മൂന്നാം വരവിൽ മടുപ്പിക്കാതെ ക്രൂസ്
മൂന്നാം വരവിൽ മടുപ്പിക്കാതെ ക്രൂസ്
Monday, August 22, 2016 3:48 AM IST
<യ> ഓട്ടോ സ്പോട്ട്/അജിത് ടോം

പ്രതിഭാശാലിയായിട്ടുകൂടി അർഹിച്ച അംഗീകാരം നേടാൻ ഷെവർലെയുടെ ക്രൂസിന് വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. 2009ൽ നിരത്തിലിറങ്ങി പല വട്ടം മുഖംമിനുക്കലിനു വിധേയമായെങ്കിലും ആളുകളെ പെട്ടെന്ന് ആകർഷിക്കുന്ന സൗന്ദര്യം കൈവരിച്ചത് അടുത്തിടെയാണ്. ഇങ്ങനെ ഒടുവിൽ മുഖം മിനുക്കിയെത്തിയ ക്രൂസിന്റെ വിശേഷങ്ങളിലേക്കാണ് ഇന്നത്തെ യാത്ര.

ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച സൗകര്യം നല്കുന്നു എന്നതാണ് ക്രൂസിന്റെ പ്രധാന ആകർഷണം. പെട്ടെന്നു ശ്രദ്ധയാകർഷിക്കാൻ പാകത്തിനുള്ള ഡിസൈനിംഗ് പുതിയ ക്രൂസിന് നല്കിയിട്ടുണ്ട്. പഴയ ഹെഡ്ലാമ്പ് നിലനിർത്തിയും ഗ്രില്ലിൽ കാതലായ മാറ്റം വരുത്തിയുമാണ് മുൻവശത്തിനുള്ള മാറ്റം. മുമ്പുണ്ടായിരുന്ന ഗ്രില്ലിൽ ക്രോം ഫിനീഷിംഗ് നല്കി ആകർഷകമാക്കിയിരിക്കുന്നത് ക്രൂസിന്റെ ടോട്ടൽ ലുക്കിനുതന്നെ മുതൽക്കൂട്ടാവുന്നുണ്ട്. ഇതിനു പുറമേ ലോഗോയുടെ വലുപ്പം കുറച്ച ലോവർ ഗ്രില്ല് ലക്ഷ്വറി കാറുകളോടു കിടപിടിക്കാൻ ക്രൂസിനെ സഹായിക്കുന്നുണ്ട്. മുൻവശത്തെ സുപ്രധാന മാറ്റം ഫോഗ് ലാമ്പും, ഡേ ടൈം ലൈറ്റുകളുമാണ്. ബമ്പറിന്റെ ഏറ്റവും താഴെ ഭാഗത്തായി വളരെ ചെറിയ ഹാലജൻ ലൈറ്റുകളായാണ് പുതിയ ക്രൂസിൽ ഫോഗ് ലാമ്പ് നല്കിയിരിക്കുന്നത്. കൂടാതെ അതിനു തൊട്ടുമുകളിലായി ആകർഷകമായ എൽഇഡി ഡേ ടൈം ലൈറ്റും ഘടിപ്പിച്ചിരിക്കുന്നു. ഇവയെല്ലാം ചേർന്നാണ് ക്രൂസിന്റെ പുതിയ അവതാരത്തിന് അഴക് പകർന്നിരിക്കുന്നത്.

വശങ്ങളിലേക്കു വരുമ്പോൾ നിലവിലെ സൗന്ദര്യം നിലനിർത്തുന്ന ഡിസൈനിംഗ് രീതിയാണ് കാണിക്കുന്നത്. ബോഡി കളർ, ഒട്ടോ ഫോൾഡിംഗ് റിയർ വ്യൂ മിററും അതിലെ ഇൻഡിക്കേറ്ററുകളും ഇപ്പോൾ സാധാരണമാണെങ്കിലും ക്രൂസിന് ഇതു പുതുമയാണ്.

