സസ്യങ്ങൾ നട്ടുവളർത്തൂ; കൊതുകിനെ തുരത്താം
സസ്യങ്ങൾ നട്ടുവളർത്തൂ; കൊതുകിനെ തുരത്താം
Tuesday, July 5, 2016 4:38 AM IST
<യ> ജോസഫ് പ്രിയൻ

സസ്യങ്ങൾ വളർത്തി കൊതുകിനെ തുരത്തുന്നതെങ്ങിനെയെന്നു സംശയം തോന്നിയേക്കാം. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ നെപ്പന്തസ് എന്നും ആ വിഭാഗത്തിൽപ്പെടുന്ന സസ്യങ്ങളെക്കുറിച്ചും കേട്ടിട്ടുണ്ടാകും. കീടഭോജികളായ സസ്യങ്ങളെയാണ് നെപ്പന്തസ് എന്നു വിളിക്കുക.

മാംസഭോജികളാണെന്നു കേൾക്കുമ്പോൾ ചെടികൾക്കു വൈരൂപ്യമുണ്ടെന്ന് കരുതേണ്ട. ഈ കീടഭോജികളുടെ സൗന്ദര്യത്തിനു മുന്നിൽ ഓർക്കിഡും ഡാലിയയുമെല്ലാം ഒരുപടി മാറിനിൽക്കേണ്ടിവരും. പടർന്നുപന്തലിച്ച ഇലകൾക്കിടയിലൂടെ ഞാന്നുകിടക്കുന്ന വലയ്ക്കുള്ളിൽ(പൂവിനുള്ളിൽ) ചെറുകീടങ്ങളെയും പ്രാണികളെയും ആകർഷിച്ചു വീഴ്ത്തി ദഹിപ്പിച്ച് ഭക്ഷണമാക്കുകയാണ് ഇവ ചെയ്യാറ്.

എലികളെപ്പോലും ഇത്തരത്തിൽ കെണിയിൽ വീഴ്ത്തി ഭക്ഷിക്കുന്ന ജയന്റ് നെപ്പന്തസുകളുണ്ട്. ഇത്തരം സസ്യങ്ങൾ ഒന്നു കാണണമെന്നു തോന്നുന്നുണ്ടാവും അല്ലേ... ചൈന, ഇന്തോനേഷ്യ, മലേഷ്യ, മഡഗാ സ്കർ, ഓസ്ട്രേലിയ, ഫിലിപ്പിൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ കണ്ടുവരാറുള്ളത്. ഇനിമുതൽ കോഴിക്കോട് കല്ലായിയും ഈ രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിക്കും. കോഴിക്കോട് കല്ലായി സ്വദേശി വിനയ് ഗാർഡൻസിൽ വിൽസന്റെ വീട്ടിൽ പോയാൻ ഇത്തരം നൂറുകണക്കിന് ചെടികൾ കാണാൻ സാധിക്കും.

വീടിന്റെ ടെറസിനു മുകളിൽ പ്രത്യേകം തയാറാക്കിയ പൂന്തോട്ടത്തിലാണ് നെപ്പന്തസ് ഇനത്തിൽപ്പെട്ട നിരവധി ചെടികൾ നട്ടുവളർത്തുന്നത്. ഇത്തരം ഇരപിടിയൻ സസ്യങ്ങളെ ഇന്നും ഇന്നലെയുമല്ല വിൽസൻ വളർത്താൻ തുടങ്ങിയത്. ഇത്തരമൊരു പൂന്തോട്ടം നിർമിച്ചത് രണ്ട് ദശാബ്ദത്തോളമായുള്ള ഇദ്ദേഹത്തിന്റെ നിരന്തരമായ പ്രയത്നത്തിലൂടെയാണ്. നെപ്പന്തസിൽ മാത്രം ഒതുങ്ങുന്നതല്ല വിൽസന്റെ പൂന്തോട്ടം.

