ഡയറക്ടർ സ്പെഷൽ– പി.എ. ബക്കർ
ഡയറക്ടർ സ്പെഷൽ– പി.എ. ബക്കർ
Thursday, August 11, 2016 4:00 AM IST
കബനീനദി ചുവന്നപ്പോൾ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയ്ക്കു വേറിട്ട മുഖം നൽകിയ സംവിധായകനാണ് പി.എ. ബക്കർ. തുടർന്നുപോരുന്ന ചില സിനിമാസങ്കൽപങ്ങളെ പൊളിച്ചടുക്കാൻ ധൈര്യംകാട്ടിയ സംവിധായകർ ചുരുക്കമാണ്. ഇങ്ങനെയൊരു ഉദ്യമത്തിൽ ബക്കർ വിജയിച്ചുവെന്നു മാത്രമല്ല, താൻ സംവിധാനം ചെയ്ത 12 ചിത്രങ്ങളിൽ പത്തെണ്ണത്തിനും ദേശീയ, സംസ്‌ഥാന അവാർഡുകളുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തു. ഇടതുപക്ഷ സ്വതന്ത്ര സിനിമകളുടെ തുടക്കക്കാരിൽ ഒരാളായും ഇദ്ദേഹം പരിഗണിക്കപ്പെടുന്നു.

കുന്നംകുളത്തിന് അടുത്തുള്ള കാണിപ്പയ്യൂരിൽ അഹമ്മദ് മുസലിയാരുടെയും ഫാത്തിമയുടെയും എട്ടുമക്കളിൽ ഇളയവനാണ് ബക്കർ. പത്രപ്രവർത്തന രംഗത്തുനിന്നാണ് ബക്കർ സിനിമയിലെത്തുന്നത്. കുട്ടികൾ, പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ കുറേക്കാലം പ്രവർത്തിച്ചു. പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിനെ കണ്ടുമുട്ടിയതാണ് ബക്കറിന്റെ ജീവിതത്തിന്റെ ഗതി മാറ്റിയത്. രാമു കാര്യാട്ടിന്റെ നീലക്കുയിലിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായാണു സിനിമയിലെ തുടക്കം. കാര്യാട്ടിന്റെ എവർഗ്രീൻ ക്ലാസിക് ചെമ്മീനിലും ഇദ്ദേഹം പ്രവർത്തിച്ചു. പി.എൻ. മേനോന്റെ ഓളവും തീരവും നിർമിച്ചതും ഇദ്ദേഹമാണ്. ഇതോടെ മലയാള സിനിമയിലെ സർഗാത്മക സംഘത്തിനിടയിൽ തന്റെ സാന്നിധ്യം അദ്ദേഹം ഉറപ്പിച്ചു.

കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിലൂടെയാണു സംവിധായകനാകുന്നത്. ഇടതുപക്ഷ തീവ്രവാദമായിരുന്നു ചിത്രത്തിന്റെ പ്രേരണ. അടിയന്തരാവസ്‌ഥക്കാലത്തു പുറത്തുവന്ന കബനീനദി സെൻസർ ബോർഡിനെ വിറളിപിടിപ്പിച്ച ചിത്രമാണ്. സംവിധായകനായ പവിത്രനായിരുന്നു കബനീനദിയുടെ നിർമാതാവ്. ടി.വി. ചന്ദ്രൻ, ചിന്ത രവി, സലാം കാരാശേരി തുടങ്ങിയവർ അഭിനേതാക്കളും. മലയാള സിനിമയിൽ നിലവിലുണ്ടായിരുന്ന സൗന്ദര്യസങ്കൽപങ്ങളെ ഈ ചിത്രം തകിടംമറിച്ചു. വിപ്ലവകാരിയായ ഗോപി എന്ന യുവാവിന്റെ കഥയാണ് കബനീനദി പറയുന്നത്. പോലീസ് തെരയുന്ന ഗോപി തന്റെ കാമുകിയുടെ അടുത്ത് അഭയം തേടുന്നു. ഗോപിയും കാമുകിയും തമ്മിലുള്ള സംഭാഷണങ്ങളിലൂടെ ചിത്രത്തിൽ രാഷ്ട്രീയം ചർച്ചചെയ്യപ്പെടുകയാണ്. ഒരു മികച്ച സംവിധായകന്റെ കൈയടക്കം ഈ രംഗങ്ങളിൽ പ്രകടമാണ്. താൻ പിടിക്കപ്പെടുമെന്നു മനസിലാക്കി ഈ വീട്ടിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഗോപി പോലീസിന്റെ വെടിയേറ്റു മരിക്കുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.


