പ്രഖ്യാപനം കഴിഞ്ഞു, ഇനി നിരത്തിൽ
പ്രഖ്യാപനം കഴിഞ്ഞു, ഇനി നിരത്തിൽ
Monday, August 1, 2016 5:02 AM IST
<യ> ഓട്ടോ സ്പോട്ട്/അജിത് ടോം

വാഹനപ്രേമികളുടെ ഉള്ള് തൊട്ടറിഞ്ഞുള്ള രൂപകല്പനയാണ് ഈ വർഷം നിരത്തിലിറങ്ങിയ വാഹനങ്ങൾക്കെല്ലാംതന്നെ ഉണ്ടായിരുന്നത്. മുഖം മിനുക്കി ഇന്നോവ, പുതുമ വാരിപ്പൂശിയും സൗന്ദര്യത്തിനു മൂർച്ച കൂട്ടിയും മാരുതിയുടെ മോഡലുകൾ, അഴകും മികവും നല്കി മഹീന്ദ്ര ഇവയ്ക്കെല്ലാം പുറമെ അടിമുടി മാറ്റവുമായി ടാറ്റയുടെ കാറുകളും നിരത്തിൽ നിറസാന്നിധ്യമാവുകയാണ്.

എന്നാൽ, പ്രഖ്യാപനങ്ങൾ കഴിഞ്ഞ് നിരത്തിലിറങ്ങാൻ കൊതിച്ച് ഇനിയുമുണ്ട് കുറച്ചു പേർ. ഈ വർഷം അവസാനത്തോടെ നിരത്തിലിറങ്ങാൻ ഒരുങ്ങുന്ന ചിലരുടെ വിശേഷങ്ങളിലേക്ക്.

<യ> ഷെവർലെ ആദ്ര

ഈ വർഷം നിരത്തിൽ കാര്യമായി സാന്നിധ്യമറിയിക്കാനാവാത്ത കമ്പനിയാണ് ഷെവർലെ. ബീറ്റിന്റെ പുതിയ മോഡൽ അല്ലാതെ മറ്റു മോഡലുകൾ നിരത്തിലിറക്കാൻ ഷെവർലേക്ക് സാധിച്ചിട്ടില്ല. ഈ ആരോപണങ്ങളിൽനിന്നുള്ള ഉയർത്തെഴുന്നേൽപ്പായാണ് ആദ്രയുടെ പ്രഖ്യാപനം. ഫോർഡ് ഇക്കോ സ്പോർട്ട്, മഹീന്ദ്ര ക്വാൻഡോ എന്നിവയോട് മത്സരിക്കാനാണ് ജനറൽ മോട്ടോഴ്സ് ആദ്രയെ ഇറക്കുന്നത്. ചെറിയ കാറിന്റെ പ്ലാറ്റ്ഫോമിൽ നാലു മീറ്റർ നീളത്തിലാണ് ആദ്രയുടെ രൂപകല്പന.

അഞ്ച് സ്പീഡ് മാന്വവൽ ട്രാൻസ്മിഷനിൽ 1.3 ഡീസൽ എൻജിനിലും 1.4 പെട്രോൾ എൻജിനിലുമാണ് ആദ്ര നിരത്തിലിറങ്ങുന്നത്. 5.5 ലക്ഷം രൂപ മുതലാണ് വില.

<യ> ഡാറ്റ്സൺ ഗോ ക്രോസ്

വിപണിയിലും നിരത്തിലും തുടക്കക്കാരുടെ അവഗണന ആവോളം നേരിടേണ്ടിവന്ന കമ്പനിയാണ് ഡാറ്റ്സൺ. ഡാറ്റ്സൺ ഗോ, ഗോ പ്ലസ് എന്നീ മോഡലുകൾക്കേറ്റ തിരിച്ചടികൾ മനസിലാക്കി 2016 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഏറ്റവും ആകർഷകമായ മോഡലാണ് ഗോ ക്രോസ്. ഗോ പ്ലസിന്റെ പ്ലാറ്റ്ഫോമിൽ ആഡംബര കാറിന്റെ പ്രൗഢിയോടെയാണ് ഗോ ക്രോസ് അവതരിപ്പിക്കുന്നത്.

അഞ്ച് സ്പീഡ് മാന്വവൽ ഗിയർ ബോക്സിൽ 1.2 ലിറ്റർ മൂന്ന് സിലിണ്ടർ ഡിഒഎച്ച്സി ഡീസൽ എൻജിനാണ് ഗോ ക്രോസിൽ നല്കിയിരിക്കുന്നത്. 18 മുതൽ 20 കിലോമീറ്റർ വരെ മൈലേജ് അവകാശപ്പെടുന്ന ഗോ ക്രോസിന് 4.5 മുതൽ ഏഴു ലക്ഷം രൂപ വരെയാണ് വില.

<യ> ഹ്യുണ്ടായി ഐ30

വെർണ, ഐ20, ഗ്രാൻഡ് ഐ10 തുടങ്ങി പുതുമയാർന്ന മോഡലുകളാണ് പിന്നിട്ട നാളുകളിൽ ഹ്യുണ്ടായിയിൽനിന്നു പുറത്തിറങ്ങിയത്. എന്നാൽ, വിപണിയിൽ ഏറെ മികവു കാട്ടിയത് സൗന്ദര്യത്തിന്റെ മൂർത്തീഭാവമായ ഐ20 എലൈറ്റാണ്. ഇതിന്റെ കൂടെപ്പിറപ്പെന്നു വിശേഷിപ്പിക്കാവുന്ന ഏറ്റവും പുതിയ മോഡലായ ഐ30 നിരത്തിൽ വിപ്ലവം സൃഷ്‌ടിക്കാനൊരുങ്ങുകയാണ്.