അമേരിക്കപോലുള്ള ശൈത്യരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ടിലാൻസിയ ഇനത്തിൽപ്പെട്ട ചെടികളും വിൽസന് സ്വന്തമായുണ്ട്. മണ്ണോ, വളമോ, വെള്ളമോ ആവശ്യമില്ലാത്ത ഇത്തരം സസ്യങ്ങൾ അന്തരീക്ഷത്തിലെ ഈർപ്പം മാത്രം വലിച്ചെടുത്താണു വളരുന്നത്.

ഇരപിടിയൻ സസ്യങ്ങൾ

നെപ്പന്തേസീ സസ്യകുടും ബത്തിലെ ഒരു ജനുസാണ് ഉഷ്ണമേഖലയിലെ പിച്ചർ ചെടികൾ എന്നറിയപ്പെടുന്ന നെപ്പന്തസ്. നെപ്പന്തസ് ഇനത്തിൽ വരുന്ന സസ്യങ്ങളെല്ലാം കീടഭോജിസസ്യങ്ങളാണ്. ചെറുകീടങ്ങളെ ആകർഷിച്ച് കെണിയിലാക്കി ദഹിപ്പിച്ച് ആഹാ രമാക്കാനുള്ള ഘടനാവി ശേഷങ്ങ ളോടു കൂടിയ സസ്യങ്ങളെ യാണ് കീടഭോജിസസ്യങ്ങൾ എന്നുവി ളിക്കുന്നത്. നെപ്പന്തസ് ഇനത്തിൽ ഏകദേശം 160 സ്പീഷി സുകൾ ലോകത്തുണ്ട്. ചൈന, ഇന്തോനേഷ്യ, മലേഷ്യ, മഡഗാ സ്കർ, ഓസ്ട്രേലിയ, ഇന്ത്യ, ശ്രീലങ്ക, ബോർണിയോ, സുമാത്ര, ഫിലിപ്പിൻസ് എന്നീ രാജ്യങ്ങളി ലാണ് നെപ്പന്തസ് ചെടികൾ കാണപ്പെടുന്നത്. ഇന്ത്യയിൽ ഒരു സ്പീഷിസ് മാത്രമാണുള്ളത്.

<ശാഴ െൃര=/ളലമേൗൃല/സമൃബ2016ഖൗഹ്യ05ൃമ2.ഷുഴ മഹശഴി=ഹലളേ>

കോഴിക്കോട്ടെത്തിച്ച വഴി

ബിസിനസുകാരനായിരുന്ന വിൽസൻ പണ്ടുമുതലേ കൃഷിയിൽ ആഭിമുഖ്യം പുലർത്തിയിരുന്നു. ഇത്തരം ചെടികളുടെ പ്രത്യേകതയും അദ്ഭുതപ്പെടുത്തുന്ന സൗന്ദര്യവും കണ്ടതോടെയാണ് ഇവ നാട്ടിലെത്തിച്ച് വളർത്താൻ തീരുമാനിച്ചത്. ആദ്യഘട്ടങ്ങളിൽ പല സ്‌ഥലത്തും അന്വേഷിച്ചെങ്കിലും വിത്തുപോലും ലഭിച്ചില്ല. ഒടുവിൽ തായ്ലന്റിലെ സുഹൃത്തുക്കൾ വഴി ലക്ഷങ്ങൾ ചെലവഴിച്ചാണ് ചെടികൾ ഇറക്കുമതി ചെയ്തത്.

ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ചെടികളിൽ പലതും കാലാവസ്‌ഥാ വ്യതിയാനംമൂലം ഉണങ്ങിപ്പോയി. എന്നാൽ ഇരുപത് സ്പീഷിസുകളിൽപ്പെടുന്ന നെപ്പന്തസുകൾ കരുത്താർജിച്ചു. ഇന്ന് അവ പെരുകി നൂറുകണക്കിന് ചെടികളാണ് വിൽസന്റെ പൂന്തോട്ടത്തിലുള്ളത്. അലാറ്റ, കാസിയാനോ, വൈക്കിംഗ്, സർസീന, വീനസ് ഫ്ളൈറ്റ്റാപ്, കോബ്രലില്ലി തുടങ്ങിയ ഇനങ്ങൾ ഇവയിൽ ഉൾപ്പെടും.

