ഭക്ഷണം തൊണ്ടയിൽകുടുങ്ങിയാൽ
ഭക്ഷണം തൊണ്ടയിൽകുടുങ്ങിയാൽ
Tuesday, July 5, 2016 4:37 AM IST
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തുമ്മുകയോ ചുമയ്ക്കുകയോ സംസാരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാറുണ്ട്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി തൃശൂർ സ്വദേശിയായ ഡോ.ലക്ഷ്മി മരിച്ചത് അടുത്തിടെയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രഥമശുശ്രൂഷയുടെ അഭാവവമാണ് പലപ്പോഴും മരണത്തിലേക്ക് എത്തിക്കുന്നത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിയാം...

<യ>ലക്ഷണങ്ങൾ
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ ആ വ്യക്‌തി ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കും.
* ഇരുകൈകളും കഴുത്തിതൽ പിടിച്ച് ശ്വാസം കിട്ടാതെ പിടയുക
* കണ്ണു തള്ളിവരിക
* മരണവെപ്രാളം കാട്ടുക
* മുഖത്ത് നീലനിറം പടരുക

ഉടൻ ചെയ്യേണ്ടത്
ഇത്തരം സന്ദർഭങ്ങളിൽ പ്രഥമശുശ്രൂഷ ഉടൻ ചെയ്യുകയാണെങ്കിൽ ആ വ്യക്‌തിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനാകും.

<യ>മുതിർന്നവരിൽ
1. രോഗിയുടെ പിന്നിലായി നിൽക്കുക.
2. അയാളുടെ വാരിക്കുഴിക്കും പൊക്കിളിനും ഇടയിലായി ഒരു കൈയുടെ മുഷ്‌ടി ചുരുട്ടി വയ്ക്കുക.
3. മറ്റേ കൈകൊണ്ട് രോഗിയെ വട്ടംപിടിച്ച് മുഷ്‌ടി പിടിച്ച കയ്യിൽ ബലമായി പിടിക്കുക.

4. തൊണ്ടയിൽ കുടുങ്ങിയത് പുറത്തേക്ക് തെറിക്കുന്ന വിധത്തിൽ വയറിനെ മുകളിലേക്കും പിന്നിലേക്കുമായി ശക്‌തിയായി വലിക്കുക.
5. അത് പുറത്തേക്ക് പോകുന്നത് വരെയോ ബോധം നഷ്‌ടപ്പെടുന്നതു വരെയോ തുടരുക. ബോധം നഷ്‌ടപ്പെട്ടാൽ ഉടൻ സിപിആർ (നെഞ്ചമർത്തൽ) നൽകുക. മിനുട്ടിൽ 100 മുതൽ 120 തവണയെങ്കിലും നെഞ്ചമർത്തൽ തുടരേണ്ടതാണ്.

<യ>തീരെ ചെറിയ കുട്ടികളിൽ

1. വിരലുകൾ കൊണ്ട് കുട്ടിയുടെ കഴുത്തും താടിയും താങ്ങിക്കൊണ്ട് കയ്യിൽ കമിഴ്ത്തിക്കിടത്തുക. കുട്ടിയുടെ തല നെഞ്ചിനേക്കാൾ താഴ്ന്നിരിക്കണം.
2. മറ്റേ കൈകൊണ്ട് മുതുകത്ത്, തോൾപ്പലകകൾക്കിടയിലായി അഞ്ചുതവണ ശക്‌തിയായി തട്ടുക.
3. കുട്ടിയെ മലർത്തിക്കിടത്ത് അഞ്ചുതവണ നെഞ്ചമർത്തുക.
4. കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയാണെങ്കിൽ നിലത്തുകിടത്തി നെഞ്ച് അമർത്തൽ ആരംഭിക്കുക. (രണ്ടു കൈവിരൽ ഉപയോഗിച്ച്)
5. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ അത് നീക്കം ചെയ്യേണ്ടതാണ്.

<യ> ഡോ.ഫാബിത്ത് മൊയ്ദീൻ
ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ
കോഴിക്കോട്.