മങ്കട രവിവർമ (കാമറ സ്ലോട്ട്)
മങ്കട രവിവർമ (കാമറ സ്ലോട്ട്)
Thursday, July 14, 2016 4:12 AM IST
സമാന്തര സിനിമകളുടെ സഹയാത്രികനെന്ന നിലയിൽ മലയാള സിനിമയെ ലോക ചലച്ചിത്ര ഭൂപടത്തിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഛായാഗ്രാഹകനാണ് യശഃശരീരനായ മങ്കട രവി വർമ. പ്രതിഭാശാലികളായ സംവിധായകർ ഒരുക്കിയ അതിസങ്കീർണമായ ജീവിതകഥകളെ, അതേ തീവ്രതയോടെ കാമറയിൽ പകർത്താൻ ഇദ്ദേഹത്തിനു സാധിച്ചിരുന്നു. മലയാള സിനിമയിൽ, വിവിധ തലങ്ങളിലായി മങ്കട രവിവർമ നേടിയിട്ടുള്ളത്ര പുരസ്കാരങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞ മറ്റൊരു ഛായാഗ്രഹകനുമില്ല.

മലപ്പുറത്തെ മങ്കട സ്വദേശിയാണ് രവി വർമ. ചെറുപ്പകാലം മുതൽ ഫോട്ടോഗ്രഫിയിൽ തൽപരനായിരുന്ന വർമ പാലക്കാട് വിക്ടോറിയ കോളജിലെ ബിരുദപഠനത്തിനുശേഷം ചെന്നൈയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണകല പഠിക്കാൻ ചേർന്നു. പഠനത്തിനിടെ നിരവധി ഡോക്യുമെന്ററികളുടെ ഛായാഗ്രഹകനായി. സഹപാഠിയായ അസീസ് സംവിധാനം ചെയ്ത അവൾ എന്ന ചിത്രത്തിനു കാമറ നിയന്ത്രിച്ചുകൊണ്ട് 1966–ലാണ് ഛായാഗ്രഹണരംഗത്ത് അരങ്ങേറ്റം നടത്തിയത്.

പി.എൻ. മേനോൻ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയ സംവിധായകരുടെ ചലച്ചിത്രങ്ങൾ മലയാള സിനിമയ്ക്കു വഴിത്തിരിവുകൾ സൃഷ്ടിച്ചവയാണ്. നാടകസ്വാധീനം കാര്യമായുണ്ടായിരുന്ന ആദ്യകാല മലയാള സിനിമ, പി.എൻ. മേനോനെപ്പോലുള്ള സംവിധായകരുടെ ചിത്രങ്ങളിൽക്കൂടിയാണ് മുക്‌തി നേടുന്നത്. ഓളവും തീരവും എന്ന മേനോന്റെ ആദ്യചിത്രത്തിനു കാമറ നിയന്ത്രിച്ചത് രവിവർമയാണ്. ഇരുവരുടെയും ജീവിതത്തിലെ നാഴികക്കല്ലായി ഈ ചിത്രം മാറി. എം.ടി. വാസുദേവൻ നായരുടെ രചനയ്ക്ക് സാക്ഷാത്കാരം നൽകിയത് പൂർണമായും ഔട്ട്ഡോർ ഷൂട്ടിംഗിലൂടെയാണ്. ആദ്യമായാണ് ഒരു മലയാള സിനിമ സ്റ്റുഡിയോയ്ക്കു വെളിയിൽ ചിത്രീകരിക്കപ്പെടുന്നത്. സ്വഭാവിക വെളിച്ചത്തിലായിരുന്നു ചിത്രീകരണത്തിലേറെയും. ലൈറ്റ് മങ്ങുന്ന അവസരങ്ങളിൽ കാമറ ഓഫ് ചെയ്തിരുന്ന കാമറമാൻമാർക്കു മുൻപിൽ വർമ അദ്ഭുതമായി മാറി. ബ്ലാക്ക് ആൻഡ് വൈറ്റിൽ കിട്ടാവുന്ന എല്ലാ ടോണുകളും ഉൾക്കൊള്ളിച്ചു രൂപകല്പന ചെയ്ത ഈ ചിത്രത്തിന്റെ ഫ്രെയിമുകൾ വേറിട്ട ഭംഗി പുലർത്തി.