വളർത്തുന്നതെങ്ങിനെ

ചെടിച്ചട്ടികളിൽ മണ്ണുനിറച്ച് അതിൽ ചെടികൾ കുഴിച്ചിട്ടാണ് ആദ്യഘട്ടങ്ങളിൽ വളർത്തിയിരുന്നത്. വളവും വെള്ളവും ഉപയോഗിച്ചിരുന്നു. എന്നാൽ കാലങ്ങൾ കടന്നുപോയിട്ടും ചെടികളിൽ ഇരയെ വേട്ടയാടുന്ന പൂവുപോലുള്ള വലകൾമാത്രം ഉണ്ടായില്ല. നെപ്പന്തസ് ചെടികളുടെ സൗന്ദര്യം ഇത്തരം പൂവുകളിലാണ്. എന്തുകൊണ്ടാണ് ഇവ ഉണ്ടാകാത്തതെന്ന് അന്വേഷിച്ചു. വിശദമായ പഠനം നടത്തിയപ്പോഴാണ് ഇവയ്ക്ക് ആവശ്യമുള്ള ഭക്ഷണവും വെള്ളവും ലഭിക്കുന്നതിനാലാണ് ഇരയെപിടിക്കുന്ന പൂവുകൾ ഉണ്ടാകാത്തതെന്നു മനസിലായത്.


പിന്നീട് ഇത്തരം ചെടികൾ വളവും വെള്ളവുമില്ലാത്ത വെറും പൂഴിയിൽ(മണൽ) കുഴിച്ചിട്ടു. ഭക്ഷണം ലഭിക്കാതായതോടെ ഇവയിൽ പൂവുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള പൂവുകൾ ചെടികളുടെ സൗന്ദര്യം ഇരട്ടിയാക്കി. ഇതോടെ പ്രാണികളും മറ്റും ഇവയിൽവീഴാനും ചെടികൾക്ക് ഭക്ഷണമാവാനും തുടങ്ങി. പൂവുകൾക്കുള്ളിലെ ദഹനരസത്തിൽ അടങ്ങിയ രാസപദാർഥമാണ് പ്രാണികളെ ആകർഷിച്ച് ഇവയിൽ വീഴ്ത്തുന്നത്. ജൈന്റ് ഇനത്തിൽപ്പെട്ട നെപ്പന്തസുകൾ എലികളെവരെ ഭക്ഷണമാക്കുന്നുണ്ട്. വിൽസന്റെ പൂന്തോട്ടത്തിലുള്ള ഉണങ്ങിയ പൂവുകൾക്കുള്ളിൽ ഒച്ച്, എട്ടുകാലി, കടന്നൽ, തേനീച്ച, കൊതുക് തുടങ്ങിയവയുടെ അവശിഷ്‌ടങ്ങൾ കാണാൻ സാധിക്കും.

ആവശ്യക്കാർ നിരവധി

വിൽസൻ തന്റെ പൂന്തോട്ടത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചതിനെത്തുടർന്നാണ് ഇവയെക്കുറിച്ച് അറിയാനും കാണുവാനും വാങ്ങുവാനും ആളുകൾ എത്തിത്തുടങ്ങിയത്.

വിദേശ രാജ്യങ്ങളിലും ഉത്തരേന്ത്യയിലുമാണ് ഇതിന് ആവശ്യക്കാരേറെ. ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിലേക്ക് ചെടികൾ അടച്ചുറപ്പുള്ള പെട്ടിയിലാക്കി സ്പീഡ്പോസ്റ്റിൽ അയയ്ക്കുകയാണ് ചെയ്യാറ്. എക്സ്പോർട്ട് ചെയ്യാൻ കഴിയാത്തതിനാൽ വിദേശരാജ്യങ്ങളിൽ നിന്നും ആവശ്യക്കാർ നേരിട്ടെത്തി വാങ്ങാറുണ്ട്. തൈകൾക്ക് ആയിരം മുതൽ അയ്യായിരം രൂപ വരെയാണ് വില ഈടാക്കുന്നത്. വളർന്നു വലുതായ ചെടികൾക്ക് ഇരുപതിനായിരം മുതൽ നാൽപതിനായിരം രൂപ വരെയും ഈടാക്കാറുണ്ട്.

