സോപ്പിലൂടെ സ്വയം സംരംഭകയായ വീട്ടമ്മ
സോപ്പിലൂടെ സ്വയം സംരംഭകയായ വീട്ടമ്മ
Friday, July 8, 2016 4:29 AM IST
<യ> നൊമിനിറ്റ ജോസ്

ചരിത്രം വഴി മാറും ചിലർ വരുമ്പോൾ എന്നു പറയുന്നതു പോലെ തമ്മനം പൈപ്പൈലൻ ജംഗ്ഷനിലെ വീട്ടമ്മ റോസിലിയുടെ ജീവിതവും വഴിമാറിയത് ഒരു പരിചയപ്പെടലിലൂടെയാണ്. വർഷം കൃത്യമായി ഓർക്കുന്നില്ലെങ്കിലും ഏകദേശം പത്തു പതിനഞ്ചു വർഷങ്ങൾക്കു മുൻപ് ജില്ല വ്യവസായിക കേന്ദ്രം സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ കലൂർ റിന്യൂവൽ സെന്ററിൽ എത്തിയ റോസിലി അവിടെ വെച്ച് ഒരാളെ പരിചയപ്പെട്ടു.

ആ സുഹൃത്തുവഴിയാണ് സോപ്പും അനുബന്ധ ഉത്പന്നങ്ങളുടെയും നിർമാണത്തെക്കുറിച്ച് റോസിലി അറിയുന്നത്. പിഎംആർവൈ പദ്ധതിപ്രകാരം വായ്പയെടുത്തു കോഴി വളർത്തൽ ആരംഭിച്ചിട്ട് കുറച്ചു വർഷങ്ങളായിട്ടെ ഉണ്ടായിരുന്നുള്ളു. എങ്കിലും സുഹൃത്തു പറഞ്ഞു തന്ന ആശയം അങ്ങു പ്രാവർത്തികമാക്കിയാലോ എന്നാലോചിച്ചു. കൂട്ടിന് അയൽപക്കകാരിയെക്കൂടി കിട്ടിയപ്പോൾ ആലോചന തീരുമാനമായി. അങ്ങനെ ലിക്വിഡ് സോപ്പ്, ഫിനോയിൽ എന്നിങ്ങനെയുള്ള വസ്തുക്കളുടെയെല്ലാം ഉത്പാദനം ആരംഭിച്ചു. എങ്ങനെ വിപണിയിൽ എത്തിക്കും എന്നൊരു ആശങ്കയുണ്ടായിരുന്നു.

പക്ഷേ, അബാദ് പ്ലാസ, സി ലോർഡ് തുടങ്ങിയ പ്രമുഖ ഹോട്ടലുകൾ, മിൽമ എന്നിവരെല്ലാം പെട്ടന്നാണ് തങ്ങളുടെ ഉപഭോക്‌താക്കളായി മാറിയതെന്ന് റോസിലി ഓർക്കുന്നു. എന്നാൽ പങ്കാളിത്ത സംരംഭം അധികകാലം നീണ്ടു നിന്നില്ല അഞ്ചു വർഷം മുൻപ് രണ്ടു പേരും രണ്ടു വഴിക്കായി. രണ്ടു വഴിക്കായ ശേഷം ഉത്പന്നം വിപണിയിലിറക്കാനും ഉപഭോക്‌താക്കളെ കണ്ടെത്താനും കുറച്ചു കഷ്‌ടപ്പെടേണ്ടി വന്നു. കാരണം ആദ്യം ഇവർ കൊടുത്തിരുന്ന ഇടങ്ങളെല്ലാം പങ്കാളിയുടെ ഉത്പന്നങ്ങൾ വാങ്ങാം എന്നു ഏറ്റു പോയിരുന്നു.