ഹാച്ച് ഡോറിന്റെ മുകളിൽ നല്കിയിരിക്കുന്ന സ്പോയിലർ ക്രൂസിനു പുതിയതാണ്. കൂടാതെ റിയർ ബമ്പറിനു മുകളിലായി നല്കിയിരിക്കുന്ന ക്രോം ബാറും മുകളിൽ വാഹനത്തിന്റെ ടോപ്പിൽ നല്കിയിരിക്കുന്ന ഏരിയലുംകൂടി പരിഗണിച്ചാൽ പിൻഭാഗത്തിന് സ്പോർട്ടി ലുക്ക് നല്കുന്നതിൽ ക്രൂസ് വൻ വിജയമാണെന്നു നിസംശയം പറയാം.

ഇന്റീരിയറിൽ ലെതർ ഫിനീഷിംഗ് സീറ്റുകളാണ് സുഖയാത്രയ്ക്ക് ക്രൂസ് പ്രാധാന്യം നല്കുന്നു എന്നത് അടിവരയിടുന്ന ഘടകം.

കാറിനുള്ളിലേക്ക് ആദ്യമായി കയറുന്ന ഒരാളെ ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ള രൂപകല്പനയാണ് ഇതിന്റെ സെന്റർ കൺസോളിൽ വരുത്തിയിരിക്കുന്നത്. ആഡംബര കാറുകളെ വെല്ലുന്ന മാറ്റങ്ങളാണ് സെന്റർ കൺസോളിൽ വരുത്തിയിട്ടുള്ളത്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതൽ ഗിയർ ലിവർ വരെ കൺസോളുമായി ബന്ധിപ്പിച്ചിരിക്കുന്നതാണ് ആഡംബര കാറുകളോട് കിടപിടിക്കാൻ ക്രൂസിനെ പര്യാപ്തമാക്കുന്ന ഒരു ഘടകം.

ഐഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഐട്യൂൺസ് സോഫ്റ്റ്വെയർ ഉപയോഗിച്ചിരിക്കുന്ന മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ക്രൂസിന്റെ പുതുമ. മൈലിങ്ക് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ സഹായത്തോടെ ഐഫോൺ സിസ്റ്റവുമായി അനായാസം കണക്ട് ചെയ്യാനും എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയുന്നു. ആൻഡ്രോയിഡ് ഉൾപ്പെടെയുള്ള മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും മൈലിങ്കുമായി കണക്ട് ചെയ്യാൻ കഴിയും. കൂടാതെ ഹാൻഡ്സ് ഫ്രീയിലൂടെ ടെക്സ്റ്റ് ടു സ്പീച്ച് സംവിധാനം വഴി നമ്മൾ പറയുന്ന കാര്യങ്ങൾ ടെക്സ്റ്റ് മെസേജ് ചെയ്യാനും സാധിക്കും. എന്നാൽ, മൈലിങ്ക് സിസ്റ്റത്തിൽ ജിപിഎസ് സംവിധാനത്തിന്റെ അഭാവം നിഴലിക്കുന്നു.


ഡ്രൈവറെയും യാത്രക്കാരനെയും ഒരുപോലെ പരിഗണിക്കുന്നു എന്നതിന്റെ തെളിവാണ് ഇതിലെ വളരെ വിശാലമായ ലെഗ് സ്പേസും സീറ്റുകളുടെ രൂപകല്പനയും.

