മലേഷ്യയിൽ നിന്നും പേസ്ട്രീയുടെ മധുരവുമായി കേരളത്തിലേക്ക്
മലേഷ്യയിൽ നിന്നും പേസ്ട്രീയുടെ മധുരവുമായി കേരളത്തിലേക്ക്
Tuesday, July 5, 2016 4:39 AM IST
ചോക്ലേറ്റുപോലെ മധുരമായി മലയാളത്തിൽ വിനോഷിനി ശങ്കർ തന്റെ പേസ്ട്രീ സ്കൂളിനെക്കുറിച്ചു പറഞ്ഞപ്പോൾ മലയാളിയായിരിക്കുമെന്നാണ് കരുതിയത്. കാരണം അത്ര ശുദ്ധതയോടെയും ഒഴുക്കോടെയുമാണ് ഈ മലേഷ്യൻ സുന്ദരി മലയാളം പറയുന്നത്.

ഇതിനു മുൻപ് എവിടെയായിരുന്നു, എന്തായിരുന്നു ജോലി എന്നു ചോദിച്ചപ്പോഴാണ് മലയാളത്തിന്റെ മകളല്ല മരുമകളാണെന്നുള്ള കാര്യം അറിഞ്ഞത്. മലേഷ്യയാണു സ്വദേശം. കേരളത്തിന്റെ മരുമകളായി എത്തിയിട്ട് ഒമ്പതു വർഷമായി. കേരളത്തിൽ സ്‌ഥിരം താമസമാക്കിയിട്ട് അഞ്ചു വർഷവും. പാലക്കാട്ടുകാരനായ ഭർത്താവ് ആർ. എസ് എഴുത്തച്ഛനും മക്കളായ ഹരിശങ്കറിനും കാശിശങ്കറിനും ഗിരിശങ്കറിനുമൊപ്പം കാക്കനാടാണ് താമസം. കോർപറേറ്റു കമ്പനികളുടെ ആഡ്മേക്കറാണ് ഭർത്താവ് എഴുത്തച്ഛൻ.

അറിവു പകർന്നു നൽകാൻ

എല്ലാവർക്കും ഡോക്ടറും എഞ്ചിനീയറും ആകാൻ സാധിക്കില്ലല്ലോ. ഓരോരുത്തരുടെയും താൽപര്യങ്ങൾ വ്യത്യസ്തമായിരിക്കും. ചിലർക്ക് ഷെഫാകാനാകും താൽപര്യം, ചിലർക്ക് ബേക്കറി നടത്താനായിരിക്കും അങ്ങനെയങ്ങനെ താൽപര്യങ്ങൾ എന്തായാലും അതിൽ എന്നും തന്റേതായ കൈമുദ്ര പതിപ്പിക്കാൻ സാധിച്ചാൽ അവിടെ വിജയം തുടങ്ങുകയായി എന്നാണ് വിനോഷിനി പറയുന്നത്.

മലേഷ്യയിൽ നിന്നും കേരളത്തിലേക്കെത്തിയ വിനോഷിനിക്കു വേണമെങ്കിൽ വീട്ടിൽ വെറുതെയിരിക്കാമായിരുന്നു. പക്ഷേ, അറിവായി ഒരു തൊഴിൽ കയ്യിലുണ്ട് എങ്കിൽപ്പിന്നെ അതങ്ങു വരുമാനത്തിന്റെയും മറ്റുള്ളവർക്കുള്ള വരുമാനവഴിയുടെയും മാർഗമാക്കി മാറ്റിയാൽ എന്താണെന്നുള്ള ചിന്തയിൽ നിന്നാണ് ഇത്തരമൊരു സംരംഭത്തിലേക്കു വിനോഷിനി എത്തുന്നത്.

കാക്കനാടു തന്നെയാണ് വിനോഷിനിയുടെ ‘ദി പേസ്ട്രീ സ്കൂൾ’. അവിടുത്തെ ചീഫ് ഫസിലിറ്റേറ്ററാണ് വിനോഷിനി. പേസ്ട്രി മാത്രമല്ല ചോക്ലേറ്റുകൾ, കേക്കുകൾ എന്നിങ്ങനെയുള്ള എല്ലാ മധുരങ്ങളും മനോഹരമായി ഈ കരങ്ങളിൽ വിരിയും. കൂടാതെ അതു വിരിയിച്ചെടുക്കാൻ മറ്റുകരങ്ങളെ ഇവർ പ്രാപ്തരാക്കുക കൂടി ചെയ്യും. കേരളത്തിൽ എത്തി ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ സംരംഭത്തിനു വിനോഷിനി തുടക്കം കുറിച്ചു.

മലേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേക്കിംഗിൽ നിന്നുമാണ് ബേക്കിംഗിനെക്കുറിച്ചുള്ള ഡിപ്ലോമ നേടിയത്. അതിനു ശേഷം മലേഷ്യയിൽ സ്വന്തമായി ‘കബാബിഷ്’ എന്ന പേരിൽ റസ്റ്റോറന്റ് നടത്തുകയായിരുന്നു. മൂന്നു വർഷത്തോളം ഇതുമായി മുന്നോട്ടു പോയി പിന്നെ അതുപേക്ഷിച്ചു. കേരളത്തിലെത്തിയതോടെ വീണ്ടും അറിവിനെ പൊടി തട്ടിയെടുക്കുകയായിരുന്നു.

