പ്രിയപ്പെട്ട സുരാജിന്....
പ്രിയപ്പെട്ട സുരാജിന്....
Saturday, August 6, 2016 4:07 AM IST
പ്രിയ സുരാജിന്,
ഒരു കലാകാരൻ എന്ന നിലയിൽ താങ്കൾ നടത്തുന്ന തേരോട്ടം ആരെയും വിസ്മയിപ്പിക്കുന്നതു തന്നെ. ഞങ്ങളേപ്പോലുള്ളവർ താങ്കളുടെ കരിയറിലെ വളർച്ച വളരെ കൗതുക പൂർവം നോക്കിക്കണ്ടവരാണ്. അമ്പലപ്പറമ്പിലെ കോമേഡിയനിൽ നിന്ന് ആക്ഷൻ ഹീറോ ബിജുവിലേയും കരിങ്കുന്നം സിക്സസിലേയുമൊക്കെ പകർന്നാട്ടങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഒരു നടന് ഇങ്ങനേയും മാറാൻ കഴിയുമെന്നത് അടുത്തകാലത്ത് താങ്കളിലൂടെയാണ് ഞങ്ങൾ മനസിലാക്കിയത്. എന്തായാലും വെൽഡൺ... സുരാജ്. താങ്കളിൽ നിന്ന് ഇനിയും ഞങ്ങൾ പലതും പ്രതീക്ഷിക്കുന്നു.

ഏഷ്യാനെറ്റിലെ കോമഡി പ്രോഗ്രാമുകളിൽ താങ്കൾ നടത്തിയ പ്രകടനം കണ്ടപ്പോഴേ തോന്നിയിരുന്നു ഇയാൾ സിനിമയിലെത്തുമെന്ന്. സാധാരണ ജീവിത ചുറ്റുപാടിൽ നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുക എന്നത് അന്ന് സുരാജിനെ സംബന്ധിച്ച് സ്വപ്നം കാണാൻ മാത്രം സാധിക്കുന്ന കാര്യമായിരുന്നു. ചാനൽ പ്രോഗ്രാമിനായി ഏഷ്യാനെറ്റിൽ പോയപ്പോഴാണ് ആദ്യമായി തിരുവനന്തപുരം നഗരം കാണുന്നതെന്ന് താങ്കൾ ഒരഭിമുഖത്തിൽ പറഞ്ഞതോർക്കുന്നു. അവിടെ നിന്ന് ഇതുവരെയുള്ള താങ്കളുടെ മുന്നേറ്റം, അത് കഴിവും ഭാഗ്യവും ഈശ്വരാനുഗ്രഹം ഒത്തുവന്നതുകൊണ്ടു മാത്രമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പണ്ടുമുതലേ മലയാളസിനിമയുടെ കോമഡി രംഗം വാണിരുന്നത് മികവുറ്റ കലാകാരന്മാരായിരുന്നു. അടൂർഭാസിയും ബഹദൂറും എസ്.പി പിള്ളയുമൊക്കെ സൃഷ്ടിച്ച തരംഗം ഇന്നും മലയാളസിനിമയ്ക്കു മറക്കാനാവില്ല. പിന്നെയും എത്രയെത്ര കലാകാരന്മാർ. അവിടേയ്ക്കാണ് 15 വർഷങ്ങൾക്കു മുമ്പ് താങ്കളുടെ അരങ്ങേറ്റം. ജഗതി ശ്രീകുമാറിനെപ്പോലെയുള്ള അനുഗൃഹീത കലാകാരന്മാർ അരങ്ങുതകർക്കുന്ന ആ സമയത്ത് വളരെപ്പെട്ടെന്നു തന്നെ താങ്കൾ ശ്രദ്ധിക്കപ്പെട്ടു. ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങൾ. സുരാജ് എന്ന പേര് സിനിമയുടെ വാണിജ്യഘടകം തന്നെയായി മാറി. ജീവിതം കൂടുതൽ പച്ച പിടിച്ചു. ഇഷ്ടം പോലെ അവസരങ്ങളും കൈയ്യിൽ നിറയെ പണവും. എങ്കിലും സിനിമയുടെ അഹന്തയോ ജാഡയോ താങ്കളിൽ ലവലേശം കാണാൻ കഴിഞ്ഞില്ല. വെഞ്ഞാറമ്മൂടിൽ നിന്ന് കുടുംബസമേതം എറണാകുളത്ത് ഫ്ളാറ്റിലേയ്ക്ക് താമസം മാറിയതും ഞങ്ങൾ അറിഞ്ഞു. എല്ലാം നല്ല തീരുമാനങ്ങൾ തന്നെയായിരുന്നു. വെറും കൊമേഡിയനായി മാത്രമാണ് അപ്പോഴും സുരാജിനെ ഞങ്ങൾ കണ്ടത്.

