലെത്തുന്ന സ്ത്രീകൾക്ക് യാതൊരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിക്കും.

<യ>സ്വയം സുരക്ഷിതരാകണം

സൗമിനി ജെയിൻ
കൊച്ചി മേയർ

ഇന്നത്തെ സാഹചര്യത്തിൽ നാം സ്വയം സുരക്ഷിതരാകണം. ഞാനും ഒരമ്മയാണ്. പെൺകുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ എനിക്കും പേടിയുണ്ട്. എന്നെപ്പോലെ തന്നെയാണ് പെൺമക്കളുള്ള ഓരോ അമ്മമാരുടെയും അവസ്‌ഥ. എന്റെ മകൾ പോകുന്ന സ്‌ഥലവും യാത്ര ചെയ്യുന്ന സാഹചര്യവും കുഴപ്പമില്ലാത്തതല്ലേയെന്ന് ഞാനെപ്പോഴും ഉറപ്പുവരുത്താറുണ്ട്. അവരുടെ സ്വാതന്ത്ര്യത്തെ ബാധിക്കാത്ത രീതിയിലാണ് ആ ഇടപെടൽ. പെൺകുട്ടികൾ എപ്പോഴും സ്വന്തം കാര്യത്തിൽ ബോധവതികളായിരിക്കണം. ഒറ്റയ്ക്കാണ് യാത്രയെങ്കിൽ ആ ബോധ്യം വേണം.

<യ>ശക്‌തമായ നിയമം വേണം

വി.ഗോപകുമാർ
സബ് ഇൻസ്പെക്ടർ, ഷാഡോ പോലീസ്, കൊച്ചി സിറ്റി

സ്ത്രീസുരക്ഷ നിയമങ്ങൾ കൂടുതൽ ശക്‌തമാക്കണം. നിയമത്തിന്റെ അഭാവം പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുന്നതിന് ഇടയാക്കും. സ്ത്രീകളോട് മോശമായി പെരുമാറുന്നവർക്ക് തക്കതായ ശിക്ഷ നൽകിയാൽ കുറ്റകൃത്യങ്ങൾ കുറയ്ക്കാനാവും. നിമയബോധവത്കരണം സ്കൂൾതലം മുതൽ ആരംഭിക്കണം. നിയമപഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടിയിരിക്കുന്നു.

സോഷ്യൽ മീഡിയയുടെയും മറ്റും അതിപ്രസരം മൂലം കുടുംബബന്ധങ്ങൾ ഇന്ന് ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. മക്കളുടെ കാര്യങ്ങൾക്കായി അൽപം സമയം മാറ്റിവയ്ക്കാൻ മാതാപിതാക്കൾക്ക് കഴിയുന്നില്ല. തങ്ങളുടെ മക്കൾ എവിടെപ്പോകുന്നുവെന്നോ ആരുമായി കൂട്ടുകൂടുന്നുവെന്നോ അറിയാത്തവരാണ് ഭൂരിഭാഗം പേരും. ആൺകുട്ടികൾ കൃത്യസമയത്ത് വീട്ടിലെത്തിയിലെങ്കിൽ എവിടെ പോയെന്ന് അന്വേഷിക്കുന്ന എത്ര മാതാപിതാക്കൾ ഇവിടെയുണ്ട്. മക്കളുടെ കാര്യത്തിൽ കൃത്യമായ നിരീക്ഷണം ഉണ്ടെങ്കിൽ അവരെ നേർവഴിയെ നടത്താനാകും.

<യ>ഇരുകൂട്ടരെയും ശത്രുക്കളാക്കി മാറ്റരുത്

ജയിംസ് വടക്കുംചേരി
ക്രിമിനോളജിസ്റ്റ്

പുരുഷൻ പല കാര്യങ്ങളിലും അവരുടെ സുരക്ഷയ്ക്കായി സ്ത്രീയെ ആശ്രിക്കുന്നെങ്കിൽ അതുപോലെത്തന്നെ സ്ത്രീ അവരുടെ സുരക്ഷയ്ക്കായി സ്വന്തക്കാരെയും ബന്ധക്കാരെയും വിശ്വാസമുള്ള പുരുഷന്മാരെയും ആശ്രയിക്കേണ്ടതാണ്. സ്ത്രീയെ തമ്മിൽ അടിപ്പിച്ച് സ്ത്രീസുരക്ഷ ഉറപ്പാക്കാൻ ആരും തന്നെ വ്യാമോഹിക്കരുത്. കാരണം സ്ത്രീകളെ സുരക്ഷിതരായി കൊണ്ടുനടക്കുന്നത് പുരുഷന്മാർ തന്നെയാണ്. പുരുഷന് അതാകും. ഈ സത്യം കണക്കിലെടുത്ത് സ്ത്രീ–പുരുഷബന്ധം പരസ്പര പൂരകങ്ങളാക്കി കൊണ്ടുപോകുക. രണ്ടു കൂട്ടരെയും ശത്രുക്കളാക്കി മാറ്റുന്ന ചിന്ത നന്മയെക്കാൾ കൂടുതൽ ദോഷമേ ചെയ്യൂ.