<ശാഴ െൃര=/ളലമേൗൃല/യറബ2016ഖൗഹ്യ05ൃമ3.ഷുഴ മഹശഴി=ഹലളേ>

പേസ്ട്രീയിൽ തുടങ്ങുന്ന രുചിക്കൂട്ട്

പേസ്ട്രീ നിർമ്മാണ പരിശീലനത്തിന് പ്രാധാന്യം നൽകിയായിരുന്നു ദി പേസ്ട്രീ സ്കൂളിന്റെ തുടക്കം.പിന്നീട് ചോക്ലേറ്റ്, കേക്ക് എന്നിവയിലേക്കെല്ലാം ശ്രദ്ധ തിരിക്കുകയായിരുന്നു. പലപ്പോഴും പുറത്തു പോയി ചോക്ലേറ്റുണ്ടാക്കുക വിൽക്കുക എന്നതെല്ലാം വീട്ടമ്മമാർക്ക് കുറച്ചു ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ വീട്ടിൽ ഇരുന്ന് ചെയ്യുകയാണെങ്കിൽ നല്ലൊരു വരുമാന മാർഗവുമായി ഇതുമാറും എന്ന തോന്നലിൽ നിന്നുമാണ് വീട്ടമ്മമാർക്കും ബേക്കറി ജീവനക്കാർക്കുമായി ചോക്ലേറ്റ് നിർമാണത്തിൽ പരിശീലനം നൽകാൻ ആരംഭിച്ചത്.
നിലവിൽ 800 മുതൽ 900 കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവരിൽ പലരും പ്രമുഖ ബേക്കറികളിലും ഹോട്ടലുകളിലുമെല്ലാം ഇന്നു ജോലി ചെയ്യുന്നുണ്ട്. കൂടാതെ സ്വയം സംരംഭകരായ നിരവധി പേരാണുള്ളത്.

തങ്ങളുടെ അടുത്തു നിന്നും പരിശീലനം നേടി പോയവരിൽ 40– 50 ശതമാനം പേരും സ്വന്തമായ തൊഴിൽ ചെയ്യുന്നവരാണെന്നാണു വിനോഷിനി പറയുന്നത്. കേക്കുകളുടെ ഡെക്കറേഷൻ തുടങ്ങിയവക്കും പരിശീലനം നൽകുന്നുണ്ട്. ആറുമാസം, മൂന്നു മാസം, മൂന്നു ദിവസം എന്നിങ്ങനെയാണ് പരിശീലന കാലയളവ്.


ചോക്ലേറ്റ് നിർമാണ പരിശീലനത്തിന് പ്രധാനമായും സ്ത്രീകളാണെത്തുന്നത്. നിർമ്മിക്കാൻ പഠിപ്പിക്കുന്നതോടൊപ്പം തന്നെ സംരംഭം തുടങ്ങാനുള്ള മാർഗ നിർദേശങ്ങളും നൽകാറുണ്ട്. ആവശ്യമായ യന്ത്ര സാമഗ്രികൾ എന്തെല്ലാമാണ്, പാക്കിംഗിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, വിപണി എങ്ങനെ കണ്ടെത്തും എന്നു തുടങ്ങി മുന്നോട്ടുള്ള വഴികളും സുരക്ഷിതമാക്കാൻ ഇവർ സഹായിക്കാറുണ്ട്.

കേരളത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേർ പരിശീലനപരിപാടിയെക്കുറിച്ചു അന്വേഷിച്ചും പരിശീലനത്തിനുമായും ദി പേസ്ട്രീ സ്കൂളിലെത്തുന്നുണ്ടെന്ന് വിനോഷിനി പറഞ്ഞു. സ്വദേശീയവും വിദേശീയവുമായ രുചികളെയെല്ലാം കൂട്ടിയിണക്കിയാണ് പരിശീലനം.

ചോക്ലേറ്റ് നിർമ്മാണം ലളിതം ലാഭകരം

ശുദ്ധമായ കവർച്ചെർ ചോക്ലേറ്റുകളും കോംപൗണ്ട് ചോക്ളേറ്റുകളും നിർമ്മിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. ചോക്ലേറ്റിലെ തുടക്കകാരായ സംരംഭകർക്ക് അധികം യന്ത്ര സാമഗ്രികളൊന്നും വേണ്ട എന്നാണ് വിനോഷിനി പറയുന്നത്. ആദ്യത്തെ സംരംഭത്തിനായി 5000 മുതൽ 6000 രൂപ വരെ മുതൽ മുടക്കെ നടത്താവു. മാർക്കറ്റ് എങ്ങനെയുണ്ട് എന്ന് മനസിലാക്കി മാത്രമെ കൂടുതൽ നിക്ഷേപം നടത്താവൂ എന്നാണ് വിനോഷിനിയുടെ ഉപദേശം.

