ചെറുപ്പക്കാർക്കു ചെത്തി നടക്കാൻ ഹോണ്ട നവി
ചെറുപ്പക്കാർക്കു ചെത്തി നടക്കാൻ ഹോണ്ട നവി
Tuesday, August 16, 2016 5:36 AM IST
ബൈക്കുമല്ല, സ്കൂട്ടറുമല്ല. ഇത് ഹോണ്ട നവി. ഫ്രീക്കന്മാർക്കായി ഹോണ്ട അവതരിപ്പിച്ച അസാധാരണമായ ടൂവീലർ. പതിനെട്ടിനും 25–നും ഇടയിൽ പ്രായമുള്ളവരെയാണ് നവി ലക്ഷ്യം വയ്ക്കുന്നത്. ഇതുവരെ ഹോണ്ട ഡിയോ, യമഹ റേ മോഡലുകൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്ന യുവതലമുറയ്ക്കായി ഹോണ്ട പുറത്തിറക്കിയ ഫ്രീക്കൻ ടൂവീലറിന് വിലയും കുറവാണ്. നവിയുടെ കൂടുതൽ വിശേഷങ്ങൾ ടെസ്റ്റ് െരഡെവിലൂടെ മനസിലാക്കാം.

<യ> രൂപകൽപ്പന

നമ്മൾ കണ്ടു ശീലിച്ച ബൈക്കുകളിൽ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ മോഡലാണ് നവി. ഡേർട്ട് ബൈക്ക്, മോപെഡ്, സ്കൂട്ടർ എന്നിവയുടെയെല്ലാം സങ്കരമെന്നു പറയാം. മുകൾഭാഗം ഡേർട്ട് ബൈക്കിന് ഓർമിപ്പിക്കും. സാധാരണ ബൈക്കുകളുടെ എൻജിൻ ഇരിക്കുന്ന ഭാഗത്ത് മോപെഡിന്റെ പോലെ ലഗേജ് വയ്ക്കാനുള്ള സ്‌ഥലമാണ്. ഹാൻഡിൽ ബാറും മോപെഡിന്റേതുപോലെയാണ്. ഇതിന് ക്രോം നിറത്തിനുപകരം കറുപ്പ് നിറമായിരുന്നെങ്കിൽ കൂടുതൽ ഭംഗി ലഭിക്കുമായിരുന്നു. പിന്നിലെ വീലിനു സമീപം ഉറപ്പിച്ച എൻജിനും വലുപ്പം കുറഞ്ഞ ടയറുമെല്ലാം സ്കൂട്ടറിനെ ഓർമിപ്പിക്കും. ബൈക്കുകളുടേതുപോലെ ഫ്രണ്ട് സസ്പെൻഷനു സമീപമാണ് ഹാൻഡിൽ ലോക്ക്. ചെലവുചുരുക്കലിന്റെ ഭാഗമാണിത്. ചെരിവുള്ള സ്‌ഥലങ്ങളിൽ പാർക്ക് ചെയ്യാൻ ബ്രേക്ക് ലോക്ക് നൽകിയിരിക്കുന്നത് നല്ല കാര്യം.