ചെലവ് മിച്ചം, പണം മെച്ചം

നെപ്പന്തസ് ഇനത്തിൽപ്പെട്ട ചെടികൾ വളർത്തുന്നതും അവയുടെ വിൽപനയും മികച്ച ആദായം നൽകുന്ന വരുമാനമാർഗംകൂടിയാണ്. ഇവയ്ക്ക് കൃത്രിമമായി പരാഗണം നടത്താൻ സാധിക്കില്ല. അവ സ്വയം പരാഗണം നടത്തി അടുത്തുള്ള മരങ്ങളിലോ മറ്റോ സ്വയം വളരുകയാണ് ചെയ്യാറ്. ഇത്തരത്തിൽ മുളച്ച തൈകൾ ചട്ടികളിലേക്കു മാറ്റിയാണ് വളർത്തുന്നത്. ഓരോ തൈകൾക്കും കുറഞ്ഞത് ആയിരം രൂപയെങ്കിലും പ്രതിഫലം ലഭിക്കും. പ്രാഥമിക ഘട്ടത്തിൽ ഉപയോഗിക്കുന്ന വളത്തിനും വെള്ളത്തിനും മാത്രമാണ് ചെലവുള്ളത്. മറ്റു ചെലവുകളൊന്നുമില്ലാതെ മികച്ച വരുമാനം ലഭിക്കാനുള്ള ഏറ്റവുംനല്ല മാർഗംകൂടിയാണ് ഇവയുടെ വളർത്തൽ.

ടിലാൻസിയ അഥവാ എയർ പ്ലാന്റ്

ശൈത്യരാജ്യങ്ങളിൽ കണ്ടുവരുന്ന ടിലാൻസിയ ഇനത്തിൽപ്പെട്ട ചെടികളും വിൽസന്റെ കൈവശമുണ്ട്. ഇരുപതിൽപരം സ്പീഷിസുകളിലുള്ള എയർപ്ലാന്റുകളാണ് കോഴിക്കോട് കല്ലായിയിലെ വിൽസന്റെ വീട്ടിൽ തഴച്ചുവളരുന്നത്. മണ്ണോ, വെള്ളമോ, വളമോ വേണ്ടാത്ത ഇത്തരം ചെടികൾ അന്തരീക്ഷത്തിലെ ഈർപ്പം മാത്രം വലിച്ചെടുത്താണ് വളരുന്നത്. കണ്ടാൽ പ്ലാസ്റ്റിക് ചെടികളാണെന്നു തോന്നുന്ന ഇവ വീടിനുള്ളിലോ, ചില്ലുകൂട്ടിലോ വളർത്താൻ സാധിക്കും. ഇവിടത്തെ അന്തരീക്ഷത്തിൽ ഈർപ്പമില്ലാത്തതിനാൽ ഇവയ്ക്ക് വെള്ളം നനയ്ക്കാറുണ്ട്.

വേരുകൾപോലുമില്ലാത്ത ഇത്തരം ചെടികൾ എവിടേക്കുവേണമെങ്കിലും മാറ്റിവയ്ക്കാനും മറ്റും കഴിയും. മുടിയിഴകൾപോലെ നീളത്തിൽ വളരുന്ന ഇവയുടെ സൗന്ദര്യം ആരെയും അദ്ഭുതപ്പെടുത്തും.

കോഴിക്കോട് കല്ലായി കർമ റസിഡന്റ്സിലാണ് വിൽസന്റെ താമസം. ഭാര്യയും രണ്ട് മക്കളും വിൽസനോടൊപ്പം ചെടിപരിപാലനത്തിലും വിൽപനയിലും സജീവ പങ്കാളികളാണ്. ഫോൺ: 9349113475.