പ്രധാനപ്പെട്ട മെഷീൻ മെൽറ്റിംഗ് മെഷീനാണ് അതിന് ഏകദേശം 20000 രൂപ മുതലാണ് ചെലവു വരുന്നത്. ടെപംറിഗ് മെഷീനും ഏകദേശം ഇതേ വിലയാകും. മെൽറ്റിംഗും ടെപംറിഗും ഒരുമിച്ചു ലഭിക്കുന്ന മെഷീനുകളുമുണ്ടാകും. അങ്ങനെയാണെങ്കിൽ 30000 രൂപയിൽ ഇതിന്റെ ചെലവു നിൽക്കും. ചെറിയ സംരംഭങ്ങളാകുമ്പോൾ മോൾഡിംഗ് തുടങ്ങിയ കാര്യങ്ങൾ കൈകൊണ്ട് ചെയ്യാവുന്നതാണ്.

ഈവന്റ് മാനേജേുമെന്റുകളുമായി ചേർന്നാണ് പ്രധാനമായും ചോക്ലേറ്റുകളുടെ വിപണി കണ്ടെത്തുന്നത്.

വിവാഹം, ജന്മദിനം എന്നിങ്ങനെ ആഘോഷവേളകളിൽ സമ്മാനപ്പൊതികളായി നൽകാൻ ഇത്തരം ചോക്ലേറ്റുകൾ തിരഞ്ഞെടുക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ട്. ചോക്ലേറ്റ് നിർമ്മാണ പരിശീലനത്തിന് 2900 രൂപയാണ് ഫീസായി വരുന്നത്. ആവശ്യമായ ഇൻഗ്രീഡിയൻസു കൂടി ഉൾപ്പെടുത്തിയാണ് ഫീസ് നിശ്ചയിക്കുന്നത്.

മൂന്നു ദിവസത്തെ പരിശീലനം കൊണ്ട് ചോക്ലേറ്റുണ്ടാക്കാൻ പഠിക്കാം. അതിനെ പെട്ടെന്നു തന്നെ വരുമാന മാർഗവുമാക്കാം. വിപണി കണ്ടെത്തുക എന്നതു മാത്രമാണ് പലപ്പോഴും പ്രശ്നമായി വരിക. ധാരാളം ഇവന്റ് മാനേജ്മെന്റ് കമ്പനികളുള്ളതിനാലും ആഘോഷങ്ങൾക്കൊന്നും കുറവില്ലാത്തതിനാലും ഇതും ഇന്നു പ്രശ്നമല്ല. കടകൾ സൂപ്പർ മാർക്കറ്റുകൾ എന്നിവയും നല്ല വിപണി തുറന്നിടുന്നുണ്ട്.

അധികം തൊഴിലാളികളും ആവശ്യമായിവരുന്നില്ല. വീട്ടിലിരുന്നു തന്നെ ചെയ്യുകയും ചെയ്യാം. ലളിതമായി തുടങ്ങി ലാഭകരമാക്കാവുന്ന നല്ലൊരു ബിസിനസാക്കി ഇതിനെ മാറ്റാം എന്നു തന്നെയാണ് വിനോഷിനി പറയുന്നത്. കാരണം അവർക്കു മുന്നിൽ തന്നെയുണ്ട് നിരവധി തെളിവുകൾ.

പുതിയ ഉയരങ്ങൾ തേടി

വിനോഷിനിയെക്കൂടാതെ നാല് പരിശീലകർ കൂടിയുണ്ട ദി പേസ്ട്രീ സ്കൂളിൽ. ഇന്ത്യക്കു പുറത്തേക്കു കൂടി തങ്ങളുടെ പരിശീലനത്തെ വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണിവർ. നിലവിൽ സൗത്ത് ആഫ്രിക്ക, കുവൈറ്റ് എന്നിങ്ങനെ വിദേശ രാജ്യങ്ങളിൽ നിന്നെല്ലാം വിദ്യാർത്ഥികൾ അന്വേഷിക്കാറുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ, വിയറ്റ്നാം, നേപ്പാൾ എന്നിവിടങ്ങളിലേക്കു കൂടി ദി പേസ്ട്രീ സ്കൂളിനെ എത്തിക്കണമെന്നും അവിടുന്ന് കുട്ടികൾ വരണമെന്നും ഇവർ ആഗ്രഹിക്കുന്നു. അതിനായുള്ള ശ്രമത്തിലാണിപ്പോൾ.

കൂടുതൽ പരിശീലകർ വിദേശ വിദ്യാർത്ഥികളടക്കമുള്ള വിദ്യാർത്ഥികൾ എന്നിങ്ങനെ വരും ദിനങ്ങളിൽ കൂടുതൽ കൂടുതൽ ഉയരങ്ങൾ സ്വപ്നം കണ്ട് അതിനായുള്ള പരിശ്രമത്തിലാണ് വിനോഷിനിയും ദി പേസ്ട്രീ സ്കൂളും.