<യ>വനിതാ കമ്മീഷൻ പിരിച്ചുവിട്ട് ശുദ്ധികലശം നടത്തണം

അഡ്വ.പി.കെ. രാധിക
ഹൈക്കോടതി അഭിഭാഷക

ഇന്ന് എഴുപതു ശതമാനം സ്ത്രീകൾക്കും ശാരീരിക, മാനസിക, വൈകാരിക സുരക്ഷ ഇല്ല. എവിടെയും ഭയം ഉണ്ടാക്കുന്ന അവസ്‌ഥയാണുള്ളത്. സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന സമൂഹമാണ് ഇന്നുള്ളത്. സ്ത്രീകൾ ഇരകളാക്കപ്പെടേണ്ടവരാണെന്നതാണ് പുരുഷന്റെ മനസ്‌ഥിതി. ഭരണകൂടത്തിന് ഒരുപരിധിവരെ ഇതു മാറ്റിയെടുക്കാനാവും. വിദ്യാഭ്യാസ പുരോഗതിയിലൂടെ മാറ്റമുണ്ടാക്കാം.

വനിതാ കമ്മീഷനുകൾ പിരിച്ചുവിട്ട് ശുദ്ധികലശം നടത്തണം. അവരുടെ പരിധിയിൽ വരാത്ത കാര്യങ്ങളെക്കുറിച്ചാണ് പലപ്പോഴും കമ്മീഷൻ അന്വേഷിക്കുന്നത്. പകരം വനിത സെല്ലുകൾ കൂടുതൽ ശക്‌തിപ്പെടുത്തണം. ഗ്രാമപ്രദേശങ്ങളിലും മറ്റും ഇതിലൂടെ സ്ത്രീ സുരക്ഷ ശക്‌തമാക്കാനാകും.

<യ> സിലബസിൽ ആയോധന കല ഉൾപ്പെടുത്തണം

പി.കെ.രജനി
അധ്യാപിക/മാധ്യമ പ്രവർത്തക, തൃശൂർ

തന്റേടമുള്ള സ്ത്രീ എന്ന പദം പണ്ടുള്ളവർക്ക് മ്ലേച്ഛമായിരുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീക്ക് ഏറ്റവും അത്യാവശം വേണ്ടത് തന്റേടമുള്ളവളായിരിക്കുക എന്നതാണ്. സമൂഹത്തിൽ തന്റേടം തിരിച്ചറിഞ്ഞവളാണ് തന്റേടമുള്ളവൾ. ഈ തിരിച്ചറിവിന്റെ അഭാവമാണ് സ്ത്രീകൾ ഇന്ന് നേരിടുന്ന അരക്ഷിതാവസ്‌ഥയ്ക്കു ഒരു കാരണം.

കനലെരിയുന്ന കണ്ണുമായി തിരിഞ്ഞുനിൽക്കുന്ന പെണ്ണിനെ എതിരിടാൻ ഏതൊരാണും അല്പം അമാന്തിക്കും. ആ ധാർഷ്‌ട്യം സ്ത്രീക്ക് ഉണ്ടാകണമെങ്കിൽ മനോധൈര്യവും ഒപ്പം ശാരീരികബലവും ഉണ്ടാകണം. അത് നേടിയെടുക്കാൻ നമ്മുടെ പെൺകുട്ടികളെ പ്രാപ്തമാക്കണമെങ്കിൽ ഏതെങ്കിലും ആയോധനകലകൾക്കെ സാധ്യമാവു. അതുകൊണ്ട് സ്കൂൾ സിലബസുകളിൽ ഏതെങ്കിലും ഒരു ആയോധന കല കൂടി ഉൾപ്പെടുത്തണം. ആൺകുട്ടികളുടെ ആത്മനിയന്ത്രണത്തിനും പെൺകുട്ടികളുടെ സ്വയരക്ഷയ്ക്കും അതു കൂടിയേ തീരു.

<യ>–സീമ മോഹൻലാൽ