പുതുമകളുടെ വൈവിധ്യവുമായി ഇന്നോവ ക്രിസ്റ്റ
പുതുമകളുടെ വൈവിധ്യവുമായി ഇന്നോവ ക്രിസ്റ്റ
Monday, July 4, 2016 3:54 AM IST
ഇന്നോവ; ഇന്ത്യ ഇത്രയേറെ സ്നേഹിച്ച വാഹനം വേറെയില്ല. ജപ്പാനിൽനിന്ന് അതിഥിയായെത്തി ഇന്ത്യൻ വാഹനപ്രേമികളുടെ മനസിൽ സ്‌ഥാനം നേടിയ ചുരുക്കം ചില വാഹനങ്ങളിൽ പ്രധാനിയാണ് ടൊയോട്ടയുടെ ഇന്നോവ. പലപ്പോഴായി മുഖം മിനുക്കി സൗന്ദര്യം കൂട്ടിയെത്തിയപ്പോഴൊക്കെ ഇരുകൈയും നീട്ടിയാണ് ഇന്നോവയെന്ന സുന്ദരിയെ ജനങ്ങൾ സ്വീകരിച്ചത്. ഭരണനേതൃത്വം, നിയമപാലകർ എന്നു തുടങ്ങി വിവിധ ജനവിഭാഗങ്ങളുടെ ഇഷ്‌ടവാഹനവും ഔദ്യോഗിക വാഹനവും എന്ന ഖ്യാതിയും ഇന്നോവ നേടിയിട്ടുണ്ട്. ഒടുവിൽ വാഹനപ്രേമികൾ സ്ത്രീത്വമുള്ള വാഹനം എന്ന് ഓമനപ്പേരിട്ടിരുന്ന ഇന്നോവ പേരിനൊപ്പം മുഖവും മിനുക്കി അടിമുടി മാറ്റത്തോടെ പൗരുഷരൂപത്തോടെ ഇന്നോവ ക്രിസ്റ്റയായി എത്തുമ്പോൾ കാഴ്ചവയ്ക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് വളയം തിരിച്ചാൽ അറിയാം. പൂർണമായും ടഫ് റോഡ് പെർഫോമൻസിനു പറ്റിയ രീതിയിലാണ് ക്രിസ്റ്റയുടെ നിർമാണം.

<യ> മാറ്റങ്ങളേറെ

പഴയ ഇന്നോവയിൽനിന്ന് അടിമുടി മാറിയാണ് ക്രിസ്റ്റയുടെ വരവ്. പുതിയ പ്ലാറ്റ്ഫോമിൽ, പുതിയ ബോഡിയിൽ, പുതിയ ഉൾവശം തുടങ്ങി എസ്യുവിയിൽനിന്ന് എംപിവിയായി ആണ് ക്രിസ്റ്റ രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. പഴയ ഇന്നോവയിൽനിന്നു പൂർണമായും മാറി മുൻഭാഗത്തിന്റെ ഉയരം വർധിപ്പിച്ചതിനോടൊപ്പം ആകർഷകമായ ഹെക്സജൻ ഗ്രില്ലും അതിനെ ആവരണം ചെയ്ത് പ്രൊജക്ടർ ഹെഡ്ലാമ്പുകളിൽ അവസാനിക്കുന്ന സ്റ്റീൽ ക്രോമുകളും മുൻഭാഗത്തിന് അഴകു പകരുന്ന ഘടകങ്ങളാണ്. ഇവയ്ക്കൊപ്പം കരുത്തുറ്റ വലിയ ബമ്പറുകളും നല്കിയിരിക്കുന്നു. എൽഇഡി ലാമ്പുകളുടെ പ്രതലത്തിൽ നല്കിയിരിക്കുന്ന ഹാലജൻ ലൈറ്റുകൾ ആദ്യകാഴ്ചയിൽതന്നെ ക്രിസ്റ്റയെ ആകർഷകമാക്കുന്നു. ഇന്നോവയിൽനിന്ന് ഹെഡ്ലാമ്പിൽ നല്കിയിരിക്കുന്ന മാറ്റം ഇൻഡിക്കേറ്ററിന്റെ സ്‌ഥാനം മാറ്റിയതാണ്. ബമ്പറിന്റെ താഴ്ഭാഗത്തായി ഫോഗ് ലാമ്പിന്റെ ഇരുവശങ്ങളിലുമായാണ് ഇൻഡിക്കേറ്ററുകളുടെ സ്‌ഥാനം.

