അമിത വൃത്തി അപകടം
അമിത വൃത്തി അപകടം
Saturday, August 20, 2016 5:27 AM IST
ഒൻപതാംക്ലാസിൽ പഠിക്കുന്ന രമയ്ക്ക് ഇപ്പോൾ ക്ലാസിൽ പോകാൻ സാധിക്കുന്നില്ല. എഴുന്നേൽക്കുമ്പോൾ ഏഴരമണിയാകും. പല്ലുതേക്കാൻ അരമണിക്കൂറെടുക്കും. കുളിക്കുന്നതിന് ചുരുങ്ങിയത് ഒന്നരമണിക്കൂർ സമയമെങ്കിലും വേണം. വൈകുന്നേരത്തെ കുളി രണ്ടുമണിക്കൂർവരെ നീണ്ട ദിവസങ്ങളുണ്ട്. കുളിക്കുന്തോറും ശരിയായി വൃത്തിയായിട്ടില്ലെന്ന തോന്നൽ കൂടിക്കൂടി വരികയാണ്. കുളി കഴിഞ്ഞാൽ തോർത്താൻ അമ്മയെ വിളിക്കും. തോർത്തിൽ തൊട്ടാൽ കൈ ചീത്തയാകുമെന്ന ഭയമാണിതിനു കാരണം. കുളികഴിഞ്ഞാൽ ടാപ്പ് അടയ്ക്കാൻ അതിൽ കൈകൊണ്ടു തൊടില്ല. തൊട്ടാൽ കൈയിൽ അഴുക്കുപറ്റും എന്നാണു പറയുന്നത്.

സ്വന്തം മുറിയിൽ കട്ടിലിൽ ആരെങ്കിലും ഇരുന്നാൽ ആ ബെഡ്ഷീറ്റ് മാറ്റാതെ രമ അതിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യില്ല. ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാത്രം കഴുകി മേശപ്പുറത്തു വച്ചാൽ അത് പല പ്രാവശ്യം കഴുകിയ ശേഷമേ രമ ആഹാരം കഴിക്കൂ. കുടിക്കാൻ വച്ചിരിക്കുന്ന വെള്ളത്തിൽ എന്തോ കിടക്കുന്നെന്നോ ഗ്ലാസിൽ അഴുക്കുണ്ടെന്നോ പറഞ്ഞു വെള്ളം മാറ്റിവയ്ക്കുന്നതിന് അമ്മയുമായി സ്‌ഥിരം വഴക്കുകൂടാറുണ്ട്. ക്ലാസിലിരിക്കുമ്പോൾ കുട്ടികൾ മുട്ടിയാൽ അതു രമയ്ക്ക് വലിയ ടെൻഷനുണ്ടാക്കുമെങ്കിലും മറ്റു കുട്ടികൾ പിണങ്ങാതിരിക്കാൻ ഒന്നും പറയുകയില്ല. ഉച്ചഭക്ഷണം കഴിച്ചശേഷം ആരുടെയെങ്കിലും കറിയുടെ അംശം രമയുടെ ബാഗിലെങ്ങാനും പറ്റിയാ ൽ രമയ്ക്ക് ആ ബാഗിൽ തൊടാൻ അറപ്പാണ്. വീട്ടിലേക്കു പോകാറാകുമ്പോൾ ബാഗ് എടുക്കാതെ പോകാൻ നിവൃത്തിയില്ലാത്തതുകൊണ്ടു കരഞ്ഞുകൊണ്ടായിരിക്കും ബാഗ് എടുക്കുക. ക്ലാസ് കഴിഞ്ഞു വീട്ടിലേക്കു പോകാറാകുമ്പോൾ പലതവണ ബാഗ് തുറന്ന് എല്ലാ ബുക്കുകളും പേനകളും ഉണ്ടോ എന്ന് ഉറപ്പാക്കും. ചിലപ്പോൾ ബാഗ് തുറന്ന് എല്ലാം പുറത്തെടുത്തായിരിക്കും പരിശോധന. കൂട്ടുകാർ പലപ്പോഴും ഈ പ്രവൃത്തി കണ്ട് അവളെ കളിയാക്കാറുണ്ട്. സീറ്റ് പലപ്രാവശ്യം പേപ്പർകൊണ്ട് തുടച്ചശേഷമേ ക്ലാസിൽ ഇരിക്കൂ. അതിനു പ്രത്യേകം പേപ്പർ വീട്ടിൽനിന്നു കൊണ്ടുപോകും. ബാത്ത്റൂമിൽ കയറിയാൽ കതകു ശരിക്കും അടഞ്ഞോ എന്നു പലപ്രാവശ്യം പരിശോധിക്കും.