ത്രീ സ്പോക്ക് സ്റ്റിയറിംഗിന്റെ ലോവർ സ്പോക്കിന് സിൽവർ ഫിനീഷിംഗ് നല്കിയത് ആഡംബര സ്വഭാവത്തിന് ആക്കം കൂട്ടുന്നു. ക്രൂയിസ് കൺട്രോൾ, ഹാൻഡ്സ് ഫ്രീ എന്നിവയും സ്റ്റിയറിംഗിൽ നല്കിയിരിക്കുന്നതിനാൽ ഡ്രൈവർക്ക് കൂടുതൽ ഗുണകരമാകുന്നു. ഡിജിറ്റൽ മീറ്ററിനു പുറമെ ക്രോം ഫിനീഷിംഗിൽ തീർത്ത് നാല് അനലോഗ് മീറ്ററുകളും അതിലെ ബ്ലൂ ലൈറ്റുകളും ഇന്റീരിയറിന്റെ ആകർഷണീയതകളാണ്. പുഷ് സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടണും സ്റ്റീയറിംഗിന്റെ ഇടതുവശത്തായി നല്കിയിട്ടുണ്ട്.

4,597 എംഎം നീളവും 1,788 എംഎം വീതിയും 1,477 എംഎം ഉയരവുമുള്ള ക്രൂസിന് 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും 2685 എംഎം വീൽബേസും നല്കിയിരിക്കുന്നു. ബൂട്ട് സ്പേസ് 450 ലിറ്റർ.

സുരക്ഷയ്ക്ക് ഉയർന്ന പ്രാധാന്യമാണ് എല്ലാ അമേരിക്കൻ വാഹനനിർമാതാക്കളും നല്കുന്നത്. അത് ക്രൂസിലൂടെ ജനറൽ മോട്ടോഴ്സും തെളിയിക്കുന്നു. മുമ്പു രണ്ട് എയർബാഗിൽ പുറത്തിറങ്ങിയിരുന്ന ക്രൂസിൽ ഇപ്പോൾ നാല് എയർബാഗുകളുണ്ട്. സ്റ്റിയറിംഗ് വീലിലും പാസഞ്ചർ സൈഡിനും പുറമെ ഫ്രണ്ട് സീറ്റിന്റെ ഇരു വശങ്ങളിലുമാണ് എയർബാഗ് സ്‌ഥാനമുറപ്പിച്ചിരിക്കുന്നത്. എബിഎസ്, ഇബിഡി എന്നിവയുള്ള കാര്യക്ഷമമായ ബ്രേക്കിംഗ് സംവിധാനവും ക്രൂസിൽ ഒരുക്കിയിട്ടുണ്ട്.

മുൻ മോഡലുകളിൽനിന്നു വരുത്തിയ മാറ്റങ്ങൾക്കുപരിയായി കരുത്തിലും ഒരുപടി മുന്നേറാൻ ക്രൂസിന് ആയിട്ടുണ്ട്. ഒട്ടോമാറ്റിക്, മാന്വവൽ എന്നീ രണ്ട് മോഡലുകളിലും ആറ് സ്പീഡ് ഗിയർ ബോക്സ് തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 2.0 ലിറ്റർ വിസിഡിഐ ഡീസൽ എൻജിൻ 1998 സിസിയിൽ 360 എൻഎം ടോർക്കും 166 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു. 220 കിലോമീറ്റർ ഉയർന്ന വേഗം വാഗ്ദാനം ചെയ്യുന്ന ക്രൂസിന് പൂജ്യത്തിൽനിന്നു 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 9.5 സെക്കൻഡാണ് വേണ്ടത്. മാന്വവൽ മോഡലുകൾക്ക് 17.9 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലുകൾക്ക് 14.81 കിലോമീറ്ററും മൈലേജാണ് ക്രൂസിന് കമ്പനി അവകാശപ്പെടുന്നത്.

ഏഴു നിറങ്ങളിൽ നിരത്തിലെത്തുന്ന ക്രൂസിന് 16.35 ലക്ഷം മുതൽ 21.60 രൂപ വരെയാണ് ഓൺറോഡ് വില.

ടെസ്റ്റ്ഡ്രൈവ്: ജിഎം മോട്ടോഴ്സ്, കോട്ടയം. ഫോൺ: 9947044172.