അടൂർ ഗോപാലകൃഷ്ണനുമായി വർമയ്ക്കുണ്ടായ അടുപ്പം മലയാള സിനിമയിൽ ഏറെക്കാലം നീണ്ടുനിന്ന ഒരു കൂട്ടുകെട്ടിനു വഴിയൊരുക്കി. മികച്ച എഴുത്തുകാരൻകൂടിയായിരുന്ന വർമയുടെ ലേഖനങ്ങളാണ് അടൂരുമായുള്ള ഈ അടുപ്പത്തിനു വഴിവെച്ചത്. ഓളവും തീരവും എന്ന ചിത്രത്തിന്റെ ഛായാഗ്രഹണശൈലിയിൽ ആകൃഷ്ടനായ അടൂർ തന്റെ കന്നിസംരംഭമായ സ്വയംവരത്തിന്റെ ഛായാഗ്രഹകനായി വർമതന്നെ മതി എന്നു തീരുമാനിക്കുകയായിരുന്നു. കേരള സംസ്‌ഥാന അവാർഡിനൊപ്പം മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ അവാർഡും ഈ ചിത്രം കരസ്‌ഥമാക്കി. തുടർന്ന് കൊടിയേറ്റം, എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ, വിധേയൻ, കഥാ പുരുഷൻ, നിഴൽക്കൂത്ത് എന്നീ ചിത്രങ്ങൾക്കും അടൂരിന്റെ ഏഴു ഡോക്യുമെന്ററികൾക്കും വർമയാണ് കാമറ ചലിപ്പിച്ചത്. നിഴൽക്കൂത്തിന്റെ ഛായാഗ്രഹണത്തിനിടെ രോഗബാധിതനായ വർമയ്ക്കു പകരം സണ്ണി ജോസഫാണ് കാമറ നിയന്ത്രിച്ചത്. ചുരുങ്ങിയ ബജറ്റിൽ മികച്ച ചിത്രമൊരുക്കാൻ വർമയുടെ സഹകരണം ഏറെയായിരുന്നുവെന്ന് അടൂർ അനുസ്മരിക്കുന്നു.

ജി. അരവിന്ദൻ ആദ്യമായി സംവിധാനംചെയ്ത ഉത്തരായനവും രവിവർമയുടെ കാമറയിൽ പകർത്തിയതാണ്. മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇന്നും തലയെടുപ്പോടെ നിൽക്കുന്ന ചിത്രമാണ് ഉത്തരായനം. ഗാന– നൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ പ്രേക്ഷകരുടെ ചിന്തയിൽപോലുമില്ലാത്ത കാലഘട്ടത്തിൽ ഇത്തരം ഓഫ് ബീറ്റ് ചിത്രങ്ങൾ പ്രേക്ഷക ശ്രദ്ധ നേടിയതിൽ വർമയുടെ പങ്ക് പ്രധാനമാണ്.

സംവിധായകനായും ഗ്രന്ഥകാരനായും ചലച്ചിത്രമേഖലയിൽ ഇദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. നോക്കുകുത്തി, കുട്ടികൾക്കുവേണ്ടിയുള്ള ചിത്രമായ കുഞ്ഞിക്കൂനൻ എന്നിവ അതുല്യനായ ഈ കലാകാരൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ്. അവിവാഹിതനായിരുന്ന ഇദ്ദേഹം 2010–ൽ അന്തരിച്ചു.

തയാറാക്കിയത്: <യ>സാലു ആന്റണി