വരുന്നു...ഇരുമുഖൻ
വരുന്നു...ഇരുമുഖൻ
Monday, July 18, 2016 5:09 AM IST
കോളിവുഡ് സൂപ്പർസ്റ്റാർ ചിയാൻ വിക്രം നായകനായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ഇരുമുഖൻ റിലീസിനു തയാറാകുന്നു. ആനന്ദ് ശങ്കർ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഇരുമുഖനിൽ നയൻതാരയും നിത്യ മേനോനുമാണു നായികമാരാകുന്നത്. സൂര്യ നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ 24 നു ശേഷം കോളിവുഡിൽ നിന്നുമെത്തുന്ന മറ്റൊരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും ഇരുമുഖൻ.

വിക്രം ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ഇരുമുഖൻ ഏറെ പ്രത്യേകതയോടെയാണു പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. വിജയ് നായകനായി എത്തിയ പുലിയുടെ നിർമാതാവായ ഷിബു തമീൻസാണു ചിത്രം നിർമിക്കുന്നത്. 85 കോടി ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ബാങ്കോക്ക്, ബഡാക്ക്, മലേഷ്യ, കാശ്മീർ, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാവുകയാണ്. ആർ.ഡി രാജശേഖരനാണു ഛായാഗ്രഹണം നിർവഹിക്കുന്നത്. ശങ്കർ ഒരുക്കിയ അന്യനു ശേഷം, വലിയൊരു ഇടവേള കഴിഞ്ഞു ഹാരിസ് ജയരാജാണ് ഈ വിക്രം ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഭുവൻ ശ്രീനിവാസൻ ചിത്രസംയോജനവും നടത്തുന്നു.

ശങ്കർ ഒരുക്കിയ ഐ, പത്തു എൻട്രുതുക്കളെ എന്നി ചിത്രങ്ങൾക്കു ശേഷമെത്തുന്ന വിക്രം ചിത്രം ഇരുമുഖനു പ്രേക്ഷക പ്രതീക്ഷ വളരെ വലുതാണ്. കഴിഞ്ഞ ചിത്രങ്ങളുടെ പരാജയത്തിന്റെ ക്ഷീണം തീർത്തു തന്റെ താര പദവി കാത്തു സൂക്ഷിക്കാൻ വിക്രമിനു ഈ ചിത്രം വിജയിച്ചേ തീരുകയുള്ളു. അതുകൊണ്ടു തന്നെ ചിത്രത്തിനു വേണ്ടി വളരെ തയാറെടുപ്പുകളും വിക്രം നടത്തുന്നുണ്ട്. അന്യൻ, പിതാമഹൻ, രാവണൻ, ദൈവത്തിരുമകൾ എന്നി ചിത്രങ്ങൾ പോലെ വ്യത്യസ്തവും മറ്റാർക്കും അനുകരിക്കാനാവാത്തതുമായ വേഷവിധാനങ്ങളോടെയാണ് ഈ ചിത്രത്തിലും വിക്രം എത്തുന്നത്. ഈ ചിത്രത്തിലെ ഇരട്ട വേഷത്തിലൊന്നിൽ ട്രാൻ സ്ജെൻഡറായിട്ടാണ് വിക്രം എത്തുന്നത്.


വിക്രമും നയൻതാരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഇരുമുഖൻ. നയൻതാരയോടൊപ്പം നിത്യ മേനോനും നായിക നിരയിലേക്കെത്തുമ്പോൾ ചിത്രത്തിനു പ്രതീക്ഷ ഏറുകയാണു. ത്രില്ലടിപ്പിക്കുന്ന ആക്ഷനും ചേസിംഗ് വിഷ്വൽ മാജിക്കും തീർക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിനു യൂടുബിൽ വൻ സ്വീകരണമാണു ലഭിക്കുന്നത്. മൂന്നു മില്യനോളം എത്തുന്ന പ്രേക്ഷക പിന്തുണ ഇതിനോടകം തന്നെ ചിത്രത്തിന്റെ ട്രെയ്ലർ നേടിക്കഴിഞ്ഞു. വിക്രമിനൊപ്പം നയൻതാരയും ആക്ഷൻ സീനുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. തികഞ്ഞ മെയ്വഴക്കത്തോടെയുള്ള നയൻസിന്റെ ആക്ഷൻ പ്രകടനത്തിനു മികച്ച അഭിപ്രായമാണു സംവിധായകനും അണിയറപ്രവർത്തകരും നൽകുന്നത്.

അരിമ നമ്പി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ആനന്ദ് ശങ്കർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണു ഇരു മുഖൻ. ത്രില്ലറിനോടൊപ്പം സയൻസ് ഫിക്ഷനും കൂട്ടിയിണക്കിയാണു ഇരുമുഖനെ ആനന്ദ് ശങ്കർ ഒരുക്കുന്നത്. മർമ മനിതൻ എന്നാണു ചിത്രത്തിനു ആദ്യം നൽകിയിരുന്ന പേര്. പിന്നീടാണ് ഇരുമുഖൻ എന്നു മാറ്റിയത്. ചെന്നൈ ടെക് പാർക്കിൽ 200ൽ അധികം വരുന്ന സ്റ്റണ്ട് ആർട്ടിസ്റ്റുകളോടൊപ്പമുള്ള ആക്ഷൻ സീക്വൻസുകളാണു ചിത്രത്തിനായി സംവിധായകൻ ഒരുക്കിയത്. നാസർ, കരുണാകരൻ, തമ്പി രാമിയ, യുഗി സേതു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്റ്പ്രൊഡക്ഷൻസ് ജോലികൾ തുടരുകയാണ്.

ലോകവ്യാപകമായി മൂവായിരത്തിലധികം തിയറ്ററുകളിലാണ് ഇരുമുഖന്റെ റിലീസ് പ്ലാൻ ചെയ്യുന്നത്. ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിലെത്തും.