<യ> മനംകൊതിപ്പിക്കുന്ന സൗന്ദര്യം

എയറോ ഡൈനാമിക് ഡിസൈനിംഗിൽ ഗ്ലോബൽ ഔട്ട്സ്റ്റാൻഡിംഗ് അസസ്മെന്റ് ബോഡി(ജിഒഎ)യാണ് ക്രിസ്റ്റയിലുള്ളത്. ഇന്നോവയേക്കാൾ അല്പം നീളവും വീതിയും കൂടുതലുണ്ടെങ്കിലും വളരെ ലളിതമായാണ് രൂപകല്പന. 4,735എംഎം നീളവും 1,830എംഎം വീതിയും 1,795എംഎം ഉയരവും ക്രിസ്റ്റയ്ക്കുണ്ട്. ഓട്ടോ ഫോൾഡ് റിയർ വ്യൂ മിററുകൾ ക്രിസ്റ്റയിൽ പുതിയതാണ്.

പിൻഭാഗത്തിനും കാതലായ മാറ്റമുണ്ട്. ത്രികോണാകൃതിയിലും, ഹാച്ച് ഡോറിലേക്കു കയറി നിൽക്കുന്ന ടെയ്ൽ ലാമ്പുകളും ഡോറിനു മധ്യത്തിലായി നല്കിയിരിക്കുന്ന വലിയ ലോഗോയും പഴയ ഇന്നോവയ്ക്ക് അവകാശപ്പെടാൻ സാധിക്കാത്തവയാണ്. ബാക് സ്പോയിലറുകളും ഷാർക്ക് ഫിൻ ഏരിയലും ക്രിസ്റ്റയിലെ പുതിയ പരീക്ഷണങ്ങളാണ്. ബമ്പറിലെ റിവേഴ്സ് സെൻസറുകളും നമ്പർ പ്ലേറ്റിനു മുകളിലായി വരുന്ന റിവേഴ്സ് കാമറയിലും മാത്രമേ ഇന്നോവയോട് സാമ്യമുള്ളൂ.

ടോപ് എൻഡ് മോഡലുകളിൽ മൂന്നു സ്പോർക്കുകളുള്ള 17 ഇഞ്ച് അലോയി വീലുകൾ പ്രഥമ കാഴ്ചയിൽ തന്നെ ക്രിസ്റ്റയുടെ സ്പോട്ടി ലുക്ക് അറിയിക്കുന്നു. എന്നാൽ, മറ്റ് ഓപ്ഷനുകളിൽ 16 ഇഞ്ച് റിമ്മുകളാണ് നല്കിയിരിക്കുന്നത്. 2750എംഎം വീൽബേസും 200എംഎം ഗ്രൗണ്ട് ക്ലിയറൻസുമാണ് വീലുകൾക്കുള്ളത്.

<യ> ഉൾവശം പ്രീമിയം ലുക്കിൽ

ആഡംബര കാറുകളെ വെല്ലുന്ന തരത്തിലുള്ള ഇന്റീരിയറാണ് ക്രിസ്റ്റയ്ക്കു നല്കിയിരിക്കുന്നത്. തികച്ചും ആഡ്യത്വം നിറഞ്ഞു നിൽക്കുന്ന വുഡൻ ഫിനീഷിംഗ് നല്കിയിരിക്കുന്ന ഡാഷ്ബോർഡാണ് ടോപ് എൻഡ് വേരിയന്റിന്റെ പ്രധാന ആകർഷണം. ലളിതമായി സെൻട്രൽ കൺസോളിൽ ഏഴ് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതിനു തൊട്ടുതാഴെയായി എസി കൺട്രോളിംഗ് യൂണിറ്റും ഒട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളിംഗ് യൂണിറ്റും മാത്രമേ നല്കിയിട്ടുള്ളൂ എന്നത് കൺസോളിന്റെ രൂപകല്പനയെ മികവുറ്റതാക്കുന്നു. എല്ലാ നിരകളിലും എസി വിൻഡോയും കൺട്രോളിംഗ് പാനലുകളും നല്കിയിട്ടുണ്ട്. ടോപ് എൻഡ് മോഡലുകളിൽ സിസ്റ്റത്തിൽതന്നെ ജിപിഎസ് സംവിധാനവും നല്കുന്നുണ്ട്.


ആകർഷകമായ 3ഡി മോഡൽ മീറ്റർ കൺസോളാണ് ഇതിലുള്ളത്. ഇന്നോവയിൽനിന്നു വ്യത്യസ്തമായി മീറ്റർ കൺസോളിന്റെ മധ്യത്തിലായി വലിയ ഡിജിറ്റൽ മീറ്ററും ക്രിസ്റ്റയിൽ വരുന്നുണ്ട്. ഇതിന്റെ കൺട്രോളിംഗ് യൂണിറ്റ് സ്റ്റീയറിംഗ് വീലിന്റെ വലതുവശത്ത് നല്കിയിരിക്കുന്നു.