ആവർത്തിച്ചുള്ള ഈ പ്രവൃത്തികളും അസഹനീയമായ വൃത്തിനോട്ടവും രമയുടെ ജീവിതത്തെ ഉലയ്ക്കുകയാണ്. പൊതുസ്‌ഥലങ്ങളിൽ പോകാനോ ബസിലെ സീറ്റിൽ ഇരിക്കാനോ കമ്പിയിൽ പിടിക്കാനോ പറ്റാത്തതിനാൽ ബന്ധുവീടുകളിൽപോലും പോകാറില്ല. ഇത് ഒബ്സസീവ് കംപൾസീവ് ഡിസോർഡർ എന്ന മാനസികാവസ്‌ഥയാണ്. ഇത് സൈക്കിയാട്രിക് മരുന്നുകളും ബിഹേവിയർ തെറാപ്പിയും ഉപയോഗിച്ചാണു മാറ്റിയെടുക്കുക. പലപ്പോഴും ഇതിന് അടിസ്‌ഥാനപരമായ മാനസിക കാരണം ഉണ്ടായേക്കാം. എന്നാൽ ചിലപ്പോൾ വ്യക്‌തമായ കാരണം കണ്ടെത്താൻ കഴിയാതെയും വരാറുണ്ട്. രമയുടെ വല്യമ്മ വലിയ കർക്കശക്കാരിയും അടുക്കും ചിട്ടയും വൃത്തിയും പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത ആളുമായിരുന്നു. തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ രമയുടെ അമ്മയെ ശാസിക്കുമായിരുന്നു. രമ വളർന്നുവന്നപ്പോൾ അമ്മയും വല്യമ്മയുംകൂടി രമയുടെമേൽ അമിതനിയന്ത്രണവും അസഹ്യമായ വൃത്തിനിയന്ത്രണങ്ങളും ഏർപ്പെടുത്തി. ചിലപ്പോൾ ശിക്ഷയും ലഭിച്ചിരുന്നു. ഇതിന്റെ പ്രത്യാഘാതമായാണ് ഇത്തരമൊരു അവസ്‌ഥയിൽ രമ എത്തിച്ചേർന്നത് എന്നു മനസിലായി.


<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016മൗഴ20വമ2.ഷുഴ മഹശഴി=ഹലളേ>

ഇന്റേണൽ ഫാമിലി സിസ്റ്റംസ് തെറാപ്പിയിൽ പറയുന്നതു മനസിനുള്ളിൽ പല ഉപമനസുകളുണ്ടെന്നാണ്. ആ ഓരോ ഉപമനസും ഓരോ ധർമം അനുഷ്ഠിക്കുന്നു. എല്ലാ ഉപമനസുകളുടെയും ലക്ഷ്യം വ്യക്‌തിയുടെ സന്തോഷമാണ്. വ്യക്‌തി വളരുന്നതിനനുസരിച്ച് അവയും വളരുന്നു. എന്നാൽ ചെറുപ്പകാലങ്ങളിലെ തിക്‌തമായ അനുഭവങ്ങൾമൂലം ചില ഉപമനസുകൾ മുറിവേറ്റു വളർച്ച നിന്ന് മുരടിച്ച് നിൽക്കും. അവയുടെ രക്ഷയ്ക്കായി അപക്വമായ പല പ്രവൃത്തികളും അവ കാണിച്ചുകൊണ്ടിരിക്കും. ഐഎഫ്എസ് തെറാപ്പിയിലൂടെ ഉറവിടം കണ്ടെത്തി ഉപമനസിന്റെ ധാരണകൾ തിരുത്തിയപ്പോൾ രമ സൗഖ്യംപ്രാപിച്ച് സാധാരണ രീതിയിലായി. ബാല്യകാലാനുഭവങ്ങൾ ഇത്തരത്തിൽ പല മണ്ഡലങ്ങളിലും പ്രശ്നങ്ങൾക്കു കാരണമായിത്തീരാറുണ്ട് എന്ന കാര്യം തിരിച്ചറിയുമ്പോൾ ബാല്യത്തെ പക്വതയോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യമാകും.

<യ> ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പാൾ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി,
പത്തനംതിട്ട.