ആധാറിനു പകരം സ്മാർട്ട്ഫോൺ
ആധാറിനു പകരം സ്മാർട്ട്ഫോൺ
Tuesday, August 2, 2016 4:14 AM IST
<യ> ക്ലിക്/ ആർ വിധുലാൽ

പെൻഷൻ വാങ്ങാൻ എന്തിനാണ് ആധാർ, സ്മാർട്ട്ഫോൺ ഉണ്ടല്ലോ എന്നായിരിക്കും ഇനി കേന്ദ്രസർക്കാരിന്റെ അടുത്ത പരസ്യവാചകം.

വീട്ടിലൊരു ‘ശോചനാലയ’ത്തിന്റെ പരസ്യം കേട്ടുമടുത്ത് ഇതൊക്കെ ഗുജറാത്തിൽ കാണിച്ചാൽപോരെ ഇവിടെ കുറഞ്ഞതു രണ്ടു ‘ശോചനാലയ’മെങ്കിലും ഉള്ളവരാ ഞങ്ങൾ എന്നു ചങ്കൂറ്റത്തോടെ പറയുന്നവരാണു മലയാളികൾ. ആധാറിന്റെ പേരിൽ ഇവിടെ നടന്ന ലഹളകളും ആൾമാറാട്ടങ്ങളും അവസാനിച്ചിട്ടില്ല. ഇതിനു പിന്നാലെയാണ് സ്മാർട്ട്ഫോണിനെത്തന്നെ ഐഡിയാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം.

ആധാർ നമ്പരുള്ള നൂറുകോടി പൗരന്മാരുണ്ടിവിടെ. സ്മാർട്ട്ഫോൺ കൈയിലുള്ളവരുടെ എണ്ണം ഏകദേശം 40 കോടിയോളം വരും. സർക്കാരിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ സ്മാർട്ട്ഫോണിനെത്തന്നെ ഐഡിയായി ഉപയോഗിക്കാമെന്ന ആശയമാണ് ഇതിനുപിന്നിൽ. ജൻധൻ യോജന, എൽപിജി സബ്സിഡി, ഹെൽത്ത് കാർഡ് തുടങ്ങി ഒട്ടേറെ സേവനങ്ങൾ അപ്പപ്പോൾ അറിയിക്കാനും അതു പ്രയോജനപ്പെടുത്താനും ഇതുവഴി സാധിക്കുമെന്ന് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നു.

കണ്ണുകൾ സ്കാൻ ചെയ്താണ് ആധാറിലൂടെ ആളെ തിരിച്ചറിയുന്നതും അവ രജിസ്റ്റർ ചെയ്യുന്നതും. ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ആധാർ ചിപ്പുകൾ നിർമിക്കുകയാണ് ആദ്യ പടി. ഇതിനായി യുണിക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ഉദ്യോഗസ്‌ഥർ പ്രമുഖ സ്മാർട്ട്ഫോൺ കമ്പനികളുമായി പ്രഥമിക ചർച്ചകൾ നടത്തിയിരുന്നു.

ആപ്പിളുമായും ഗൂഗിളുമായും ചർച്ചകൾ നടത്തി. സോഫ്റ്റ്വെയർ ഡെവലപർ കമ്പനിയായ ഐസ്പിരിറ്റും ചർച്ചയിൽ പങ്കെടുത്തു. ആപ്പിൾ ഉദ്യോഗസ്‌ഥൻ കാപ്പി കുടിച്ചു പിരിഞ്ഞു. ഗൂഗിൾ ഉറപ്പൊന്നും പറഞ്ഞില്ല. സാംസംഗും മൈക്രോമാക്സും ആധാർ ഐഡി സ്മാർട്ട്ഫോണിനെക്കുറിച്ചു ചർച്ച ചെയ്തു. ദീർഘകാലത്തേക്കുള്ള ഒരു പദ്ധതിയെന്ന നിലയിൽ ഇന്ത്യൻ കമ്പനിളൊഴികെ മറ്റാരും കരാറിൽ ഒപ്പുവയ്ക്കാൻ സാധ്യതയില്ലെന്ന റിപ്പോർട്ട് ചർച്ചയ്ക്കു പിന്നാലെയെത്തി.


അടുത്ത സർക്കാർ അധികാരത്തിലെത്തുമ്പോൾ ഇതൊക്കെ ഉണ്ടാകുമോ എന്ന് ആർക്കറിയാമെന്നാണ് മൈക്രോമാക്സ് ഒഴികെയുള്ള കമ്പനി എക്സിക്യൂട്ടീവുമാരുടെ ആശങ്ക. എന്നാൽ, ആശങ്കകൾ അസ്‌ഥാനത്താണെന്നു തെളിയിച്ച് സാംസംഗ് മുന്നോട്ടുതന്നെയാണ്. പുതിയ സ്മാർട്ട്ഫോണുകളിൽ ഫിംഗർപ്രിന്റ് സ്കാനർ ടെക്നോളജിയുണ്ട് (വിരൽതൊട്ടാൽ അൺലോക്ക് ചെയ്യുന്ന സൗകര്യം). കണ്ണുകൾ സ്കാൻ ചെയ്ത് ആളെ തിരിച്ചറിയുന്ന ഐറിസ് സ്കാനർകൂടി ഉൾപ്പെടുത്തിയാൽ മാത്രമേ സ്മാർട്ട്ഫോണിൽ ആധാർ രജിസ്റ്റർ ചെയ്യാനാവൂ. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു നിർമിച്ച ഗാലക്സി ടാബ്ലെറ്റുകൾ സാംസംഗ് വിപണിയിലിറക്കിയിട്ടുണ്ട്. ഇത് കമ്പനിക്ക് മുതൽക്കൂട്ടാണ്.

ആധാർ ഒരു രാജ്യത്തിന്റെ രഹസ്യ രേഖയായതിനാൽ പഴുതുകളടച്ചുള്ള സുരക്ഷാ ചിപ്പിന്റെ നിർമാണഘട്ടത്തിൽ ഉറപ്പാക്കേണ്ടതുണ്ട്. ഫോണിൽ സേവ് ചെയ്യുന്ന ആധാർ രേഖകൾ അപ്പപ്പോൾ സർക്കാരിനു സെർവറിലൂടെ ലഭിക്കുകയും വേണം. ഇതിനുപുറമേ ഉപഭോക്‌താക്കളിലേക്ക് സർക്കാർ സേവനങ്ങൾ പണമായി ലഭിക്കുന്ന ഡിറക്ട് മണി ട്രാൻസ്ഫറിന് നാഷണൽ പേമെന്റ്സ് കോർപറേഷന്റെ പുതിയ യൂണിഫൈഡ് പേമെന്റ് പദ്ധതിയും ഉപയോഗപ്പെടുത്തും.

വാസ്തവം പറഞ്ഞാൽ സ്മാർട്ട്ഫോൺ സാക്ഷരതയുള്ളവരായി ഓരോ ഇന്ത്യൻ പൗരനും മാറുമെന്നു സാരം. മൂവായിരം രൂപയ്ക്ക് സ്മാർട്ട്ഫോൺ കിട്ടും. ഇനി ഇതാവട്ടെ നമ്മുടെ ചിഹ്നം.