സ്പീഡിനു പ്രാധാന്യം നല്കുന്നവർക്ക് പവർ മോഡും മൈലേജ് ആഗ്രഹിക്കുന്നവർക്കായി ഇക്കോ മോഡും വൺ ടച്ചിൽ ഒരുക്കിയിരിക്കുന്നു. ഡ്രൈവർ സീറ്റിന് എട്ടു തരത്തിൽ ഇലക്ട്രോണിക് ക്രമീകരണവും സ്റ്റീയറിംഗ് വീലിനു താഴെയായി സ്പീഡ് ടാപ്പ് ചെയ്ത് ഒരേ സ്പീഡ് നിലനിർത്താനുള്ള സൗകര്യവും സ്റ്റിയറിംഗ് വീലിന്റെ ടിൽറ്റ്, ടെലിസ്കോപിക് കൺട്രോളിംഗും ഇന്നോവയിൽനിന്നു ക്രിസ്റ്റയെ വ്യത്യസ്തമാക്കുന്നുണ്ട്.

മുന്നിലെ രണ്ടു നിരയിലും വലുപ്പമേറിയ ബക്കറ്റ് സീറ്റുകളാണ് നല്കിയിരിക്കുന്നത്. കൂടാതെ ഡോറിന്റെ വശങ്ങളിലെ ഹാൻഡ് റെസ്റ്റുകൾ വുഡൻ ഫിനീഷിംഗിൽ തീർത്തിരിക്കുന്നു. അനായാസം മടക്കുകയും ചെയ്യാം. പിൻസീറ്റുകളിലെ യാത്രക്കാർക്കുവേണ്ടി മിനി ടേബിൾ ട്രേയും മുന്നിലെ രണ്ടു സീറ്റിന്റെയും പുറകിൽ ഘടിപ്പിച്ചിരിക്കുന്നു. രണ്ടാം നിരയിലെ യാത്രക്കാരനു കോ ഡ്രൈവർ സീറ്റ് അഡ്ജസ്റ്റ് ചെയ്യാനുള്ള സൗകര്യവും സീറ്റുകളുടെ പ്രത്യേകതയാണ്. 300 ലിറ്റർ ഡിക്കി സ്പേസിനു പുറമെ പിൻസീറ്റുകൾ മടക്കി വച്ച് സ്പേസ് കൂട്ടാം.

<യ> സുരക്ഷയിൽ ഒട്ടും പിന്നിലല്ല

ബേസ് മോഡൽ മുതലുള്ള എല്ലാറ്റിലും എയർബാഗും എബിഎസും നല്കിയിരിക്കുന്നു. ടോപ്പ് എൻഡ് മോഡലിൽ ഏഴ് എയർ ബാഗുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ടോപ് മോഡലിൽ എബിഎസിനു പുറമെ ഇലക്ട്രോണിക് ബ്രേക്കിംഗ് ഡിസ്ട്രിബ്യൂഷനും നല്കിയിരിക്കുന്നു. ഉയരം കൂടിയ സ്‌ഥലങ്ങളിൽ അനായാസം കയറുന്നതിനായി ഹിൽ അസിസ്റ്റൻസ് സങ്കേതികവിദ്യയും ക്രിസ്റ്റയിൽ പ്രവർത്തിക്കുന്നു.

<യ> കരുത്തുറ്റ എൻജിൻ

2755സിസി 2.8 ലിറ്റർ എൻജിന് 174 എച്ച്പി കുരുത്തും 360 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നുണ്ട്. ഇതിന് ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണുള്ളത്. 2.4 ലിറ്റർ 2395 സിസി ജിഡി എൻജിനാവട്ടെ 150 എച്ച്പി കരുത്തും 343 എൻഎം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാന്വൽ ഗിയർബോക്സാണ് ഇതിനുള്ളത്. ഓട്ടോമാറ്റിക്കിന് 14.29ഉം മാന്വലിനു 15.10മാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 16.1 ലക്ഷം മുതൽ 26.3 ലക്ഷം രൂപ വരെയാണ് കോട്ടയത്തെ ഓൺറോഡ് വില. ഗ്രാനൈറ്റ് റെഡ്, ഗ്രാൻഡ് ബ്രൗൺ, പേൾ വൈറ്റ്, ഗ്രേ, സിൽവർ, സൂപ്പർ വൈറ്റ് എന്നീ ആറു നിറങ്ങളിൽ ക്രിസ്റ്റ ലഭിക്കും

നിരവധി ഇന്ത്യൻ ഉപയോക്‌താക്കളുടെ നിരന്തര അഭ്യർഥനകളെ മാനിച്ചാണ് പുതിയ രൂപത്തിലും ഭാവത്തിലും ഓട്ടോമാറ്റിക് എൻജിനുമായി ഇന്നോവയെ അവതരിപ്പിച്ചിരിക്കുന്നത്.

ടെസ്റ്റ് ഡ്രൈവിന്: 9847086007.