കടയിലേക്കുള്ള ചുവടുമാറ്റം

ഒരു കടയങ്ങു തുടങ്ങാമെന്ന തീരുമാനത്തിലേക്കെത്തിയത് അങ്ങനെയാണ്. ഭർത്താവ് സക്കറിയയും മകൻ ആന്റണി റിജുവും മകൾ റീജയും റോസിലിക്കു പിന്തുണയുമായി കൂടെക്കൂടി. തമ്മനത്തു തന്നെ റോസ് വൈറ്റ് എന്ന കട ആരംഭിച്ചു അഞ്ചു വർഷമായി വിജയകരമായ രീതിയിൽ തന്നെയാണ് റോസിലി കടയുമായി മുന്നോട്ടു പോകുന്നത്. കുടുംബശ്രീയിൽ നിന്നും വായ്പയായി എടുത്ത രണ്ടര ലക്ഷം രൂപ മുതൽമുടക്കാണ് സംരംഭം തുടങ്ങാൻ ആവശ്യമായി വന്നത്. കടയ്ക്ക് അടുത്തു തന്നെ ഒരു വീട് വാടകക്കെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.

സോപ്പ്, സോപ്പു പൊടി, ലിക്വിഡ് സോപ്പ്, ഫ്ളോർ ക്ലീനർ, സോപ്പു പൊടി, ഫിനോയിൽ, ഫിനോയിൽ കോൺസൺട്രേറ്റ്, സാരി ഷാംപു, കാർ വാഷ് എന്നിങ്ങനെയുള്ള വസ്തുക്കളാണ് ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്. കട ആരംഭിച്ചതിനു ശേഷം മാർക്കറ്റിംഗ് ഒന്നും നടത്തേണ്ടതായി വന്നിട്ടില്ല എന്നാണ് റോസിലി പറയുന്നത്. കാരണം ആളുകൾ വന്നു വാങ്ങിക്കാറുണ്ട്. ഒരിക്കൽ കൊണ്ടു പോയവർ പിന്നെയും വന്നു വാങ്ങിക്കുന്നു. അതിനാൽ ഉപഭോക്‌താക്കൾക്കു യതൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. മകൻ കെമിക്കൽ എഞ്ചിനീയറിംഗ് പാസായി വന്നതോടെ അമ്മയ്ക്ക് സംരംഭത്തിന്റെ കാര്യത്തിൽ വളരെയേറെ സഹായമായി തീർന്നു എന്നു തന്നെ പറയാം.

അപ്പനും അമ്മയും മകനുമാണ് ഇന്ന് ബിസിനസ് നോക്കി നടത്തുന്നത്. ആന്റണി നിറ്റ ജലാറ്റിൻ കമ്പനിയിലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞു വന്നതിനുശേഷമുള്ള സമയമാണ് അമ്മക്കും അപ്പനുമൊപ്ം ചേരുന്നത്. മകൾ റീജ കൂത്താട്ടുകുളം ബിടിസി കോളേജിൽ ബി.ടെകിനു പഠിക്കുന്നു. നിർമാണ പ്രവർത്തനങ്ങൾ കൂടുതലും നടത്തുന്നത് അപ്പനും മകനും ചേർന്നാണ്. കടയിൽ ഇരിക്കുന്നത് റോസിലിയാണ്. ഉത്പന്നത്തിന്റെ ഗുണമേൻമ അതേപോലെ എപ്പോഴും നിലനിൽക്കണം എന്നാഗ്രഹിക്കുന്നതു കൊണ്ടാണ് മറ്റു ജോലിക്കാരെയൊന്നും സഹായികളായി നിർത്താത്തതെന്നു റോസിലി പറയുന്നു.


കുറഞ്ഞ മുതൽ മുടക്കും മികച്ച ഗുണമേൻമയും

പിയേഴ്സ്, ലാവൻഡർ, സാൻഡിൽ,റോസ്, ചന്ദ്രിക എന്നിവയുടെ സുഗന്ധമുള്ള സോപ്പുകളാണ് ഇവർ നിർമ്മിക്കുന്നത്. ഒരു ഷിഫ്റ്റിൽ 550 സോപ്പുകളാണ് ഉത്പാദിപ്പിക്കുന്നു. കേരളത്തിൽ നിന്നു തന്നെയാണ് ആവശ്യമായ അസംസ്കൃത വസ്തുക്കളെല്ലാം വാങ്ങിക്കുന്നത്. കുടുംബശ്രിയുടെ ലോണിൽ 50000 രൂപ സബ്സിഡി ലഭിച്ചിരുന്നു. കൂടാതെ ലോൺ അടച്ചു തീർത്തപ്പോൾ രണ്ടു ലക്ഷം രൂപ ഓവർഡ്രാഫ്റ്റായും ലഭിച്ചു.

