ഫ്ളെയിം സ്മാർട്ട് ഫോണുകൾ വിപണിയിൽ
ഫ്ളെയിം സ്മാർട്ട് ഫോണുകൾ വിപണിയിൽ
Monday, July 11, 2016 4:26 AM IST
തിരുവനന്തപുരം: റിലയൻസിന്റെ ലൈഫ് ശ്രേണിയിലുള്ള ഫ്ളെയിം സ്മാർട്ട് ഫോണുകൾ 2999 രൂപ നിരക്കിൽ വിപണിയിൽ എത്തി. ഫ്ളെയിം 3, ഫ്ളെയിം 4, ഫ്ളെയിം 5, ഫ്ളെയിം 6 തുടങ്ങിയ മോഡലുകളാണ് കമ്പനി അവതരിപ്പിക്കുന്നത്.

വേഗത്തിലുള്ള കോൾ സെറ്റപ്പ്, എച്ച്ഡി നിലവാരമുള്ള ശബ്ദ–ദൃശ്യ സംവിധാനം, വോയ്സ് കോളിൽനിന്നും വീഡിയോ കോളിലേക്കും തിരിച്ചും മാറാനുള്ള സംവിധാനം, 4 ജി നെറ്റ്വർക്കിലുള്ള കോൺഫറൻസിംഗ് കോളുകൾ തുടങ്ങിയവ ഈ മോഡലുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. ശബ്ദത്തിലൂടെ മാത്രം ആശയവിനിമയം നടത്താവുന്ന സാധാരണ ഫോണുകളിലേക്ക് ഇത്രയധികം സംവിധാനങ്ങൾ ഒരുമിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാർട്ട് ഫോണാണ് സാധാരണക്കാരായ ജനങ്ങൾക്കുവേണ്ടി അവതരിപ്പിക്കുന്നതെന്ന് റിലയൻസ് റിട്ടെയിൽ അവകാശപ്പെടുന്നു.


2 ജി, 3 ജി ഫോൺ നെറ്റ്വർക്കുകളിൽനിന്ന് 4 ജിയിലേക്ക് മാറാനുള്ള സൗകര്യമാണ് പുതിയ ഫോണുകൾ ഒരുക്കുന്നത്. മികച്ച ഹാർഡ്വെയർ, രണ്ടു സിം ഉപയോഗിക്കാനുള്ള സൗകര്യം തുടങ്ങിയവയും ഫോണിലുണ്ട്. വ്യക്‌തതയും നിലവാരവുമുള്ള മുൻ ക്യാമറയും, പിൻകാമറയും ഫ്ളെയിം ഫോണുകളെ സാധാരണ ഫോണുകളെക്കാൾ സ്മാർട്ടാക്കുന്നു. ചുരുക്കത്തിൽ, സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്ക് സമാനമായ വിലയിൽ സ്മാർട്ട് ഫോണുകളുടെ ഉടമസ്‌ഥരാകാം എന്നതാണ് റിലയൻസ് ലൈഫ് ഫ്ളെയിം ഫോണുകൾ നൽകുന്ന വാഗ്ദാനം.