ചാണക്യൻ
ചാണക്യൻ
Sunday, August 14, 2016 3:26 AM IST
<യ> സൂപ്പർഹിറ്റ് മൂവീസ്

ബുദ്ധിമാനായ ഐതിഹാസ കഥാപാത്രമായിരുന്നു ചാണക്യൻ. ശക്‌തിയും സമ്പത്തും പരാജയപ്പെടുന്നിടത്തു ബുദ്ധിയാണ് വിജയത്തിന്റെ ഹേതുവാകുന്നതെന്നു ചാണക്യൻ പഠിപ്പിച്ചിട്ടുണ്ട്. ശത്രുവിനെ അവൻ അർഹിക്കുന്ന രീതിയിൽ പരാജയപ്പെടുത്തി സ്വയം വിജയിച്ച ഒരു ചാണക്യന്റെ കഥപറഞ്ഞ് 1989–ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ചാണക്യൻ. ഇന്ത്യൻ സിനിമയുടെ സകലകലാ വല്ലഭൻ കമലഹാസൻ നായകനായെത്തിയ മലയാള ചിത്രത്തിൽ ഹൈടെക് രീതിയിൽ ശത്രുവിനോടു പ്രതികാരം തീർത്ത ഒരു സാധാരണക്കാരന്റെ കഥയാണ് പ്രേക്ഷകൻ കണ്ടത്.

മലയാളികൾ അന്നുവരെ കണ്ടിരുന്ന അതിശക്‌തനും പ്രതിയോഗിയെ കായികമായി പരാജയപ്പെടുത്തുന്നവനുമായ നായകനാകാതെ സാങ്കേതിക വിദ്യയുടെ ബലംകൊണ്ട് ശത്രുവിനെ നശിപ്പിച്ച ജോൺസന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. കമലഹാസൻ ജോൺസനായപ്പോൾ മാധവമേനോൻ എന്ന ശക്‌തനായ വില്ലൻ കഥാപാത്രമായി മലയാളത്തിന്റെ പെരുന്തച്ചൻ തിലകനാണ് അഭ്രപാളിയിലെത്തിയത്. ഒപ്പം തുല്യ പ്രാധാന്യത്തോടെ ജയറാമും. നവോദയയുടെ നിർമാണത്തിൽ ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചാണക്യനിലൂടെ ഇന്ത്യൻ സിനിമയിൽതന്നെ ഹൈടെക് രീതിയിൽ നായകൻ ചെയ്യുന്ന പ്രതികാരം പ്രേക്ഷകർക്കു വിസ്മയമായി മാറുകയാണുണ്ടായത്.

മുഖ്യമന്ത്രി മാധവമേനോൻ തന്റെ മകളെ പ്രണയിച്ചതിനു പകരമായി ജോൺസനെ ചതിച്ച് അവന്റെ കുടുംബത്തെ ഇല്ലതാക്കുന്നു. മരണത്തിന്റെ വാതിൽക്കൽ നിന്നു രക്ഷപെട്ട ജോൺസൺ മുഖ്യമന്ത്രി പദവിയെത്തന്നെ തന്റെ പ്രതികാര വീഥിയായി തിരഞ്ഞെടുത്തു. മിമിക്രി താരമായ ജയറാമിനെ ഇതിനായി കൂട്ടുപിടിച്ചു. ആദ്യം പിന്തിരിഞ്ഞെങ്കിലും ജോൺസന്റെ കഥയറിയുന്ന ജയറാമും ജോൺസനൊപ്പം ചേർന്നു. പോലീസിനെയും നിയമവ്യവസ്‌ഥയെയും സാക്ഷിനിർത്തി തന്റെ മരണത്തിനു മുഖ്യമന്ത്രിയെ കാരണമാക്കുന്നു. ശത്രുവിന്റെ ശക്‌തിയെന്താണോ അതിനെയാണ് ചാണക്യൻ നശിപ്പിക്കുന്നത്. മുഖ്യമന്ത്രിപഥത്തിനെ സാങ്കേതിക വിദ്യകൊണ്ട് ദുരുപയോഗം ചെയ്തു മാധവമേനോന്റെ രാഷ്ട്രീയ–വ്യക്‌തി ജീവിതം ഇല്ലാതാക്കി ജോൺസൺ മരണത്തിനു കീഴടങ്ങുമ്പോൾ ജയറാമും കാമുകിയും സുരക്ഷിതമായി മറ്റൊരു സ്‌ഥലത്തേക്കു എത്തിയിരുന്നു. തന്റെ ഓരോ നീക്കത്തിലും ഈ കളിയുടെ അവസാനം നിശ്ചയമായിരുന്നു ജോൺസന്. ആകാരവും വാചികവുമായ അഭിനയം കൊണ്ട് കമലഹാസൻ ജോൺസനെ മികച്ചതാക്കിയപ്പോൾ പ്രേക്ഷകരും ആ കലാകാരനെ ചാണക്യനായിത്തന്നെ കണ്ടു. മാധവമേനോനായി തിലകൻ പകർന്നാടിയപ്പോൾ ജയറാമും മധുവും തങ്ങളുടെ വേഷത്തെ മികച്ചതാക്കി. ചിത്രത്തിൽ നായികയായി എത്തിയത് ബോളിവുഡ് താരം ഊർമിള മണ്ഡോദ്കർ ആയിരുന്നു.


ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മോഹൻ സിത്താരയുടെ പശ്ചാത്തല സംഗീതമായിരുന്നു. കമലഹാസനൊരുക്കുന്ന ഓരോ ഓപ്പറേഷനിലും ദൃശ്യത്തോടൊപ്പം ഈ സംഗീതവും കൂടിചേർന്നതോടെ ചിത്രം പ്രേക്ഷകർക്കു മറ്റൊരു അനുഭവമാണ് നൽകിയത്. ത്രില്ലർ മൂഡിലൊരുക്കുമ്പോഴും പ്രണയഭാവത്തെയും ചിത്രത്തിൽ മികച്ച രീതിയിൽ ചേർത്തുകൊണ്ടുപോകുന്നു.

പ്രതികാരം എന്ന പരിചിതമായ കഥാതന്തുവിനെ സമീപിച്ച പുതുമയാർന്ന വഴിയാണ് ചാണക്യനെ വ്യത്യസ്തമാക്കുന്നത്. താൻ മരണത്തിലേക്കടുക്കുമ്പോഴും ശത്രുവിന്റെ വീഴ്ചയുടെ ആഘാതവും വർധിപ്പിക്കുക എന്ന പുതിയ തലത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. തന്റെ മരണത്തിലൂടെ വില്ലനെ ഇല്ലതാക്കുന്ന ചാണക്യബുദ്ധിയിൽ പ്രേക്ഷകരും ചിത്രത്തിന്റെ ഭാഗമായി മാറുന്നു.

ചാണക്യന്റെ ബുദ്ധികൾ അവസാനിക്കുന്നതല്ല. അതു സന്ദർഭങ്ങൾക്കനുസരിച്ച് മാറിമറയുന്നതാണ്. എന്നാൽ കമലഹാസന്റെ ചാണക്യൻ ഇന്നും മലയാളി പ്രേക്ഷകനെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.

തയാറാക്കിയത്: <യ>അനൂപ് ശങ്കർ