ഹോസ്റ്റലുകൾ, ഹോട്ടലുകൾ, കാറ്ററിംഗ് സർവീസ് നടത്തുന്നവർ, ലോൺഡ്രി ജീവനക്കാർ, കടക്കാർ തുടങ്ങിയവരാണ് വലിയ ഉപഭോക്‌താക്കൾ. ഇതു കൂടാതെ ചില്ലറ വിൽപനയും നടത്തുന്നുണ്ട്. ഹോട്ടലുകളിലേക്കും മറ്റും 15 ഗ്രാമിന്റെ ചെറിയ സോപ്പുകളും ചെയ്തു കൊടുക്കാറുണ്ട്. വരാപ്പുഴയിലുള്ള ഒരു യൂണിറ്റാണ് സോപ്പ് അടിച്ചു നൽകുന്നത്. സോപ്പുണ്ടാക്കാനുള്ള കൂട്ട് യോജിപ്പിച്ച് അവിടെ എത്തിച്ചു കൊടുക്കും സോപ്പ് അടിച്ചു കൊടുക്കുന്ന ജോലി മാത്രം അവർ ചെയ്യും.

സോപ്പു പൊടി നിർമാണമാണ് വീടിനടുത്തു നടക്കുന്നത്. ഒരു ഷിഫ്റ്റിൽ 100 കിലോ ഗ്രാം സോപ്പു പൊടി ഉത്പാദിപ്പിക്കും. നീലയും വെള്ളയും നിറത്തിലുള്ള സോപ്പു പൊടികളാണ് ഉത്പാദിപ്പിക്കുന്നത്. സംരംഭം തുടങ്ങിയ ആദ്യ നാളുകളിൽ യന്ത്ര സൗകര്യങ്ങൾ യാതൊന്നും ഉണ്ടായിരുന്നില്ല. കൈകൊണ്ടായിരുന്നു പ്രവർത്തനങ്ങളത്രയും ചെയ്തിരുന്നത്. പിന്നീട് ഇതു ബുദ്ധിമുട്ടാണെന്നു മനസിലാക്കി 20 കിലോഗ്രം ഉത്പാദനക്ഷമതയുള്ള ഒരു മെഷീൻ വാങ്ങി. അതിൽ ഉത്പാദനം നടത്തിയിട്ട് തികയുന്നില്ല എന്നു കണ്ടതോടെയാണ് 100 കിലോഗ്രം ശേഷിയുള്ള പുതിയ മെഷീൻ വാങ്ങിയത്.

സോപ്പു പൊടി ഉത്പാദിപ്പിക്കാനാവശ്യമായ മെഷീനിന് ഒന്നര ലക്ഷം രൂപയായി. സോപ്പു നിർമിക്കുന്ന മെഷീന് 60000 രൂപയുമായി. അസസ്കൃത വസ്തുക്കൾക്കായി ഒന്നരലക്ഷം രൂപയാണ് ചെലവു വരാറ്. ഇതു കൂടാതെ ചില്ലറ സാധനങ്ങൾ വാങ്ങിക്കുന്നതിനായി ഇരുപതിനായിരം രൂപയോളം ചെലവും വരാറുണ്ട്. ആറു ലക്ഷം രൂപയോളം ടോണോവറുണ്ട്.

സോപ്പും സോപ്പു പൊടിയും മറ്റും വാങ്ങിക്കാൻ എപ്പോഴും തന്നെ ആളുകൾ കടയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. അവർക്കു മുന്നിൽ നിറഞ്ഞചിരിയുമായി റോസിലി വിൽപന നടത്തുന്നു. ഗുണമേൻമയിൽ ഒരിക്കലും ഒരു കോംപ്രമൈസിനും തയാറല്ല എന്നതാണ് തന്റെ ഉത്പന്നത്തിന്റെ ഏറ്റവും മികച്ച നേട്ടമെന്ന് ഓരോ ഉപഭോക്‌താവ് എത്തുമ്പോഴും റോസിലി ഉറപ്പിക്കുന്നു.