സ്കൂട്ടർ ഷാസിയിലാണ് നവിയെ ഒരുക്കിയിരിക്കുന്നത്. സൈഡ് പാനലുകൾക്ക് പെയിന്റല്ല. നിറം ചേർത്ത ഫൈബറിലാണ് അവ നിർമിച്ചിരിക്കുന്നത്. പിന്നിലെ ടെയ്ൽ ലാംപും സ്വിച്ച് ഗീയറുകളും ഹോണ്ട സ്റ്റണ്ണറിനെ ഓർമിപ്പിക്കും. വ്യത്യസ്തമായ രൂപമുള്ളതാണ് ഹെഡ് ലാംപ് യൂണിറ്റ്. സ്പീഡോ ഓഡോ മീറ്ററുകളും ലൈറ്റുകളും അടങ്ങുന്ന ലളിതമായ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്ററാണ് നവിയ്ക്ക്. മുന്നിൽ 12 ഇഞ്ചും പിന്നിൽ 10 ഇഞ്ചും വലുപ്പമുള്ള ചക്രങ്ങൾ ഉപയോഗിക്കുന്നു. മുൻ ചക്രത്തിന് തലതിരിഞ്ഞ ടെലിസ്കോപ്പിക് ഫോർക്ക് സസ്പെൻഷനാണ് പിൻ ചക്രത്തിന് ഹൈഡ്രോളിക് മോണോഷോക്ക് സസ്പെൻഷനാണ്. ഡ്രം ടൈപ്പാണ് ബ്രേക്ക് സംവിധാനം.
സ്കൂട്ടറുകളെപ്പോലെ സീറ്റിനടിയിലുള്ള വിശാലമായ സ്റ്റോറേജ് സ്‌ഥലം നവിയ്ക്കില്ല. ടാങ്കിന് അടിയിൽ ഉറപ്പിക്കാവുന്ന യൂട്ടിലിറ്റി ബോക്സ് ആക്സസറിയായി നൽകി ഹോണ്ട ആ കുറവ് പരിഹരിക്കുന്നു. സീറ്റിന് അടിയിൽ ഫസ്റ്റ് എയ്ഡ് കിറ്റ്, വാഹനരേഖകൾ ,ടൂൾകിറ്റ് എന്നിവ സൂക്ഷിക്കാനുള്ള സ്‌ഥലമുണ്ട്.

താക്കോൽ ഉപയോഗിച്ച് ലോക്ക് തുറന്ന് സീറ്റ് ഉയർത്താം. ഇന്ധനടാങ്ക് ശേഷി ആക്ടിവയ്ക്ക് 5.3 ലിറ്ററാണെങ്കിൽ നവി ക്ക് 3.8 ലിറ്ററാണ്. നിർമാണച്ചെവവ് കുറയ്ക്കുന്നതിനാവും ഫ്യുവൽ ഗേജ് നൽകിയിട്ടില്ല. റിസർവിലാകുമ്പോൾ ഇന്ധനം നിറയ്ക്കണം. റിസർവ് കപ്പാസിറ്റി 0.9 ലിറ്ററാണ്. സെൽഫ് സ്റ്റാർട്ടുള്ള നവിയുടെ ചോക്ക് ഹാൻഡിൽ ബാറിൽ ഉറപ്പിച്ചിരിക്കുന്നു.

<യ> എൻജിൻ റൈഡ്

ആക്ടിവയിലും ഡിയോയിലുമൊക്കെ കഴിവ് തെളിയിച്ച 110 സിസി, ഫോർസ്ട്രോക്ക് എൻജിനാണ് നവിക്കും കരുത്തേകുന്നത്. ് എൻജിൻ കരുത്ത് 7.8 ബിഎച്ച്പിയാണ്. ഗീയർ രഹിതമായ നവിക്ക് മണിക്കൂറിൽ 81 കിലോമീറ്റർ ആണ് പരമാവധി വേഗം. nter>

നവിയുമായി കൊച്ചി നഗരത്തിലേയ്ക്ക് ഇറങ്ങിയപ്പോൾ വ്യത്യസ്തമായ ഒരു അനുഭവമാണ് ലഭിച്ചത്. കൗതുകം നിറഞ്ഞ കണ്ണുകളാണ് എവിടെയും. വാഹനങ്ങളിലിരിക്കുന്നവരും കാൽനടക്കാരുമെല്ലാം നവിയെ വാത്സല്യത്തോടെ നോക്കുന്നു. ഇതേത് മോഡൽ ? വില എത്രയാ? ഇലക്ട്രിക്കാണോ ഗീയറുണ്ടോ ? അങ്ങനെ നൂറുകൂട്ടം ചോദ്യങ്ങളാണ് നവിയെ കാണുന്നവർക്ക്. നാലാളുടെ ശ്രദ്ധ പിടിച്ച് പറ്റണമെങ്കിൽ നവിയിൽ യാത്ര ചെയ്താൽ മതിയെന്നു ചുരുക്കം.