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ തുടങ്ങിയ സാങ്കേതിക മികവും ഐ30യിൽ നല്കിയിരിക്കുന്നു. സുരക്ഷയ്ക്കു പ്രാധാന്യം നല്കിയിരിക്കുന്നതിനാൽ ഏഴ് എയർ ബാഗ് ഇതിൽ നല്കിയിരിക്കുന്നു.


പെട്രോൾ, ഡീസൽ എന്നീ രണ്ട് എൻജിനുകളിലും ഐ30 അവതരിപ്പിക്കുന്നുണ്ട്. ഓട്ടോമാറ്റിക്കിലും മാന്വലിലും ആറ് സ്പീഡ് ഗിയർ ബോക്സാണ് ഘടിപ്പിച്ചിരിക്കുന്നത്. പെട്രോൾ മോഡലിന് 17ഉം ഡീസൽ മോഡലിന് 22ഉം കിലോമീറ്റർ മൈലേജാണ് കമ്പനി പ്രതീക്ഷിക്കുന്നത്. എട്ടു ലക്ഷം മുതൽ 14 ലക്ഷം രൂപ വരെ വില വരുമെന്നാണു സൂചന.

<യ> മാരുതി ഇഗ്നൈസ്

മാരുതിയിൽനിന്ന് പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ മോഡലാണ് ഇഗ്നൈസ്. മാരുതിയുടെ ഇതുവരെയുള്ള രൂപകല്പനയിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായാണ് ഇഗ്നൈസിന്റെ എക്സ്റ്റീരിയർ. 2,435 എംഎം വീൽ ബേസിൽ 180 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ഇഗ്നൈസ് ഉറപ്പു നല്കുന്നുണ്ട്.

1.2 ലിറ്റർ കെ സീരിയസ് പെട്രോൾ എൻജിനും, 1.3 ലിറ്റർ ഡിഡിഐഎസ് ഡീസൽ എൻജിനിലുമാണ് ഇഗ്നൈസ് പുറത്തിറക്കുന്നത്. അഞ്ചു മുതൽ ഏഴു ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കുന്നു.

<യ> ടാറ്റ കൈറ്റ്

ടാറ്റയുടെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന സെഡാൻ മോഡലാണ് ടാറ്റാ കൈറ്റ്. അടുത്തിടെ പുറത്തിറക്കിയ കോംപാക്ട് സെഡാൻ മോഡലായ സെസ്റ്റിന്റെ ഷാസിയിൽ തന്നെയാണ് കൈറ്റ് എത്തുക. ആദ്യം പുറത്തുവിട്ട ചിത്രങ്ങൾ അനുസരിച്ച് ബേസ് മോഡലിനുൾപ്പെടെ വലിയ ഹെക്സാജൻ ഹെഡ്ലാമ്പുകളും ആകർഷകമായ ഗ്രില്ലും നല്കി മുൻവശം അലങ്കരിച്ചിട്ടുണ്ടെങ്കിലും ഫൈനൽ ലുക്കിൽ നേരിയ മാറ്റം വന്നേക്കാം എന്നു റിപ്പോർട്ടുകളുണ്ട്.

പുതിയ ടാറ്റാ മോഡലുകളിൽ പ്രവർത്തിക്കുന്ന 1.2 ലിറ്റർ റെവോട്രോൺ നാല് സിലിണ്ടർ പെട്രോൾ എൻജിനാണ് കൈറ്റിനും ശക്‌തിപകരുക. 20 കിലോമീറ്റർ മൈലേജ് ലഭിക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.

<യ> മാരുതി ജിമ്നി

ഇന്നും ഓഫ് റോഡുകളുടെ ഇഷ്‌ടതോഴനാണ് മാരുതി ജിപ്സി. 20–ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജിപ്സിയുടെ ഉത്പാദനം നിർത്തിയെങ്കിലും അഴകും മികവും ഒട്ടും ചോർന്നു പോകാതെ മാരുതിയിൽനിന്നു ജിപ്സിയുടെ പിൻഗാമിയായ ജിമ്നി പുറത്തിറങ്ങുകയാണ്. മാരുതി ബോലീനോയുടെ പ്ലാറ്റ്ഫോമിൽ കോംപാക്ട് എസ്യുവി ആയാണ് ജിമ്നി അവതരിക്കുക. ജിപ്സിയുടേതിനു സമാനമായ ബോഡിയിലാണ് ജിമ്നിയും വരുന്നത്. 3545 എംഎം നീളവും 1670 എംഎം ഉയരവും 1600 എംഎം വീതിക്കുമൊപ്പം 2250 എംഎം വീൽ ബേസും 190 എംഎം ഗ്രൗണ്ട് ക്ലീയറൻസും ജിമ്നിക്ക് നല്കിയിട്ടുണ്ട്.

പെട്രോൾ, ഡീസൽ മോഡലുകളിൽ ജിമ്നി എത്തുമെന്നാണ് റിപ്പോർട്ടുകൾ. 1.3, 1.5 ലിറ്റർ ഡീസൽ എൻജിനുകളിൽ ഇറങ്ങുന്ന ജിമ്നിക്ക് 20 മുതൽ 22 കിലോമീറ്റർ വരെ മൈലേജ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴ് ലക്ഷം രൂപ മുതൽ വില വരുന്ന ജിമിനി ഈ വർഷം അവസാനമോ അടുത്ത വർഷത്തിന്റെ ആരംഭത്തിലോ നിരത്തിലെത്തിയേക്കും.