കബനിയുടെ ആദ്യഷെഡ്യൂൾ പൂർത്തിയാക്കിയതിനുശേഷം മദ്രാസിൽ എഡിറ്റിംഗ് നടത്തിക്കൊണ്ടിരുന്ന അവസരത്തിൽ നിർമാതാവ് പവിത്രനെയും ബക്കറിനെയും പോലീസ് അറസ്റ്റ് ചെയ്തു. മദ്രാസിൽനിന്നും കേരളത്തിൽ തിരിച്ചെത്തി ചിത്രീകരണം തുടങ്ങിയപ്പോൾ കോഴിക്കോടുവച്ച് പവിത്രനും ബക്കറും രണ്ടാമതും പോലീസ് കസ്റ്റഡിയിലായി. നിരവധി പ്രതിസന്ധികൾക്കൊടുവിലാണ് ഈ ചിത്രം റിലീസിനെത്തിയത്. സിനിമ സാമ്പത്തികമായി പരാജയമായിരുന്നെങ്കിലും മലയാള സിനിമയ്ക്ക് അതൊരു വഴിത്തിരിവായിരുന്നു. 1976–ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും കബനീനദി കരസ്‌ഥമാക്കി.

പി.എ. ബക്കർതന്നെ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച മണിമുഴക്കമായിരുന്നു അടുത്ത ചിത്രം. അനാഥബാല്യത്തിന്റെ കഥ പറഞ്ഞ, സാറാ തോമസിന്റെ മുറിപ്പാടുകൾ എന്ന ചെറുകഥയെ ആസ്പദമാക്കിയ ഈ ചിത്രവും ഒട്ടേറെ പുരസ്കാരങ്ങൾ നേടി.

തുടർന്ന് ചുവന്ന വിത്തുകൾ, സംഘഗാനം, ഉണർത്തുപാട്ട്, മണ്ണിന്റെ മാറിൽ, ചാരം, ചാപ്പ, ശ്രീനാരായണഗുരു, പ്രേമലേഖനം, ഇന്നലെയുടെ ബാക്കി തുടങ്ങിയ 12 ചിത്രങ്ങളാണ് ബക്കർ സംവിധാനം ചെയ്തത്. ചാരം, ഇന്നലെയുടെ ബാക്കി എന്നീ ചിത്രങ്ങളൊഴികെയുള്ളവ നിരവധി പുരസ്കാരങ്ങൾ നേടി. പ്രേം നസീർ നായകനായ ചാരം റിലീസിനെത്തിച്ചപ്പോൾ കൊ മേഴ്സ്യൽ വിജയത്തിനായി വിതരണക്കാരൻ കുറച്ചു മേമ്പൊടികൾ ചേർത്തു. അതിനാൽ മികച്ച ചിത്രമായിരുന്നിട്ടുകൂടി ബക്കർ ഈ ചിത്രം അവാർഡിനയച്ചില്ല.

53–ാമത്തെ വയസിൽ പൂർത്തിയാകാത്ത ഒരുപിടി സ്വപ്നങ്ങളുമായാണ് ഈ പ്രതിഭ അന്തരിക്കുന്നത്. സഖാവ് കൃഷ്ണപിള്ളയെക്കുറിച്ചുള്ള ചിത്രം നിർമാണഘട്ടത്തിലായിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം അതു പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. വിവാദ വിഷയമായ രാജൻ വധക്കേസ് ആസ്പദമാക്കി തയാർ ചെയ്ത ഉണർത്തുപാട്ടുകൾ എന്ന ചിത്രം, ചിത്രീകരണവും എഡിറ്റിംഗും പൂർത്തിയായെങ്കിലും റിലീസിനെത്തിക്കാനായില്ല.

തയാറാക്കിയത്: സാലു ആന്റണി