നവിയെ കാണുമ്പോൾ പൊക്കം കുറഞ്ഞ ചെറിയൊരു വാഹനമായി തോന്നും. രണ്ടുപേർക്ക് ഇതിൽ ഇരിക്കാനാവുമോ എന്നു സംശയിച്ചേക്കാം. എന്നാൽ നവിയിൽ കയറുന്നതോടെ അതെല്ലാം മറക്കും. ഹോണ്ട ആക്ടിവയുടെ അത്ര പൊക്കമുണ്ട് നവിക്ക്. ആറടിയിലേറെ പൊക്കമുള്ളവർക്കും സുഖമായി നവി ഓടിക്കാം. പൊക്കക്കാരുടെ നീളമേറിയ കാലുകളെ ചേർത്തുനിർത്താനാവുന്ന രൂപകൽപ്പനയാണ് ടാങ്കിന്. പിന്നിലെ ഫുട് പെഗിൽ കാൽ വച്ചാൽ സ്പോർട്സ് ബൈക്കിലേതുപോലെ ഇരുന്ന് ഓടിക്കാം.

മോട്ടോർ സൈക്കിളുകളുടെ പോലുള്ളതാണ് ഫുട് പെഗുകൾ. ആദ്യം നവി ഓടിക്കുമ്പോൾ ഗീയർ ഇല്ലാത്ത കാര്യമൊന്നും ഓർക്കില്ല. ഗീയർ മാറാനും ബ്രേക്ക് ചവിട്ടാനുമൊക്കെ കാലുകൾ അറിയാതെ ഉപയോഗിക്കും. വേഗമെടുക്കുന്ന കാര്യത്തിൽ സ്കൂട്ടറിനെപ്പോലെയല്ല. ആക്ടിവയെക്കാൾ ഏഴ് കിലോഗ്രാം ഭാരക്കുറവുള്ളതുകൊണ്ടുതന്നെ 109 സിസി എൻജിൻ നവിക്ക് അധിക പെർഫോമൻസ് നൽകുന്നു. മണിക്കൂറിൽ 50 കിലോ മീറ്റർ വേഗമൊക്കെ നവിക്ക് നിസാരമാണ്. ഒരു ഗീയർലെസ് വാഹനമാണെന്ന് തോന്നാത്തവിധമാണ് നവിയുടെ പ്രകടനം. ഉയർന്ന വേഗത്തിലും നവിക്ക് മെച്ചപ്പെട്ട സ്‌ഥിരതയുണ്ടെന്നതും ശ്രദ്ധേയമായ കാര്യം. മെലിഞ്ഞ രൂപമായതിനാൽ നഗരവീഥികളിലെ തിരക്കുകൾക്കിടയിലൂടെ നൂഴ്ന്ന് കയറിപ്പോകാനാവും. വളവുകൾ വീശാനുള്ള കഴിവില്ലെന്നത് സ്കൂട്ടറുകളുടെ ന്യൂനതയാണ്. എന്നാൽ നവി അക്കാര്യത്തിലും മികവുകാണിക്കുന്നു. ലിറ്ററിന് 60 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

<യ> വില

കൊച്ചിയിൽ 43,592 രൂപയാണ് എക്സ്ഷോറൂം വില. റോഡ് ടാക്സും ഇൻഷുറൻസും ചേർത്ത് 48,518 രൂപയാകും. കസ്റ്റമൈസ് ചെയ്യാൻ നിരവധി ഓപ്ഷനുകളും കമ്പനി നൽകുന്നുണ്ട്. ബോഡി ഗ്രാഫിക്സ്, ക്രാഷ് ഗാർഡ് , വൈസർ, അണ്ടർ ബോഡി ഗാർഡ് എന്നിങ്ങനെ നീളുന്നു ആക്സസറികളുടെ പട്ടിക.

അവസാനവാക്ക്
തികച്ചും വ്യത്യസ്തവും എന്നാൽ ഏറെ ആകർഷണീയതയും പ്രായോഗികതയുമുള്ള ടൂവീലറാണ് നവി. ചെറുപ്പക്കാർക്ക് ചെത്തിനടക്കാൻ പറ്റിയ മോഡൽ. ഗീയർലെസ് സ്കൂട്ടറുകളെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്. നവിയുടെ രൂപം ദഹിക്കാത്തവർ ഉണ്ടാകാം. പക്ഷേ, ഒന്നു ടെസ്റ്റ് റൈഡ് ചെയ്തുനോക്കുക. തീർച്ചയായും നവിയെ ഇഷ്‌ടമാകും.

<യ> –ഐപ്പ് കുര്യൻ