<ശാഴ െൃര=/ളലമേൗൃല/രശിശബ2016മൗഴ06ൂമ2.ഷുഴ മഹശഴി=ഹലളേ>

2014ൽ പേരറിയാത്തവർ എന്ന സിനിമയിലൂടെ താങ്കൾക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചു എന്ന വാർത്ത കേട്ടപ്പോൾ വിസ്മയിച്ചു. ഒരു മിമിക്രിക്കാരനായി വന്ന് അമ്പലപ്പറമ്പിൽ കോമഡി അവതരിപ്പിച്ച് മലയാളത്തിൽ തട്ടുപൊളിപ്പൻ ഹാസ്യമവതരിപ്പിച്ച ഒരു നടൻ ഇന്ത്യയിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. സന്തോഷവും ആകാംക്ഷയും ഒരുപോലെയായിരുന്നു. സിനിമ റിലീസ് ചെയ്യാത്തതിനാൽ അതിനെക്കുറിച്ച് വായിച്ചും കേട്ടും അറിഞ്ഞപ്പോൾ സുരാജ് തന്റെ സിനിമാജീവിതത്തിൽ എടുത്ത മികച്ച ടേണിംഗ് പോയിന്റായിരുന്നു ആ സിനിമയിൽ അഭിനയിക്കാൻ എടുത്ത തീരുമാനമെന്നു മനസിലായി. പിന്നീട് സിനിമ കണ്ടപ്പോൾ ദേശീയ അവാർഡ് ജൂറിയുടെ നിഷ്പക്ഷതയും സത്യസന്ധതയും കൂടുതൽ വ്യക്‌തമായി. അർഹതയ്ക്കുള്ള അംഗീകാരം തന്നെയായിരുന്നു അത്. ഇന്ത്യയിലെ പല വമ്പൻ നടന്മാരേയും പിന്തള്ളി സുരാജ് നേടിയ പുരസ്കാരം മലയാളികൾക്കെല്ലാം അഭിമാനിക്കാൻ വക നൽകുന്നതായിരുന്നു. സ്വന്തമായ ഐഡന്റിറ്റിയില്ലാതെ, ജീവിതത്തിന്റെ പുറമ്പോക്കിൽ അലയുന്ന പേരറിയാത്തവരിലെ ആ കഥാപാത്രം മനസിൽ തട്ടിയെങ്കിൽ അത് സുരാജ് എന്ന ആക്ടറുടെ വിജയം കൂടിയായിരുന്നു.


പേരറിയാത്തവർക്കുശേഷം പിന്നെയും താങ്കളുടെ സ്‌ഥിരം കഥാപാത്രങ്ങൾ ഞങ്ങൾ കണ്ടുകൊണ്ടിരുന്നു. ഇതിനിടയിൽ ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ വേഷപ്പകർച്ച താങ്കളിലെ ആക്ടറിന്റെ സൂക്ഷ്മത വെളിപ്പെടുത്തുന്നതായിരുന്നു. ജഗതിശ്രീകുമാറിന്റെയൊക്കെ ഒരു റേഞ്ചിലേയ്ക്ക് താങ്കൾ വരുന്നു എന്നതിന് വ്യക്‌തമായ സൂചനയായിരുന്നു ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രം.

ഹാസ്യത്തിന്റെ നനുത്ത സ്പർശം പോലുമില്ലാത്ത ഒരുപിടി ചിത്രങ്ങളിലൂടെ അടുത്തിടെ താങ്കൾ ഞങ്ങളെ വല്ലാതെ പിടിച്ചുലയ്ക്കുന്നു. തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബെൻ എന്ന ചിത്രം അത്തരമൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. സ്വന്തം കുഞ്ഞിന്റെ നിസഹായവസ്‌ഥയിൽ അവനെ മനസിലാക്കുന്ന പിതാവിന്റെ ആത്മനൊമ്പരങ്ങൾ മനസിൽ തട്ടുന്ന രീതിയിലാണ് സുരാജ് അവതരിപ്പിച്ചത്. പിന്നീട് ആക്ഷൻ ഹീറോ ബിജുവിലെ ആ റോൾ... അടുത്തകാലത്ത് ഞങ്ങളെ കരയിപ്പിക്കാൻ ഏതെങ്കിലും നടനു സാധിച്ചിട്ടുണ്ടെങ്കിൽ അതു താങ്കൾക്കായിരുന്നു. അത്രയ്ക്കും യാഥാർത്ഥ്യബോധത്തോടെയായിരുന്നു താങ്കളുടെ പ്രകടനം. സ്വന്തം കുട്ടിയെ എങ്കിലും തനിക്ക് വിട്ടുതരണമെന്ന് അപേക്ഷിക്കുന്ന ആ മനുഷ്യന്റെ ദൈന്യതയാർന്ന മുഖം മനസിൽ നിന്ന് മായുന്നില്ല.

ഇപ്പോൾ കരിങ്കുന്നം സിക്സസിലെ പോലീസുകാരൻ.... ജയിൽപുള്ളികളുടെ പേടിസ്വപ്നമായ നെൽസൺ എന്ന ആ കഥാപാത്രവും ഗംഭീരമായി. നെഗറ്റീവ് ടച്ചുള്ള കാരക്ടറുകൾ താങ്കളുടെ കൈയ്യിൽ ഭദ്രമെന്നും മനസിലായി. ഇപ്പോൾ താങ്കളിലെ കലാകാരൻ കൊതിക്കുന്നുണ്ടാവും, ഇതുപോലുള്ള കഥാപാത്രങ്ങൾ ഇനിയും ലഭിക്കാൻ. അതെ, ഇത്രയും റേഞ്ചുള്ള നടനെ വെറും കോമഡിയിൽ മാത്രം ഒതുക്കാതെ കിടിലൻ കഥാപാത്രങ്ങൾ നൽകാൻ നമ്മുടെ സിനിമാക്കാർ ശ്രദ്ധിച്ചിരുന്നെങ്കിൽ. എന്നു കരുതി കോമഡി വിട്ടുകളയുകയും ചെയ്യരുത്. താങ്കളുടെ അടിസ്‌ഥാനം അതാണല്ലോ...

ഇനി ഒന്നു രണ്ടു കാര്യങ്ങൾക്കൂടി.... വിജയത്തിൽ ഒരിക്കലും മതിമറക്കരുത്. ജീവിതം കളഞ്ഞുള്ള കരിയറും ആഘോഷവും ഒന്നും ഉണ്ടാകാതിരിക്കട്ടെ... കരിയറിന്റെ ഉച്ഛസ്‌ഥായിയിൽ നിൽക്കുമ്പോൾ കൂട്ടുകൂടാനും പുകഴ്ത്തി പറയാനും ഒട്ടേറെപ്പേർ വന്നെന്നിരിക്കും. അവയിൽ നിന്ന് നെല്ലും പതിരും വേർതിരിച്ച് അറിയാനുള്ള വിവേകം താങ്കൾക്കുണ്ടെന്നു കരുതട്ടെ. വിജയത്തിലേയ്ക്കുള്ള കുതിപ്പിൽ അഹങ്കാരം ലവലേശം ഉണ്ടാകാതിരിക്കട്ടെ... ജീവിതവും സിനിമയും രണ്ടായി കണ്ട് വിവേചന ബുദ്ധിയോടെ മുന്നേറാൻ കഴിയട്ടെ.... എല്ലാവിധ വിജയാശംസകളും നേർന്നുകൊണ്ട്...

ഒരു പറ്റം ആരാധകർ